Follow Us On

28

March

2024

Thursday

കുരിശുകളെ ഏറ്റെടുക്കാൻ ശക്തി നൽകുന്നതാണ് ആത്മീയത

കുരിശുകളെ ഏറ്റെടുക്കാൻ ശക്തി നൽകുന്നതാണ് ആത്മീയത

ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ തോമസ് തറയിലുമായി പ്രത്യേക അഭിമുഖം.
‘ആത്മീയത ഏറ്റമധികം തെറ്റിദ്ധരിക്കപ്പെടുന്ന കാലമാണിതെന്ന്’ ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ മാർ തോമസ് തറയിൽ.
സൺഡേശാലോമിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
”എല്ലാ സഹനങ്ങളെയും ഒഴിവാക്കുന്ന അത്ഭുതമാണ് ആത്മീയയെന്നത് സമഗ്ര ദർശനമല്ല. അത്ഭുതങ്ങളുടെ ആത്മീയതയും കുരിശിന്റെ ആത്മീയതയും ഉണ്ട്. കുരിശ് തകർച്ച ഒഴിവാക്കപ്പെടുന്ന അവസ്ഥയല്ല, തകർച്ച ഏറ്റെടുക്കലാണ്. കുരിശുകളെ ഏറ്റെടുക്കാൻ ശക്തിനൽകുന്നതാണ് ആത്മീയത. ആശ്വസിപ്പിക്കുന്ന ആത്മീയതക്കാണ് ഇന്ന് പ്രാധാന്യം. അതുകൊണ്ടുതന്നെ വൈകാരിക മൂർത്തഭാവമാണ് ആത്മീയത എന്ന് തെറ്റിദ്ധരിപ്പിക്കപ്പെടുന്നു. അനുദിന കുരിശ് വഹിക്കാനുള്ള ശക്തി യഥാർത്ഥത്തിൽ പരിശുദ്ധ കുർബാനയിൽ നിന്നാണ് ലഭിക്കുന്നതെന്ന് അദേഹം പറഞ്ഞു.
?ദൈവപരിപാലനയിലുള്ള ഉറപ്പാണോ സന്തോഷത്തോടെയിരിക്കുവാൻ അങ്ങയെ സഹായിക്കുന്നത്
എനിക്കു സങ്കടങ്ങളും ഇച്ഛാഭംഗങ്ങളുമൊക്കെയുണ്ട്. എങ്കിലും സംതൃപ്തിയോടെ ജീവിക്കാനാണ് പരിശ്രമിക്കുന്നത്. ആത്മീയത നമ്മെ ഏറ്റവും കൂടുതൽ സഹായിക്കേണ്ടത് അലറിവിളിക്കുന്ന കടലിനു നടുവിൽ സ്വസ്ഥമായിരിക്കാനാണ്. ഞാൻ പ്രാർത്ഥിക്കുന്നു, എന്നാൽ മനസ് അസ്വസ്ഥമാവുകയും ചെയ്യുന്നു. ഇത് പരസ്പരം ചേർന്നുപോകുന്നതല്ലല്ലോ. വിശ്വാസത്തിൽ ആഴപ്പെടുന്തോറും ദൈവപരിപാലനയിൽ വിശ്വസിക്കുന്തോറും മനസ് സ്വസ്ഥവും ശാന്തവുമാകണം. അപ്രകാരം ആയിരിക്കാൻ പരിശ്രമിക്കുന്നു എന്നു മാത്രം.
? ഒരു വൈദീകൻ എപ്രകാരമായിരിക്കണമെന്നാണ് അങ്ങയുടെ അഭിപ്രായം?
