Follow Us On

29

March

2024

Friday

കുവൈറ്റിലെ ഹെല്‍ത്ത് സയന്‍സ് സെന്ററില്‍ റിസര്‍ച്ച് അസിസ്റ്റന്റ് കന്യാസ്ത്രിയായി മറിയതെങ്ങനെ

കുവൈറ്റിലെ ഹെല്‍ത്ത് സയന്‍സ് സെന്ററില്‍ റിസര്‍ച്ച് അസിസ്റ്റന്റ് കന്യാസ്ത്രിയായി മറിയതെങ്ങനെ

”കുട്ടിക്കാലത്ത് ഞങ്ങള്‍ കുവൈറ്റിലായിരുന്ന കാലഘട്ടത്തില്‍ കാറ്റിക്കിസം ക്ലാസിന് പോകുന്നതിനോ ആത്മീയ കാര്യങ്ങള്‍ക്കോ എനിക്ക് വലിയ താല്‍പ്പര്യമില്ലായിരുന്നു. ശ്രദ്ധയില്ലാതെയും ഉറക്കം തൂങ്ങിയുമാണ് അന്നൊക്കെയും കുടുംബപ്രാര്‍ഥനയില്‍ ഞാന്‍ സംബന്ധിച്ചിരുന്നത്. 1980-ല്‍ ഗള്‍ഫ് യുദ്ധത്തെ തുടര്‍ന്ന് എന്റെ കുടുംബം കേരളത്തിലേക്ക് തിരികെ പോന്നു.
11-ാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ഞാന്‍ വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോയി. പഠനത്തിന്റെ ഭാരവും കൂട്ടുകാരുടെ സമ്മര്‍ദ്ദവും മാതാപിതാക്കള്‍ക്ക് എന്നെക്കുറിച്ചുള്ള പ്രതീക്ഷയും വലിയ ഭാരമായി എനിക്ക് അനുഭവപ്പെട്ടു. സഹപാഠികള്‍ അവരുടെ സ്വപ്‌നങ്ങളെക്കുറിച്ച് പങ്കുവയ്ക്കുന്ന സമയത്ത് ലോകത്തിന്റെ നേട്ടങ്ങള്‍ എന്ന ഭ്രമിപ്പിക്കുന്നില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അണിഞ്ഞൊരുങ്ങുന്നതിലും ആഭരണങ്ങള്‍ ധരിക്കുന്നതിലും എനിക്ക് താല്‍പ്പര്യമില്ലായിരുന്നു. മറ്റുള്ളവരില്‍ നിന്നുള്ള ഈ വ്യത്യാസം എന്തെങ്കിലും വൈകല്യത്തിന്റെ അടയാളമാണെന്ന ചിന്തയാല്‍ ഞാന്‍ എന്നിലേക്ക് തന്നെ ചുരുങ്ങി. പലപ്പോഴും ഒഴുക്കിനൊപ്പം നീന്താന്‍ പരിശ്രമിച്ചെങ്കിലും എനിക്ക് സന്തോഷമുണ്ടായിരുന്നില്ല. ആത്മീയതയൊന്നും ഇല്ലായിരുന്നെങ്കിലും നിത്യജീവിതത്തെക്കുറിച്ചുള്ള ചിന്ത എന്റെ മനസിനെ മഥിച്ചിരുന്നു.
എന്റെ ബുദ്ധിമുട്ട് മനസിലാക്കിയ ഒരു ആന്റി കൗണ്‍സലിംഗിനായി ഫാ. ജോയ് തോട്ടങ്കര എംസിബിഎസിന്റെ അടുക്കല്‍ എന്നെ കൊണ്ടുപോയി. അദ്ദേഹത്തിന്റെ സഹായത്തോടെ സന്യസ്ത ജീവിതത്തിലേക്കുള്ള ഉള്‍വിളി തിരിച്ചറിയാന്‍ എനിക്ക് സാധിച്ചു. ദൈവം ഭക്തരും വിശുദ്ധരുമായവരെയാണ് സന്യസ്ത ജീവിതത്തിലേക്ക് വിളിക്കുന്നതെന്നായിരുന്നു എന്റെ ധാരണ. ഈ വിളി സ്വീകരിക്കാന്‍ മാത്രം ഭക്തി എനിക്ക് ഉള്ളതായി ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. അതുകൊണ്ടുതന്നെ ‘മനുഷ്യരെ പിടിക്കുവാനുള്ള’ വിളിയുമായി പത്രോസിനെ സമീപിച്ചപ്പോള്‍ അദ്ദേഹം മുട്ടില്‍ വീണതുപോലെ ദൈവവിളി തിരിച്ചറിഞ്ഞപ്പോള്‍ ഞാനും അത്ഭുതപ്പെട്ടു.
