Follow Us On

29

March

2024

Friday

കാരുണ്യത്തിന്റെ സദ്വാർത്ത

കാരുണ്യത്തിന്റെ  സദ്വാർത്ത

പരസ്‌നേഹസുവിശേഷം ജീവിതപ്രമാണമാക്കി കഴിഞ്ഞ ഇരുപത്തഞ്ചു വർഷം അഗതി ശുശ്രൂഷയ്ക്കായി സമർപ്പിച്ച വ്യക്തിയാണ് സിസ്റ്റർ മേഴ്‌സിൻ കൊച്ചുവേലിക്കകത്ത് എഫ്.സി.സി.
ഫ്രാൻസീസ് അസ്സീസി, ക്ലാരപുണ്യവതി, വിശുദ്ധ അൽഫോൻസാമ്മ, ഒടുവിലായി വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയായെയും സഭയ്ക്ക് സമ്മാനിച്ച ഫ്രാൻസിസ്‌ക്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ പാലാ പ്രൊവിൻസ് അംഗമാണ് സിസ്റ്റർ.
നൂറിലധികം വരുന്ന സ്‌പെഷൽ സ്‌കൂൾ വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവും പാഠ്യേതരവുമായ കഴിവുകളെ കണ്ടെത്തി വളർത്തുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും അതീവ തല്പരയാണ് സിസ്റ്റർ. തന്നെ ഭരമേല്പിച്ച അന്തേവാസികളോടും അവരുടെ കുടുംബാംഗങ്ങളോടും വളരെ സൗഹാർദ്ദപരമായും കാരുണ്യപരമായും ഇടപെടുന്നതിൽ പ്രത്യേക സിദ്ധിയുള്ള വ്യക്തിത്വമാണ് സിസ്റ്ററിന്റേത്. സമൂഹത്തിലെ വിവിധ ആളുകളുമായും സർക്കാർ ഓഫീസുകളുമായും ഊഷ്മളമായ ബന്ധം നിലനിർത്താൻ സിസ്റ്ററിനു സാധിക്കുന്നു. സഭാധികാരികളോടും സഭാനിയമങ്ങളോടും തുറവിയും വിധേയത്വവും പുലർത്തുന്ന സിസ്റ്റർ ലാളിത്യത്തിന്റെ നിറകുടമാണ്. സഭാധികാരികൾ ഏല്പിക്കുന്ന കാര്യങ്ങളോട് ആത്മാർത്ഥതയും വിശ്വസ്തതയും സത്യസന്ധതയും പുലർത്തുന്നതിൽ സിസ്റ്റർ എന്നും അതീവ ജാഗരൂകയാണ്.
പാലായ്ക്കടുത്ത് വള്ളിച്ചിറ എന്ന സ്ഥലത്ത് ശാരീരിക വൈകല്യമുള്ള സ്ത്രീകൾക്കുവേണ്ടി ആരംഭിച്ച ശുശ്രൂഷാ സ്ഥാപനമാണ് ആശാനിലയം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹാൻഡിക്യാപ്ഡ് സെന്റർ. ഈ സ്ഥാപനത്തിൽ ജാതി-മത-ഭേദമെന്യേ 20-ഓളം സ്ത്രീകളെ സംരക്ഷിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്ഥാപനത്തിലെ അന്തേവാസികളുടെ ശുശ്രൂഷയും പരിചരണവുമാണ് സിസ്റ്റർ നിർവഹിച്ചുകൊണ്ടിരിക്കുന്നത്.
