Follow Us On

28

March

2024

Thursday

കൃപയുടെ നീർച്ചാലുകൾ

കൃപയുടെ  നീർച്ചാലുകൾ

നസിലാഞ്ഞടിച്ച നൊമ്പരക്കാറ്റിന് പീഡാനുഭവത്തിന്റെ മണമുണ്ടായിരുന്നു. 2017 ഡിസംബർ അഞ്ച് സന്ധ്യ. പത്തനംതിട്ട താഴ്ചയിൽ മറിയാമ്മ ജേക്കബിന്റെ വീട്ടിലേക്ക് മകന്റെ മൃതദേഹവുമായി കടന്നുചെന്നവരുടെ ഹൃദയം നുറുങ്ങിയിരുന്നു. അവിടെ ഉയരുന്ന വിലാപം എങ്ങനെ നിയന്ത്രിക്കുമെന്നായിരുന്നു അവരുടെയെല്ലാം ചിന്ത. എന്നാൽ അത്ഭുതകരമായിരുന്നു ആ കുടുംബത്തിന്റെ പ്രതികരണം. ഹൃദയം നുറുങ്ങി വാക്കുകളില്ലതെ ചെന്നവരുടെ മനസിൽ ദൈവികമായ പ്രതീക്ഷയും സമാശ്വാസവും പകർന്നുകൊടുത്തതിലൂടെ ആ അമ്മ ചരിത്രത്തിൽ ഇടംനേടിയെന്ന് പറയാം. മരണമെന്നത് സ്വർഗത്തിലേക്കുള്ളൊരു കിളിവാതിലാണെന്ന് അവർ പഠിപ്പിച്ചു. എങ്ങനെയാണ് ആ സങ്കടക്കടൽ താണ്ടാനായതെന്ന് മറിയാമ്മ മനസ് തുറന്ന് പറയുന്നു.
”ചെറുപ്പം മുതൽ മാതാപിതാക്കളുടെ ചിട്ടയായ ജീവിതസമർപ്പണത്തിലൂടെ വളർന്നുവന്ന എനിക്ക് ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ സന്ദർഭത്തെ ദൈവത്തിലാശ്രയിച്ചുകൊണ്ട് അഭിമുഖീകരിക്കാൻ കഴിഞ്ഞത് ദൈവകൃപകൊണ്ട് മാത്രമാണ്.
ഭയപ്പെടേണ്ട, ഞാൻ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ട, ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ട് ഞാൻ നിന്നെ താങ്ങിനിർത്തും” (ഏശയ്യാ 41:10). ഈ തിരുവചനം എന്റെയുള്ളിൽ മുഴങ്ങിക്കേട്ട ദിവസമായിരുന്നു അത്.
എന്തേ… ഈ അമ്മ ഇങ്ങനെ പറയുന്നു? 25 വയസുള്ള പൊന്നുമകൻ ചേതനയറ്റ് മുമ്പിൽ കിടക്കുമ്പോൾ പെറ്റമ്മയ്ക്ക് എങ്ങനെ ഇങ്ങനെ സംസാരിക്കുവാൻ കഴിയുന്നു? ഇത് എന്നെ നേരിട്ടറിയാൻ കഴിയാത്ത മിക്കവരുടെയും ഉള്ളിലെ ചിന്തകളായിരിക്കാം. എന്നാൽ ഞാൻ എന്നെക്കുറിച്ച് പറയാം. സംഗീതം പഠിച്ചിട്ടില്ലാത്ത, രാഗങ്ങളൊന്നുമറിയാത്ത എന്നെ ഗാനരചയിതാവാക്കിയതും മ്യൂസിക് ഡയറക്ടറാക്കിയതും സർവശക്തനാണ്. അവന്റെ കരങ്ങളിലേക്ക് ഞാൻ എന്നെ വിട്ടുകൊടുത്തപ്പോൾ അത്ഭുതങ്ങളും അടയാളങ്ങളും ഞാൻ കണ്ടു.
