Follow Us On

29

March

2024

Friday

കാരുണ്യം എങ്ങും നിറയണം; ഭവനപദ്ധതി തുടരണം

കാരുണ്യം എങ്ങും നിറയണം; ഭവനപദ്ധതി തുടരണം

കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവമായുള്ള അഭിമുഖം
കൊല്ലം ശക്തികുളങ്ങര സെന്റ് ജോൺ ഡി ബ്രിട്ടോ ലത്തീൻ കത്തോലിക്ക ഇടവകയെ ഹരിതസൗഹൃദ ഇടവകയായി പ്രഖ്യാപിക്കുന്ന ചടങ്ങ്.വേദിയിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവയും മറ്റ് പ്രമുഖരും. മുൻമന്ത്രി ഷിബു ബേബി ജോണാണ് മൈക്കിന് മുന്നിൽ. അദ്ദേഹം പറഞ്ഞു: ”ഇത്ര ചുറുചുറുക്കുള്ള കർദിനാൾ ഈ ദൈവാലയത്തിൽ, ഈ നാട്ടിൽ ഇതാദ്യമാണ്. കർദിനാളെന്നൊക്കെ കേട്ടപ്പോൾ നാട്ടുകാർ പ്രായമുള്ള, നടക്കാൻ പ്രയാസമുള്ള ഒരാളെയാണ് പ്രതീക്ഷിച്ചത്. അതാണ് രഥവുമായി ഇവർ എത്തിയത്. എന്നാൽ ഈ കർദിനാൾ എല്ലാവർക്കുമൊപ്പം നടന്നുവരുന്നു….”
സദസ് അതുകേട്ടപാടെ കരഘോഷം മുഴക്കി അത് സ്വീകരിച്ചു. ബാവയുടെ ചുറുചുറുക്കിന് നല്ല തകർപ്പൻ കൈയടി.
ചടങ്ങിനുശേഷം കാറിൽ കയറിയപ്പോൾ ബാവ ഫോണെടുത്ത് വിളിച്ചത് മാവേലിക്കരയിലേക്ക്. മരണത്തെ മുഖാമുഖം കണ്ടിട്ടും ജീവിതത്തിലേക്ക് ഉൾക്കരുത്തോടെ നടന്നു കയറിയ അഞ്ജലിക്ക് സ്‌നേഹനിർഭരമായ ആശംസ. ദൈവസ്‌നേഹം വെളിപ്പെടാൻ മുഖാന്തിരമായതിനെക്കുറിച്ച് പറഞ്ഞ്, പ്രാർത്ഥിക്കാം എന്ന ഉറപ്പും നൽകി ബാവ. തുടർന്ന് സൺഡേ ശാലോമിന്റെ അഭിമുഖത്തിന് തയാറായി. കാരുണ്യവർഷത്തിന്റെ സമാപനത്തെക്കുറിച്ച്, ഭവനപദ്ധതിയിൽ 1100 വീടുകളായതിനെക്കുറിച്ച്, ആകാശം മുട്ടെ ദൈവാലയങ്ങൾ പണിയുന്നതിനെക്കുറിച്ച്, നോട്ടുവിഷയത്തെക്കുറിച്ച്…മനസു തുറക്കുകയാണ് ബാവ.
? കാരുണ്യവർഷാചരണം സമാപിച്ചല്ലോ. കാരുണ്യപ്രവൃത്തികൾ തുടർന്നുകൊണ്ടുപോകാൻ എന്തെല്ലാം നടപടികൾ, ഏതൊക്കെ തലങ്ങളിൽ.
♦ കരുണയുമായി ബന്ധപ്പെട്ട് ആദ്യം വരുന്ന സുവിശേഷഭാഗം വലിയൊരു മാതൃകയാണ്. നമ്മൾ എവിടംവരെ എത്തണം എന്ന ചിന്ത. സ്വർഗസ്ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ എന്നതാണല്ലോ അത്. കരുണ ദൈവപിതാവിനോളം എത്തി നിൽക്കുന്ന തലം. തന്റെ സ്വന്തം പുത്രനെത്തന്നെ മരണത്തിന് ഏൽപിച്ചുകൊടുക്കാൻപോലും മടി കാണിക്കാത്ത പിതാവ്. ഒരേ ഒരു ഉദ്ദേശം മാത്രമേ ദൈവത്തിനുള്ളൂ. ആരും നശിച്ചുപോകരുത്, ഈ ഒരൊറ്റ ആഗ്രഹം. പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ സുവിശേഷത്തിലെ മർമപ്രധാനമായ ചില നിയോഗങ്ങളെ സ്വന്തമാക്കി ലോകത്തിന് കൊടുക്കുന്ന അനുഭവമുണ്ട്. സ്‌നേഹത്തിന്റെ സുവിശേഷം, സമർപ്പണത്തിന്റെ ആനന്ദം. നമ്മുടെ ഭൂമി, കരുണ തുടങ്ങി ധാരാളം വസ്തുതകൾ പൊതുധർമവുമായി ബന്ധപ്പെട്ടെല്ലാം പരിശുദ്ധ പിതാവ് തരുന്നുണ്ട്. കരുണയുടെ വർഷാചരണ പ്രഖ്യാപനവും അങ്ങനെ ഒന്നാണ്.