വൈദീകരുടെ ജീവിതം നമ്മെ വിസ്മയിപ്പിക്കുന്നതാണ്. എത്ര വലിയ സമർപ്പണമാണ് അവരുടേത്. വൈദികജീവിതത്തിലെ വെല്ലുവിളികളും വാർധക്യത്തിലെ ശൂന്യതയും അറിഞ്ഞിട്ടും എത്രയോ യുവാക്കളാണ് ദൈവവിളി സ്വീകരിക്കുന്നത.് പൗരോഹിത്യത്തിന്റെ ഔന്നത്യമാണ് ഇതു പ്രകടിപ്പിക്കുക. എളിമയിലൂടെ ജനത്തെ ദൈവത്തിലേക്ക് അടുപ്പിക്കുന്ന വൈദികൻ സമർപ്പണത്തിലൂടെ ദൈവീക വരപ്രസാദം ജനങ്ങൾക്ക് സംലഭ്യമാക്കുന്നു. കുറവുകളിലും പരിമിതികളിലും നിന്നുകൊണ്ട് വിശ്വസ്തതയോടെ വളരെ അനുപമമായ ശുശ്രൂഷയാണ് വൈദീകൻ നിർവ്വഹിക്കുന്നത്.
? കുടുംബബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാകുന്ന ഇക്കാലത്ത് യുവജനങ്ങളോട് എന്ത് പറയാനുണ്ട്
നമ്മുടെ യുവജനങ്ങളിൽ ചിലരെങ്കിലും ജീവിതത്തിലെ സന്തോഷത്തിനും സംതൃപ്തിക്കും എന്നതിനെക്കാൾ സുഖത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. വലിയ വീടും കാറും ശമ്പളവും വേണം. അതുകൊണ്ടു കേരളം മതിയാവാതെവരുന്നു. യുവാക്കളായ ദമ്പതികൾ കുഞ്ഞുങ്ങളെ നാട്ടിൽ ആക്കിയിട്ട് വിദേശത്തു ജോലിക്കുപോകുന്നത് കുട്ടികളോടുള്ള കരുതലില്ലായ്മയാണ്. കുഞ്ഞുങ്ങളുടെ മാനസികപ്രശ്‌നങ്ങൾ ആരും പരിഗണിക്കുന്നില്ല. കുടുംബത്തിൽ സന്തോഷം കണ്ടെത്താതെ ലൗകിക സന്തോഷങ്ങൾ പുറത്തു തേടുന്നു. മദ്യത്തിന്റെ ഉപഭോഗം വർദ്ധിക്കുന്നതിന് കാരണം കുടുംബജീവിതത്തിലെ സംതൃപ്തിക്കുറവാണ്. കാഴ്ചപ്പാടുകൾ മാറണം. സുവിശേഷത്തിന്റെ ആനന്ദത്തിൽ പാപ്പ ചോദിക്കുന്നു, ”ക്രിസ്ത്യാനിയായിരിക്കേ സങ്കടപ്പെട്ടു ജീവിക്കാൻ നിനക്കെങ്ങനെ സാധിക്കും?” സന്തോഷമായിരിക്കുവാനുള്ള വ്യത്യസ്തമായ വഴിയാണ് ക്രൈസ്തവജീവിതം. ഉറപ്പുള്ള വിശ്വാസത്തിൽ വളർന്ന മാതാപിതാക്കളുടെ മക്കൾ പിതാക്കന്മാരുടെ ദൈവത്തെ ഉപേക്ഷിക്കുകയില്ല.
? ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ വാക്കുകളിൽ പാപബോധമില്ലായ്മ ഇന്നിന്റെ പാപമാണല്ലേ! അനുതാപത്തോടെയുള്ള കുമ്പസാരം കുറയുന്നുവോ?