ക്രൈസ്തവ ആദ്ധ്യാത്മികതയെകുറിച്ചും ദൈവത്തെക്കുറിച്ചും കൂടുതല്‍ പഠിക്കുന്നതിനായി ഞാന്‍ മതഗ്രന്ഥങ്ങള്‍ വായിക്കുവാന്‍ ആരംഭിച്ചു. വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി ‘ഡിവൈന്‍ മേഴ്‌സി ഇന്‍ മൈ സോള്‍’ എന്ന പുസ്തകം വായിക്കാനിടയായത് ജീവിതത്തിലെ വഴിത്തിരിവായി. ആ പുസ്തകം എന്റെ ജീവിതം മാറ്റിമറിച്ചു. അതിലെ ചില വരികള്‍ എന്റെ ഹൃദയത്തിലേക്ക് തുളച്ചു കയറി. ആ പുസ്തകം വായിച്ചതിന് ശേഷമാണ് സന്യസ്ത ജീവിതം തിരഞ്ഞെടുക്കുവാനുള്ള ഉറച്ച തീരുമാനം ഞാന്‍ എടുക്കുന്നത്.
ഒരു വയസ് പ്രായമുള്ള കുഞ്ഞിന്റെ രൂപത്തില്‍ ഈശോ വിശുദ്ധ ഫൗസ്റ്റീനയ്ക്ക് പ്രത്യക്ഷപ്പെടുന്ന ഒരു സംഭവം അതില്‍ വിവരിച്ചിട്ടുണ്ട്. ജനാലയ്ക്കരികിലേക്ക് വിശുദ്ധ ഫൗസ്റ്റീനയെ കൂട്ടിക്കൊണ്ടുപോയി ഈശോ ഇപ്രകാരം ചോദിച്ചു- ‘ആകാശത്തിലെ നക്ഷത്രങ്ങളെയും ജ്വലിച്ചു നില്‍ക്കുന്ന ചന്ദ്രനെയും കണ്ടില്ലേ? ഭക്തരായ വിശ്വാസികളുടെ പ്രാര്‍ഥന തിളക്കമുള്ള നക്ഷത്രങ്ങള്‍ പോലെയും സന്യസ്തരുടെ പ്രാര്‍ഥനകള്‍ എനിക്ക് ജ്വലിച്ച് നില്‍ക്കുന്ന ചന്ദ്രന്‍ പോലെയുമാണ്.’
അതുവായിച്ചപ്പോള്‍ ജ്വലിച്ചു നില്‍ക്കുന്ന ചന്ദ്രനാകുവാനാണ് ദൈവം എന്നെ വിളിച്ചിരിക്കുന്നതെന്ന് എനിക്ക് തോന്നി. പക്ഷേ, എന്റെ തീരുമാനം കുടുംബാംഗങ്ങള്‍ക്ക് തെല്ലും ഇഷ്ടമായിരുന്നില്ല. കോണ്‍വെന്റിലെ ജീവിതരീതിയോട് എനിക്ക് പൊരുത്തപ്പെടാനാവുമോ എന്നവര്‍ക്ക് സംശയമുണ്ടായിരുന്നു. അന്ന് നടന്നുകൊണ്ടിരുന്ന ചില അപവാദപ്രചാരണങ്ങളും കോണ്‍വെന്റില്‍ ഞാന്‍ സുരക്ഷിതയായിരിക്കുമോ എന്ന സംശയം അവരില്‍ ജനിപ്പിച്ചു.
