Follow Us On

28

March

2024

Thursday

കുരുക്കഴിക്കുന്ന മാതാവിന്റെ അനുഗ്രഹങ്ങള്‍

കുരുക്കഴിക്കുന്ന മാതാവിന്റെ  അനുഗ്രഹങ്ങള്‍

മരിയോളജിയും ക്രിസ്റ്റോളജിയും ഒന്നും അറിഞ്ഞുകൂടാത്ത ഒരു പ്രായത്തില്‍ പരിശുദ്ധ അമ്മ എന്റെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം അരുളിയത് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയം ചാച്ചന്‍ ബിസിനസ് സംബന്ധമായി ആലപ്പുഴയിലാണ്. പിറ്റേ ദിവസം രാത്രിയിലെ വരൂ. സ്‌കൂള്‍ വിട്ട് ഞങ്ങള്‍ വരുമ്പോള്‍ അമ്മച്ചി നല്ല പനിയായി കിടക്കുകയാണ്. ഞാനാണ് മൂത്തമകള്‍. താഴെയുള്ളവര്‍ കളിചിരി പ്രായക്കാര്‍. അമ്മച്ചിയുടെ പനി അത്ര ഗൗരവമായി അവര്‍ക്ക് തോന്നിയില്ല. പനി എങ്ങനെയുണ്ടെന്ന് ചോദിക്കുമ്പോള്‍ സാരമില്ല മാറിക്കോളും എന്ന ആശ്വാസവാക്കുകള്‍.
രാത്രി എട്ടുമണി ആയപ്പോള്‍ അമ്മച്ചി പറയുന്നു എനിക്ക് തല പൊങ്ങുന്നില്ല. ചാച്ചന്‍ ഇവിടില്ലാതെ പോയല്ലോ. അന്ന് ഫോണില്ല, വാഹനമില്ല, വിവരമറിയിക്കാന്‍ വഴിയില്ല. രാത്രിയില്‍ തറവാട്ടില്‍ വരെ പോകാന്‍ ഭയം. ഞങ്ങള്‍ മക്കള്‍ മൂന്നുപേരുംകൂടി ആലോചിച്ച് തീരുമാനിച്ചു. മാതാവിനോട് കൊന്തചൊല്ലി പ്രാര്‍ത്ഥിക്കാം. അങ്ങനെ പ്രാര്‍ത്ഥനയാരംഭിച്ചു. മുഴുവന്‍നേരവും മുട്ടുകുത്തി ഇടയ്ക്ക് കൈവിരിച്ചുപിടിച്ചുനിന്നു കൊന്ത പൂര്‍ത്തിയാക്കി. ലുത്തിനിയയുടെ സമയമെത്തിയപ്പോള്‍ ഞാന്‍ എഴുന്നേറ്റു. മാതാവെന്നെ എഴുന്നേല്‍പിച്ചുവിട്ടതുപോലെ. അടുക്കളയില്‍ ചെന്ന് കുറച്ച് കടുക് എടുത്ത് അരച്ചു പേസ്റ്റാക്കി. അരച്ചെടുത്ത പേസ്റ്റ് കൊണ്ടുവന്ന് ഇത്തിരി വെളളം ചേര്‍ത്ത് നെറ്റിയില്‍ പൂശി. വീണ്ടും ബാക്കി പ്രാര്‍ത്ഥനയ്ക്കിരുന്നു. ഞങ്ങള്‍ മാതാവിന്റെ പാട്ട് പാടി. എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ധാരധാരയായി ഒഴുകി. സ്തുതി കൊടുക്കുവാനായി അമ്മച്ചിയുടെ അടുത്ത് കരഞ്ഞുകൊണ്ട് ചെന്നപ്പോള്‍ ആ മുഖത്തിന് ഒരുമാറ്റം. മക്കളെ എന്റെ തലവേദന മാറി എന്ന് അമ്മച്ചി. തൊട്ട് നോക്കിയപ്പോള്‍ പനി ഇല്ല. ‘എന്റെ പൊന്നു മക്കളെ നിങ്ങളുടെ പ്രാര്‍ത്ഥന മാതാവ് കേട്ടു.’ അമ്മച്ചി മെല്ലെ എഴുന്നേറ്റു മുഖം കഴുകി ഉത്സാഹത്തോടെ അത്താഴം വിളമ്പി ഞങ്ങള്‍ക്കു തന്നു. മാതാവ് എനിക്ക് ആദ്യം ചെയ്ത അത്ഭുതമായി ഞാന്‍ ഈ സംഭവത്തെ കാണുന്നു. അന്ന് ഞാന്‍ ചൊല്ലിയ ജപമാല പോലെ ഒന്ന് അതിന് മുമ്പോ അതിനു ശേഷമോ ചൊല്ലിയിട്ടില്ല. അത്രമേല്‍ നെടുവീര്‍പ്പോടും വിശ്വാസത്തോടും മാതാവിനെ കണ്ടുകൊണ്ടും സുഖപ്പെടുത്തണമേ എന്ന നിയോഗത്തോടും കൂടി ജപിക്കുവാന്‍ ആരാണ് എന്നെ നിയോഗിച്ചത്. പരി.അമ്മ തന്നെ. അന്നാദ്യമായിട്ടായിരിക്കാം പരിശുദ്ധ അമ്മ ഞങ്ങളുടെ വീട് സന്ദര്‍ശിച്ചത്.
2014 സെപ്റ്റംബര്‍ മാസത്തില്‍ എനിക്കൊരു യാത്ര പോകേണ്ടിയിരുന്നു. രാവിലെ തന്നെ പുറപ്പെടണം. തലേദിവസം കോണ്‍വെന്റ് ജംഗ്ഷനിലുള്ള കടക്കാരനോട് രാവിലെ വണ്ടിയുണ്ടോ എന്ന് തിരക്കി. പരിചയക്കാരനായ അദ്ദേഹം പറഞ്ഞു, കൃത്യം ആറുമണിക്ക് ടൗണിലേക്ക് ഒരു ഓട്ടോ പാലുമായി പോകുന്നുണ്ട് അതില്‍ പോയാല്‍ മതി. വണ്ടി ഉടനെ ഇല്ല. ആറു മണിക്ക് മുമ്പേ ഞാന്‍ വെയിറ്റിംഗ് ഷെഡില്‍ ചെന്നു നിന്നു. ആറുമണി ആയപ്പോള്‍ ഒരു ഓട്ടോ വന്നു. ടൗണിലേക്ക് എന്നു വിളിച്ചു പറഞ്ഞു. നേരം പരപരാ വെളുത്തതേ ഉള്ളൂ. സ്ട്രീറ്റ് ലൈറ്റും ഇല്ല. ഞാന്‍ അകത്തു കയറി. നോക്കുമ്പോള്‍ ഡ്രൈവറിന്റെ അടുത്ത് ഒരു സ്ത്രീ. താഴത്തെ സീറ്റ് കാലി. പാലുമില്ല കുപ്പിയുമില്ല. എനിക്ക് എന്തോ പന്തികേട് തോന്നി.
ഒരു നൂറു വാര ദൂരമെത്തിയപ്പോള്‍ ഡ്രൈവര്‍ തിരിഞ്ഞു ചോദ്യം തുടങ്ങി. മാത്രവുമല്ല അയാള്‍ വണ്ടിയുടെ സ്പീഡും കൂട്ടിക്കൊണ്ടിരുന്നു.
ഭയംകൊണ്ട് ഞാന്‍ വിറച്ചു. ഒരു കുരുക്കിലാണ് പെട്ടിരിക്കുന്നതെന്ന് ഉറപ്പായി. രക്ഷപെടാന്‍ ഒരു പഴുതും ഇല്ലെന്ന ഘട്ടമെത്തിയപ്പോള്‍ ഞാന്‍ ഉറക്കെ വിളിച്ചു. അമ്മേ എന്നെ രക്ഷിക്കണേ. കുരുക്കഴിക്കുന്ന മാതാവേ ഈ വണ്ടി ബ്രേക്ക് ഡൗണാക്കണേ ഇങ്ങനെ ആവര്‍ത്തിച്ചു. പെട്ടെന്ന് വണ്ടി വഴിയിലുള്ള മാതാവിന്റെ ഗ്രോട്ടോയുടെ മുമ്പില്‍ സ്റ്റക്കായി. ഞാന്‍ വണ്ടിയില്‍ നിന്ന് ചാടി ഇറങ്ങുമ്പോള്‍ അമ്മയുടെ തൂവെള്ള അങ്കി എന്നെ വീശിയതുപോലെ. ആ അനുഭൂതിയില്‍ ഞാന്‍ ലയിച്ചുപോയി. ദൂരെ നിന്നും ഒരു ടോര്‍ച്ച് വെളിച്ചം. വണ്ടിയിലിരുന്ന സ്ത്രീയും പുരുഷനും എവിടെയോ മറഞ്ഞു. എതിരെ വന്നത് പത്രക്കാരനായിരുന്നു. അടുത്ത വണ്ടി വരുന്നതുവരെ അദ്ദേഹം എനിക്ക് കൂട്ടായി നിന്നു. ഇതുപോലെ എത്രയോ അനുഭവങ്ങള്‍. അതെ, അപേക്ഷിച്ചവരെ അമ്മ ഒരുനാളും ഉപേക്ഷിക്കില്ല.

സിസ്റ്റര്‍ മേരി ജയിന്‍ എസ്.ഡി

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?