കുമ്പസാരത്തിൽ ഇപ്പോൾ സംഭവിക്കുന്നത്, മാർപാപ്പയുടെ വാക്കുകൾ ഉദ്ധരിച്ച് പറഞ്ഞാൽ തോർത്ത് അലക്കിയിടുന്ന അനുഭവമാണ്: അലക്കിയിടുന്നു, അഴുക്കുപറ്റുന്നു, വീണ്ടും അലക്കുന്നു. കുമ്പസാരങ്ങൾ ആവർത്തിക്കുന്നതിലുപരി ദൈവാനുഭവത്തിന്റെ തലത്തിലേക്കു വരുന്നില്ല. കുമ്പസാരം കരുണയിലേക്കും സ്‌നേഹത്തിലേയ്ക്കും നയിക്കുന്നതാകണമെന്നാണ് ഫ്രാൻസിസ് മാർ പാപ്പ ഓർമിപ്പിക്കുന്നത്. ഫുൾട്ടൻ ജെ. ഷീനിന്റെ വാക്കുകളിൽ ”അവനവന്റെ കുറവുകളിലേക്കു നോക്കിയിരിക്കുന്നതു കുറ്റബോധം. ദൈവത്തിന്റെ കരുണയിലേക്കു നോക്കുന്നത് പാപബോധവും.” കുറ്റബോധം വീണ്ടും പാപത്തിലേക്കു നയിക്കുന്നു. പാപത്തിന്റെ ചങ്ങല നമ്മളെ കുരുക്കിയിടുന്നു. ഇതു അപകർഷകത ഉളവാക്കും. പാപബോധം ദൈവപുത്രസ്ഥാനത്തേക്ക് വളർത്തി എന്റെ കുറവുകൾ പരിഗണിക്കാതെ സ്‌നേഹിക്കുന്ന പിതാവിനെ ദർശിക്കുവാനും പിതാവിന്റെ കരുണയിൽ ആഴപ്പെടുവാനും സഹായിക്കും.
?അങ്ങയുടെ ആപ്തവാക്യം എന്താണ്
ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്നത് ‘നിനക്ക് എന്റെ കൃപ മതി’ (2 കോറിന്തോസ് 12 :9) എന്ന തിരുവചനഭാഗമാണ്. വിശുദ്ധ പൗലോസ് തന്റെ ബലഹീനത ഏറ്റുപറയുമ്പോഴാണ് ദൈവം ഇതു പറയുന്നത്. നാം എല്ലാം കുറവുള്ളവരാണ്. എന്നാൽ ദൈവകൃപ അതിലൂം ഉപരിയാണ്. ഞാൻ പ്രതീക്ഷിച്ചതുപോലെ, ആഗ്രഹിച്ചതുപോലെ പലതും ചെയ്തിരുന്നുവെങ്കിൽ ജീവിതത്തിലെ പല സന്തോഷങ്ങളും ലഭിക്കില്ലായിരുന്നു എന്നുവിശ്വസിക്കുന്നു. ധാരാളം ദൈവകൃപ നേരിൽ കാണാൻ സാധിച്ചു. ദൈവഹിതം അധികാരികളിലൂടെ വെളിപ്പെടുമ്പോൾ നാം അതിനോടു സഹകരിച്ചാൽ ദൈവകൃപ നമ്മെ തേടിവരും. അതു നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. നമ്മുടെ ബലഹീനതയിൽ ദൈവം കരുണയായിരിക്കുന്നതുപോലെ സഹോദരന്റെ ബലഹീനതയിൽ കരുണയായിരിക്കുവാൻ നമുക്കു സാധിക്കണം.
?ചങ്ങനാശേരി അതിരൂപതയുടെ ഹോം മിഷനായ തെക്കൻ മേഖലയുടെ പ്രത്യേക ചുമതല അങ്ങേക്കുണ്ടല്ലോ. ഊന്നൽ നൽകുന്നത് എന്തിനായിരിക്കും?