ആ സമയത്ത് എന്റെ മാതാപിതാക്കള്‍ കുവൈറ്റിലായിരുന്നു. സന്യസ്തജീവിതത്തോട് എനിക്കുണ്ടായ താല്‍പ്പര്യത്തിന്റെ കാര്യം ബന്ധുക്കള്‍ അവരെ അറിയിച്ചു. ഇത് കേട്ടപ്പോള്‍ അവരോടൊപ്പം കുവൈറ്റില്‍ വന്നു നില്‍ക്കുവാന്‍ അവര്‍ ആവശ്യപ്പെട്ടു. യേശു വിളിക്കുന്ന ഒരു കോണ്‍വെന്റ് കണ്ടെത്തി അവിടെ ചേരണമെന്ന് ആഗ്രഹിച്ചിരുന്നതിനാല്‍ കുവൈറ്റിലേക്ക് പോകാന്‍ എനിക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ മാതാപിതാക്കളോടുള്ള അനുസരണത്തെപ്രതിയും ഫാ. ജോയിയുടെ ഉപദേശം അനുസരിച്ചും ഞാന്‍ കുവൈറ്റിലേക്ക് പോയി. ഒരു ഇന്റര്‍വ്യൂവില്‍ പങ്കെടുത്തുകൊണ്ട് ജോലിക്കായി പരിശ്രമിക്കാന്‍ എന്റെ മാതാപിതാക്കള്‍ എന്നോട് നിര്‍ദേശിച്ചു. അങ്ങനെ ഞാനവിടെ ഒരു ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു. പരിചയസമ്പത്ത് ഒട്ടുമില്ലാത്ത ഒരു ‘ഫ്രഷ് പിജി’ ആയിരുന്ന എനിക്ക് കുവൈറ്റിലെ ഹെല്‍ത്ത് സയന്‍സ് സെന്ററില്‍ റിസര്‍ച്ച് അസിസ്റ്റന്റായുള്ള ആ ജോലി ലഭിച്ചപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി.
എനിക്ക് സമാനമായ താല്‍പ്പര്യങ്ങളുള്ള ഒരു പെണ്‍കുട്ടിയെ ഞാന്‍ അവിടെ പരിചയപ്പെട്ടു. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. ഞങ്ങള്‍ രണ്ട് പേര്‍ക്കും കുട്ടികളോട് വലിയ സ്‌നേഹമായിരുന്നു. കഴിവുകളും സമയവും കുട്ടികളുമായി ഞങ്ങളുടെ കത്തോലിക്ക വിശ്വാസം പങ്കുവയ്ക്കുന്നതിന് ഉപയോഗിക്കാനായാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. ഒരു ഘട്ടത്തില്‍ എന്റെ സുഹൃത്തിനും മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തില്‍ ചേരാന്‍ താല്‍പ്പര്യമുണ്ടെന്ന് അവള്‍ എന്നോട് വെളിപ്പെടുത്തി. ഈ സമയത്താണ് ക്രിസ്റ്റീന്‍ മിനിസ്ട്രി, കുവൈറ്റില്‍ ആരംഭിക്കുന്നത്. ഞങ്ങള്‍ രണ്ടുപേരും അതിലെ അംഗങ്ങളായി.
അതേസമയം എന്റെ കുടുംബാംഗങ്ങള്‍ മറ്റൊരു വീക്ഷണത്തിലൂടെ എല്ലാം നോക്കി കാണുവാന്‍ എന്നെ പ്രേരിപ്പിക്കുകയായിരുന്നു. ഈ ജോലി ലഭിക്കാനുള്ള സാധ്യത കുറവായിരുന്നിട്ടും ജോലി തന്നത് ദൈവമാണെന്നും അതിനാല്‍ ദൈവം സന്യസ്ത ജീവിതത്തിലേക്ക് എന്നെ വിളിക്കുന്നുണ്ടാകില്ലെന്നും അവര്‍ പറഞ്ഞു. കേരളത്തിലെ ഏതെങ്കിലും കോണ്‍വെന്റില്‍ ചേര്‍ന്നാല്‍ തന്നെ ഞാന്‍ ആഗ്രഹിക്കുന്ന വിധത്തില്‍ ദൈവത്തെ സേവിക്കാനുള്ള സ്വാതന്ത്ര്യം എനിക്ക് ലഭിച്ചേക്കില്ലെന്ന് പറഞ്ഞ് സുഹൃത്തുക്കളും നിരുത്സാഹപ്പെടുത്തി. കുടുംബത്തോടൊപ്പം നിന്നാല്‍ എന്റെ ശമ്പളവും കഴിവുകളും സമയവും ഉപയോഗിച്ച് ഞാന്‍ ആഗ്രഹിക്കുന്ന വിധത്തില്‍ എനിക്ക് യേശുവിനെ സേവിക്കാനാവുമെന്നും അവര്‍ പറഞ്ഞു. ഈ ചിന്താഗതി എന്നെയും സ്വാധീനിച്ചു.