വർഷാചരണം സമാപിച്ചെങ്കിലും പരിശുദ്ധ പിതാവ് പറഞ്ഞതുപോലെ കരുണയുടെ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടുപോകേണ്ടതുണ്ട്. പുതിയ സമർപ്പണ പത്ഥാവുകൾ തുറക്കുന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ദൈവത്തെക്കുറിച്ചുള്ള മനുഷ്യന്റെ സങ്കൽപങ്ങൾക്കുപോലും മാറ്റം വരാൻ ഇതു കാരണമായി. ദൈവകരുണയാണ് സകലത്തിന്റെയും അടിസ്ഥാനം എന്ന ചിന്ത. ആ കരുണ മനുഷ്യൻ പങ്കുവയ്‌ക്കേണ്ടതുണ്ട്. ഇത് അനേകം കാരുണ്യപ്രവർത്തനങ്ങൾക്ക് വഴി തെളിച്ചു.
പരിശുദ്ധ പിതാവിന്റെ പ്രഖ്യാപനമാണ് ഇതിന് വഴിതെളിച്ചത് എന്നതിൽ തർക്കമില്ല. ദൈവം നമ്മിൽനിന്ന് ആവശ്യപ്പെടുന്നത് എന്താണെന്ന് തിരിച്ചറിയാനും കരുണയുടെ വർഷാചരണം മുഖാന്തരമായി. ഇതിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലും സഭ കാരുണ്യ വർഷാചരണം നടത്തിയത്. ആർഭാടങ്ങൾ ഒഴിവാക്കിയും നിരാശരായി കഴിഞ്ഞവരെ സംരക്ഷിക്കുന്ന പദ്ധതി, തീരരോഗികളെ പരിചരിക്കുന്ന പദ്ധതി… അങ്ങനെ പല പ്രവൃത്തികളും നടന്നു. ഇതിന്റെ പാരമ്യത്തിൽ കാരുണ്യപ്രവർത്തകർക്ക് ശക്തി പകർന്ന് പരിശുദ്ധ പിതാവ് മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു. ഇത് അനേകർക്ക് പ്രചോദനമേകി.
? മലങ്കര കത്തോലിക്ക സഭയുടെ പദ്ധതികൾ.
♦ ദൈവകൃപയാൽ കാരുണ്യവർഷാചരണ കാലത്തുതന്നെയാണ് ഭാഗ്യസ്മരണാർഹനായ ബനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവിന്റെ ജന്മശതാബ്ദി വർഷാചരണം വന്നത്. അതുമായി ബന്ധപ്പെട്ട് അനേകം പ്രവർത്തനങ്ങൾ സഭയിൽ നടന്നു. കാൻസർ രോഗത്താൽ വലയുന്ന രോഗികൾക്ക് പാലിയേറ്റീവ് കെയർ നൽകാൻ പിരപ്പൻകോട് കാൻസർ കെയർ ഹോം സ്ഥാപിച്ചു. തിരുവനന്തപുരത്തെ 11 വൈദിക ജില്ലകളിലെ ഒരുലക്ഷത്തോളം രോഗികൾക്ക് സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ച് ഉച്ചഭക്ഷണം നൽകി. 120 പാവപ്പെട്ട പെൺകുട്ടികൾക്ക് അരലക്ഷത്തോളം രൂപവീതം വിവാഹ സഹായം നൽകി. ഇത് തിരുവനന്തപുരത്തുമാത്രം നടന്നതാണ്. ഇതുപോലെ സഭയിൽ ആകമാനം ഇടവകയിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു. മദർ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഇടവകകളിൽ കാരുണ്യപ്രവർത്തനങ്ങൾ നടന്നു. നമ്മൾ കരുതേണ്ടവരാണ് ഇവരെല്ലാം എന്ന അവബോധം സഭാമക്കൾക്ക് കൊടുക്കാൻ കഴിഞ്ഞു. സമ്പത്ത് ഒരു പ്രതിബന്ധമായില്ല. സാധാരണക്കാർ തങ്ങളാൽ കഴിയുന്ന സഹായങ്ങളുമായി മുന്നോട്ടുവന്നു. കാരുണ്യപ്രവൃത്തി വിശ്വാസജീവിതത്തിന്റെ പ്രവർത്തനവേദിയാണ് എന്ന ചിന്ത ശക്തമായി. കാരുണ്യം ചെയ്യേണ്ടത് കടമയാണെന്ന ചിന്ത വന്നു.
? അങ്ങ് തുടങ്ങിയ ഭവനപദ്ധതിയെക്കുറിച്ച്.
