Follow Us On

29

March

2024

Friday

കുട്ടികളെ പറഞ്ഞിട്ടെന്ത് കാര്യം?

കുട്ടികളെ പറഞ്ഞിട്ടെന്ത് കാര്യം?

കുട്ടിക്കുറ്റവാളികളെപ്പറ്റി വായിച്ചു വിറങ്ങലിച്ചു നിൽക്കുന്ന നിങ്ങളുടെ മുമ്പിലേക്ക് ആ ക്രൂരദൃശ്യങ്ങളുടെ വിവരണം വീണ്ടും നൽകി കുത്തി നോവിക്കാൻ ഉദ്ദേശ്യമില്ല. എങ്കിലും, പാശ്ചാത്യദേശങ്ങളിലെ ‘വിചിത്രവിശേഷ’ങ്ങളായി പത്രക്കോണുകളിൽ വല്ലപ്പോഴും പ്രത്യക്ഷപ്പെട്ടിരുന്നതും നമ്മുടെ സമൂഹം ഇതുവരെ ചിന്തിക്കാൻപോലും അറച്ചിരുന്നതുമായ പല ഞെട്ടിപ്പിക്കുന്ന സംഭവങ്ങളും നമ്മുടെ കൈയെത്തും ദൂരത്തുനിന്ന് ഒന്നിനുപുറകെ ഒന്നെന്ന രീതിയിൽ റിപ്പോർട്ടു ചെയ്യപ്പെടുകയാണ്. വായിച്ചു രസിച്ചോ ശപിച്ചോ വിമർശിച്ചോ കരഞ്ഞോ കഴിഞ്ഞുകൂടിയതുകൊണ്ടായില്ല.
വ്യക്തിപരമായി പറഞ്ഞാൽ എനിക്കീ കുട്ടിക്കുറ്റവാളികളോട് അകമഴിഞ്ഞ അനുകമ്പയാണുള്ളത്. പത്തുവയസിനുള്ളിൽ വീടാകുന്ന കാരാഗൃഹത്തിനുള്ളിൽ അപ്പന്റെ ക്രൂരതയോടൊപ്പം പതിനായിരം പ്രാവശ്യത്തോളം ക്രൂരതകളും വൈകൃതങ്ങളും വിഡ്ഢിപ്പെട്ടിയിൽ കാണാൻ വിധിക്കപ്പെടുന്ന കുരുന്നിന്റെ ധാർമിക രൂപവൽക്കരണം എത്ര വികലമായിരിക്കും! അപ്പന് മദ്യം വാങ്ങാൻ അയക്കപ്പെടുന്ന കുരുന്നിന്റെ മനഃശാസ്ത്രം ഊഹിക്കാമല്ലോ. മദ്യത്തിന്റെ കൂത്തിൽ അപ്പൻ മദിച്ചിരുന്ന് കണ്ടുരസിച്ചിട്ട് തിരിച്ചെടുക്കാൻ മറന്നുപോയ കടുംനീല സിഡി തുടർന്നു കാണാൻ ഗതികേടുവന്ന അഞ്ചാം ക്ലാസുകാരന്റെ ‘രസം’ എന്തിലായിരിക്കും? കുട്ടികളെ പറഞ്ഞിട്ടെന്തു കാര്യം!
ഒരു കുട്ടിയുടെ വളർച്ചയിൽ മാതാപിതാക്കളോടൊപ്പം, അടുത്ത ബന്ധുക്കളും അധ്യാപകരും ഉറ്റസുഹൃത്തുക്കളുമടങ്ങുന്ന ഒരു സംരക്ഷണ വലയമുണ്ട്. ഈ സംരക്ഷണ വലയത്തിൽ അശ്ലീലതയുടെ ലാഞ്ഛന പോലും ഉണ്ടായിക്കൂടാ എന്നുള്ള ഒരലിഖിത നിയമമുണ്ട്. അതിന്റെ മിന്നാരങ്ങളിൽ രൂപപ്പെട്ടിട്ടുള്ള വിള്ളലുകളുടെ ആഴം അളക്കാവുന്നതിലുമൊക്കെ ഏറെയാണ്. സ്വന്തം പിതാവിനെപ്പോലും വിശ്വസിക്കാനാകാത്ത ബാലികയുടെ ലോകവീക്ഷണമെന്തായിരിക്കും? അപ്പനുറങ്ങുന്നതുവരെ പറമ്പിലും പശുത്തൊഴുത്തിലും