Follow Us On

29

March

2024

Friday

കുറച്ചുകൂടി വിശ്വാസം ഉണ്ടായിരുന്നെങ്കിൽ…

കുറച്ചുകൂടി വിശ്വാസം  ഉണ്ടായിരുന്നെങ്കിൽ…

യേശു അന്ധന് കാഴ്ച നൽകുന്ന സംഭവമാണ് ലൂക്കാ 18:35-43-ൽ വിവരിച്ചിരിക്കുന്നത്. യേശു യാത്രയ്ക്കിടയിൽ ജറീക്കോയെ സമീപിക്കാറായ സമയം. യേശുവിനോടൊപ്പം ധാരാളം ജനങ്ങളും സഞ്ചരിക്കുന്നുണ്ട്. അവർ സംസാരിച്ചും ബഹളം വച്ചുമൊക്കെയാണ് യേശുവിനോടൊപ്പം യാത്ര ചെയ്യുന്നത്. ഈ ബഹളം അവിടെ വഴിയരികിലിരുന്ന അന്ധയാചകൻ കേട്ടു. എന്താണ് സംഭവിക്കുന്ന എന്ന് അദ്ദേഹം മറ്റുള്ളവരോട് അന്വേഷിച്ചു. അവർ പറഞ്ഞു: നസറായനായ യേശു കടന്നുപോകുന്നു. ഉടൻ ആ മനുഷ്യൻ വിളിച്ചുപറഞ്ഞു: ”ദാവീദിന്റെ പുത്രനായ യേശുവേ, എന്നിൽ കനിയണമേ.” ഈ ഒറ്റ വാചകത്തിൽനിന്നും ഈ അന്ധനായ മനുഷ്യനെപ്പറ്റി ചില അറിവുകൾ നമുക്ക് ലഭിക്കുന്നു. അത്യാവശ്യം രക്ഷാകരചരിത്രവും ദൈവശാസ്ത്രവും ഈ മനുഷ്യന് അറിയാം. ദൈവത്തിന്റെ ശക്തിയെപ്പറ്റി അറിയാം. യേശു ദാവീദിന്റെ പരമ്പരയിലാണ് ജനിച്ചതെന്ന് അറിയാം. ദൈവപുത്രനായ യേശു അത്ഭുതങ്ങൾ ചെയ്യുന്നുണ്ട് എന്നറിയാം. കരുണാമയനായ യേശു മനുഷ്യന്റെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കുന്നുണ്ട് എന്നറിയാം. ഒരുപക്ഷേ, കാഴ്ചയുള്ള, ജീവിക്കുവാൻ ചുറ്റുപാടുള്ള അനേകം യഹൂദർക്ക് അറിയില്ലാതിരുന്ന കാര്യങ്ങൾ ഈ അന്ധയാചകന് അറിയാം. യേശുവിന്റെ കൂടെ അപ്പോൾ നടക്കുകയായിരുന്ന ധാരാളം പേർക്ക് അറിയില്ലാതിരുന്ന ദൈവശാസ്ത്രം ഈ മനുഷ്യന് അറിയാം. അതുകൊണ്ടാണ് ”ദാവീദിന്റെ പുത്രനായ യേശുവേ, എന്നിൽ കനിയണമേ” എന്ന് അദ്ദേഹം വിളിച്ചപേക്ഷിച്ചത്. ആ ശബ്ദം, യേശു കേട്ടു. യേശു അവിടെ നിന്നു. ആ മനുഷ്യനെ അടുത്തേക്ക് വിളിച്ചുചോദിച്ചു. ”ഞാൻ നിനക്കുവേണ്ടി എന്ത് ചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്?” ”കാഴ്ച കിട്ടണം.” എന്ന ആഗ്രഹം അദ്ദേഹം യേശുവിന്റെ മുമ്പിൽ പറഞ്ഞു. നിനക്ക് കാഴ്ചയുണ്ടാകട്ടെ. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നുവെന്ന് യേശു പ്രതിവചിച്ചു. തൽക്ഷണം അദ്ദേഹത്തിന് കാഴ്ച കിട്ടി. ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് യേശുവിന്റെ പിന്നാലെ അദേഹം പോയി.