♦ എന്റെ പൗരോഹിത്യരജത ജൂബിലിയുമായി ബന്ധപ്പെട്ടാണ് സ്‌നേഹപൂർവം ഒരു വീട് എന്ന പദ്ധതി തുടങ്ങിയത്. 25 വീടുകൾ എന്നാണ് കരുതിയത്. മൂന്നുവർഷം മുമ്പ് രണ്ടായിരത്തോളം അപേക്ഷകൾ ലഭിച്ചു. ഈ നിമിഷംവരെ 1100 വീടുകൾ നൽകി. എന്നുവച്ചാൽ 1100 കുടുംബങ്ങൾക്ക് തല ചായ്ക്കാൻ ഒരു വീട് എന്ന് അഭിമാനത്തോടെ പറയാൻ അവസരം ഒരുങ്ങി. പുതിയ വീടുകൾ വയ്ക്കുമ്പോൾ പ്രോത്സാഹനം എന്ന നിലയിൽ ഒരു ലക്ഷം രൂപയും അറ്റകുറ്റപ്പണികൾ നടത്തുന്നവർക്ക് അമ്പതിനായിരം രൂപ എന്ന രീതിയിലുമാണ് സഹായം നൽകിയത്. ഇനിയും അപേക്ഷകൾ വന്നുകൊണ്ടിരിക്കുന്നു. പദ്ധതി തുടങ്ങിയപ്പോൾ മുതൽ പ്രത്യേക പ്രാർത്ഥന ദൈവാലയത്തിൽ നടത്തണമെന്ന് നിർദേശിച്ചിരുന്നു. പദ്ധതിയിൽ അറുപത്തഞ്ചോളം വീടുകൾ ഹിന്ദു-മുസ്ലീം സഹോദരങ്ങൾക്ക് നൽകാൻ കഴിഞ്ഞുവെന്ന അഭിമാനമുണ്ട്. ദൈവരാജ്യത്തിലെ എല്ലാവരെയും ഓർക്കാൻ ഇതു കാരണമായി.
സഭയിലെ ആളുകൾക്ക് നൽകിയ അതേ സഹായംതന്നെ ഇവർക്കും നൽകി. ഇതിൽ സഹായിച്ചതിൽ ഏറിയ പങ്കും സാധാരണക്കാരായ കുടുംബാംഗങ്ങളാണ്. അവരെ എല്ലാവരെയും കൃതജ്ഞതയോടെ ഓർക്കുന്നു. ഭവനം നൽകപ്പെട്ടവരോടും ഞാൻ ആവശ്യപ്പെട്ടതും അതാണ്. ഇതിന് സഹായിച്ചവരെ പ്രാർത്ഥനയിൽ ഓർക്കണം എന്നാണ്. സ്വന്തമായി വീടില്ലാത്തതുമൂലം ആത്മീയമായി ഉണ്ടാകുന്ന അരക്ഷിതാവസ്ഥ വലിയ പ്രശ്‌നം തന്നെയാണ്. ഇതു ഗൗരവമുള്ള വിഷയമായി എല്ലാവരും പരിഗണിക്കണം. ഭവനപദ്ധതിയിൽ എല്ലാവരും സഹകരിക്കണം എന്നാണ് പറയാനുള്ളത്. സർക്കാരുകൾക്ക് മാത്രം ചെയ്യാനാവില്ല. അതുകൊണ്ട് എല്ലാവരും കൈകൾ കോർത്ത് സഹകരിക്കണം. സമൂഹത്തിന് ഇതു നന്മ പകരും. അങ്ങനെ ഒരു ശുശ്രൂഷ ചെയ്യാൻ കഴിഞ്ഞുവെന്നത് എനിക്ക് ചാരിതാർത്ഥ്യം നൽകുന്നു. ഇനിയും അനേകർ മുന്നോട്ടുവന്ന് സഹകരിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്.
? ആശയപരമായി വിയോജിപ്പുള്ളവരെയും ഉൾക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് ബാവ നടത്തുന്നത്. ഇത് ചിലരിലെങ്കിലും ആശയക്കുഴപ്പം സൃഷ്ടിക്കും എന്ന ആശങ്ക ബാവയ്ക്കുണ്ടോ.
♦ സഭയെക്കുറിച്ചും പൊതുസമൂഹത്തെക്കുറിച്ചുമുള്ള നമ്മുടെ ധാരണ അനുസരിച്ചാണ് നമ്മൾ പെരുമാറുന്നത്. സഭ എന്താണ് ലക്ഷ്യം വയ്ക്കുന്നത്, സഭ ആരുടേതാണ്, സഭ ആർക്കുവേണ്ടിയാണ് എന്നുള്ളത് നമ്മൾ അനുദിനം ഉത്തരം കൊടുക്കേണ്ട വിഷയമാണ്. പ്രത്യേകിച്ച് സഭയുടെ ശുശ്രൂഷയുമായി ബന്ധപ്പെട്ടിരിക്കുമ്പോൾ. ദൈവരാജ്യത്തിന്റെ മുന്നോടിയായി പ്രവർത്തിക്കാനാണ് കർത്താവ് പഠിപ്പിച്ചത്. അതായത്, സഭ ദൈവരാജ്യത്തിന്റെ അടയാളമായി പ്രവർത്തിക്കണം. എല്ലാവരും ദൈവരാജ്യത്തിന്റെ മക്കളാണ്. പരസ്യമായി അത് അംഗീകരിക്കാത്തവരും അംഗീകരിക്കുന്നവരും എല്ലാം ദൈവമക്കളാണ്. ദൈവത്തിന്റെ മക്കളല്ലാത്തവരായി ആരുമില്ല എന്നതാണ് നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. സഭ ദൈവരാജ്യത്തിന്റെ മുന്നോടിയും അടയാളപ്പെടുത്തപ്പെട്ട സാക്ഷ്യവുമാണ്.