മകളെയുംകൊണ്ട് ഒളിച്ചിരിക്കേണ്ടിവരുന്ന അമ്മ ആരോട് അതു പറയും? അതെ, നമ്മുടെ കുടുംബങ്ങൾ വിങ്ങുകയാണ്, അതിന്റെ കവിഞ്ഞൊഴുകലുകളാണ് പീഡനവാർത്തകളിലും കുട്ടിക്കുറ്റവാളികളുടെ വളർച്ചയിലും പ്രതിഫലിക്കുന്നത്. മക്കളെ കൂട്ടിക്കൊടുക്കുന്ന മാതാപിതാക്കൾ ചില അപവാദങ്ങൾ മാത്രമായിരിക്കണേ എന്ന പ്രാർത്ഥനയോടെ മാതാപിതാക്കളുടെ അറിവിലേക്ക് ഒന്നുരണ്ടു കാര്യങ്ങൾ കുറിക്കുകയാണ്.
മക്കൾ ഹരംപിടിച്ച് ഉപയോഗിക്കുന്ന മൂന്ന് യന്ത്രങ്ങളെ തന്ത്രപൂർവം നിയന്ത്രിക്കാൻ നമുക്കു കഴിഞ്ഞാൽ നമ്മുടെ മക്കളെ നാം നേടുമെന്നാണ് എനിക്ക് തോന്നുന്നത്.
ഒന്നാമത്തെ വില്ലൻ ടി.വി തന്നെയാണ്. ടെലിവിഷൻ ചാനലുകളെ സംബന്ധിച്ചിടത്തോളം എല്ലാ പ്രായക്കാരെയും ഒരേപോലെ സുഖിപ്പിക്കുന്ന ഏകവിനോദോപാധി മനുഷ്യശരീരമാണ്! കുടുംബാംഗങ്ങൾക്ക് ഒരുമിച്ചിരുന്ന് ടെലിവിഷൻ കാണാനാകാത്ത അവസ്ഥയാണെന്നു പറഞ്ഞത് മറ്റാരുമല്ല, സുപ്രീംകോടതിയിലെ മൂന്നംഗ ബഞ്ചാണ്. ഈ അശ്ലീലപ്പെട്ടിക്ക് നിയന്ത്രണം വയ്‌ക്കേണ്ടത് മാതാപിതാക്കളല്ലാതെ മറ്റാരാണ്? അടുത്ത യന്ത്രാവതാരം കുറച്ചുകൂടി കൂടിയ ഇനമാണ്. അത് നമ്മുടെ പൊന്നോമനയുടെ ശരീരത്തിന്റെ ഭാഗംപോലെയായി കഴിഞ്ഞിരിക്കുന്നു. ഇതു വായിച്ചുകൊണ്ടിരിക്കേ നിങ്ങളൊന്നു പാളി നോക്കൂ. സർവതും മറന്നല്ലേ നിങ്ങളുടെ മിടുക്കൻ കുട്ടൻ/മിടുക്കി കുട്ടി ആ കൊച്ചുയന്ത്രവുമായി കൊച്ചുവർത്തമാനത്തിൽ മുഴുകിയിരിക്കുന്നത്? സത്യത്തിൽ വീര്യമേറിയ സ്‌ഫോടകവസ്തുക്കളെ കൈകാര്യം ചെയ്യുന്ന കരുതലോടെ വേണം ഈ ‘നാനോഫോണി’നെ നാം സമീപിക്കേണ്ടത്. ഒരു ഫോൺകൊണ്ട് ആകാശമിടിഞ്ഞുവീഴുമോ എന്നു നിങ്ങൾ ചോദിച്ചേക്കും. പലരുടെയും ആകാശം ഇടിച്ചുവീഴ്ത്തുക മാത്രമല്ല, തുടർന്നു പാതാളത്തോളം താഴ്ത്തിക്കളയുകയും ചെയ്തിട്ടുള്ള ചരിത്രമതിനുണ്ടെന്ന് എത്ര ലാഘവത്തോടെയാണ് നാം മറക്കുന്നത്.