നല്ല കുടുംബാന്തരീക്ഷം, നല്ല സുഹൃത്തുക്കള്‍, നല്ല ജോലി, കുട്ടികളുടെ ഇടയിലുള്ള ശുശ്രൂഷ – എല്ലാം ഉണ്ടായിരുന്നിട്ടും ഉള്ളില്‍ വലിയ ശൂന്യത. അതിന്റെ കാരണം എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേസമയം തന്നെയാണ് എന്റെ സുഹൃത്ത് വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ തീരുമാനമെടുത്തത്. കുട്ടികളെ ഒത്തിരി ഇഷ്ടമായിരുന്ന ആ സുഹൃത്തിന് സ്വന്തമായി കുട്ടികള്‍ വേണമെന്നുള്ള ആഗ്രഹമാണ് മനം മാറ്റത്തിനുള്ള കാരണമെന്നും എന്നോട് പറഞ്ഞു. അവള്‍ പറഞ്ഞതിനെക്കുറിച്ച് ചിന്തിച്ചപ്പോള്‍ എനിക്കും കുട്ടികളെ വലിയ ഇഷ്ടമാണെന്നും എന്നാല്‍ ഞാന്‍ കാണുന്ന എല്ലാ കുട്ടികളിലും ദൈവത്തിന്റെ കുഞ്ഞിനെയാണ് കാണുന്നതെന്നും അതുകൊണ്ട് എല്ലാ കുട്ടികളോടും എനിക്ക് ഇഷ്ടമാണെന്നും ഞാന്‍ തിരിച്ചറിഞ്ഞു. ഒരോ കുട്ടിയിലും ദൈവസ്പര്‍ശം കാണാന്‍ സാധിച്ചതിനാല്‍ ഒരോരുത്തരെയും അവരുടെ അനന്യത മനസിലാക്കി സ്‌നേഹിക്കാന്‍ എനിക്ക് സാധിച്ചു. അതുകൊണ്ടുതന്നെ സ്വന്തമായി ഒരു കുഞ്ഞ് വേണമെന്ന ആഗ്രഹമൊട്ട് തോന്നിയതുമില്ല.
വിവാഹ ആലോചനകള്‍ നടത്താനുളള സമ്മര്‍ദ്ദം വീട്ടില്‍ നിന്ന് ശക്തമായതോടെ ധീരമായ ഒരു തീരുമാനം എടുക്കേണ്ട സമയമായി എന്നെനിക്ക് മനസിലായി. മാതാപിതാക്കളെ സ്‌നേഹിക്കുകയും അവരെ ഒരിക്കലും വേദനിപ്പിക്കുവാന്‍ ആഗ്രഹിക്കുകയും ചെയ്തില്ലെങ്കിലും ദൈവം എന്നെ സന്യസ്തജീവിതത്തിലേക്ക് വിളിക്കുന്നുണ്ടെന്നും ആ വിളിക്ക് ഉത്തരം നല്‍കേണ്ടതുണ്ടെന്നും ഞാന്‍ തിരിച്ചറിഞ്ഞു. തീരുമാനം ശരിയാണോ, പിന്നീട് ഞാന്‍ ദുഃഖിക്കാന്‍ ഇടവരുമോ തുടങ്ങിയ ആശങ്കകള്‍ നിമിത്തമാണ് എന്നെ ഏറെ സ്‌നേഹിച്ചിരുന്ന മാതാപിതാക്കള്‍ ഞാന്‍ സന്യാസജീവിതം സ്വീകരിക്കുന്നതിനെ എതിര്‍ക്കുന്നതെന്ന് എനിക്ക് മനസിലായി. മാതാപിതാക്കളുടെ ഹൃദയത്തെ വേദനിപ്പിക്കുന്നത് വേദനാജനകമായിരുന്നു. എന്നാല്‍ എന്റെ ഇഷ്ടത്തെക്കാളും മാതാപിതാക്കളുടെ ഇഷ്ടത്തെക്കാളും അവിടുത്തെ ഹിതം നിറവേറ്റാന്‍ ദൈവം എന്നോട് ആവശ്യപ്പെടുകയായിരുന്നു.