അതിരൂപതാധ്യക്ഷനെ സഹായിക്കുക എന്നതാണ് എന്റെ പ്രധാന ദൗത്യം. എല്ലാവിഭാഗങ്ങൾക്കും കരുതലും ആശ്വാസവും പകരണം എന്നതാണ് എന്നോട് പിതാവ് നിർദേശിച്ചിരിക്കുന്നത്. നാടാർ സഹോദരന്മാർ പ്രത്യേകശ്രദ്ധ അർഹിക്കുന്നുണ്ട്. ആ വിഭാഗത്തിനെന്നപോലെ അമ്പൂരി, ആര്യങ്കാവ് പ്രദേശങ്ങൾ കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ പ്രശ്‌നങ്ങൾ നേരിടുന്ന സ്ഥലങ്ങളാണ്. ഇവിടെയൊക്കെ സഭയുടെ ശ്രദ്ധ പതിയേണ്ടതുണ്ട്.
? മാർത്തോമ്മാ നസ്രാണികൾക്കായി രണ്ടു വികാരിയാത്തുകൾ സ്ഥാപിതമായിട്ട് 130 വർഷങ്ങൾ പിന്നിടുന്നു. ഇപ്പോൾ വിദേശത്ത് മൂന്ന് രൂപതകൾ ഉൾപ്പടെ 32 രൂപതകൾ. യൂറോപ്പിൽ അപ്പസ്‌തോലിക് വിസിറ്റർ, മേജർ ആർക്കി എപ്പിസ്‌ക്കോപ്പൽ സംവിധാനം. സഭാപിതാക്കന്മാരുടെ സ്വപ്‌നങ്ങൾ സാധിതമായോ?
തോമാശ്ലീഹായുടെ ശ്ലൈഹികപാരമ്പര്യം പേറുന്ന രണ്ടായിരം വർഷത്തെ വിശ്വാസപൈതൃകം സ്വന്തമായ സീറോ മലബാർ സഭയുടെ ആധുനിക ചരിത്രം ആരംഭിക്കുന്നത് 1887 ൽ രണ്ടു വികാരിയാത്തുകളുടെ സ്ഥാപനത്തോടുകൂടിയാണ്. സീറോമലബാർസഭ ഒരു മേജർ ആർക്കി എപ്പിസ്‌കോപ്പൽ സഭയായി രൂപീകൃതമായിട്ട് കാൽ നൂറ്റാണ്ടുമായി. മേജർ ആർക്കി എപ്പിസ്‌കോപ്പൽ സംവിധാനമായതോടെ വ്യക്തിസഭകളുടെ ദൗത്യത്തെക്കുറിച്ചുള്ള അവബോധം വർദ്ധിച്ചു. പ്രവാസികളുടെ അജപാലനത്തിൽ വ്യത്യാസം ഉണ്ടായി. ഇതോടൊപ്പം ഐക്യചിന്തയും സ്വത്വബോധവും സഭയുടെ വ്യക്തിത്വത്തെക്കുറിച്ചുള്ള അവബോധവും വർദ്ധിപ്പിച്ച് സഭ ഒരു മിഷനറി കൂട്ടായ്മ എന്നനിലയിൽ മുന്നേറാനുള്ള ശ്രമങ്ങൾ ഉണ്ടാവണം. അജപാലനത്തിനുള്ള കാനോനിക അധികാരം എന്നതിലുപരി ജനത്തിന്റെ വിശ്വാസവും സംസ്‌കാരവും വ്യക്തിസഭകളുടെ തനിമയും സംരക്ഷിക്കുവാനുള്ള അവകാശമാണ് വേണ്ടത്. രാജ്യത്തും വിദേശത്തും ധാരാളം മക്കൾ നമ്മുടെ അജപാലനശ്രദ്ധ അർഹിക്കുന്നുണ്ട്. ആരാധനസൗകര്യം ലഭ്യമല്ലാത്തതിനാൽ വളരെപേരെ നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. മേജർ ആർച്ച് ബിഷപ്പും പിതാക്കന്മാരും ഇതിലേക്കായി നടത്തുന്ന ശ്രമങ്ങൾ കുറെയൊക്കെ ഫലമണിയുന്നുമുണ്ട്.