കേരള കത്തോലിക്ക സഭയുടെ കാരുണ്യവർഷാചരണത്തിന്റെ ഔദ്യോഗിക സമാപനം നടത്താൻ ഉദ്ദേശിച്ചപ്പോൾ കാരുണ്യപ്രവർത്തകരുടെ പ്രതിനിധിസംഗമം നടത്താൻ തീരുമാനിച്ചു. കരുണയുടെ വർഷത്തിന്റെ മുഖം കാരുണ്യപ്രവൃത്തികളിലൂടെ കാണാൻ കഴിയും എന്നതായിരുന്നു അതിന്റെ അടിസ്ഥാനം. കരുണയുടെ പ്രവർത്തകരെ പരസ്പരം കാണാനും പരസ്പരം അംഗീകരിക്കാനും കഴിയുന്ന സാഹചര്യം ഉണ്ടാവണം. കാരുണ്യപ്രവൃത്തികൾ പൊതുസമൂഹത്തിന് ദൃഷ്ടാന്തപ്പെടുത്തുക, അവരെ അതിൽ പങ്കാളികളാക്കുക എന്ന ലക്ഷ്യം. അതിലൂടെ കരുണയുടെ കൂട്ടായ്മ ബലപ്പെടണം. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള കാരുണ്യപ്രവൃത്തികൾ. ഹിന്ദുവും മുസൽമാനും എല്ലാം അതിലുണ്ടായിരുന്നു.
സംഗമം ഉദ്ഘാടനം ചെയ്തതും അതിഥിയായി വന്നതും കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ്. പൊതുരംഗത്ത് കരുണയുടെ പ്രവൃത്തികൾ ആവിഷ്‌കരിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ പ്രചോദനാത്മകമായ പ്രസംഗമാണ് അദ്ദേഹം നടത്തിയത്.
സഭ പൊതുസമൂഹത്തിൽ എങ്ങനെ ഇടപെടണം എന്ന് അടിസ്ഥാനപ്പെടുത്തിയാണ് ആരെല്ലാം, നമ്മുടെ ഏതെല്ലാം വിഷയങ്ങളിൽ നമ്മോട് ഒപ്പമുണ്ടാകണം, ആരെയെല്ലാം ചേർത്തു നിർത്തണം എന്നെല്ലാം തീരുമാനിക്കുന്നത്. ദൈവരാജ്യത്തിന്റെ മുന്നോടിയായി പ്രവർത്തിക്കുന്ന സഭയ്ക്ക് ആരെയും ഒഴിച്ചുനിർത്താൻ ആവില്ല. കരുണയുടെ പ്രവൃത്തികൾ വഴി ലോകത്തെ ശക്തിപ്പെടുത്തേണ്ടതുണ്ട്. നമ്മുടെ ചെറിയ അതിർത്തിക്കപ്പുറത്തേക്ക് മനസ് വികസിക്കേണ്ടതിന്റെ ആവശ്യകതയിലേക്കും ഇതുപോലുള്ള സന്ദർഭങ്ങൾ നമ്മെ നിർബന്ധിക്കും. ലോകം മുഴുവൻ നമ്മുടെ തറവാടാണ് എന്നു കരുതുകയും സർവലോകത്തിനും ഐശ്വര്യം ഉണ്ടാകണമെന്ന് ശഠിക്കുകയും എല്ലാവരെയും സഹോദരരായി കാണണമെന്ന് ആഗ്രഹിക്കുകയും സഭ എല്ലാവരോടും എപ്പോഴും സംഭാഷണത്തിൽ ഏർപ്പെടണമെന്നത് കൽപനയായി സ്വീകരിക്കുകയും ചെയ്യുന്ന നമ്മൾക്ക് ഏറ്റവും സർവപ്രധാനമായി നൽകിയ കർത്തവ്യം സർവരോടും സുവിശേഷം പ്രസംഗിക്കുക എന്നുള്ളതാണ്.
നന്മയിൽ സന്തോഷിച്ച് പരസ്പരം കൈകോർത്ത് മുന്നേറണം. നമ്മുടെ ചിന്തകളും ദർശനങ്ങളും ഭാഗികമായി പോകാം. എന്നാൽ അടയാളപ്പെടുത്തപ്പെട്ട സുവിശേഷഭാഗവും പരിശുദ്ധ പിതാക്കന്മാരുടെ നിരീക്ഷണങ്ങളും കൽപനകളും ആനുകാലിക ലോകം നമ്മളിൽനിന്ന് ആവശ്യപ്പെടുന്ന ക്രിസ്തീയതയുടെ യഥാർത്ഥ മാനവും കാത്തുസൂക്ഷിക്കുന്നതിന് ക്രിസ്ത്യാനി എന്ന നിലയിൽ എനിക്ക് കടമയുണ്ട്, ഏവർക്കും കടമയുണ്ട്. ഉത്തരവാദിത്വപ്പെട്ട നിലയിൽ ഏറ്റവും കരുതലോടെ നൽകേണ്ട സാക്ഷ്യമാണ് അതെന്ന ബോധ്യവും എനിക്കുണ്ട്.
? പരിസ്ഥിതിയുമായി ബന്ധപ്പെട്ട സർക്കാരിന്റെ പദ്ധതികളോട് സഭയുടെ സമീപനം.
