Follow Us On

28

March

2024

Thursday

കരോള്‍ഗാനസന്ധ്യകളിലെ മറക്കാനാവാത്ത ഓര്‍മ്മകള്‍

കരോള്‍ഗാനസന്ധ്യകളിലെ മറക്കാനാവാത്ത ഓര്‍മ്മകള്‍

ഞാന്‍ ജനിച്ചത് പത്തനംതിട്ട ജില്ലയില്‍ വടശേരിക്കര ഗ്രാമത്തിലാണ്. എന്റെ ബാല്യകാലത്തെ ക്രിസ്മസ് സന്തോഷിക്കുവാനും ആനന്ദിക്കുവാനും ഉള്ളതായിരുന്നു. 25 നോമ്പ് തുടങ്ങിയാല്‍ വീടും പരിസരങ്ങളും വൃത്തിയാക്കും.
മുറ്റത്തെ മരങ്ങളെല്ലാം വെട്ടിയൊരുക്കി അലങ്കരിക്കും. മുളകള്‍കൊണ്ട് നക്ഷത്രങ്ങളുണ്ടാക്കും. മറ്റ് മതസ്ഥരുടെ വീടുകളില്‍ നക്ഷത്രങ്ങള്‍ ഉണ്ടാക്കിക്കൊടുക്കും. അമ്മ മധുരപലഹാരങ്ങള്‍ ഉണ്ടാക്കി അയല്‍ക്കാര്‍ ക്കെല്ലാം വിതരണം ചെയ്യും. കരോള്‍ഗാനം പഠിക്കാന്‍ കൂട്ടുകാര്‍ അപ്പോഴേക്കും വീട്ടിലേക്ക് വരും. ക്രിസ്മസ് രാവില്‍ പാതിരായ്ക്ക് തണുപ്പില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് മാതാപിതാക്കളോടൊപ്പം ദേവാലയത്തില്‍ പോയത് മറക്കാനാവില്ല. ഗ്രാമത്തിലെ ജാതി മത വര്‍ഗവ്യത്യാസമില്ലാതെ സര്‍വജനങ്ങളും ചിമ്മിനിവിളക്കും ചൂട്ടും കത്തിച്ചുകൊണ്ട് കുന്നുകളും മലകളും ഇറങ്ങി ദേവാലയത്തിലേക്ക് വരും. ഹൃദയത്തില്‍ ഉണ്ണീശോ പിറന്ന സന്തോഷത്തിന്റെ അനുഭവമാണ്.
ഒരിക്കല്‍ ക്രിസ്മസിന് വികാരിയച്ചനോടൊപ്പം കരോളിന് പോയപ്പോള്‍ വളരെ ദരിദ്രമായ ഒരു വീട്ടില്‍ ചെന്നു. ഭര്‍ത്താവ് മരിച്ചുപോയ ഒരമ്മയും തീരെ ചെറിയ മൂന്ന് കുട്ടികളുമാണ് ആ കുടിലില്‍ ഉണ്ടായിരുന്നത്.
വളരെ പരിതാപകരമായ കാഴ്ചയായിരുന്നു. ക്രിസ്മസ് കഴിഞ്ഞ് രണ്ടുദിവസം കഴിഞ്ഞപ്പോള്‍ വികാരിയച്ചന്‍ എല്ലാവരെയും വിളിച്ച് പറഞ്ഞു ”നമുക്ക് ഒരു ദരിദ്രകുടുംബത്തിന് വീട് പണിത് നല്കാം.” എല്ലാവര്‍ക്കും സമ്മതം. കരോളിന് പോയപ്പോള്‍ കിട്ടിയ പണവും ഇടവകാംഗങ്ങളുടെ പണവും ചേര്‍ത്ത് ആ ദരിദ്ര കുടുംബത്തിന് പിന്നീട് ഒരു വീടുവച്ച് കൊടുത്തു. അന്ന് എനിക്ക് മനസിലായി, പൂല്‍ക്കൂട്ടില്‍ ജനിച്ച ക്രിസ്തുവിനാണ് നമ്മള്‍ ആ വീട് സമ്മാനിച്ചതെന്ന്. നമ്മുടെ ജീവിതത്തിലെ ഓരോ ക്രിസ്മസും അനശ്വര ക്രിസ്മസ് ആകണം. നന്മ ചെയ്യാനും ത്യാഗം അനുഷ്ഠിക്കാനുമുള്ള അവസരമായി ക്രിസ്മസുകള്‍ മാറണം.