ചെറുപ്പംമുതൽ ഗാനങ്ങളും കവിതകളും എന്നെ പഠിപ്പിച്ചിത് എന്റെ അപ്പൻ എം.എം. ജോസഫ് മറ്റത്തിലായിരുന്നു. 2003 ഓഗസ്റ്റ് 27-ന് അദേഹം ഈ ലോകത്തുനിന്നും മാറ്റപ്പെട്ടപ്പോൾ ഞാനാകെ തളർന്നുപോയി. എന്റെ കൊച്ചുകൊച്ചു ചിന്തകൾ ശ്രദ്ധയോടെ കേട്ട് എന്നെ പ്രോത്സാഹിപ്പിച്ച പിതാവിന്റെ വേർപാട് എന്റെയുള്ളിൽ സങ്കടക്കടൽതന്നെ സൃഷ്ടിച്ചു. സന്ധ്യയ്ക്ക് എന്റെ വ്യക്തിപരമായ പ്രാർത്ഥനയിൽ എല്ലാ വിശേഷങ്ങളും ഞാൻ ദൈവത്തോട് പങ്കുവച്ചു. ഞാൻ പറയുന്ന കാര്യങ്ങളെല്ലാം ദൈവം എന്റെ അപ്പനോട് പറയണം എന്നു ഞാൻ ദൈവത്തോട് ആവശ്യപ്പെട്ടു. ഇത് ലോകബുദ്ധിക്ക് നിരക്കാത്തതാണ്. എങ്കിലും എല്ലാ ദിവസത്തെയും വിശേഷങ്ങൾ ഞാൻ പറഞ്ഞുകൊണ്ടിരുന്നു. ഒരു ദിവസം എനിക്ക് സങ്കടം അടക്കാൻ കഴിയാതെവന്നു. ഒരിക്കൽകൂടി എന്റെ പിതാവിനെ കാണാൻ ഞാനാഗ്രഹിച്ചു. നിസഹായതയോടെ പൊട്ടിക്കരയുമ്പോൾ എന്റെയുള്ളിൽനിന്ന് ഒരു വിളി ഞാൻ കേട്ടു. ”മോളേ, നിനക്ക് ഞാനുണ്ട്…. നീ എന്റെ മകളാണ്. എനിക്ക് നിന്നെ വേണം.” എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. ഹൃദയത്തിനുള്ളിലേക്ക് ഒരു സ്‌നേഹപ്രവാഹം അതിശക്തമായി ഒഴുകുന്നത് ഞാനറിഞ്ഞു. പിന്നീട് പാട്ടുകളുടെ പാലാഴി തീർത്തുകൊണ്ട് അനേകം പാട്ടുകളും ഈണങ്ങളും എന്നിൽ ദൈവം ചൊരിഞ്ഞു അഞ്ച് മിനിട്ടിനുള്ളിൽ പാട്ടിന്റെ വരികൾ എഴുതും. പരിശുദ്ധാത്മാവ് ഉള്ളിലിരുന്ന് പറഞ്ഞുതരുന്ന വാക്കുകളാണ് ഞാനെഴുതിയത്. ഉടൻതന്നെ മുഴുവൻ വരികളുടെയും സംഗീതം ഉള്ളത്തിലേക്ക് ഒഴുകിയെത്തുകയായി. ഞാനത് മൊബൈൽഫോണിൽ റെക്കോർഡ് ചെയ്തുവയ്ക്കും. ഇതായിരുന്നു പതിവ്. 2014-ൽ ‘ദിവ്യതേജസ്’ എന്ന സി.ഡി പ്രകാശനം ചെയ്തത് ഇങ്ങനെയാണ്. ഇപ്പോഴും ധാരാളം പാട്ടുകൾ എഴുതുവാൻ ദൈവം കൃപ തരുന്നു.
എന്റെ ഓരോ ചോദ്യത്തിനും പാട്ടുകളിലൂടെ ഉത്തരം തരുന്ന ദൈവകരങ്ങളിൽ എന്റെ ജീവിതം സമർപ്പിച്ചു കഴിഞ്ഞപ്പോൾ ദൈവത്തിനുവേണ്ടി പല കാര്യങ്ങൾ ചെയ്യുവാൻ കഴിഞ്ഞു. ‘വിശുദ്ധ കുർബാന ഒരു ലഘുപഠനം’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. മലങ്കര സുറിയാനി ക്‌നാനായ സൺഡേ സ്‌കൂൾ സമാജത്തിനായി പാഠപുസ്തകങ്ങൾ തയാറാക്കുവാനും സാധിച്ചു. ‘ഓർമ പൂക്കുന്ന കരിയിലവഴികൾ’ എന്ന കവിതാസമാഹാരവും ‘അക്ഷരപ്പാട്ട്’ എന്ന കുട്ടിക്കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചു. വി.ബി.എസ് ഡയറക്ടർ ആയി കഴിഞ്ഞ പത്തുവർഷം പ്രവർത്തിക്കുവാൻ ദൈവം കൃപ തന്നു.
വർണവസന്തങ്ങൾ
ജീവിതത്തിൽ വസന്തകാല സ്മരണകളുമായി 1992 മാർച്ച് രണ്ടിന് ഞങ്ങളുടെ ആദ്യജാതൻ വിനുക്കുട്ടൻ കടന്നുവന്നു. കുഞ്ഞിച്ചിരിയും കുസൃതികളുമായി കാലം പോയതറിഞ്ഞില്ല. ചെറുപ്പത്തിൽ ഞാൻ ‘മുത്തേ’ എന്നായിരുന്നു അവനെ വിളിച്ചത്. അനുജന്മാരായ ജോയെയും ക്രിസിനെയും ജീവനുതുല്യം സ്‌നേഹിക്കുന്ന അവരുടെ ഭായിയായി 25 വർഷം അവൻ ജീവിച്ചു.