ഈ സംഭവം നമ്മോട് എന്താണ് പറയുന്നത്? ആ അന്ധയാചകന് അറിയാമായിരുന്നിടത്തോളം ദൈവശാസ്ത്രം എല്ലാ ക്രൈസ്തവർക്കും ഉണ്ടോ? ആ അന്ധയാചകന് ഉണ്ടായിരുന്നിടത്തോളം യേശുവിനെപ്പറ്റിയുള്ള തിരിച്ചറിവ്, യേശു കനിഞ്ഞാൽ തനിക്ക് കാഴ്ച കിട്ടുമെന്ന് ആ മനുഷ്യന് ഉണ്ടായിരുന്നതുപോലുള്ള ബോധ്യം, നമ്മുടെ ജീവിതപ്രശ്‌നങ്ങളെപ്പറ്റി നമ്മളിൽ എത്രപേർക്ക് ഉണ്ട്? ആൾക്കൂട്ടം എന്ത് വിചാരിക്കും എന്നൊന്നും ആലോചിച്ച് അസ്വസ്ഥനാകാതെ, ഉച്ചത്തിൽ യേശുവിനെ വിളിച്ച ആ മനുഷ്യനെപ്പോലെ, മറ്റു മനുഷ്യരുടെ കൂടെ നിന്നോ അവർ കാണും എന്ന ശങ്ക ഇല്ലാതെയോ യേശുവിനെ വിളിച്ച് പ്രാർത്ഥിക്കുവാൻമാത്രം ആത്മീയബോധ്യം നമ്മളിൽ എത്രപേർക്ക് ഉണ്ട്? ഒരുപക്ഷേ, ഈ അന്ധയാചകൻ നമ്മളിൽ വളരെയധികം പേരെക്കാൾ ഇക്കാര്യങ്ങളിൽ മികച്ചവനാണ്.
നമ്മൾ എല്ലാവരുംതന്നെ പലവിധ പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉള്ളവരാണ്. രോഗങ്ങൾ, ആന്തരികമുറിവുകൾ, സാമ്പത്തികപ്രശ്‌നങ്ങൾ, കുടുംബപ്രശ്‌നങ്ങൾ, ജോലിസ്ഥലത്തെ പ്രശ്‌നങ്ങൾ, തൊഴിൽ കിട്ടാത്ത പ്രശ്‌നങ്ങൾ അങ്ങനെ പലതും. ഇത്തരം പ്രശ്‌നങ്ങളുള്ള വിശ്വാസികൾ പലവിധത്തിലാണ് പ്രതികരിക്കുന്നത്. ചിലർ കൂടുതലായി ദൈവത്തെ ആശ്രയിച്ച് പ്രാർത്ഥിക്കുന്നു. അതുവഴി അവരിൽ ഒരുപാട് പേരുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുന്നു. ദൈവത്തെ ആശ്രയിച്ചിട്ടും പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാതെ ജീവിക്കുന്നവർ കൂടുതൽ ശക്തി സ്വീകരിച്ച് ആ പ്രശ്‌നങ്ങളെ അതിജീവിച്ച് ഒരുവിധം മനഃസമാധാനത്തോടെ ജീവിക്കുന്നു. പ്രാർത്ഥനാകൂട്ടായ്മകൾ, ധ്യാനങ്ങൾ, കൺവൻഷനുകൾ എന്നിവയിൽ പങ്കെടുത്ത്, പ്രശ്‌നങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കുന്ന ആയിരക്കണക്കിനാളുകൾ ഓരോ ആഴ്ചയും കേരളത്തിൽ തങ്ങളുടെ കുറെ പ്രശ്‌നങ്ങൾക്കെങ്കിലും പരിഹാരം കണ്ടെത്തുന്നുണ്ട്. ഇത്തരം ആത്മീയ ശുശ്രൂഷകളിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന എത്രയോ പേർക്ക് എല്ലാ ആഴ്ചയും രോഗശാന്തി ലഭിക്കുന്നു. എത്രയോ പേർക്ക് ആന്തരികസൗഖ്യം ലഭിക്കുന്നു. എത്രയോ പേരുടെ ജീവിതത്തിൽനിന്നും കുടുംബത്തിൽനിന്നും പൈശാചിക പീഡകൾ വിട്ടുപോകുന്നു. എത്രയോ പേർ വിശ്വാസത്തിലും ആത്മീയതയിലും വളരുന്നു. എത്രയോ പേർ ദുഃശീലങ്ങൾ ഉപേക്ഷിക്കുന്നു. അതെ, അങ്ങനെ ധാരാളം വൈവിധ്യമാർന്ന നന്മകൾ, പ്രശ്‌നപരിഹാരങ്ങൾ ഉണ്ടാകുന്നു.