♦ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് കാർഷിക വിള സംരക്ഷണം, തരിശായ ഭൂമിയിൽ കൃഷിയിറക്കൽ, വിത്തുസംരക്ഷണം, പാവപ്പെട്ടവർക്ക് വീട് തുടങ്ങിയ പദ്ധതികളിലെല്ലാം സഭ സഹകരിക്കാൻ ആഗ്രഹിക്കുന്നു. ഇപ്രകാരമുള്ള നല്ല പദ്ധതികൾ ഏതു ഭാഗത്തുനിന്നു വന്നാലും സഭ പിന്തുണയ്ക്കും. പൊതുസമൂഹത്തിന് ഗുണം ചെയ്യുന്ന പദ്ധതികളുമായി സഭ സഹകരിക്കും. എല്ലാവരുടെയും സഹകരണം മുഖ്യമന്ത്രി അഭ്യർത്ഥിച്ചിട്ടുണ്ട്. സഭ അതിനോടു ക്രിയാത്മകമായി പ്രതികരിക്കും.
? ഫ്രാൻസിസ് മാർപാപ്പയുടെ രീതികൾ പലപ്പോഴും അദ്ദേഹത്തെ കമ്യൂണിസ്റ്റ് സഹയാത്രികനായിപോലും ചിത്രീകരിക്കാൻ ഇടയാക്കിയിട്ടുണ്ടല്ലോ. എന്താണ് ബാവയുടെ അഭിപ്രായം.
♦ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ യഥാർത്ഥത്തിൽ വിസ്മയംതന്നെയാണ്. അദ്ദേഹം ദൈവത്താൽ ഈ ശുശ്രൂഷയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതാണ് എന്നതിൽ എനിക്ക് അശേഷം സംശയമില്ല. അദ്ദേഹം സഭയുടെ പരമാധ്യക്ഷനാണ്. അതേസമയം ലോകത്ത് മനഃസാക്ഷിയുടെ ശബ്ദമായ ചുരുക്കം ആളുകളിൽ ശ്രേഷ്ഠനാണ്. പരിശുദ്ധ പിതാവ് പറയുന്ന കാര്യങ്ങൾ മനസിലാക്കുന്നവർ അവരവരുടെ ഭാഷ്യത്തിൽ പറയുന്നത് എങ്ങനെ കുറ്റപ്പെടുത്താനാവും. ഉദാഹരണത്തിന് ഒരു നന്മപ്രവൃത്തി ചെയ്യുമ്പോൾ കമ്യൂണിസമാണോ സോഷ്യലിസമാണോ ഹ്യൂമാനിസമാണോ എന്തിന്റെ പേരിലാവും അദ്ദേഹത്തെ വിശേഷിപ്പിക്കുക. ആ വിശേഷണമാണോ പ്രധാനം.
അതോ ആ പ്രവൃത്തിയിലൂടെ വെളിവാക്കിയ സന്ദേശമാണോ? ഏത് ഭാഷയിൽ പറഞ്ഞു എന്നതാണോ പ്രധാനം? പറഞ്ഞു എന്നുള്ളതും ആ സന്ദേശത്തിൽ അടങ്ങിയിരിക്കുന്ന കാര്യവുമാണ് പ്രധാനം. ദൗർഭാഗ്യവശാൽ ഇതെല്ലാം ഒരു പ്രത്യേക ഫ്രെയിമിങ്ങിലാക്കി അദ്ദേഹം പറഞ്ഞ കാര്യങ്ങൾ അതേ അർത്ഥത്തിൽ പൂർണമായി പൊതുസമൂഹത്തിൽ എത്തുന്നില്ല എന്ന ദുരവസ്ഥയുണ്ട്. പിതാവ് പറഞ്ഞ ഏത് ആശയത്തിലാണ് ദൈവത്തിന്റെ പരമാധികാരം തള്ളിപ്പറഞ്ഞത്, മനുഷ്യന്റെ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടത്. പരിശുദ്ധ പിതാവിന്റെ പാരമ്പര്യം വിട്ടുള്ള പ്രവർത്തനശൈലി നമുക്ക് അപരിചിതമാണ്. നമ്മൾ എല്ലാവരും പറയുന്ന ഭാഷ്യത്തിൽ പരിശുദ്ധ പിതാവ് പറയണം എന്ന ശഠിക്കുന്നത് ക്രിസ്തീയമല്ല. പിതാവിനെ വിളിച്ച ദൈവം അദ്ദേഹത്തിലൂടെ പറയുന്ന കാര്യങ്ങൾ സ്വീകരിക്കാൻ നമുക്ക് കടമയുണ്ട്. പിതാവിന്റെ ശൈലികൾക്ക് ഏറെ പ്രത്യേകതയുണ്ട്. എന്നാൽ അതിലൂടെ വെളിപ്പെടുന്ന ദൈവസ്‌നേഹം, മനുഷ്യനന്മ അതാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്.
? വമ്പൻ ദൈവാലയങ്ങളും സൗധങ്ങളുമെല്ലാം പണിയുന്നതിനെ മാർപാപ്പ എതിർത്തല്ലോ. നമ്മുടെ ഇടയിലും ഈ പ്രവണത കൂടുന്നില്ലേ.
