Follow Us On

28

March

2024

Thursday

കുരിശിലേക്ക് മാത്രം നോക്കുക

കുരിശിലേക്ക് മാത്രം നോക്കുക

തങ്കശേരിക്കാർക്ക് മുല്ലശേരി അച്ചനെ നന്നായി അറിയാം. ഒരു ഹോണ്ട ആക്ടീവ സ്‌കൂട്ടറിൽ പുഞ്ചിരിയോടെ പോകുന്ന അച്ചനെ അവർക്കെല്ലാവർക്കും വലിയ കാര്യവുമാണ്. എന്തു കാര്യവും അദേഹത്തോട് തുറന്ന് സംസാരിക്കാം എന്നതാണ് അവരുടെ സ്‌നേഹത്തിന് പിന്നിലുള്ള വികാരം. ഹോണ്ട സ്‌കൂട്ടറിൽ അടുത്തുള്ള ദൈവാലയത്തിൽ കുമ്പസാരിപ്പിക്കാനായി പോകുന്ന അച്ചനോട് ഇനിയിതിൽ പോകണ്ടെന്ന് അടുത്തനാളിൽ രൂപതാധികൃതർ നിർദേശം നൽകി. അദേഹം അത് അനുസരിച്ചു. പിന്നീട് അവർ അദേഹത്തെ കാണുന്നത് തെരുവിലൂടെ അച്ചൻ നടന്നുപോകുന്നതാണ്. ഇതാകുമ്പോൾ കുറെക്കൂടി ആളുകളുമായി അടുപ്പമുണ്ടാകുന്നു. അദേഹത്തിന്റെ പ്രതികരണമിങ്ങനെയായിരുന്നു. മറ്റുള്ളവരെ കേൾക്കാനും മനസിലാക്കാനും കഴിയുന്ന പുതിയ ഇടയനെക്കുറിച്ച് ഏറെ പ്രതീക്ഷയാണ് കൊല്ലത്തെ ജനതക്ക്. എന്നാൽ എല്ലാം ദൈവത്തിലേക്ക് ചേർത്ത് വെച്ച് നന്ദി പറയുകയാണ് അദേഹം. കൊല്ലം രൂപതാകേന്ദ്രത്തിലിരുന്ന് ഹൃദയം തുറന്ന് നിയുക്ത മെത്രാൻ സംസാരിച്ചു.
അങ്ങയുടെ ദൈവവിളിയെക്കുറിച്ചു വ്യക്തമാക്കാമോ?
കാഞ്ഞിരകോട് ഇടവകയിലെ കൈതാകോടി (കൈതാകോടി ഇപ്പോൾ ഇടവകയാണ്) മുല്ലശ്ശേരി വീട്ടിലെ പതിമൂന്നു മക്കളിൽ ഒമ്പതാമനായാണെന്റെ ജനനം. മാമോദീസ നൽകിയത് ഫെലിക്‌സ് അരിക്കാപ്പറമ്പിൽ അച്ചനാണ്. ജനനത്തീയതി അനുസരിച്ച് വനവാസിയായ വിശുദ്ധ പൗലോസ് (പോൾ ദി ഹെർമിറ്റ്) എന്ന പേര് നൽകിയത്. അപ്പച്ചന്റെ പേര് ആന്റണി ഗബ്രിയേൽ. അമ്മച്ചിയുടെ പേര് മാർഗരീത്ത. നാല് സഹോദരങ്ങൾ ബാല്യത്തിലേ മരിച്ചു. ജെയിൻ ജോർജ്, സ്‌റ്റെല്ലാ ബെയ്‌സിൽ ,ഡെലിൻ ലോറൻസ്, വിൻസെന്റ് മുല്ലശേരി, സിസ്റ്റർ റീത്ത മുല്ലശേരി (ഹോളി ഏഞ്ചൽസ്, തിരുവനന്തപുരം), ജോൺസൻ മുല്ലശേരി, ഫാ ജോസി മുല്ലശേരി ഓ എഫ് എം കപ്പൂച്ചിൻ, ജിം ആന്റണി എന്നിവരാണ് ജീവിച്ചിരിക്കുന്ന സഹോദരങ്ങൾ.