ഇരുപത്തഞ്ചു വർഷമായി ജീവകാരുണ്യരംഗത്ത് നിസ്തുലമായ പ്രവർത്തനങ്ങൾ നടത്തുന്ന സിസ്റ്ററിന് പാലാ രൂപതയുടെ മികച്ച ജീവകാരുണ്യപ്രവർത്തകർക്കുള്ള 2018-ലെ ഗുഡ്‌സമരിറ്റൻ അവാർഡ് ലഭിക്കുകയുണ്ടായി.
ജീവിതത്തിൽ പ്രശസ്തിയും പദവിയും അഭിമാനകിരീടമായി പരിഗണിക്കുന്ന ഇക്കാലത്ത് അംഗീകാരമോ സ്ഥാനമാനങ്ങളോ ഒന്നും പരിഗണിക്കാതെ മഠത്തിന്റെ നാലു ചുവരുകൾക്കുള്ളിൽ സ്‌നേഹത്തിന്റെ പൂന്തോട്ടം തീർക്കുകയാണ് സിസ്റ്റർ. തന്നെ ഭരമേല്പിച്ച ശശ്രൂഷകളുടെ വലുപ്പചെറുപ്പം പരിഗണിക്കാതെ യേശുവിനെപ്രതി സന്തോഷത്തോടെ ഏറ്റെടുക്കുന്ന മനോഭാവമാണ് സിസ്റ്ററിന്റേത്. എന്തെന്നാൽ ”മരണം വരെ വിശ്വസ്തനായിരിക്കുക. ജീവന്റെ കിരീടം ഞാൻ നിനക്കു തരും” (വെളി 2:10) എന്ന വചനമൊഴികൾക്കനുസരിച്ച് പ്രാർത്ഥനാജീവിതവും പ്രവർത്തനവും ഏകോപിപ്പിക്കുന്നതിൽ സിസ്റ്റർ അതീവ ബദ്ധശ്രദ്ധയാണ്.
ചക്കാമ്പുഴ ഇടവകയിൽ കൊച്ചുവേലിക്കകത്ത് തോമസ് – ത്രേസ്യാ ദമ്പതികളുടെ മൂത്തമകളായി 1963 ഒക്‌ടോബർ 10-ന് സിസ്റ്റർ മേഴ്‌സിൻ ജനിച്ചു. ഹൈസ്‌കൂൾ വിദ്യാഭ്യാസം ഇടക്കോലി ഗവൺമെന്റ് സ്‌കൂളിലും പ്രീ-ഡിഗ്രി രാമപുരം എസ്.എൻ.റ്റി കോളേജിലും പൂർത്തീകരിച്ചതിനുശേഷം 1986 മെയ് 31-ന് എഫ്.സി.സി പാലാ പ്രൊവിൻസിൽ ചേർന്നു. 1989 നവംബർ 25-ന് പ്രഥമ വ്രതവാഗ്ദാനം നടത്തി. തുടർന്ന് എൻ.റ്റി.സി, സോഷ്യൽ വർക്ക് കോഴ്‌സ് എന്നിവ പൂർത്തിയാക്കി. പാലാ പ്രൊവിൻസിന്റെ മേൽനോട്ടത്തിൽ പുലിയന്നൂർ ശാലോം ഡി.സി.എം.ആർ സ്‌പെഷൽ സ്‌കൂളിലെ വിദ്യാർത്ഥികളുടെ ശുശ്രൂഷക്കായി സിസ്റ്റർ നിയമിക്കപ്പെട്ടു.
പാലാ സെന്റ് തോമസ് ഹൈസ്‌കൂളിൽ നടന്ന കെയർ ഹോംസ് വാർഷികസമ്മേളനത്തിൽ കെ.എം. മാണി എം.എൽ.എ യിൽനിന്ന് സിസ്റ്റർ മേഴ്‌സിൻ അവാർഡ് ഏറ്റുവാങ്ങി. തന്റെ നിസ്വാർത്ഥ സേവനത്തിന്, അംഗീകാരത്തിന് പാലാ രൂപതയുടെ ഗുഡ് സമരിറ്റൻ അവാർഡ് ഏറ്റുവാങ്ങിയപ്പോൾ, വിനയാന്വിതയായി എല്ലാവരോടും സിസ്റ്ററിന് ഒന്നേ പറയാനുള്ളൂ, ”മനുഷ്യനുവേണ്ടിയല്ല, കർത്താവിനുവേണ്ടി എന്നപോലെ സന്മനസ്സോടെ ശുശ്രൂഷചെയ്യണം” (എഫേ 6:7).

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?