Follow Us On

28

March

2024

Thursday

കിഴക്കിന്റെ ലൂർദാകുന്ന വേളാങ്കണ്ണി

കിഴക്കിന്റെ ലൂർദാകുന്ന വേളാങ്കണ്ണി

ബംഗാൾ ഉൾക്കടലിൽ, തമിഴ്‌നാടിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന വേളാങ്കണ്ണി മാതാവിന്റെ ദേവാലയത്തിൽ ഓരോ വർഷവും ലക്ഷക്കണക്കിന് ഭക്ത ജനങ്ങളാണ് എത്തുന്നത്. 1560 ൽ, മാതാവ് ഒരു ഹൈ ന്ദവ ഇടയബാലന് പ്രത്യക്ഷപ്പെട്ടതാണ് ഇവിടെത്തെ ആദ്യ അത്ഭുതം. പാൽ വിൽപ്പനക്കാരനായ ഇടയബാലൻ ഒരു കുളത്തിനു സമീപമുള്ള മരത്തിനു ചുവട്ടിൽ വിശ്രമിക്കുമ്പോൾ, ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ട് തന്റെ മകനു കുടിക്കുവാൻ പാൽ വേണമെന്ന് ആവശ്യപ്പെട്ടുവത്രേ. യാതൊരു സങ്കോചവുമില്ലാതെ ബാലൻ തന്റെ പാത്രത്തിൽ നിന്ന് പാൽ നൽകി. സ്ഥിരം പാൽ നൽകുന്ന വീട്ടിൽ എത്തിയപ്പോൾ, പാൽ എത്തിക്കുവാൻ താമസിച്ചതിൽ ക്ഷമാപണം ചെയ്ത്, ഇന്ന് ഇത്തിരി പാൽ കുറവാണ് എന്ന മുഖവരയോടുകൂടി നടന്നതെല്ലാം ബാലൻ വിശദീകരിച്ചു. പാത്രത്തിൽ കുറച്ചുപാൽ മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന നിഗമനത്തോടുകൂടി പാത്രം തുറന്നപ്പോൾ, ഹൈന്ദവരായ വീട്ടുകാർക്ക് അത്ഭുതം! കാരണം പാത്രത്തിൽ എന്നും ലഭിക്കുന്നതിനേക്കാൾ കൂടുതൽ പാൽ! ഉടൻതന്നെ വീട്ടുകാരൻ പാൽക്കാരൻ ബാലനുമായി അത്ഭുതം നടന്ന സ്ഥലത്തേക്കു തിരിച്ചു. ഇവർ ഇവിടെ എത്തിയപ്പോൾ മാതാവ് വീണ്ടും അവർക്ക് പ്രത്യക്ഷപ്പെട്ടു. ഇതറിഞ്ഞ ക്രൈസ്തവ വിശ്വാസികൾ അവിടെ തടിച്ചുകൂടുകയും ഇടയബാലൻ വിശ്രമിച്ചിരുന്ന മരത്തിനു സമീപമുള്ള കുളത്തിനു ‘മാതാകുളം’ എന്ന പേരിടുകയും ചെയ്തു.
വർഷങ്ങൾക്കുശേഷം, മാതാവ് വേളാങ്കണ്ണി വില്ലേജിൽ ‘നാടുതിട്ടു’ എന്ന സ്ഥലത്ത് കാലിനു സ്വാധീനമില്ലാത്ത, മോരു വിൽക്കുന്ന ഒരു ബാലനു വീണ്ടും പ്രത്യക്ഷപ്പെട്ടു. മാതാവിന്റെ കൈയിലുണ്ടായിരുന്ന മകന് കുടിക്കുവാൻ മോരു തരാമോ എന്നു മാതാവ് ബാലനോടു ചോദിച്ചു. ബാലൻ സന്തോഷത്തോടുകൂടി മോരു നൽകി. മാതാവ് പ്രത്യക്ഷപ്പെട്ട വിവരം നാഗപട്ടണത്തിനു സമീപം താമസിക്കുന്ന ധനാഢ്യനായ ഒരു കത്തോലിക്കാ സഹോദരനെ അറിയിക്കണമെന്ന് മാതാവ് ഈ ബാലനോട് ആവശ്യപ്പെട്ടു. ഈ വിവരം പറയുവാൻവേണ്ടി, ബാലൻ എഴുന്നേറ്റപ്പോഴാണ് തന്റെ കാലിന്റെ സ്വാധീനക്കുറവ് വിട്ടുമാറിയെന്നും പരസഹായമില്ലാതെ നടക്കുവാൻ സാധിക്കുമെന്നും ബാലൻ തിരിച്ചറിയുന്നത്. മാതാവ് നിർദ്ദേശിച്ച, നാഗപട്ടണത്തിനു സമീപം താമസിക്കുന്ന വ്യക്തിക്ക് തലേദിവസം മാതാവ് പ്രത്യക്ഷപ്പെട്ട്, ഒരു ചാപ്പൽ നിർമിക്കണമെന്ന് ആവശ്യപ്പെട്ടു.
മാതാവ് ആവശ്യപ്പെട്ട വിവരം ബാലൻ ഈ വ്യക്തിയെ അറിയിച്ചശേഷം, ഇവർ രണ്ടുപേരും കൂടി ബാലനു പ്രത്യക്ഷപ്പെട്ട സ്ഥലത്തെത്തി. ഈ സ്ഥലത്ത് ഓലമേഞ്ഞ ഒരു ചാപ്പൽ ഇവർ രണ്ടുപേരുംകൂടി നിർമിച്ചു. ഇതാണ് ഇപ്പോഴുള്ള ‘ആരോഗ്യമാതാ ചാപ്പൽ.’ പതിനേഴാം നൂറ്റാണ്ടിൽ, ചൈനയിൽ നിന്നും ശ്രീലങ്കയിലേക്ക് സഞ്ചരിച്ചിരുന്ന ഒരു പോർച്ചുഗീസ് വ്യാപാരക്കപ്പൽ കടൽക്ഷോഭത്തിൽപെടുകയുണ്ടായി. കപ്പലിൽ ഉണ്ടായിരുന്ന നാവികർ ഭയവിഹ്വലരായി. കപ്പ ൽ മുങ്ങുമെന്ന നിലയിലായപ്പോൾ തങ്ങൾ എവിടെ സുരക്ഷിതരായി എത്തുന്നുവോ അവിടെ മാതാവിനുവേണ്ടി ഒരു ദേവാലയം നിർമിക്കാമെന്ന് നേർച്ച നേർന്നു. നിരന്തരമായ പ്രാർത്ഥനയെ തുടർന്ന്, അവ ർ വേളാങ്കണ്ണി തീരത്ത് സുരക്ഷിതരായി എത്തി. ഗ്രാമവാസികൾ അവരുടെ ആഗ്രഹം മനസിലാക്കി, അവ രെ മാതാവിന്റെ ഓലമേഞ്ഞ ചാപ്പലിൽ എത്തിച്ചു. മടക്കയാത്രയ്ക്കിടയിൽ ഓലമേഞ്ഞ ചാപ്പലിനെ ഒരു ദേവാലയമായി അവർ മാറ്റി. മാതാവിന്റെ ജനനത്തിരുനാളായ സെപ്റ്റംബർ എട്ടിനാണ് നവീകരിച്ച ഈ ദേവാലയത്തിന്റെ ആശീർവാദകർമം നടത്തിയത്. മാ താവ് ഈശോയെ വഹിച്ചുകൊണ്ടുള്ള തിരുസ്വരൂപം നാവികരാണ് ദേവാലയത്തിൽ പ്രതിഷ്ഠിച്ചത്. ഇതിനുശേഷം ഇതുവഴി കടന്നുപോകുന്ന നാവികർ ഇവിടെയെത്തി പ്രാർത്ഥിക്കാൻ തുടങ്ങി.
ചെന്നൈയിൽനിന്ന് 350 കിലോമീറ്ററും നാഗപട്ടണത്തുനിന്ന് 12 കിലോമീറ്റർ അകലെയും സ്ഥിതിചെയ്യുന്ന വേളാങ്കണ്ണി 1771 ലാണ് ഇടവകയായി ഉയർ ത്തപ്പെടുന്നത്. 1962 – ൽ ജോൺ ഇരുപത്തിമൂന്നാമ ൻ മാർപാപ്പ ഈ ദേവാലയത്തെ ബസിലിക്കയായി ഉയർത്തി. തഞ്ചാവൂർ രൂപതാതിർത്തികളിലാണ് ഈ ബസിലിക്ക. ഗോഥിക് മാതൃകയിലാണ് ബസിലിക്ക നിർമിച്ചിട്ടുള്ളത്. എല്ലാ വർഷവും ആഗ സ്റ്റ് 29 മുതൽ സെപ്റ്റംബർ എട്ടുവരെയാണ് പ്രധാന തിരുനാളായ മാതാവിന്റെ ജനനത്തിരുനാൾ. തമിഴ്, മലയാളം, ഇം ഗ്ലീഷ്, കന്നഡ, തെലുങ്ക്, കൊങ്കണി, ഹിന്ദി, മറാത്തി എന്നീ ഭാഷകളിൽ രാവിലെ അഞ്ചുമണി മുതൽ രാ ത്രി ഒമ്പതു മണിവരെ ദിവ്യബലിയർപ്പിക്കപ്പെടുന്നു.
വേളാങ്കണ്ണി ഗ്രാമത്തിൽ, ധാരാളം ഹൈന്ദവർ ഉണ്ടായിരുന്നതിനാൽ ഹൈന്ദവ മതത്തിലെ ചില ആചാരങ്ങളും ഇവിടെ കടന്നുകൂടി. ശുദ്ധി വരുത്തുന്നതിനുവേണ്ടി- കടലിലെ കുളി, നേർച്ച നിറവേറ്റുന്നതിന്റെ ഭാഗമായിട്ടുള്ള തല മുണ്ഡനം ചെയ്യൽ, മുട്ടിൽ നീന്തുക, പള്ളിക്കു ചുറ്റുമുള്ള ശയന പ്രദക്ഷിണം മുതലായവ അങ്ങനെ വന്നതാണ്. മറ്റൊരു വിശ്വാസം വിവിധ രോഗങ്ങൾക്ക് രോഗവിമുക്തി ലഭിക്കുന്നതിന് അതാതു അവയവ ആകൃതിയിൽ മെഴുകുതിരി ഉണ്ടാക്കി സമർപ്പിക്കുക എന്നുള്ളതാണ്. ഉദാഹരണമായി, ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ഹൃദയത്തിന്റെ ആകൃതിയിലും മഞ്ഞപ്പിത്തമുള്ളവർ കരളിന്റെ ആകൃതിയിലും ക്ഷയരോഗമുള്ളവർ ശ്വാസകോശആകൃതിയിലും കിഡ്‌നി അസുഖമുള്ളവർ വൃക്കയുടെ ആകൃതിയിലും മെഴുകുതിരി ഉണ്ടാക്കിയാണ് സമർപ്പിക്കുന്നത്.
കടലിനക്കരെയുള്ളവർ, നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നത് മറ്റൊരു രൂപത്തിലാണ്. കടൽ ചതിക്കില്ല എന്ന വിശ്വാസത്തിന്റെ പിൻബലത്തിൽ കുപ്പികൾ, മുളങ്കുറ്റി എന്നിവയ്ക്കുള്ളിൽ, നേർച്ചകാഴ്ചകൾ സീൽ ചെയ്ത്, വേളാങ്കണ്ണി പള്ളിയുടെ മേൽവിലാസമെഴുതി കടലിൽ നിക്ഷേപിക്കുന്നു. വേളാങ്കണ്ണി കടൽതീരത്ത് എത്തുന്ന ഇത്തരം നേർച്ചകാഴ്ചകൾ ലഭിക്കുന്നവർ ഇവ പള്ളിയിൽ എത്തിക്കുന്നു. ഇങ്ങനെ ലഭിച്ച കുപ്പികൾ, മുളങ്കുറ്റികൾ എന്നിവ ഇവിടുത്തെ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.
വേളാങ്കണ്ണി പള്ളി സ്ഥിതിചെയ്യുന്ന കാമ്പസിൽ ബസിലിക്ക പള്ളി കൂടാതെ, ഔവർ ലേഡി ഓഫ് ടാങ്ക് ചർച്ച്, സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, ഔവർ ലേഡി ഓഫ് ഡോളറസ് ചർച്ച്, മോണിംഗ് സ്റ്റാർ ചർച്ച്, നാടുതിട്ടു ചർച്ച്, ആരോഗ്യമാതാ ചർച്ച്, നിത്യാരാധന കേന്ദ്രം, മ്യൂസിയം, കുരിശിന്റെ വഴി, ജപമാല സ്റ്റേഷനുകൾ, വിശുദ്ധ പാത, ഏഴു കൂദാശകൾ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മരിയോളജി, മാതാകുളം, ധ്യാനകേന്ദ്രം, കരുണ ഇല്ലം മുതലായ സ്ഥലങ്ങളിലെല്ലാം വിശ്വാസികൾ കൂട്ടമായി പ്രാർത്ഥിക്കുവാൻ എത്തുന്നു. ഓഗസ്റ്റ് 29 മുതൽ ഡിസംബർ എട്ടുവരെയാണ് കൂടുതൽ വിശ്വാസികൾ എത്തുന്നത്.
വേളാങ്കണ്ണിയിലേക്ക് വിമാനമാർഗം എത്തുന്നവർ ട്രിച്ചി ഇന്റർനാഷണൽ എയർപോർട്ടിനെയാണ് ആശ്രയിക്കുന്നത്. എയർപോർട്ടിൽ നിന്ന് ഏകദേശം നാലുമണിക്കൂർ റോഡുമാർഗം സഞ്ചരിച്ചാൽ, വേളാങ്കണ്ണിയിൽ എത്താം. വേളാങ്കണ്ണി റെയിൽവേ സ്റ്റേഷൻ പള്ളിക്കു സമീപമാണ്. 2010 ഡിസംബറിലാണ് ഇത് പ്രവർത്തനമാരംഭിച്ചത്. നാഗപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്നും 40 മിനിറ്റു യാത്ര ചെയ്താൽ വേളാങ്കണ്ണി റെയിൽവേ സ്റ്റേഷനിൽ എത്താം.കേരളം, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നും സർക്കാർ ബസുകൾക്കുപുറമെ, നിരവധി സ്വകാര്യ എയർ ബസ് സർവീസുകളും വേളാങ്കണ്ണിയിലേക്കുണ്ട്.
തോമസ് തട്ടാരടി

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?