Follow Us On

28

March

2024

Thursday

കുടുംബങ്ങളെ ആഹ്ലാദമുള്ളതാക്കി മാറ്റാം

കുടുംബങ്ങളെ ആഹ്ലാദമുള്ളതാക്കി മാറ്റാം

ഒരു വരം മാത്രം ജീവിതത്തില്‍ നിങ്ങള്‍ക്ക് ലഭ്യമാകുമെങ്കില്‍ എന്തായിരിക്കും ചോദിക്കുക. ജീവിതത്തെക്കുറിച്ച് ഉള്‍ക്കാഴ്ചയുള്ളവര്‍ സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുള്ള വരമായിരിക്കും ചോദിക്കുക. മനസു തുറന്ന് എല്ലാം ഒരാളോട് പറഞ്ഞ്, ആശ്ലേഷിച്ച് അംഗീകാരത്തിന്റെ ഹൃദയനിര്‍ഭരമായ രോമാഞ്ചമണിയാന്‍ മോഹിക്കും. ഇതിന്റെ ശക്തിയും സ്വസ്ഥതയും പൂര്‍ണമായി മനസിലാക്കാന്‍ കഴിയുന്നത് ദൃഢമായ ദാമ്പത്യബന്ധം ആഗ്രഹിക്കാനും അനുഭവിക്കാനും കഴിഞ്ഞിട്ടുള്ളവര്‍ക്കുമാത്രമാണ്. വാക്കുകള്‍കൊണ്ട് എന്തെങ്കിലും പറഞ്ഞൊപ്പിക്കുന്നതുപോലെ എളുപ്പമല്ല ദൃഢമായ ദാമ്പത്യബന്ധം വളര്‍ത്തിയെടുക്കുകയെന്നത്. ഈ ദൗത്യം അഭിമുഖീകരിക്കേണ്ടിവരുന്ന അപകടകരമായ വൈകാരിക സന്ദേഹങ്ങളും അതുയര്‍ത്താനിടയുള്ള മാനസികസംഘര്‍ഷങ്ങളും അത്ര നിസാരമല്ലതാനും. വലുതും ചെറുതുമായി ജീവിതത്തില്‍ കടന്നുവരുന്ന വൈകാരിക സന്ദര്‍ഭങ്ങള്‍ പക്വതയോടെ പങ്കിട്ട് അനുഭവിക്കാനുള്ള തുറന്ന മനസ് ദാമ്പത്യജീവിതത്തിലെ പരസ്പരമുള്ള വിശ്വസ്തതയിലും അര്‍പ്പണബോധത്തിലും അധിഷ്ഠിതമാണ്.
കുടുബത്തിലെ ആശയക്കുഴപ്പങ്ങള്‍
വിശ്വസ്തത പരിഷ്‌കൃത ആശയമല്ലാതായി മാറിക്കൊണ്ടിരിക്കുന്നു. യുദ്ധങ്ങള്‍, ആഭ്യന്തര കലാപങ്ങള്‍, അട്ടിമറികള്‍, കാപട്യം, ക്രൂരത, വഞ്ചന, ഇരട്ടത്താപ്പ്, അഴിമതി എല്ലാം ഇന്ന് സര്‍വസാധാരണമാണ്. ഇവയില്‍ പലതും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ സാമൂഹ്യസ്ഥാപനങ്ങളിലും പ്രസ്ഥാനങ്ങളിലും അടിമുടി വ്യാപിച്ചിരിക്കുന്നു. സ്വന്തം നാട് അല്ലെങ്കില്‍ വീട് എന്ന ആശയത്തിനുപോലും ഇന്ന് ഉലച്ചില്‍ സംഭവിക്കുന്നു. സത്യസന്ധത കഴിഞ്ഞുപോയ ഏതോ ദശകത്തിലെ ബലഹീനതയായി ഓര്‍ത്തുവയ്ക്കാന്‍ പലരും ആഗ്രഹിക്കുന്നു. ഈ ആശയക്കുഴപ്പങ്ങള്‍ കുടുംബജീവിതത്തിലും പ്രതിഫലിക്കുന്നുണ്ട്. ആധുനിക തലമുറയ്ക്ക് ദാമ്പത്യബന്ധങ്ങളെക്കുറിച്ച് പഴയ തലമുറ കാത്തുസൂക്ഷിച്ചിരുന്നതും മൂല്യവത്തുമായിരുന്ന ധാരണകളും സങ്കല്പങ്ങളും കൈമോശം വന്നിരിക്കുന്നു.
