Follow Us On

28

March

2024

Thursday

കുട്ടികൾ കൈവിട്ടുപോകുന്നത് എന്തുകൊണ്ട്?

കുട്ടികൾ കൈവിട്ടുപോകുന്നത് എന്തുകൊണ്ട്?

നമ്മുടെ ഇടവകകളിൽ കാലങ്ങളായി നടന്നുവരുന്ന മതബോധന സംവിധാനത്തിന്റെ നേട്ടങ്ങൾ ആർക്കും നിഷേധിക്കാനാവില്ല. തികച്ചും സാധാരണക്കാരായ അധ്യാപകരിലൂടെ, പരിമിതമായ ദൈവശാസ്ത്ര അവബോധമുള്ളവരിലൂടെ നടക്കുന്ന അധ്യയനം ഏറെ ഉപകാരപ്രദമാണ്. എങ്കിലും കാലോചിതമായ പരിണാമ പ്രക്രിയകൾക്ക് വിശ്വാസ പരിശീലന രംഗം വിധേയമാകേണ്ടതുണ്ട്.
വടക്കേ ഇന്ത്യയിൽ ദീർഘകാലം ജീവിക്കേണ്ടി വന്ന എനിക്ക് ആളുകളുമായി ഇടപെട്ടപ്പോൾ ചില കാര്യങ്ങൾ ബോധ്യമായി. അതിലൊന്ന് ചെറുപ്പകാലത്ത് നല്ല വിശ്വാസപരമായ ബോധ്യങ്ങൾ ലഭിച്ചവർ പ്രതികൂലമായ സാഹചര്യങ്ങളിൽ വ ലിയ വിലകൊടുത്ത് വിശ്വാസം സംരക്ഷിക്കാൻ പരിശ്രമിക്കുന്നു എന്നുള്ളതാണ്. അന്യനാട്ടിൽ ജോലിക്ക് പോകുന്നവർ വളരെ കഷ്ടപ്പാട് സഹിച്ചാണ് ജീവിക്കുന്നത്. ഈ സാഹചര്യങ്ങളിൽ വി ശ്വാസ പരിശീലനത്തിലൂടെ വ്യക്തമായ ആത്മീയ അടിത്തറ നേടിയിട്ടുള്ളവർ അടിപതറാതെ മുന്നോട്ട് പോകുന്നത് കാണാൻ സാധിച്ചിട്ടുണ്ട്.
ചില യാഥാർത്ഥ്യങ്ങൾ
12 വർഷത്തോളം ഉത്തമരായ അധ്യാപകരിലൂടെ കടന്നുപോകുന്ന കുട്ടികൾതന്നെ വഴിതെറ്റിപ്പോകുന്ന യാഥാർത്ഥ്യം നമുക്ക് മുൻപിലുണ്ട്. എന്തുകൊണ്ടിത് സംഭവിക്കുന്നുവെന്ന ചോദ്യം പലപ്പോഴും അലോസരപ്പെടുത്താറുണ്ട്. ഇതിന്റെ ഉത്തരം വിശ്വാസത്തിന്റെ വില അറിഞ്ഞിട്ടില്ല എന്നുള്ളതാണ്. വളരെ ലാഘവമായി വിശ്വാസത്തെ കാണുന്നതുമൂലമാണ് ഇത്തരം അബദ്ധങ്ങളിൽ ചെന്നുചാടുന്നത്. അടിസ്ഥാനപരമായ ചില ബോധ്യങ്ങൾ ഊട്ടിയുറപ്പിക്കാൻ കഴിയാതെ പോകുന്നു എന്ന വസ്തുത നാം തിരിച്ചറിയണം. എങ്കിലും നിരാശപ്പെടേണ്ടതില്ല. വളരെയധികം യുവജനങ്ങൾ വിശ്വാസത്തിനുവേണ്ടി ത്യാഗവും നഷ്ടവും ഏറ്റെടുക്കുന്ന സാഹചര്യങ്ങൾ നേരിട്ട് മനസിലാക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്.
കുടുംബതലം
