Follow Us On

29

March

2024

Friday

കാരുണ്യവധം അരുത്:ഉപവിയുടെ സഹോദരരോട് ഫ്രാന്‍സിസ് പാപ്പ

കാരുണ്യവധം അരുത്:ഉപവിയുടെ സഹോദരരോട് ഫ്രാന്‍സിസ് പാപ്പ
ബെല്‍ജിയം: ബെല്‍ജിയത്തിലെ ഉപവിയുടെ സഹോദരര്‍ നടത്തുന്ന  മനോരോഗ ചികിത്സാകേന്ദ്രങ്ങളില്‍ കാരുണ്യവധം അനുവദിക്കുന്ന തീരുമാനം റദ്ദാക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ.ഉപവിയുടെ സഹോദരര്‍ നടത്തുന്ന 15 മനോരോഗചികിത്സാ കേന്ദ്രങ്ങളിലെ കാരുണ്യ വധം അനുവദിക്കുന്ന നിലപാട് നിര്‍ത്തലാക്കണമെന്നാണ് ഫ്രാന്‍സിസ് പാപ്പ ആവശ്യപ്പെട്ടിരിക്കുന്നത്.ബെല്‍ജിയത്തില്‍ തീരെ പ്രതീക്ഷയില്ലാത്ത സാഹചര്യങ്ങളില്‍ രോഗികളെ കാരുണ്യവധത്തിന് വിധേയരാക്കാന്‍ അനുമതി നല്‍കാറുണ്ട്.
കഴിഞ്ഞ മെയ്യില്‍ തങ്ങളുടെ മനോരോഗാശുപത്രിയിലെ രോഗികളെ കാരുണ്യവധത്തിന് വിധേയരാക്കാനുള്ള അനുമതി ഡോക്ടര്‍മാര്‍ക്ക് നല്‍കിയതായി ഉപവിയുടെ സഹോദരര്‍ അറിയിച്ചിരുന്നു.ഒരു തരത്തിലുള്ള ചികിത്സയും ഫലപ്രദമല്ലാത്ത അവസ്ഥയില്‍ മാത്രമെ രോഗികളെ കാരുണ്യവധത്തിന് വിധേയരാക്കൂ എന്ന് ഒരു പ്രസ്താവനയില്‍ അവര്‍ വ്യക്തമാക്കുകയും ചെയ്തു.
ഉപവിയുടെ സഹോദരന്മാരുടെ ഈ തീരുമാനത്തെ കുറ്റപ്പെടുത്തി വിശ്വാസ തിരുസംഘവും ഉപവിയുടെ സഹോദരന്മാരുടെ റോമിലെ സുപ്പീരിയര്‍ ജനറലായ ബ്രദര്‍ റെനി സ്‌റ്റോക്മാനും രംഗത്തെത്തിയിട്ടുണ്ട്.ക്രൈസ്തവ ധാര്‍മ്മികതയ്ക്കുള്ളിലെ കേന്ദ്ര ബിന്ദുവും അടിസ്ഥാനവും ജീവന്‍ തന്നെയാണെന്നും ജീവനെ ഒരു തരത്തിലും ആരും നശിപ്പിക്കാന്‍ പാടില്ലെന്നും ജീവന്‍ ദൈവത്തിന്റെ ദാനമാണെന്നും സ്റ്റോക്മാന്‍ പറഞ്ഞു.
അതേസമയം, മനോരോഗാശുപത്രികളില്‍ ശുശ്രൂഷ ചെയ്യുന്ന ഉപവിയുടെ സഹോദരന്മാരോട് തങ്ങള്‍ പൂര്‍ണ്ണമായും മനുഷ്യജീവന്റെ ആരംഭം മുതല്‍ അതിന്റെ സ്വാഭാവിക അന്ത്യം വരെ  മനുഷ്യജീവന്‍ എല്ലാ അര്‍ത്ഥത്തിലും ബഹുമാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്ന കത്തോലിക്ക സഭയുടെ മജിസ്‌റ്റേരിയത്തിന്റെ ദര്‍ശനങ്ങളെ പിന്‍തുണയ്ക്കുന്നതായുള്ള സംയുക്ത കത്തില്‍ ഒപ്പിട്ട് സുപ്പീരിയര്‍ ജനറലിന് കൈമാറാന്‍ ഫ്രാന്‍സിസ് പാപ്പ ഉത്തരവിട്ടു
“ജീവനെ നശിപ്പിക്കുന്ന കൊലപാതകം,കൂട്ടക്കുരുതി,ഭ്രൂണഹത്യ,ആത്മഹത്യ, മനുഷ്യന്റെ പൂര്‍ണ്ണതയെ നശിപ്പിക്കുന്ന അംഗഛേദം,ശാരീരികമോ മാനസികമോ ആയ പീഢനം,ബലാല്‍ക്കാരമായി ഇഷ്ടത്തിന് വഴക്കാനുള്ള ശ്രമം,മനുഷ്യന്റെ അന്തസ്സിനെ നശിപ്പിക്കുന്ന അപരിഷ്‌കൃതമായ ജീവിതാവസ്ഥ, അന്യായമായ തടവ്,നാടുകടത്തല്‍,അടിമത്തം,വ്യഭിചാരം,സ്ത്രീകളുടെയും കുട്ടികളുടെയും വില്‍പ്പന,മനുഷ്യനെ സ്വതന്ത്ര വ്യക്തിയായി കാണാതെ അവനെ ലാഭത്തിനായി മാത്രം ഉപയോഗിക്കുന്ന ലജ്ജാകരമായ തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവയും ഇത് പോലെയുള്ള മറ്റ് പ്രവര്‍ത്തികളും മനുഷ്യ സമൂഹത്തെ വിഷ ലിപ്തമാക്കുന്നു.എന്നാല്‍ ഇതിനിരിയാക്കപ്പെടുന്നവരേക്കാള്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്കാണ് ഇത് മൂലം കൂടുതല്‍ നാശമുണ്ടാകുക.ഇതിലെല്ലാമുപരിയായി സൃഷ്ടാവിനോടുള്ള വലിയ അനാദരവാണിത്‌” എന്ന ഗൗഡിയം എറ്റ് സ്‌പെസ് 27 ലെ വ്യാഖ്യാനത്തിലൂടെ കാരുണ്യവധം നിന്ദ്യവും നീചവുമാണെന്ന് കത്തോലിക്ക സഭ വ്യക്തമാക്കുന്നു.
എന്നാല്‍, രോഗികളില്‍ ആരെങ്കിലും കാരുണ്യവധത്തിനിരയായിട്ടുള്ളതായി ഉപവിയുടെ സഹോദരര്‍ വെളിപ്പെടുത്തിയിട്ടില്ല.ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കാനന്‍ നിയമ പ്രകാരമുള്ള പിഴ ശിക്ഷകളാകും ഉപവിയുടെ സഹോദരരെ കാത്തിരിക്കുക.
ആരോഗ്യപരമായ വെല്ലുവിളികള്‍ നേരിടുന്നവരെ സഹായിക്കാന്‍ 1807 ല്‍ പീറ്റര്‍ ജോസഫ് ത്രിയെസ്റ്റ് എന്ന കത്തോലിക്കാവൈദികനാണ്  ബ്രദേഴ്‌സ് ഓഫ് ചാരിറ്റി സ്ഥാപിച്ചത്.
Share:

Latest Posts

Don’t want to skip an update or a post?