ഒരു വര്‍ഷത്തിന് ശേഷം ഞാന്‍ ജോലി രാജിവച്ച് കേരളത്തിലേക്ക് മടങ്ങി. ഫാ. ജോയിയെ കണ്ട് ദൈവം എന്നെ വിളിക്കുന്ന സന്യാസ സഭ കണ്ടെത്തുന്നതിനായി സഹായം ചോദിച്ചു. ദൈവനിയോഗം എന്നെ കോണ്‍ഗ്രിഗേഷന്‍ ഓഫ് സിസ്റ്റേഴ്‌സ് ഓഫ് നസ്രത്തിലേക്ക് നയിച്ചു. ഇന്ന് സിസ്റ്റര്‍ മേരി ജോ ആയി എനിക്ക് ലഭിക്കാവുന്നതില്‍ ഏറ്റവുമധികം സന്തോഷത്തോടെ ഈ സന്യാസസഭയില്‍ ശുശ്രൂഷ ചെയ്യുന്നു. ശരിയായ പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്നും ദൈവത്തിന്റെ പദ്ധതി സാവാധാനം ചുരുളഴിഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഞാനിന്ന് അറിയുന്നു. എന്റെ ദൈവവിളി അംഗീകരിച്ച കുടുംബാംഗങ്ങള്‍ക്കും ഇതൊരു ഭാഗ്യപ്പെട്ട വിളിയാണെന്ന് മനസിലാക്കാന്‍ ഇന്ന് സാധിക്കുന്നുണ്ട്.
സന്യസ്തജീവിതത്തിലേക്കുള്ള വിളി ക്രിസ്തുവിന്റെ മണവാട്ടിയാകുവാനുള്ള വിളിയാണ്. എന്റെ കയ്യില്‍ ക്രിസ്തു ഇടുന്ന വിവാഹ മോതിരം മൂന്ന് ആണികള്‍ ഉരുക്കി ഉണ്ടാക്കുന്നതാണെന്ന് ഫാ. ജോയി എന്നോട് പറഞ്ഞു. ഞങ്ങളുടെ സന്യാസ സഭയായ നസ്രത്തില്‍ മറിയത്തിന്റെയും ജോസഫിന്റെയും തണലില്‍ തിരുക്കുടുംബത്തിലെ നാലാമത്തെ വ്യക്തിയായാണ് ഞാന്‍ ജീവിക്കുന്നത്. മറിയത്തിന്റെയും ജോസഫിന്റെയും കരസ്പര്‍ശം എന്റെ സാധാരണ പ്രവര്‍ത്തനങ്ങളെ അസാധാരണമാക്കുന്നു. ഞാന്‍ എഴുന്നേല്‍ക്കുന്ന നിമിഷം മുതല്‍ ഉറങ്ങുന്നതു വരെയുള്ള നിമിഷങ്ങളില്‍ അവരെ ഞാന്‍ എന്റെ ഇരുവശങ്ങളിലുമായി ചേര്‍ത്തു നിര്‍ത്തും. ദൈവകരുണയോടുള്ള ഭക്തി ഒരോ വര്‍ഷവും വളര്‍ത്താനും ഞാന്‍ ശ്രമിക്കു ന്നു. ഈ ഭക്തി പ്രചരിപ്പിക്കാന്‍ കോണ്‍ഗ്രിഗേഷന്‍ എനിക്ക് അനുവാദം തന്നിട്ടുണ്ട്. സ്‌കൂളുകളിലും കാറ്റിക്കിസം ക്ലാസുകളിലും കറുകുറ്റി ധ്യാനകേന്ദ്രത്തിലും ഞാന്‍ സെഷനുകള്‍ നടത്തി വരുന്നു. ‘മേക്ക് മൈ ഹാര്‍ട്ട് എ സ്വീറ്റ് നസ്രത്ത്’ എന്ന പേരില്‍ ഒരു മ്യൂസിക്കല്‍ ആല്‍ബവും ഞങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. തിരുക്കുടംബത്തിന്റെ സ്‌നേഹവും ആനന്ദവും പങ്കുവയ്ക്കുന്ന ഒരു ആല്‍ബമാണിത്. കുട്ടികളെ തിരുക്കുടുംബത്തിന്റെ സ്‌നേഹത്തിലേക്ക് ആനയിക്കുന്നതിനായി തയ്യാറാക്കുന്ന പുസ്തകത്തിന്റെ അവസാന ഘട്ടത്തിലാണ്. കുട്ടികള്‍ക്കായി ദൈവകരുണയെക്കുറിച്ച് ഒരു പുസ്തകമെഴുതുവാനും പദ്ധതിയുണ്ട്. ആകുന്ന വിധത്തില്‍ വിശ്വാസം പങ്കുവയ്ക്കാനായി ഞാന്‍ ശ്രമിക്കുന്നു. ദൈവം എന്നെ നയിക്കുന്നു. ഞാന്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സന്യാസസഭ അകമഴിഞ്ഞ പിന്തുണ നല്‍കുന്നുണ്ട്. ഞങ്ങളുടെ സമൂഹത്തില്‍ ടീം സ്പിരിറ്റും കൂട്ടായ്മയും നിലനില്‍ക്കുന്നതിനാല്‍ എല്ലാവരും പരസ്പരം സഹായിക്കുന്നു. എന്റെ ഹൃദയാഭിലാഷം ഈ സന്യാസ സഭയിലൂടെ സഫലീകൃതമായി.