മൊബൈലൊന്നും കാണിക്കാതെ പുതിയ തലമുറയെ വളർത്തണമെന്നൊന്നും ഇപ്പറഞ്ഞതിനർത്ഥമില്ല. എന്നാൽ അതു വാങ്ങിക്കൊടുക്കുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിച്ചേ പറ്റൂ. വാങ്ങിക്കൊടുക്കുന്നതിനുമുമ്പ് ചില നിബന്ധനകൾ വയ്ക്കണം. അതിന്റെ ഭാഗമായിത്തന്നെ അവർ ആരെയാണ് വിളിക്കുന്നതെന്ന് അന്വേഷിച്ചുകൊണ്ടേയിരിക്കണം. എന്താണു സംസാരിച്ചതെന്നും ചോദിക്കണം. തങ്ങൾക്കു ലഭിക്കുന്ന മെസേജുകളും ചിത്രങ്ങളും ‘തമാശ’കളും കാർന്നോന്മാരെ കാണിക്കാനുള്ള സ്വാതന്ത്ര്യം മകനും മകൾക്കും വേണം. ടീനേജറുടെ ഫോണെടുക്കാൻ സ്വന്തം മമ്മിക്കുപോലും മടിയാണിന്ന്. മകന്റെ/മകളുടെ സ്വകാര്യതയിലുള്ള കൈകടത്തലാണത്രെയത്! ഈ കൈകടത്തൽ തങ്ങളുടെ ദൗത്യമാണെന്ന് മാതാപിതാക്കൾ തിരിച്ചറിയണം. വീട്ടിൽ ഫോൺ വച്ചിട്ടുപോകുന്ന അവസരത്തിൽ അത് ‘ലോക്കു’ ചെയ്തിട്ടാണു പോകുന്നതെങ്കിൽ തങ്ങൾ അറിയരുതാത്ത എന്തോ അതിലുണ്ടാകണമല്ലോ എന്നു സംശയിക്കാനുള്ള മൂന്നാംകണ്ണ് മാതാപിതാക്കൾക്കില്ലാതെ പോകരുത്. വേണ്ടിവന്നാൽ കുറെനാൾ മൊബൈൽഫോൺ അവന്/അവൾക്ക് കൊടുക്കാതെ അലമാരയിൽ വച്ചു പൂട്ടാനുള്ള അവകാശവും മാതാപിതാക്കൾ വിവേകത്തോടെ പാലിക്കണം.
കമ്പ്യൂട്ടറും ഇന്റർനെറ്റുമൊക്കെ ഇനിയും കുറച്ചുകൂടി കൂടിയ ഇനമാണ്. കവയിത്രി സുഗതകുമാരി എണ്ണായിരം വിദ്യാർത്ഥികളിൽ നടത്തിയ സർവേയിൽ ആറായിരം പേരും പതിവായി ബ്ലൂഫിലിമുകൾ കണ്ടിട്ടുള്ളതായി സമ്മതിച്ചതായി മുമ്പൊരിക്കൽ വായിച്ചത് ഓർക്കുന്നു.
കമ്പ്യൂട്ടർ ഗെയിംസ് താരതമ്യേന ‘സേഫാ’ണെന്നു മാതാപിതാക്കൾ തെറ്റിദ്ധരിക്കാറുണ്ട്. വീഡിയോ ഗെയിംസിൽ ശത്രുക്കളെ വെടിവച്ചു കൊല്ലുമ്പോൾ പോയിന്റു ലഭിക്കുന്ന കുട്ടി യഥാർത്ഥ ജീവിതത്തിൽ അതു പ്രതീക്ഷിച്ചാൽ കുറ്റം പറയാനൊക്കുമോ? മാതാപിതാക്കൾ റൂമിലെത്തുമ്പോൾ കമ്പ്യൂട്ടർ ഗെയിമിൽ മുഴുകിയിരിക്കുന്ന വിരുതൻ അവർ പോയിക്കഴിയുമ്പോഴും അതുതന്നെയായിരിക്കും ചെയ്യുന്നതെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ?