പഴയതിന്റെ സ്വാധീനവും പുതിയതിന്റെ പ്രേരണയും മനുഷ്യനെ വലയ്ക്കുന്നു. അങ്ങനെ വിവാഹമോചനങ്ങളുടെയും മോചനമില്ലാത്ത വൈവാഹിക ദുരന്തങ്ങളുടെയും എണ്ണം കൂടിക്കൊണ്ടിരിക്കുന്നു.
സംശയത്തിന്റെ വിത്തുകള്‍
ദമ്പതികള്‍ തമ്മിലുള്ള പരസ്പര വിശ്വാസവും സ്‌നേഹവും ഐക്യവുമാണ് കുടുംബജീവിതത്തിന്റെ മൂലക്കല്ല്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ കുടുംബജീവിതത്തിന്റെ ജീവാത്മാവും പരമാത്മാവും ദാമ്പത്യ വിശ്വസ്തതയാണ്. ആധുനിക കാലഘട്ടത്തില്‍ കുടുംബങ്ങളിലും സമൂഹത്തിലാകമാനം വിശ്വസ്തതയ്ക്ക് തളര്‍ച്ചയും അപചയവും സംഭവിച്ചുകൊണ്ടിരിക്കുന്നു. ഏതൊരു ജീവിതാവസ്ഥയിലും അത് സമൂഹത്തിലാകട്ടെ, കുടുംബത്തിലാകട്ടെ പരസ്പരമുള്ള വിശ്വസ്തതയും സ്‌നേഹവും നഷ്ടമാക്കുമ്പോള്‍ അവിടങ്ങളില്‍ സംശയത്തിന്റെയും കലഹത്തിന്റെയും വിത്തുകള്‍ മുളപൊട്ടുകയായി. ഇതിന് പിന്നാലെ മറ്റ് വൈതരണികളും വന്നു ഭവിക്കുന്നു.
ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് പലര്‍ക്കും പല രീതിയിലായിരിക്കും. ചിലരില്‍ ഈ ലോകം സൗമ്യവും കരുണാര്‍ദ്രവുമാണെന്ന ധാരണ ചെറുപ്പത്തില്‍ത്തന്നെ രൂഢമൂലമാകും. ഇത്തരം ധാരണയുള്ളവര്‍ ജീവിതത്തെയും തനിക്ക് ചുറ്റുമുള്ളവരെയും സ്‌നേഹിക്കുകയും പരിഗണിക്കുകയും ചെയ്യും. ഇത് ഒരാള്‍ വളരുന്ന കുടുംബ സാഹചര്യത്തെ ആശ്രയിച്ചാണിരിക്കുന്നത്. മറിച്ച് ഈ ലോകം ക്രൂരവും വക്രവുമാണെന്നാണ് ഒരുവന്‍ മനസിലാക്കി വളരുന്നതെങ്കില്‍ അവന്‍ ഭീരുവായി വളരാന്‍ ഇടയുണ്ട്. ഈ സാഹചര്യത്തില്‍ വളരേണ്ടിവരുന്നവര്‍ കുടുംബജീവിതത്തിലാകട്ടെ, സമൂഹജീവിതത്തിലാകട്ടെ നൂറുശതമാനവും വിശ്വസ്തരോ സ്‌നേഹസമ്പന്നരോ ആയിത്തീരാന്‍ സാധ്യത കുറവാണ്.
കൊടുക്കല്‍ വാങ്ങലുകള്‍
കുടുംബജീവിതത്തിലെ വിശ്വസ്തതയും സ്‌നേഹവും പരിഗണനയും ഒരു കൊടുക്കല്‍ വാങ്ങല്‍ നയത്തില്‍ അധിഷ്ഠിതമാണന്ന് ദമ്പതികള്‍ മനസിലാക്കണം. അങ്ങോട്ടു കൊടുത്താല്‍ മാത്രമേ അവ തിരിച്ചു കിട്ടുകയുള്ളൂ. ഇത് ഒരിക്കലും വാക്കുകള്‍കൊണ്ട് കേള്‍ക്കേണ്ടതോ കേള്‍പ്പിക്കേണ്ടതോ അല്ല. മറിച്ച് അനുഭവിച്ചറിയേണ്ട കാര്യമാണ്. അതുപോലെ ബാഹ്യമായ അറിവുകളും ആശയങ്ങളും കുടുംബജീവിതത്തിന്റെ വിശ്വസ്തതയെ പിടിച്ചു കുലുക്കുമ്പോഴും പതറാതെ പിടിച്ചു നില്‍ക്കാന്‍ കെല്പുള്ളതാകണം കുടുംബജീവിതത്തിന്റെ ആന്തരികമായ അടിസ്ഥാനം. അതുപോലെ മറ്റുള്ളവരെ ആദര്‍ശവത്ക്കരിക്കാനും അവരുടെ ‘കുറ്റമറ്റ മാതൃകാബന്ധത്തെ’ സ്വന്തം രീതികളുമായി താരതമ്യപ്പെടുത്താനുമുള്ള പ്രവണത പല ദമ്പതികളിലുമുണ്ട്. ഇത് പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കാനാണ് ഉപകരിക്കുക.
മറ്റുള്ളവരുടെ ദാമ്പത്യ ജീവിതത്തിലെ പോരായ്മകള്‍ ചികയുക എന്നത് ഒരു സ്വഭാവമായിത്തീരുമ്പോള്‍ ദൃഢമാക്കിത്തീര്‍ക്കേണ്ട സ്വന്തം ദാമ്പത്യത്തില്‍നിന്നുള്ള തെന്നിമാറലിനെയാണ് സൂചിപ്പിക്കുന്നത്. ദാമ്പത്യബന്ധങ്ങളുടെ നിലനില്‍പിനുള്ള അടിത്തറ ദമ്പതികള്‍ക്കിടയിലുള്ള പരസ്പര അര്‍പ്പണബോധമാണ്. ജീവിതത്തിലുടനീളം വ്യാപിച്ചു നില്‍ക്കേണ്ട ആത്മബന്ധമാണിത്. അനുദിന ജീവിതത്തിലെ സന്തോഷങ്ങളുടെയും ദുഃഖങ്ങളുടെയും വേദനകളുടെയും അനുഭവങ്ങളും അനുഭൂതികളും പങ്കുവച്ചുകൊണ്ട് ഒരുമിച്ചു കൂടുന്നതിലൂടെയാണ് ദാമ്പത്യജീവിതത്തില്‍ വിശ്വസ്തതയും സ്‌നേഹവും വളരുന്നതും ശക്തിപ്പെടുന്നതും. ദാമ്പത്യ ജീവിതത്തിലെ ഊഷ്മളതയ്ക്ക് പ്രതികൂലമായിത്തീരാവുന്ന സംശയങ്ങളെയും സംഘര്‍ഷങ്ങളെയും അതിജീവിക്കണമെങ്കില്‍ ദമ്പതികള്‍ അവരുടെ ആഗ്രഹങ്ങളെയും അഭിലാഷങ്ങളെയും ബുദ്ധിപൂര്‍വം കൈകാര്യം ചെയ്യാന്‍ പഠിക്കണം. ആശയങ്ങളും അഭിലാഷങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കാതെ ഉള്ളിലൊതുക്കി കഴിയുമ്പോള്‍ അവിടെ സംശയത്തിന്റെ തിരയിളക്കം ഉണ്ടായെന്നു വരാം.
പരസ്പരം സ്‌നേഹം പ്രകടിപ്പിക്കാന്‍ കഴിയാത്ത അവസ്ഥ ദാമ്പത്യ ബന്ധങ്ങളുടെ താളം തെറ്റിക്കാന്‍ കാരണമായിത്തീരാറുണ്ട്. ഇത് കുടുംബജീവിതത്തിന്റെ ആസ്വാദ്യത ഇല്ലാതാക്കുന്നു. കുടുംബജീവിതത്തില്‍ പരസ്പരം അധികാരം സ്ഥാപിക്കാനും അവകാശങ്ങള്‍ നേടിയെടുക്കാനുമുള്ള അമിതാവേശം ദമ്പതികള്‍ ഉപേക്ഷിക്കണം. ദമ്പതികള്‍ തങ്ങളുടെ ആശയങ്ങള്‍ പരസ്പരം പങ്കുവയ്ക്കുക, ഒരുമിച്ച് മുന്നേറുക; പാളം തെറ്റാതെ, പാതിവഴിയില്‍ യാത്ര മുടങ്ങാതെ, മുടക്കാതെ.

സണ്ണി കുറ്റിക്കാട് സി.എം.ഐ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?