നിയുക്ത സഹായ മെത്രാൻ തോമസ് തറയിൽ ചങ്ങനാശേരി കത്തീഡ്രൽ ഇടവകാംഗമാണ്. തറയിൽ ജോസഫിന്റെയും മറിയാമ്മയുടെയും ഏഴു മക്കളിൽ ഇളയവനായ ടോമി 1989-ൽ മൈനർ സെമിനാരിയിൽ ചേർന്നു. വടവാതൂർ സെന്റ് തോമസ് അപ്പസ്‌തോലിക സെമിനാരിയിൽ പഠനം. 2000 ജനുവരി ഒന്നിന് മാർ ജോസഫ് പവ്വത്തിൽ മെത്രാപ്പോലീത്തായുടെ കൈവയ്പുവഴി പുരോഹിതനായി. എടത്വാ, അതിരമ്പുഴ, നെടുങ്കുന്നം പള്ളികളിൽ അസിസ്റ്റന്റ് വികാരി, താഴത്തുവടകര വികാർ അഡ്മിനിസ്‌ട്രേറ്റർ എന്നീ ചുമതല വഹിച്ചു. 2004-ൽ ഉപരിപഠനത്തിന് റോമിലേക്ക്. റോമിലെ ഗ്രിഗോറിയൻ സർവ്വകലാശാലയിൽനിന്നും ഡെപ്ത് സൈക്കോളജിയിൽ ഡോക്ടറേറ്റ്. 2011 മുതൽ ആലപ്പുഴ പുന്നപ്ര ദനഹാലയ ഡയറക്ടർ. പ്രശസ്ത ധ്യാനഗുരുവും മനഃശാസ്ത്രജ്ഞനുമായ നിയുക്ത സഹായമെത്രാൻ വിവിധ മേജർ സെമിനാരികളിൽ പ്രഫസറാണ്. ഇംഗ്ലീഷ്, ജർമ്മൻ, സ്പാനീഷ്, ഇറ്റാലിയൻ ഭാഷകളിൽ പ്രാവീണ്യമുണ്ട്. ബിയോണ്ട് സെക്യുർ അറ്റാച്ച്‌മെന്റ്. അറ്റാച്ച്‌മെന്റ് ഇന്റിമസി ആൻഡ് സെലിബസി, ഫോർമേഷൻ ആൻഡ് സൈക്കോളജി തുടങ്ങിയവയാണ് പ്രധാന രചനകൾ. മെത്രാഭിഷേകം നിയുക്ത സഹായ മെത്രാന്റെ സ്വർഗീയ മദ്ധ്യസ്ഥനായ തോമാശ്ലീഹായെ അനുസ്മരിക്കുന്ന പുതു ഞായറാഴ്ച (ഏപ്രിൽ 23) ന് നടത്തും.
ചങ്ങനാശേരി അതിരൂപത തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു. 16 ഫൊറോനാകളിലായി 312 ഇടവകകൾ. 461 രൂപതാ വൈദീകർ, 395 സന്യാസ വൈദീകർ, 2750 സന്യാസിനികൾ, നാലര ലക്ഷം വിശ്വാസികൾ. വിശുദ്ധ അൽഫോൻസാ, വിശുദ്ധ ചാവറ കുറിയാക്കോസ്, ധന്യൻ തോമസ് കുര്യാളശേരി, ദൈവദാസൻ മാർ മാത്യു കാവുകാട്ട്, സീറോ മലബാർ സഭയിലെ പ്രഥമ അൽമായ ദൈവദാസൻ പുത്തൻപറമ്പിൽ തൊമ്മച്ചൻ എന്നീ വിശുദ്ധ പുഷ്പങ്ങൾ ഈ ആരാമത്തിൽ വിരിഞ്ഞതാണ്.
ജോസഫ് ജോർജ് കണ്ടത്തിൽപറമ്പിൽ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?