തിരുവനന്തപുരത്ത് കത്തീഡ്രല്‍ വികാരിയായിരുന്നപ്പോള്‍ മറക്കാനാവാത്ത രണ്ടനുഭവങ്ങള്‍ എനിക്കുണ്ടായി. ഞാനും യുവാക്കന്മാരും 25 ഓളം ഇരുചക്രവാഹനങ്ങളിലായി കരോളിന് പോകും. ഇതില്‍നിന്ന് കിട്ടുന്ന പണം ക്രിസ്മസ് ദിവസം കോളനിയില്‍ ഭക്ഷണമായും വസ്ത്രമായും മറ്റും വിതരണം ചെയ്യും. ഒരിക്കല്‍ ഒരു കൊച്ചുകുട്ടി ചോദിച്ചു; ‘ഇനി എന്നാണ് ചേട്ടന്മാര്‍ ക്രിസ്മസിന് വരുന്നത്?’ ആ കൊച്ചുകുട്ടിക്ക് ക്രിസ്മസ് എന്നാല്‍ നല്ല ഭക്ഷണവും വസ്ത്രവുമാണ്.
ക്രിസ്മസ് എന്നാല്‍ ക്രിസ്തു ജനിച്ച ദിവസമാണ്. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും ജനിച്ച നമ്മുടെ കുഞ്ഞുമക്കളും ഓരോ ക്രിസ്മസുകളാണ്. ഇവരുടെ ജന്മദിനം ക്രിസ്മസാകണം. അത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ കൂടെയാകണം. അങ്ങനെ എല്ലാ ദിവസവും ഭൂമിയില്‍ ക്രിസ്മസുകള്‍ ആഘോഷിക്കുമ്പോള്‍ സ്വര്‍ഗം ആനന്ദിക്കും.
രണ്ടാമത്തെ അനുഭവം: യുവാക്കള്‍ കരോളിന് പോയപ്പോള്‍ 17 വയസുള്ള ഒരു പെണ്‍കുട്ടി അലഞ്ഞ് തിരിയുന്നത് കണ്ടു. അവള്‍ റെയില്‍വേ ട്രാക്കിലേക്കാണ് പോകുന്നത്. ഓട്ടോ ഡ്രൈവര്‍മാരുടെ സഹായത്തോടെ യുവാക്കള്‍ ഈ പെണ്‍കുട്ടിയെയും കൂട്ടി എന്റെ അടുത്തുവന്നു. അവള്‍ വളരെ അസ്വസ്ഥയായിരുന്നു. ശാന്തമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ‘ജീവിക്കാന്‍ നിവൃത്തിയില്ല, പഠിക്കാന്‍ സാമ്പത്തികമില്ല, വീട്ടില്‍ ദാരിദ്ര്യമാണെന്നും’ പറഞ്ഞു. അടുത്തുള്ള മഠത്തില്‍ അവളെ താമസിപ്പിച്ച് സാധിക്കുന്നതെല്ലാം ചെയ്ത് മാതാപിതാക്കളോടൊപ്പം തിരികെ അയച്ചു. വേറൊരു ക്രിസ്മസിന് ഇവളും ഭര്‍ത്താവും കുട്ടികളുമായി എന്നെ വന്ന് കാണുകയുണ്ടായി. ആ ക്രിസ്മസ് എന്നെ സംബന്ധിച്ച് ജീവന്‍ രക്ഷിച്ച ക്രിസ്മസാണ്. ‘ജീവന്റെ സംസ്‌കാരം വളര്‍ത്തിയെടുക്കുന്ന ക്രിസ്മസ്.’ തന്റെ ഏകജാതനെ നല്‍കാന്‍ തക്കവണ്ണം ദൈവം അത്രമാത്രം മനുഷ്യനെ സ്‌നേഹിച്ചു. ദൈവം മനുഷ്യനിലേക്ക് കടന്നുചെല്ലുന്ന ദിവസമാണ് ക്രിസ്മസ്. ഓരോ ക്രൈസ്തവനും മറ്റുള്ളവരുടെ ജീവന്റെ സംരക്ഷണം ഏറ്റെടുക്കണം.
തിരുവനന്തപുരത്ത് എക്യുമെനിക്കല്‍ കരോള്‍ഗാന സന്ധ്യയ്ക്ക് എല്ലാ വിഭാഗത്തിലുള്ള സന്യസ്തര്‍, കുടുംബാംഗങ്ങള്‍, വ്യക്തികള്‍, സഭാംഗങ്ങളല്ലാത്തവര്‍ ഒരുമിച്ച് പ്രാര്‍ത്ഥിച്ച് പാടി ആരാധിച്ച് മടങ്ങും. എല്ലാ മനുഷ്യരും ഒരു മനസായി ദൈവത്തെ മഹത്വപ്പെടുത്തുമ്പോള്‍ ഭൗതികതയ്ക്ക് സ്ഥാനമില്ല. ആത്മനിര്‍വൃതിയുമാകും.