അപ്പച്ചനും അമ്മച്ചിയും പുരോഹിതരെ വളരെയധികം ബഹുമാനിച്ചിരുന്നു. അമ്മച്ചി വലിയ മരിയ ഭക്തയായിരുന്നു. ഇത് കുഞ്ഞുനാളിലെ മാതാവിനോടുള്ള ഭക്തി എന്നിലും വളർത്തി. എല്ലാ ദിവസവും വീട്ടിൽ ജപമാലപ്രാർത്ഥനയും ബൈബിൾ വായനയും ഉണ്ടാകും. എല്ലാ ദിവസവും ദിവ്യബലി കഴിഞ്ഞു വന്നാൽ അന്ന് പള്ളിയിൽ വികാരിയച്ചൻ പറഞ്ഞതെല്ലാം ചേർത്തു ഞാനൊരു ദിവ്യബലി വീട്ടിൽ നടത്തും. അതെല്ലാം പുരോഹിതനാകാനുള്ള ഇഷ്ടം ഉള്ളിൽ വളർത്തുകയായിരുന്നു. കൂടാതെ കുഞ്ഞുങ്ങളിൽ വിശ്വാസപരിശീലനം നൽകുന്ന ജെറോം പിതാവിന്റെ പദ്ധതികളും കൂടിയായപ്പോൾ ഞാൻ തന്നെ സെമിനാരിയിലേക്കുള്ള ഫോം വാങ്ങിക്കൊണ്ടുവന്നു വീട്ടിലിരുന്ന് സ്വന്തമായി പൂരിപ്പിച്ചു കൊടുക്കുകയായിരുന്നു. 1969 ജൂൺ ഒമ്പതിനാണ് സെമിനാരിയിൽ ചേരുന്നത്. അന്നത്തെ പ്രീഫെക്ട് ഇന്നത്തെ പിതാവായ ഡോ സ്റ്റാൻലി റോമൻ ആയിരുന്നു. ഇമ്മാനുവേൽ ഫെർണാണ്ടസ് അച്ചനായിരുന്നു റെക്ടർ (ഇമ്മാനുവൽ അച്ചൻ പിന്നീട് കപ്പൂച്ചിൻ സന്യാസവൈദികനായി). അന്നത്തെ ആത്മീയ ഗുരു ബർണാഡ് മല്ല്യാരച്ചനായിരുന്നു. ഒപ്പമുള്ള ചിലരുടെ പരിഹാസം ഇടയ്ക്കിടെ വിഷമിപ്പിച്ചിരുന്നെങ്കിലും പുരോഹിതനാകുക എന്നത് ഒത്തിരി ഇഷ്ടമായിരുന്നത് കൊണ്ട് ഞാനതൊന്നും കാര്യമായിട്ട് എടുത്തില്ല.
1984 ഡിസംബർ 22ന് ബ്രദർ മുല്ലശേരി ഫാ. പോൾ ആന്റണി മുല്ലശേരിയായി. കൊച്ചച്ചനായും വികാരിയച്ഛനായും ഏഴോളം ഇടവകകളിൽ സേവനമനുഷ്ഠിച്ചു. ഇതിനിടയിൽ കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടി. സെന്റ് റാഫേൽ സെമിനാരിയിൽ പ്രീഫെക്ട്, റെക്ടർ, സ്പിരിച്വൽ ഡയറക്ടർ എന്നീ നിലകളിലും ഡിഫൻഡർ ഓഫ് ദി ബോണ്ട്, കാറ്റിക്കീസം അസിസ്റ്റന്റ് ഡയറക്ടർ, രൂപത കോടതി ജഡ്ജി, ചാൻസലർ, ജുഡീഷ്യൽ വികാരി, പ്രൊ വികാരി ജനറൽ ,എപ്പിസ്‌കോപ്പൽ വികാരി, ഫാത്തിമ ഷ്‌റയിൻ ഡയറക്ടർ, രൂപത വികാരി ജനറൽ തുടങ്ങിയ നിലകളിലും സേവനം ചെയ്തു. കാറ്റക്കീസം അസിസ്റ്റന്റ് ഡയറക്ടറായിരിക്കുമ്പോൾ പോർട്ട് കൊല്ലം ഇടവകയിൽ തുടങ്ങിവച്ച വി ബി എസ് പിന്നീട് രൂപതാതലത്തിൽ എത്തുകയും ഇപ്പോഴെല്ലാ വർഷവും വലിയൊരു ആഘോഷത്തിലൂടെ കുഞ്ഞുങ്ങളിലേക്കു അവരുടെ രീതിയിൽ ഈശോയെ നൽകുകയും ചെയ്യുന്നു.