സന്യാസജീവിതത്തിലേക്ക് ദൈവവിളി ലഭിച്ചവര്‍ ആ വിളി നിരാകരിച്ചാല്‍, എത്ര വലിയ ഭൗതിക നേട്ടങ്ങള്‍ സ്വന്തമാക്കിയാലും ഉള്ളില്‍ വലിയ ശൂന്യത അനുഭവിക്കേണ്ടിവരും. കുവൈറ്റില്‍ നല്ല ജോലിയും ജീവിതസാഹചര്യങ്ങളും ഉണ്ടായിരുന്നെങ്കിലും എന്റെ ഉള്ളില്‍ മനസിലാക്കാന്‍ പറ്റാത്ത ഒരു ശൂന്യത നിറഞ്ഞുനിന്നിരുന്നു. എന്നാല്‍ ദൈവിക പദ്ധതിയിലേക്ക് ചെവിചായിച്ചപ്പോള്‍ മനസില്‍ സംതൃപ്തി, സന്തോഷം.
ദൈവം എനിക്കായി ഒരിക്കിയിരിക്കുന്ന സ്ഥലത്തേക്ക് അവിടുന്ന് എന്നെ കൂട്ടിക്കൊണ്ടുവന്നു എന്ന് തന്നെയാണ് ഞാനിന്ന് വിശ്വസിക്കുന്നത്. സന്യാസ ജീവിതത്തിലേക്ക് വിളി ലഭിക്കുന്നവര്‍ക്ക് രണ്ട് വെല്ലുവിളികള്‍ നേരിടേണ്ടതായി വരാറുണ്ട്. ഒന്നാമതായി നിങ്ങളുടെ ജീവിതം എങ്ങനെ ജീവിക്കണം എന്നുള്ള ഉറച്ച ബോധ്യം ലഭിക്കുകയും കുടുംബാംഗങ്ങളെ അത് ബോധ്യപ്പെടുത്തുകയും വേണം. രണ്ടാമതായി ദൈവം നിങ്ങളെ വിളിക്കുന്ന സന്യാസസഭ കണ്ടെത്തണം. അത് രണ്ടും നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും വേദനാജനകമായ അനുഭവമായി മാറാം. പലപ്പോഴും ഒറ്റപ്പെടലും അരക്ഷിതാവസ്ഥയും സംശയങ്ങളും നിങ്ങള്‍ക്ക് അനുഭവപ്പെടാം. ഒരു അഭിഷിക്തന്റെയോ സന്യസ്തരുടെയോ ആത്മീയ ഉപദേശം സഹായിച്ചേക്കാമെങ്കിലും അവസാനം നിങ്ങള്‍ തന്നെയാണ് ഈ പ്രതിസന്ധിയെ നേരിടേണ്ടത്. വിശ്വാസത്തില്‍ വളരാനും നിങ്ങള്‍ ശിഷ്ടകാലം കൈപിടിച്ച് നടക്കാന്‍ പോകുന്ന വ്യക്തിയുടെ കരത്തില്‍ കൂടുതല്‍ മുറുകെ പിടിക്കാനുമുള്ള അവസരമാണിത്.

സിസ്റ്റര്‍ മേരി ജോ സി.എസ്.എന്‍

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?