♦ മലങ്കര കത്തോലിക്ക സഭയിലെ ദൈവാലയ നിർമാണം സംബന്ധിച്ച് സഭയ്ക്ക് പ്രത്യേക നിരീക്ഷണം ഉണ്ട്. അത് നൂറുശതമാനം എല്ലായിടവും പാലിക്കപ്പെടുന്നു എന്നു കരുതുന്നില്ല. പക്ഷേ ധൂർത്തിലേക്ക്, ആർഭാടത്തിലേക്ക് സഭയിലെ ഒരു ഇടവകയും പ്രവേശിക്കുന്നുവെന്ന് ഞാൻ കരുതുന്നില്ല. ചിലയിടത്ത് ദൈവാലയം പണിയുമ്പോൾ ഞാൻ തന്നെ അത്രയും വലിയ ദൈവാലയം വേണ്ട എന്ന് പറഞ്ഞിട്ടുണ്ട്. ഞങ്ങൾ തന്നെ പണം കണ്ടെത്തി മുടക്കാം എന്നു പറയുമ്പോഴും ഞാൻ എതിർത്തിട്ടുണ്ട്. ചില സ്ഥലങ്ങളിൽ പ്രത്യേകതകൾ ഉണ്ട്. അതിന്റെ പൗരാണികതയും മറ്റും. എന്നാലും ആർഭാടങ്ങൾ ഒഴിവാക്കി ആ പണംകൂടി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകാൻ നിർദേശിക്കാറുണ്ട്. മിക്ക ദൈവാലയങ്ങളും പണിയുമ്പോൾ അവിടുത്തെ ഭവനരഹിതർക്ക് വീടുകൾ വച്ചു നൽകാറുണ്ട്. വൻ സ്വീകരണ പരിപാടികളും രഥത്തിൽ കൊണ്ടുപോകുന്നതും പടക്കങ്ങൾ പോലെയുള്ള ആർഭാടവും ഒഴിവാക്കാൻ നിർദേശിച്ചിട്ടുണ്ട്. ബൊക്കെയും മറ്റും ഒഴിവാക്കി പുസ്തകങ്ങൾ നൽകാൻ പറഞ്ഞിട്ടുണ്ട്. എന്റെ പക്കൽ ഇങ്ങനെ മൂവായിരത്തോളം വേദപുസ്തകങ്ങൾ എത്തി. ഇത് മറ്റുള്ളവർക്ക് നൽകി.
? നക്‌സലിസം സംബന്ധിച്ച് അങ്ങയുടെ നിലപാട്.
♦ സമാധാനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും വഴി ഒരുക്കേണ്ടത് സർക്കാരിന്റെ കടമയാണ്. അതിന് ആര് എതിരു നിന്നാലും രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കാം എന്ന പ്രതിജ്ഞ ചെയ്തിട്ടാണ് അവർ അധികാരം ഏൽക്കുന്നത്. നക്‌സലിസം സംബന്ധിച്ച് അനേകം വിഷയങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. അനേക കേസിൽ പ്രതിയാക്കപ്പെട്ടിരിക്കുന്നവർ ഈ വിഷയത്തിൽ നല്ല കാര്യം പറയുന്നു എന്നതിലല്ല കാര്യം. ഇവർ നിരീക്ഷിക്കപ്പെടേണ്ടവരാണ് എന്ന് അതത് സംസ്ഥാനങ്ങൾ പറയുമ്പോൾ അത് ശ്രദ്ധിക്കാതിരിക്കാനാവില്ല. ആശയങ്ങൾ സായുധ വിപ്ലവത്തിന്റെ പിൻബലത്തിൽ പറയുമ്പോൾ സംശയങ്ങൾ ജനിപ്പിക്കും. ജനാധിപത്യ സംവിധാനത്തിൽ അതു പറഞ്ഞാൽ ശരിയാകില്ലേ? തോക്കിന്റെ പിൻബലത്തിൽ പറഞ്ഞാൽമാത്രമേ ശരിയാകുകയുള്ളോ? എന്നിങ്ങനെ സംശയങ്ങൾ ഉണ്ടാകാം. ആശയം ജയിക്കാൻ തോക്ക് കൈയിലെടുക്കണം എന്ന് പറഞ്ഞാൽ അത് സ്വീകാര്യമല്ല.
നല്ല ആശയങ്ങൾ ആരു പറയുന്നു എന്നതിലല്ല അത് എന്ത് നന്മയാണ് പ്രദാനം ചെയ്യുക എന്നതിനെ അടിസ്ഥാനപ്പെടുത്തി വേണം സ്വീകരിക്കാൻ. ഇന്ന ആശയക്കാരനാണ് എന്നതുകൊണ്ട് ഞാൻ സ്വീകരിക്കില്ല എന്ന് പറയുന്നത് ശരിയല്ല. നന്മയുടെ സന്ദേശമാണെങ്കിൽ അത് അംഗീകരിക്കാൻ മടിക്കേണ്ട. വിരുദ്ധ സംഘടനകൾ സായുധ വിപ്ലവത്തിന്റെ പിൻബലത്തിലല്ലാതെ പരിഗണിക്കപ്പെടണം. അത് മനുഷ്യന്റെ ജീവന് നല്ലതാണെങ്കിൽ പരിഹരിക്കപ്പെടണം. അതിന് പാർട്ടിവ്യത്യാസം പാടില്ല. ആശയങ്ങൾ സായുധ വിപ്ലവത്തിലേക്ക് പോകുന്നില്ല എന്ന് സർക്കാർ ഉറപ്പുവരുത്തണം. ഭരണതലത്തിൽ തന്നെ പദ്ധതികൾ ആവിഷ്‌കരിക്കാനുള്ള ജാഗ്രത സർക്കാരുകൾ സൃഷ്ടിക്കണം.