കുറെനാൾ കുടുംബക്കോടതിയിലും സേവനം അനുഷ്ഠിച്ചിരുന്നല്ലോ അന്നുണ്ടായ ചില അനുഭവങ്ങൾ
കുടുംബക്കോടതിയിൽ ജോലിനോക്കുമ്പോളായിരുന്നു വേദനയും സന്തോഷവും നിറഞ്ഞ ഒരുപാട് അനുഭവങ്ങളുണ്ടായത്. വിവാഹം അസാധുവാക്കി പ്രഖ്യാപിക്കപ്പെടുന്ന അവസ്ഥകളിൽ മണിക്കൂറോളം ക്രൂശിതന്റെ മുന്നിലിരുന്നു കണ്ണീരൊഴുക്കി പ്രാത്ഥിച്ചുകൊണ്ടാണ് ഞാൻ ആ നിർണായക തീരുമാനമെടുത്തിട്ടുള്ളത്. എങ്കിലും എന്നെ ഏറ്റവുമധികം വേദനിപ്പിച്ചത് ചില കത്തോലിക്കരുടെ വഴിവിട്ട ജീവിതമാണ്. പലരും വിശ്വാസം തിരിച്ചറിയാതെ സഭക്കും സഭാസംവിധാനങ്ങൾക്കുമെതിരെ ദൂഷണം പറയുന്നതും ദൈവാലയത്തിൽ അപമര്യാദയായി പെരുമാറുന്നതും എനിക്ക് വലിയ മാനസിക പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അവർക്കുവേണ്ടി മനമുരുകി പ്രാർത്ഥിക്കാൻ ദൈവം എന്നെ അനുവദിച്ചു.
സന്തോഷിപ്പിച്ച അനുഭവങ്ങളിലൊന്ന് മുക്കാടുള്ള ഒരു യുവതിയുടേതായിരുന്നു. അവളുടെ ഭർത്താവ് കോവിൽത്തോട്ടം സ്വദേശി. അയാളും വക്കീലും ചേർന്നുള്ള ചതിയിൽ ഈ യുവതി അകപ്പെട്ടുവെന്ന് പറയാം. അവളറിയാതെ വക്കീലിന്റെ ഉപദേശമനുസരിച്ച് ഭർത്താവ് വിവാഹമോചനക്കേസ് കൊടുത്തു. ആ നാളുകളിൽ ഈ യുവതി ഗർഭിണിയുമായി.
അവൾ തന്റെ വീട്ടിലേക്ക് പോയി. വിവാഹമോചനത്തിനുവേണ്ടി അവളുടെ ഭർത്താവ് വേശ്യാവൃത്തിക്കുറ്റമാണ് അവൾക്കെതിരെ ഉന്നയിച്ചത്. തുടർന്ന് കോടതി വിവാഹമോചനം നൽകി. ജീവിക്കാൻ ഒരു മാർഗവുമില്ലാത്ത, കുഞ്ഞിനെ വളർത്തുവാൻ യാതൊരു നിവർത്തിയുമില്ലാത്ത അവസ്ഥയിലായിരുന്നു അവളപ്പോൾ. ഈ അവസ്ഥയിലാണ് എന്നെ വന്നു കണ്ടത്. അഡ്വക്കറ്റായ ഒരു പുരോഹിതനെ ഞാൻ ഈ കേസ് ഏൽപ്പിച്ചു. ഏതായാലും അവസാനം ഭർത്താവ് അവളുടെ പണവും സ്വർണവുമെല്ലാം തിരിച്ചുകൊടുത്തു. ഈ സ്വർണവും പണവും എന്റെ മുൻപിൽ നീട്ടിക്കൊണ്ട് സന്തോഷക്കണ്ണീരോടെ നിൽക്കുന്ന ആ പെൺകുട്ടിയുടെ മുഖം മറക്കാൻ കഴിഞ്ഞിട്ടില്ല. കാരണം അത്രമേൽ അവൾ തകർന്നിരുന്നു. ഇതുപോലെ അനേകം ഓർമ്മകളുണ്ട്.