ബിഷപ്പായി ന്യൂയോര്‍ക്കില്‍ സേവനം ചെയ്യുമ്പോള്‍ ഒരു ക്രിസ്മസിന് പോളിഷ് ആശ്രമത്തിലെ വൈദികര്‍ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു. ഭക്ഷണമേശയുടെ നടുക്കായി പുല്ല് വിരിച്ച് അതിന്മേല്‍ തുണി വിരിച്ച് മുകളില്‍ വലിയ അപ്പം വച്ചിട്ടുണ്ടായിരുന്നു. എല്ലാവരുംകൂടി ഗാനം ആലപിച്ചു. അതിനുശേഷം അപ്പം എന്നോട് മുറിക്കാന്‍ പറഞ്ഞു. ഓരോ കഷണം അപ്പവും അവര്‍ എടുത്ത് പുല്ലില്‍ തൊട്ട് വിനയത്തോടെ ഭക്ഷിച്ചു. എനിക്ക് ഇതൊരു പുതിയ അനുഭവമായിരുന്നു.
ആശ്രമാധിപന്‍ പറഞ്ഞു: ”നമ്മള്‍ ലോകത്തിനുവേണ്ടി എന്തുചെയ്താലും പുല്ലുപോലെ നശിച്ചുപോകും. അപ്പം സ്വര്‍ഗത്തിന്റെ പ്രതീകമാണ്. ഇത് ഭക്ഷിക്കുന്നവര്‍ നിത്യം ജീവിക്കും.” ‘ക്രിസ്മസ് രക്ഷകന്‍ ജനിച്ച ദിവസമാണ്. ലോകം മുഴുവന്‍ നേടിയാലും നിന്റെ ആത്മാവ് നശിച്ചാല്‍ നിനക്കെന്തു ഫലം?’ നിത്യജീവന്‍ നഷ്ടപ്പെടുത്താതെ ഓരോ ദിവസവും അനേകം കാരുണ്യപ്രവൃത്തികളുമായി സ്വര്‍ഗത്തിലെ അക്കൗണ്ടുകള്‍ വര്‍ധിപ്പിക്കണം. നമ്മുടെ കുട്ടികളുടെ പേരുകള്‍ പറഞ്ഞ് രാവിലെയും വൈകുന്നേരവും മുട്ടുകുത്തി പ്രാര്‍ത്ഥിക്കുമ്പോള്‍ ഭവനങ്ങള്‍ സ്വര്‍ഗീയ അനുഭവങ്ങള്‍ സമ്മാനിക്കും.
ഇപ്പോള്‍ ഞാന്‍ വയനാട്ടിലുള്ള ബത്തേരി രൂപതയിലാണ് സേവനം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം എനിക്ക് കിട്ടിയ ക്രിസ്മസ് സമ്മാനങ്ങള്‍ കോളനികളിലേക്ക് കൊടുത്തിരുന്നു. ഇപ്രാവശ്യം സമൂഹത്തില്‍ ആരോരുമില്ലാത്തവരുടെ കൂടെ ‘തപോവന’ത്തില്‍ ആഘോഷിക്കും. നമ്മുടെ നാട്ടില്‍ സമ്പത്ത് വര്‍ധിച്ച് സാമൂഹ്യതിന്മ വര്‍ധിക്കുന്നതായി കാണുന്നു. അതേപോലെ ഇല്ലായ്മകൊണ്ട് മറ്റൊരു വിഭാഗം കേഴുന്ന അനുഭവം. പാവങ്ങളോടു കൂടിച്ചേര്‍ന്ന് പങ്കുവയ്ക്കലിന്റെ ക്രിസ്മസ് നമുക്കുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. സണ്‍ഡേ ശാലോം വായനക്കാര്‍ക്ക് പുല്‍ക്കൂട്ടിലെ ഉണ്ണീശോയുടെ സമാധാനം ഉണ്ടാകട്ടെ. ഏവര്‍ക്കും ക്രിസ്മസ് – നവവത്സരാശംസകള്‍!

ബിഷപ് ജോസഫ് മാര്‍ തോമസ്

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?