മതബോധന പ്രക്രിയയിൽ മാതാപിതാക്കളുടെ പങ്ക് വളരെ വലുതാണ്. കുട്ടികളെ മതപഠന ക്ലാസിൽ അയച്ചാൽ എല്ലാമായി എന്നു കരുതുന്ന ധാരാളം രക്ഷിതാക്കളുണ്ട്. വാസ്തവത്തിൽ മാതാപിതാക്കളാണ് മതബോധനത്തിന്റെ ഏറ്റവും പ്രധാന ഘടകം. ഒരു കുട്ടി ജനിച്ചു വീഴുന്ന നിമിഷംതന്നെ വിശ്വാസ പരിശീലനവും ആരംഭിക്കുന്നു. കുഞ്ഞുങ്ങൾ പഠിക്കുന്ന യഥാർത്ഥ പാഠപുസ്തകം മാതാപിതാക്കളുടെ ജീവിതമാണ്. ശിശുവായിരിക്കുമ്പോൾ മുതൽ ആത്മീയതയുടെ ലഘുപാഠങ്ങൾ മാതാപിതാക്കൾ പകർന്നു നൽകണം. ഇപ്രകാരം രൂപപ്പെടുത്തപ്പെട്ട കുട്ടികളെ കൂടുതൽ ബോധ്യങ്ങളിലേക്ക് വളരാൻ മതപഠനം സഹായിക്കുന്നു.
കുടുംബതലത്തിൽ ഉണ്ടാകുന്ന പരാജയങ്ങൾ പരിഹരിക്കാൻ പലപ്പോഴും നമ്മുടെ വിശ്വാസ പരിശീലനരംഗത്തിന് സാധിച്ചെന്ന് വരില്ല. മറിച്ചുള്ള ധാരാളം അനുഭവങ്ങളുമുണ്ട്.
തെറ്റായ സമീപനങ്ങൾ
ഭൗതികതയുടെ അതിപ്രസരംമൂലം ചില തെറ്റായ സമീപനങ്ങൾ സ്വീകരിക്കുന്നതായി പലപ്പോഴും കാണാറുണ്ട്. വിശ്വാസപരിശീലനത്തിന് പോയാൽ എന്തു കിട്ടും എന്ന് ചിന്തിക്കുന്നവർ വളരെയധികമുണ്ട്. മുൻഗണനാക്രമം നിശ്ചയിക്കുമ്പോൾ ഭൗതികമായ പഠനങ്ങൾക്ക് പ്രാധാന്യം ലഭിക്കുന്നു. മതപഠനക്ലാസുകൾ പിന്നിലേക്ക് പോകുന്നു. ആത്മീയതയെ ഒഴിവാക്കുമ്പോൾ ഭാവിയിൽ ഉണ്ടാകാവുന്ന ദുരന്തങ്ങളെക്കുറിച്ച് പലരും ചിന്തിക്കാറില്ല. തെറ്റായ പ്രവണതകൾ വരും തലമുറയ്ക്ക് വലിയ ആഘാതമാണ് വരുത്തുന്നത്. മക്കൾ വലിയ അബദ്ധങ്ങളിൽ ചെന്ന് ചാടി കഴിയുമ്പോഴാണ് പല മാതാപിതാക്കൾക്കും തിരിച്ചറിവുണ്ടാകുന്നത്. വിശ്വാസ പരിശീലന പരീക്ഷ നടക്കുന്ന ദിവസംപോലും മറ്റ് കോച്ചിംഗുകൾക്ക് അയക്കുന്നത് തെറ്റായ സമീപനമാണ്.
മുൻഗണനാക്രമത്തിൽ രണ്ടാം സ്ഥാനത്താണ് ക്രിസ്തീയത എന്ന ചിന്തയാണ് ഇതിലൂടെ പങ്കുവയ്ക്കപ്പെടുന്നത്. ജീവിതവിജയം, ജീവിതനേട്ടം എന്നുള്ളതൊക്കെ സമ്പത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്തുന്ന സമീപനം മാറേണ്ടതുണ്ട്.
കൂട്ടുത്തരവാദിത്വം