? ഹരിതചിന്തകൾക്ക് വളരെ പ്രാധാന്യം കൈവന്നിട്ടുള്ള കാലമാണ്. സഭ എത്രത്തോളം ഇതിനെ ഗൗരവമായി സ്വീകരിക്കുന്നു.
♦ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ ഭൂമിയെ പൊതുഭവനം എന്നാണ് വിശേഷിപ്പിച്ചത്. ‘ഭൂമി എന്റേതാണ്. നിങ്ങൾ വെറും കുടികിടപ്പുകാർ മാത്രം’ എന്ന് ലേവി പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്. ആളുകൾ വരും കടന്നുപോകും. പക്ഷേ, ഭൂമിയെ നിലനിർത്തണം. തലമുറകൾക്കുവേണ്ടിയുള്ളതാണ് ഭൂമി. അതുകൊണ്ട് അതിനെ നശിപ്പിക്കരുത്. പിതാവ് അതുകൊണ്ടാണ് ‘ലൗദാത്തോസീ’ (ദൈവമേ അങ്ങേക്ക് സ്തുതി) എന്ന അടിസ്ഥാന രേഖ പ്രസിദ്ധീകരിച്ചത്. നമുക്ക് ചുറ്റുമുള്ളതിനെ ഹരിതമേഖലയായി സംരക്ഷിക്കുക. ഓരോ സ്ഥലത്തും ആവശ്യകത അനുസരിച്ച് ഇടപെടണം.
ഹരിത സൗഹൃദസമൂഹം ഉണ്ടാകണം. ഭൂമി പച്ചപ്പായി നിലനിർത്താ ൻ ഒരുമിച്ച് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യണം. ഇതു നമ്മുടെ ആത്മീയതയെ സംരക്ഷിക്കാൻ കൂടിയുള്ളതാണ്. സ്വാർത്ഥത ആത്മീയതയെ തകർക്കും. എല്ലാവർക്കുമായി ഭൂമിയെ സംരക്ഷിക്കുക. നിനക്ക് ഭൂമി എന്തായിരിക്കുന്നോ അതുപോലെ മറ്റുള്ളവർക്കുമാകണം. കുറച്ചുകൂടി പരിസരങ്ങൾ വൃത്തിയാക്കപ്പെടണം.
കേരള സഭ ഇക്കാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തുന്നു. ദൗർഭാഗ്യവശാൽ ചില വിഷയങ്ങൾ ഇതിനോട് ചേർത്തു പറഞ്ഞ് സഭ ഇതിനോട് എതിരാണ് എന്ന് പ്രചരിപ്പിക്കുന്നുണ്ട്. ഗാഡ്ഗിൽ, കസ്തൂരി രംഗൻ എന്നിങ്ങനെ പലതുമായും കൂട്ടിച്ചേർത്താണ് ഇത് പറയുന്നത്. മനുഷ്യനെ സംരക്ഷിച്ചുകൊണ്ടുള്ള പ്രകൃതിസംരക്ഷണം ആണ് വേണ്ടത്. മനുഷ്യനാണ് ഏറ്റവും പ്രധാനം. എന്നു കരുതി പ്രകൃതി തോന്നുന്നതുപോലെ ചൂഷണം ചെയ്യണം എന്നല്ല. മഴവെള്ളം സംരക്ഷിക്കണം.
അതു പൊതുജലമാണ്. അത് പൊതുസമൂഹത്തിന്റെ കടമയായി കണ്ടാൽ അതിൽ ആത്മീയതയുണ്ട്. നമ്മുടെ വീടുകളിൽപ്പോലും ഇക്കാര്യത്തിൽ ശ്രദ്ധ വേണം. അനാവശ്യമായി വെള്ളം പാഴാക്കരുത്. വെള്ളം ലഭിക്കാതെ അനേകർ ക്യൂ നിൽക്കുന്നത് മനസിൽ കാണണം. തരിശായി ഒരു തുണ്ട് ഭൂമിപോലും ഇടരുതെന്ന് ഇടവകകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ടെറസിൽപോലും കൃഷി ചെയ്യണം. വിഷവിമുക്തമായ ഭക്ഷണം ഭാവി തലമുറക്കെങ്കിലും ഉപയോഗിക്കാൻ കഴിയണം. ഇതൊന്നും സെമിനാർ വിഷയമാക്കാതെ നമ്മുടെ വീടിന് മുന്നിൽ രണ്ടു വാഴ വച്ചാൽ അത്രയും ഹരിതാഭമായി. സഭയിലെ എല്ലാ സംഘടനകളും ഇതിന് മനസുവയ്ക്കണം.
? യുവാക്കൾക്കിടയിൽ ലഹരി ഉപയോഗം വർധിക്കുന്നു. ഭീകരവാദം വളരുന്നു. ഇതിനെതിരെയുള്ള പ്രവർത്തനങ്ങൾ.