നവീകരണ രംഗത്തെ എങ്ങനെയാണ് കാണുന്നത്
പരിശുദ്ധാരൂപിയിലുള്ള നവീകരണമുന്നേറ്റങ്ങൾ തിരുസഭയുടെ പഠനങ്ങളിൽ ആഴപ്പെടുകയും ക്രിസ്തുവിന്റെ മൗലിക ശരീരമായ സഭയോടുള്ള പരിപൂർണമായ കൂട്ടായ്മയിൽ വർത്തിക്കുകയും ചെയ്യുന്നതിന് ധാരാളം വെല്ലുവിളികൾ നേരിടുന്നുണ്ട് . കേരളത്തിൽ യുവജനപ്രസ്ഥാനങ്ങളായ കെ സി വൈ എമ്മും ജീസസ് യൂത്തും മറ്റ് യുവജനമുന്നേറ്റങ്ങളും സഭയുടെ വളർച്ചയിൽ ഒത്തിരി പ്രതീക്ഷ നൽകുന്നതാണ്. എങ്കിലും ജീവന്റെ സംരക്ഷണത്തിനും അതുവഴി പ്രൊലൈഫ് ആശയങ്ങൾ ജീവിതത്തിൽ നടപ്പിലാക്കിക്കൊണ്ട് നിത്യജീവന്റെ ഉറവിടമായ ക്രിസ്തുവിനെ സാക്ഷ്യപ്പെടുത്തുന്നതിനും നാം ബഹുദൂരം മുന്നിലേക്ക് പോകേണ്ടതുണ്ട്.
സമൂഹമാധ്യങ്ങൾ അതിരുവിട്ടുപോകുന്ന ഇക്കാലത്തെക്കുറിച്ചുള്ള അങ്ങയുടെകാഴ്ചപ്പാടെന്താണ്
ലോകത്തിന്റെ വീക്ഷണവും ഗതിയും െ്രെകസ്തവനെ പലപ്പോഴും അലോസരപ്പെടുത്താം. അവൻ ലോകത്തിന്റെ ചിന്താഗതികൾക്കു അതീതനാണ്. എന്നാൽ ലോകത്തിൽ തന്നെയാണുതാനും. അതിനാൽ ക്രിസ്തു വിശ്വാസി മാധ്യമങ്ങൾ ഉപയോഗിക്കുമ്പോഴും അതിലെ വാർത്തകൾ സ്വീകരിക്കുമ്പോഴും സത്യത്തിനും നീതിക്കും ധർമ്മത്തിനും മുൻഗണന നൽകണം. അതിരുവിട്ട മാധ്യമവിചാരണകൾ വിവേചിച്ചറിയാൻ കഴിയുന്ന ജനസാമാന്യത്തെ വാർത്തെടുക്കാൻ കഴിയണം. അർദ്ധസത്യങ്ങളും വിഭാഗീയതയും അസമാധാനവും സൃഷ്ടിക്കാനുതകുന്ന വിധത്തിൽ മാധ്യമങ്ങളെ ഉപയോഗിക്കുന്നവർ തീവ്രവാദികളേക്കാൾ ക്രൂരരും നീചരുമാണ്. അടിസ്ഥാന മാനുഷികമൂല്യങ്ങളെ കരുപ്പിടിപ്പിക്കാൻ മാതാപിതാക്കൾക്കും അധ്യാപകർക്കും നേതൃത്വം നൽകുന്നവർക്കും കഴിയാത്തതുകൊണ്ട് അവരെ ആശ്രയിക്കാൻ കഴിയില്ല എന്ന് തോന്നലാണ് പുതുതലമുറക്ക് ഉണ്ടായിട്ടുള്ളത്. അതിനാൽ ദൈവത്തിലാശ്രയിക്കാനും അവർക്ക് കഴിയുന്നില്ല. അടിസ്ഥാനപരമായി കുടുംബത്തിലും സമൂഹത്തിലും ക്രിസ്തുവിന്റെ സുവിശേഷാധിഷ്ഠിതമായ മാറ്റമുണ്ടായാൽ മാത്രമേ ഇതിന് മാറ്റമുണ്ടാകൂ.