മതബോധനരംഗം കാര്യക്ഷമമാകാൻ മൂന്ന് വിഭാഗം ആളുകളുടെ കൂട്ടുത്തരവാദിത്വം ആവശ്യമാണ്. ഒന്നാമത്തെ വിഭാഗം മാതാപിതാക്കളാണ്. സ്‌കൂളിലെ പഠന കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതുപോലെതന്നെ മതപഠനക്ലാസുകളിലെ കാര്യങ്ങളും മാതാപിതാക്കൾ ശ്രദ്ധിക്കണം. പഠിക്കുന്ന കാര്യങ്ങൾ ജീവിതാനുഭവങ്ങളാക്കി മാറ്റുന്നതിൽ മാതാപിതാക്കളുടെ പങ്ക് വലുതാണ്. രണ്ടാമത്തെ വിഭാഗം മതാധ്യാപകരാണ്. ഉത്തമ ജീവിതമാതൃകയും ആത്മാർത്ഥമായ പരിശീലനവും നൽകുവാൻ എല്ലാ അധ്യാപകരും പരമാവധി പരിശ്രമിക്കണം. വിശ്വാസം പങ്കുവയ്ക്കുമ്പോൾ അത് വളരും. മതാധ്യാപകൻ പഠിപ്പിക്കുന്നത് കേവലം ടെസ്റ്റ് ബുക്കിനെ മാത്രം ആശ്രയിച്ചാവരുത്. സ്വജീവിതത്തിൽ അനുഭവിച്ചറിഞ്ഞ ക്രിസ്തീയതയെയാണ് പഠിപ്പിക്കേണ്ടത്.
മൂന്നാമതായി കൂട്ടുത്തരവാദിത്വം നിർവഹിക്കേണ്ടത് സമർപ്പിതരാണ്. പ്രത്യേകിച്ച് വൈദികർ മതബോധനരംഗത്തിന് വലിയ ഊന്നൽ നൽകണം. ഒരു ഇടവകയിൽ നടക്കുന്ന ഏറ്റവും പ്രധാന പ്രവർത്തനമാണ് വിശ്വാസ പരിശീലനം എന്ന ചിന്ത എല്ലാ നിമിഷവുമുണ്ടാകണം. സ്വാർത്ഥതാൽപര്യങ്ങളോടെ മതാധ്യാപനരംഗത്തേക്ക് കടന്നുവരുന്നവരെ നിരുത്സാഹപ്പെടുത്തി ഒഴിവാക്കാനും വൈദികർ ജാഗരൂകരായിരിക്കണം.
വിശ്വാസം ബോധ്യമാക്കുക
വിശ്വാസം ബോധ്യങ്ങളാക്കി മാറ്റുക എന്ന ഭാരിച്ച ഉത്തരവാദിത്വം നമുക്കുണ്ട്. ബുദ്ധിയുടെ തലത്തിൽ ലഭിക്കുന്ന വിവരങ്ങൾ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ ഉള്ളിൽ പതിയണം. സ്‌നേഹം, ത്യാഗം, സേവന മനോഭാവം തുടങ്ങിയ മൂല്യങ്ങൾ കുട്ടികളുടെ ഉള്ളിൽ പതിയണം. ഓരോ പാഠത്തിന്റെയും അവസാനം പറയുന്ന പ്രവർത്തനങ്ങൾ അടുത്ത ആഴ്ച വരുമ്പോൾ എത്രമാത്രം ചെയ്തുവെന്ന് ചോദിക്കണം. തിയറിയിൽ ഒതുങ്ങാതെ പ്രാക്റ്റിക്കൽ കൂടിയാവുമ്പോൾ ഉദ്ദേശിച്ച ഫലം ലഭിക്കും.
വിശ്വാസപരമായ കാര്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് സംശയങ്ങൾ ചോദിക്കാനുള്ള സ്വാതന്ത്ര്യം നൽകണം. അവരുടെ സംശയങ്ങൾക്ക് അപ്പോൾ തന്നെയോ അടുത്ത ആഴ്ചയിലെങ്കിലുമോ മറുപടി നൽകാൻ അധ്യാപകർ പരിശ്രമിക്കണം.