♦ നമ്മുടെ കുഞ്ഞുങ്ങളെ വീടുകളിൽ എങ്ങനെ കൈകാര്യം ചെയ്യാൻ കഴിയും എന്നതാണ് അടിസ്ഥാന വിഷയം. കൂടുതൽ സമയം അവർ കോളജിലാണല്ലോ സ്‌കൂളിലാണല്ലോ എന്നൊക്കെ പറയാം. എന്നാൽ അടിസ്ഥാനപരമായി വീട്ടിലാണ് കൈകാര്യം ചെയ്യേണ്ടത്. പക്ഷേ, വീടുകളിൽ ഇതിന് ആർക്കും നേരമില്ല. ഭാര്യയും ഭർത്താവും അധ്വാനിച്ച് കുടുംബം നിലനിർത്താൻ പോകുമ്പോൾ സമയം ഉണ്ടാകില്ല. ജോലി രണ്ടുപേർക്കും വേണം. അപ്പോൾ മക്കളെ ആർക്കുവേണം. ചെറുപ്പത്തിൽ തങ്ങളെ നോക്കാതെ മാതാപിതാക്കൾ ഗൾഫിൽ പോയി ജോലി നോക്കി എന്ന് വിരോധത്തോടെ പറഞ്ഞ കുറച്ചു ചെറുപ്പക്കാരെയെങ്കിലും എനിക്കറിയാം. ഇവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താ ൻ എന്തു ന്യായം പറഞ്ഞാലും അവർക്കത് മനസിലാകില്ല. പുതിയ തലമുറയെ കൈകാര്യം ചെയ്യാൻ മാതാപിതാക്കൾ സമയം കണ്ടെത്തണം. അവരുടെ പ്രൈവസിക്ക് മാത്രം സമയം കണ്ടെത്തിയാൽ കുടുംബത്തിൽ കുട്ടികൾ കാണില്ല. കുട്ടികൾക്ക് ലഭിക്കുന്ന മാനസിക സംഘർഷം വളരെ വലുതാണ്. യഥാർത്ഥത്തിൽ ദൈവത്തെ അനുഭവിക്കാൻ കഴിയുന്നത് വീട്ടിലല്ലെങ്കിൽ അതിന് സ്ഥിരീകരണം ലഭിക്കില്ല. വീട് ഒരു സ്ഥിരീകരിക്കപ്പെട്ട ഇടമാകണം. കുടുംബത്ത് സംസാരിക്കാത്ത ദൈവത്തെ, കുടുംബത്തിൽ പങ്കുവയ്ക്കാത്ത നന്മയെക്കുറിച്ച് കുട്ടികൾക്ക് എങ്ങനെ മനസിലാകും. ചെറുപ്പക്കാരായ ദമ്പതികൾ ഇതു മനസിലാക്കണം. കുടുംബത്തിനുവേണ്ടി നിങ്ങൾ സമയം കണ്ടെത്തണം. ഇങ്ങനെ സ്വകാര്യത ബലികഴിക്കുന്ന സമയം നിങ്ങൾക്ക് പ്രയോജനകരമാകും.
ഇവിടെ ഒരു വിട്ടുവീഴ്ച പാടില്ല. മക്കളെ വളർത്താൻ പഠിപ്പിക്കേണ്ടതുണ്ട്. അതിന് വലിയ ത്യാഗം വേണം. അങ്ങനെ ഒരു ത്യാഗം കുറഞ്ഞത് യുവ തലമുറയെ വഴിതെറ്റിക്കാൻ ഇടയാക്കിയിട്ടുണ്ട്. ക്രിസ്തീയ ജീവിതത്തിന് വന്ന അപചയങ്ങളും മറ്റും പ്രശ്‌നമായിട്ടുണ്ട്. അത് പരിചയപ്പെടുത്തുന്നത് വീട്ടിലാണ്. ഇന്ന് ഒരുമിച്ചിരുന്ന് ടിവി കാണാൻപോലും സാധിക്കുന്നില്ല. മുറിയിൽ ഒരു ടിവി, കൈയിൽ മറ്റൊരു കൊച്ചു ടിവി. ഇതു പല സംഘർഷങ്ങളും ഏകാന്തതയും സമ്മാനിക്കുന്നു. ഏകാന്തതയ്ക്ക് പരിഹാരമായി പല ആസക്തികളിലേക്കും വീഴുന്നു. ഇവിടെയാണ് കൂനിന്മേൽ കുരുപോലെ ഭീകരവാദം. എല്ലാം നഷ്ടപ്പെട്ടിരിക്കുന്നവർക്ക് ആശ്രയംപോലെയാണ് ഭീകരവാദം.
അത് ലോകത്തിന്റെ തകർച്ചയാണ്. സ്വാർത്ഥതയുടെ മറ്റു തലമാണ് ഭീകരവാദം. ഏതെങ്കിലും സ്ഥലത്തിന്റെ സ്വാതന്ത്ര്യത്തിനോ മറ്റോ അല്ല അത്. ലോകത്തെ തന്നെ തകർക്കുന്ന ആശയമാണ്. ശൂന്യത നിറഞ്ഞ മനസിലേക്ക് പെട്ടെന്ന് ഭീകരവാദത്തിന് കടന്നുവരാം. ദൈവം ഉള്ള മനസുകളായി കുട്ടികളെ വളർത്തണം. എന്നാൽ അകാരണമായി അവരെ കുറ്റപ്പെടുത്തി അകറ്റി നിർത്തരുത്. കുറ്റപ്പെടുത്തുന്നതിന് പകരം ഒരു വഴിയെങ്കിലും പറഞ്ഞുകൊടുക്കണം.
രാജു മാത്യു

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?