എന്നാൽ, ഇതുമായി ബന്ധപ്പെട്ട ഒരു കാര്യം കൂടി ഓർക്കുക. ഈ അനുഗ്രഹങ്ങൾ കിട്ടുന്ന പലർക്കും ഈ അനുഗ്രഹങ്ങൾ കുറച്ചുകൂടി നേരത്തെ കിട്ടുമായിരുന്നു; അഥവാ അവരിൽ പലർക്കും ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകുകയേ ഇല്ലായിരുന്നു, അവർ കുറച്ചുകൂടി നേരത്തേ ദൈവത്തെ ആശ്രയിച്ചിരുന്നെങ്കിൽ. പലപ്പോഴും സ്വന്തം ശക്തിയിലും മറ്റുള്ളവരുടെ ശക്തിയിലും സമ്പത്തിലുമെല്ലാം മാത്രം ആശ്രയിക്കുകയും ദൈവത്തെ ആശ്രയിക്കാതിരിക്കുകയും ചെയ്ത് വലഞ്ഞ്, അവസാന ആശ്രയം എന്ന നിലയ്ക്കാണ് ദൈവത്തെ ആശ്രയിക്കുന്നത്. സ്വയംപര്യാപ്തതാബോധം വെടിയുകയും കുറച്ചുകൂടി വിശ്വാസം ഉണ്ടാവുകയും ചെയ്തിരുന്നെങ്കിൽ അവരിൽ പലരുടെയും ജീവിതത്തിൽ ഇത്രയും സഹനങ്ങൾ ഉണ്ടാകുമായിരുന്നില്ല. എന്നാലും, ഒരു കാര്യത്തിൽ സന്തോഷിക്കാം. അവസാനമെങ്കിലും അവർ ദൈവത്തിന്റെ ശക്തിയിൽ വിശ്വസിച്ച്, വിളിച്ചു പ്രാർത്ഥിച്ച്, കൃപ നേടിയല്ലോ.
പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്ന മറ്റൊരു കൂട്ടർ പരിഹാരത്തിനായി ദൈവത്തെ ആദ്യത്തെ കൂട്ടരെപ്പോലെ ആശ്രയിക്കുന്നില്ല. കാരണം, അവർക്ക് അത്രമാത്രം വിശ്വാസം ഇല്ല. പലരും പ്രശ്‌നങ്ങൾ ദൈവത്തെ കൂടാതെ പരിഹരിക്കാൻ നോക്കുന്നു. വേറെ ചിലർ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ ദൈവത്തിൽനിന്ന് കൂടുതൽ അകലുന്നു. ചിലർ ദൈവവിശ്വാസംതന്നെ ഉപേക്ഷിക്കുന്നു. കുറച്ചുപേരൊക്കെ മന്ത്രവാദം, കൂടോത്രം തുടങ്ങിയവയെ ആശ്രയിക്കുന്നു; അതുവഴി കൂടുതൽ പ്രശ്‌നങ്ങൾ ക്ഷണിച്ചുവരുത്തുന്നു.
നമുക്ക് ഓർക്കാം. കുറച്ചുകൂടി വിശ്വാസം ഉണ്ടായിരുന്നെങ്കിൽ പല പ്രശ്‌നങ്ങളും നമുക്ക് ഉണ്ടാകുമായിരുന്നില്ല. കുറച്ചുകൂടി വിശ്വാസവും പ്രാർത്ഥനയും ഉണ്ടായിരുന്നെങ്കിൽ പല പ്രശ്‌നങ്ങളും പണ്ടേ പരിഹരിക്കപ്പെടുകയും ചെയ്യുമായിരുന്നു. അതിന് തെളിവാണ്, പ്രാർത്ഥിച്ച് അനുഗ്രഹങ്ങൾ തേടി, പ്രശ്‌നങ്ങൾ പരിഹരിച്ച്, കുറേക്കൂടി സമാധാനത്തിൽ കഴിയുന്ന മനുഷ്യർ. അവർ നമ്മെ പ്രചോദിപ്പിക്കുമോ?
ഫാ. ജോസഫ് വയലിൽ CMI

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?