ആരോഗ്യപരമായ ചർച്ചകളും സംവാദങ്ങളുമെല്ലാം ആഴമായ ബോധ്യങ്ങളിലേക്ക് കുട്ടികളെ എത്തിക്കും. ഒരുമിച്ചിരിക്കുക, ഒരുമിച്ച് പ്രാർത്ഥിക്കുക എന്നതാവണം വിശ്വാസ പരിശീലനത്തിന്റെ രീതി.
പ്രായോഗിക പാഠങ്ങൾ
കേരളീയ പശ്ചാത്തലത്തിൽ വിശ്വാസപരമായ വിഷയങ്ങളിൽ ശക്തമായ നിലപാടുകൾ സ്വീകരിച്ചവരെ മതപഠനക്ലാസുകളിൽ പരിചയപ്പെടുത്തണം. നമ്മുടെ തനത് സംസ്‌കാരത്തിൽ ജീവിച്ച് വിശ്വാസാധിഷ്ഠിതമായി വ്യാപരിച്ചവരെ അടുത്തറിയുന്നത് കുട്ടികൾക്ക് അനുകരിക്കാൻ എളുപ്പമാകും. ആനുകാലിക സംഭവങ്ങളെയും വാർത്തകളെയുമെല്ലാം വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കണം. അധ്യാപകർക്ക് ഇക്കാര്യത്തിൽ വലിയ പങ്ക് വഹിക്കാനാകും.
സഭയുടെയും വ്യക്തികളുടെയും ജീവകാരുണ്യ പ്രവർത്തനങ്ങളെ അടുത്തറിയാനും പങ്കാളികളാകാനും അവസരമൊരുക്കണം. അനാഥമന്ദിരങ്ങളും മറ്റും സന്ദർശിക്കുകയും അവിടെ ചെറിയ സേവനപ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്യുമ്പോൾ കുട്ടികൾക്ക് പുതിയ ജീവിതദർശനം തന്നെ ലഭിക്കും. പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കാൻ അധ്യാപകർ പരിശ്രമിക്കണം. ക്രിസ്തീയ ജീവിതത്തിലും വചനപഠനത്തിലും അവർ ആഴപ്പെടണം. ഒരു കൈയിൽ ബൈബിളും മറുകൈയിൽ ദിനപത്രവുമായി അവർ മതബോധനരംഗത്ത് പ്രവർത്തിക്കണം.
വിശ്വാസ പരിശീലനം ഇടവകയുടെയും കുടുംബത്തിന്റെയും ആഘോഷമാക്കി മാറ്റാൻ കഴിയണം. മാതാപിതാക്കൾക്ക് ആവശ്യമായ ബോധവൽക്കരണം നടത്തണം. പി.ടി.എ പോലുള്ള സംവിധാനങ്ങളെ കൂടുതൽ പ്രയോജനപ്പെടുത്തണം. പ്രായോഗിക പ്രവർത്തന പരിപാടികളിൽ അവരുടെ സാന്നിധ്യം ഉറപ്പുവരുത്തണം. പ്രവേശനോത്സവംപോലുള്ള പരിപാടികൾ വളരെ നല്ലതാണ്. ഇതുവഴി മതബോധനം വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന ചിന്ത കുട്ടികൾക്കും മാതാപിതാക്കൾക്കും ഉണ്ടാകും.
മോൺ. ജോസഫ് പ്ലാച്ചിക്കൽ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?