കമ്പ്യൂട്ടറുകൾ ലാപ്‌ടോപ്പുകളും തുടർന്ന് ‘നോട്ടുബുക്കു’കളുമായി രൂപാന്തരപ്പെട്ടുകഴിഞ്ഞു. കുടുംബങ്ങൾ ‘വൈഫൈ’ ആയതോടെ ഇന്റർനെറ്റിനുമേൽ മാതാപിതാക്കൾക്കുണ്ടായിരുന്ന കേബിൾബന്ധം പോലും അറ്റുപോകുകയും നിയന്ത്രണാതീതമായ മറ്റൊരു സ്വകാര്യസാധനമായി അതു മാറുകയും ചെയ്തുകഴിഞ്ഞു. വീട്ടിലെത്തുന്ന മക്കളുടെ കൂട്ടുകാരെ സസന്തോഷം സ്വാഗതം ചെയ്യുമ്പോഴും അവർ എത്ര മാന്യന്മാരായാലും അടുത്ത ബന്ധുക്കളായാലും ശരി, അവർ അവരുടെ റൂമിൽ അധികസമയം ചെലവഴിക്കുമ്പോൾ എന്താണവിടെ നടക്കുന്നതെന്ന് ഇടയ്ക്കിടെ അന്വേഷിക്കാനും റൂമിന്റെ വാതിൽ എപ്പോഴും തുറന്നു തന്നെയിടണമെന്ന് ഓർമിക്കാനും മാതാപിതാക്കൾ മടികാണിക്കരുത്. പരുഷമായി പറയേണ്ടിടത്ത് പരുഷമായി പറയുവാനും ‘സാത്താനേ ദൂരെപോകൂ’ എന്നു പുറത്തേക്ക് കൈചൂണ്ടി പറയാനും കാർന്നോന്മാർ മടിച്ചു തുടങ്ങിയാൽ കുട്ടിക്കുറ്റവാളികൾ മുതൽ ഗോവിന്ദച്ചാമിമാർ വരെ നീളുന്ന ശൃംഖലകളിലൊന്നിൽ പെട്ടവരെ വാർത്തെടുക്കാൻ ഇടം കൊടുക്കുന്ന നരകങ്ങൾ നാം ഭവനങ്ങളിൽത്തന്നെ സൃഷ്ടിക്കുകയാണെന്നുറക്കെ പറയാൻ ഒരു മടിയും തോന്നുന്നില്ല.
നിങ്ങളുടെ മകന്റെയോ മകളുടെയോ സ്‌കൂളിനടുത്തുള്ള മിഠായിക്കടകളിൽ അതിനോടൊപ്പം മറ്റെന്തൊക്കെ വിൽപ്പനയാണു നടക്കുന്നതെന്ന് അന്വേഷിച്ചിട്ടുണ്ടോ? അവിടെയടുത്തുള്ള ഇന്റർനെറ്റ് കഫേകളിൽ കയറിച്ചെന്നൊന്നു നോക്കിക്കൂടെ?
തരപ്പടിയുള്ള സുഹൃദ്ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കാം. മുതിർന്നവരുമായുള്ള കുട്ടികളുടെ അമിത കൂട്ടുകെട്ടാണ് ദുരുപയോഗമുൾപ്പെടെയുള്ള പല ദുഃശീലങ്ങൾക്കും വഴിമരുന്നിടുന്നതെന്ന് നാം തിരിച്ചറിയുകയും വിവേകത്തോടെ തിരുത്തുകയും വേണം.
മക്കൾക്ക് അറിവ് പകരാൻ നാം വെമ്പുമ്പോൾ പ്രായത്തിനപ്പുറമുള്ള പല അറിവും അവന്/അവൾക്ക് കിട്ടാതിരിക്കണമെന്ന കാര്യത്തിലും നമുക്ക് ജാഗ്രത വേണം. അങ്ങനെ വിലക്കപ്പട്ടതു പറിച്ചെടുത്തു ഭക്ഷിച്ചുനേടിയ അറിവുകൾ പരീക്ഷിച്ചുനോക്കിയവരായിരിക്കണല്ലോ ഇന്നു പത്രവാർത്തകളിൽ നിറയുന്ന കുഞ്ഞു ‘പ്രതി’കൾ!
ചുരുക്കത്തിൽ, ”ദൈവം വളർത്താൻ ഏൽപിച്ച നിധിയാണ് മക്കളെ”(ചാവറയച്ചൻ)ങ്കിൽ മറ്റെല്ലാത്തിലുമുപരി സമയം അവർക്കുവേണ്ടി നാം മാറ്റിവയ്ക്കുകതന്നെ വേണം.
സൈ പഴമ്പിള്ളിൽ CMI

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?