ക്രിസ്തീയ വിശ്വാസത്തിനു വെല്ലുവിളികൾ ഉയരുന്ന ഇക്കാലത്തു വിശ്വാസവളർ ച്ചക്കായി സഭക്കെന്തു ചെയ്യുവാൻ കഴിയും
കത്തോലിക്കാ സഭ തുടക്കം മുതലെ വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. യോഹന്നാന്റെ സുവിശേഷം ആറാം അധ്യായം 67-ാംവാക്യത്തിൽ ഈശോ ശിഷ്യരോട് ചോദിക്കുന്ന ചോദ്യമുണ്ട്, നിങ്ങളും പോകാൻ ആഗ്രഹിക്കുന്നുവോ? ഇതിനു മറുപടിയായി പത്രോസ് പറയുന്ന ഉത്തരം വിശ്വാസത്തിന്റെ ആഴങ്ങളിൽ നിന്നുള്ളതാണ്. കർത്താവേ ഞങ്ങൾ ആരുടെ അടുത്തേക്ക് പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കലുണ്ട് .
കർത്താവിന്റെ ശരീരമാണ് സഭ. കത്തോലിക്കാ സഭയുടെ പുറത്തുനിന്നു ഒരാൾക്കും ജീവന്റെ വചനം ജീവസുറ്റതായി ലഭിക്കുകയില്ല. കുടുംബങ്ങളെ പരസ്പരവിശ്വാസത്തിലും അനുദിന ജപമാലപ്രാർത്ഥനയിലും നയിക്കുകയാണെങ്കിൽ പത്രോസാകുന്ന പാറമേൽ പണിയപ്പെട്ട സഭയെ കൊടുങ്കാറ്റിനും വെള്ളപ്പൊക്കത്തിനും ഒന്നും ചെയ്യാൻ കഴിയില്ല .
യുവതലമുറ ലഹരിക്കടിമപ്പെടുമ്പോൾ സഭയുടെ ഇടപെടൽ എങ്ങനെയാകും
യേശുവിനെ ജീവന്റെ ലഹരിയായി സ്വീകരിച്ചവന് ഒരിക്കലും ലഹരിയോട് താല്പര്യം വരില്ല. അതിനാൽ യേശുക്രിസ്തുവിനെ യുവജനങ്ങൾക്ക് പകർന്നുനൽകുവാൻ സഭയിലെ മാധ്യമങ്ങളും ഗുരുജനങ്ങളും അവരുടേതായ ധർമ്മങ്ങൾ നിർവഹിക്കണം. അതിനോടൊപ്പം വിശ്വാസവളർച്ചയുടെ ഭാഗമായി ജീവന്റെ മൂല്യങ്ങളിൽ അടിസ്ഥാനപ്പെട്ടുള്ള പ്രത്യേക പരിശീലന പദ്ധതികൾ യുവജനങ്ങൾക്കായി രൂപകല്പനചെയ്തു രൂപതയിൽ നടപ്പിൽ വരുത്തുവാനുള്ള സംവിധാനത്തിന് രൂപം നൽകും.
