Follow Us On

29

March

2024

Friday

കനല്‍ക്കട്ടകളിലൂടെ നടന്ന അമ്മ

കനല്‍ക്കട്ടകളിലൂടെ നടന്ന അമ്മ

കുരിശുമരണം
സ്വീഡനിലെ വി.ബ്രിജിത്തായോട് അമ്മ പറഞ്ഞു. ”പീഡാസഹനത്തിന്റെ അരമനയിലേക്ക് വരുമ്പോള്‍ അവിടുത്തെ മരണത്തിനുള്ള എല്ലാ ആയുധങ്ങളും ഒരുക്കി വച്ചിരിക്കുന്നത് ഞാന്‍ കണ്ടു. മേലങ്കി മാറ്റുവാനും കുരിശിലേക്ക് കിടക്കുവാനും അവര്‍ പറഞ്ഞു. അവന്‍ അനുസരിച്ചു. കൈ നീട്ടുവാന്‍ പറഞ്ഞു. ആദ്യം വലംകൈ കുരിശോടു ചേര്‍ത്ത് ബന്ധിച്ചു. എല്ലിന് ഏറ്റവും ബലമുള്ളിടത്ത് അവര്‍ ആണി തറച്ചു. പിന്നെ അടുത്തകരത്തിലും ആണിയടിച്ചു. തുടര്‍ന്ന് വലതുകാലിനുമുകളില്‍ ഇടതു കാല്‍ വച്ച് അതിലും ആണികയറ്റി. എല്ലാ ഞരമ്പുകളും പൊട്ടിയിട്ടുണ്ടാകണം. പിന്നീട് മുള്‍മുടി വച്ചു. അതിലൂടെ വലിയ ആഴമുള്ള മുറിവുകള്‍ ഉണ്ടായി. അത് ക്രിസ്തുവിന്റെ കണ്ണുകളെയും കാതുകളെയും മുഖത്തെയും ആകെ രക്തത്തില്‍ മുക്കി.
മുള്‍മുടി മൂലം അവന്റെ ശിരസ് രക്തക്കട്ടയായി മാറി. കണ്‍പോളകള്‍ വേഗത്തില്‍ അടയ്ക്കുകയും തുറക്കുകയും ചെയ്ത് രക്തം ഒഴിവാക്കിയാണ് അവന്‍ എന്നെ നോക്കിയത്. കുരിശിന്റെ ചുവട്ടില്‍ വലതുവശത്ത് ഞാന്‍ നിന്നു. അവനോട് ഏറെ ചേര്‍ന്ന് നില്‍ക്കാനായിരുന്നു അത്. അവന്റെ വേദനകള്‍ എന്റെ വേദനകളായി. ആണികളില്‍ കുരിശില്‍ കിടക്കുമ്പോഴും ഏങ്ങലടിച്ചു നില്‍ക്കുന്ന എന്റെ വേദനയില്‍ അവന്‍ പങ്കാളിയായി. എന്നെ യോഹന്നാനെ ഏല്‍പ്പിച്ചു. അവിടുത്തെ വത്സല ശിഷ്യനെ എന്നെയും.
അവിടത്തെ കണ്ണുകള്‍ പാതി മരിച്ചതുപോലായി. മുഖം കരിവാളിച്ചതുപോലെയും. നാവ് രകതത്തില്‍ കുതിര്‍ന്നിരുന്നു. വയറ് നട്ടെല്ലിനോട് ഒട്ടിച്ചേര്‍ന്നിരുന്നു. രക്തം വാര്‍ന്ന് ശരീരം ആകെ വിളറി. കൈകാലുകള്‍ വല്ലാതെ വലിച്ചു കൂട്ടി തുടങ്ങി. മുടിയും താടിയും എല്ലാം രക്തക്കട്ടയായി മാറി. എന്നിട്ടും അവിടുത്തെ ഹൃദയം മാത്രം ഒരു ക്ഷീണവും ഇല്ലാത്തതുപോലെ മിടിച്ചുകൊണ്ടിരുന്നു. താന്‍ സ്‌നേഹിക്കുന്നവര്‍ കുരിശിനടിയില്‍ നിന്നു സഹിക്കുന്ന വേദന കണ്ടപ്പോള്‍ കുരിശിലെ വേദനയെക്കാള്‍ അവനു വേദന തോന്നിയിട്ടുണ്ടാകണം. വേദനയുടെ പാരമ്യത്തില്‍ അവന്‍ വിളിച്ചു പറഞ്ഞു, ‘പിതാവേ അവിടുത്തെ കൈകളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു’. അതുകേട്ട് ഞാന്‍ ആകെ വിമ്മിട്ടപ്പെട്ടു. എന്റെ ഓരോ കശേരുവും എഴുന്നു. മരണത്തിന്റെ നിറം അവനില്‍ പടരുന്നത് ഞാന്‍ കണ്ടു. എന്റെ കൈകള്‍ മരവിച്ചു, കണ്ണുകള്‍ ഇരുണ്ടു, കാലുകള്‍ പതറി ഞാന്‍ നിലത്തു വീണു.
അവന്റെ പാതിയടഞ്ഞ കണ്ണുകള്‍ താഴുന്നതുപോലെ. ശരീരവും തൂങ്ങി വരുന്നു. ആരോ പരിഹസിച്ചു കൊണ്ട് പറഞ്ഞു, ”മറിയം നിന്റെ മകന്‍ മരിച്ചു.” പറഞ്ഞു കൊണ്ടു നില്‍ക്കുമ്പോള്‍ ഒരുത്തന്‍ കുന്തവുമായി എത്തി. ഒറ്റ കുത്ത്. മറുപുറം പായുന്നതുപോലെ ആയിരുന്നു അത്. അവന്‍ കുന്തം വലിച്ചൂരിയപ്പോള്‍ രക്തം എന്റെ ഹൃദയത്തെയും പിളര്‍ത്തിയതുപോലെ തോന്നി. എന്തേ അതു പൊട്ടാത്തതെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. എല്ലാവരും മടങ്ങി. എന്നിട്ടും ഞാന്‍ അവിടെ തന്നെ നിന്നു.
അമ്മ മകനെ ബലിയര്‍പ്പിക്കുകയായിരുന്നു. കാല്‍വരിബലി എന്നത് ഈശോയുടെ മാത്രം ബലിയായാല്‍ പോരാ. അത് മറിയത്തിന്റെ കൂടെ ബലിയാകണമെന്ന് നിശ്ചയിച്ച പിതാവേ അതിന്റെ പൊരുള്‍ എനിക്കും വെളിപ്പെടുത്തി തരണമേ. പരിഭവം ഇല്ലാത്ത സമര്‍പ്പണം നടത്തിയ അമ്മേ, ജീവിതത്തെ ബലിയാക്കുവാന്‍ പരിഭവം ഇല്ലാതെ അര്‍പ്പിക്കുവാന്‍ എന്നെ ബലപ്പെടുത്തണമേ.

(തുടരും…)

ടി. ദേവപ്രസാദ്

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?