ലളിത ജീവിതത്തിന്റെ ഉടമയായ മുല്ലശേരി പിതാവിന് തെരുവുസമരങ്ങൾക്ക് നേതൃത്വം നൽകിയതിന്റെ പാരമ്പര്യമുണ്ട്. ജസ്റ്റീസ് വി ആർ കൃഷ്ണയ്യർ മുമ്പൊരിക്കൽ ഡോക്ടർമാർ നിർബന്ധിത ഭ്രൂണഹത്യ നടത്തണം, ദയാവധം അനുവദിക്കണം, സഭയുടെ സ്വത്തു സർക്കാരിന് കൈകാര്യം ചെയ്യാൻ ചർച്ചാക്റ്റ് ബിൽ കൊണ്ടുവരണം തുടങ്ങിയ നിയമനിർദ്ദേശങ്ങൾ നൽകിയപ്പോൾ എല്ലാ ഭക്തസമുദായ സംഘടനകളെയും കോർത്തിണക്കി ജീവൻ സംരക്ഷണ സമിതി രൂപീകരിച്ച് സമരങ്ങൾ നടത്തിയിരുന്നു. അങ്ങനെ കരട് ബില്ലുകൾ പുറത്തുവരാത്ത രീതിയിൽ സമരം വിജയിപ്പിച്ചതിനു നേതൃത്വം കൊടുത്തത് അന്നത്തെ പ്രൊ വികാരി ജനറൽ കൂടിയായിരുന്ന മോൺ .പോൾ ആന്റണി മുല്ലശ്ശേരി ആയിരുന്നു .
സഭ എന്നും പ്രൊലൈഫ് ആണ്. ജീവൻ നൽകുവാൻ വന്ന കർത്താവിനോട് അനുരൂപപ്പെടാനും ജീവനെ സംരക്ഷിക്കുവാനുമുള്ള വിളിയാണ് ഓരോ കത്തോലിക്കന്റെതും. ആയതിനാൽ ഇതിനായി പുതിയ പദ്ധതികൾ നടപ്പിലാക്കാനാണ് അദേഹത്തിന്റെ തീരുമാനം. അതൊടൊപ്പം .ഭ്രൂണഹത്യക്കും ദയാവധത്തിനുമെതിരെ പോരാട്ടം തുടരുവാനും ആഗ്രഹിക്കുന്നു. പ്രോലൈഫിനെ സംബന്ധിച്ചു ഒത്തിരി സ്വപ്‌നങ്ങളാണ് ഇ പ്രൊലൈഫ് പ്രവാചകനുള്ളത്.
ഏതായാലും മുൻപിതാക്കന്മാർ ചെയ്ത എല്ലാ നന്മപ്രവർത്തികളെയും ശക്തിപ്പെടുത്താനാണ് നിയുക്ത മെത്രാന്റെയും തീരുമാനം. ഒപ്പം തീരദേശ ജനതയുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും .
രൂപതയിലെ 80ശതമാനം പേരും മൽസ്യമേഖലയിൽ കടലിലോ, കായലിലോ ,പുഴയിലോ പണിയെടുക്കുന്നവരാണ്. ഒത്തിരിയേറെ കഷ്ടതകളിലൂടെ കടന്നുപോയതുകൊണ്ടാണ് ഈസമൂഹം പിന്നിലേക്ക് പോയത്.
വിശ്വാസത്തിലൂടെ പുരോഹിതരുടെയും സന്യസ്തരുടെയും സഹകരണത്തോടെ മത്സ്യത്തൊഴിലാളികളെ വളർത്തിയെടുത്ത് മുഖ്യധാരയിലേക്ക് കൊണ്ടുവരണം എന്നതാണ് പ്രധാന ലക്ഷ്യം.
”വിശ്വാസത്തിലുള്ള അഭിവൃദ്ധിയും സന്തോഷവും” എന്നത് ആപ്തവാക്യമായി സ്വീകരിച്ച നിയുക്ത മെത്രാൻ വിശ്വാസവളർച്ചക്ക് തന്നെയാണ് സദാ മുൻതൂക്കം നൽകുന്നത്.
ജോർജ് എഫ്. സേവ്യർ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?