കഴിഞ്ഞ ഡിസംബർ ആറിന് ഒരപകടത്തിലൂടെ മോൻ അവന്റെ ഉടയവന്റെ സന്നിധിയിലേക്ക് മാറ്റപ്പെട്ടു. നെഞ്ചോടു ചേർത്തുവച്ച പ്രിയപൈതലിനെ നെഞ്ചിൽ നിന്നടർത്തി മാറ്റിയപ്പോൾ കാൽവരിക്കുന്നിന്റെ ചുവട്ടിൽ നിന്ന ഒരമ്മയുടെ ഹൃദയവേദനയുടെ ആഴം ഞാനറിഞ്ഞു. പരിശുദ്ധ ദൈവമാതാവിന്റെ മുമ്പിലേക്ക് എന്റെ കരങ്ങൾ നീണ്ടു. സഹനത്തിന്റെ തിരമാലകളെ കൃപയാൽ നിഷ്പ്രഭമാക്കിയ ആ അമ്മയുടെ ദിവ്യരൂപം എന്റെ അന്തഃരംഗത്തിൽ നിറഞ്ഞു. സഹനചിതയിൽ എരിഞ്ഞടങ്ങിയ ആ മാതൃഹൃദയം എനിക്ക് അഭയം നൽകി. സ്വന്തം മകന്റെ കബറടക്കത്തിന് സാക്ഷ്യം വഹിച്ച ആ അമ്മയുടെ ഹൃദയം എനിക്കുകൂടി തരുവാൻ ഞാൻ കേണപേക്ഷിച്ചു. കൃപയുടെ നീർച്ചാലുകൾ എന്നിലേക്ക് ഒഴുകി. ഏതോ ഒരു ദിവ്യശക്തി എന്നെ പൊതിഞ്ഞു. രാത്രിയുടെ യാമങ്ങളിൽ മെഴുകുതിരി കത്തിച്ചുവച്ച് മുട്ടിന്മേൽനിന്ന് ഞാൻ എന്റെ ഹൃദയം ദൈവസന്നിധിയിൽ പകർന്നു. ”നിന്റെ ഹിതം സ്വർഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.”
ഓർമകൾ വട്ടമിട്ടപ്പോൾ
ഡിസംബർ എട്ട്, വെള്ളി. മകന്റെ ഭൗതികശരീരം പൊതുദർശനത്തിനായി വീട്ടിലെത്തിച്ചു. അവൻ ഓടിനടന്ന സ്വന്തം വീട്ടിൽ അവനുറങ്ങുന്നതുകണ്ട വീട്ടുകാരും നാട്ടുകാരും പ്രിയകൂട്ടുകാരും വിങ്ങിപ്പൊട്ടി. എന്നാൽ കരയുവാൻ ദൈവമെന്നെ അനുവദിച്ചില്ല.. സങ്കടങ്ങളെല്ലാം കാൽവരി നാഥനിലർപ്പിച്ചുകൊണ്ട് പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിലഭയപ്പെട്ടുകൊണ്ട് ഞാനിരുന്നു.
വിനുക്കുട്ടന്റെ ഭൗതികശരീരം സംസ്‌കാരത്തിനായി ദൈവാലയത്തിലേക്ക് കൊണ്ടുപോകുന്നതിനുമുമ്പായി ഞാൻ വീണ്ടും മെഴുകുതിരി കത്തിച്ചുവച്ച് സ്വർഗാധിനാഥന്റെ മുമ്പിൽ മുട്ടുകുത്തി. കാശ്മീരിലെ ലഡാക്കിൽനിന്നും 52 മണിക്കൂർ 58 മിനിട്ടുകൊണ്ട് എന്റെ മക്കൾ വിനുവും ജോയും എന്റെ ചേച്ചിയുടെ മകൻ ജോസിൻ ബേബിയും ചേർന്ന് ഡ്രൈവ് ചെയ്ത് ലിംക ബുക് ഓഫ് റെക്കാർഡിൽ ഇടംപിടിച്ചപ്പോൾ അവർക്ക് ഒരു പോറൽപോലും ഏൽക്കാതെ കാത്തുസൂക്ഷിച്ച ദൈവം എന്റെ കുഞ്ഞിനെ തിരിച്ചുവിളിച്ചത് എന്ത് ഉദ്ദേശ്യത്തോടുകൂടിയാണെന്ന് വെളിപ്പെടുത്തിത്തരുവാൻ ഞാൻ ദൈവത്തോട് ആവശ്യപ്പെട്ടു. ഏശയ്യാ 61-ാം അധ്യായം എന്റെ മുമ്പിൽ നിവർന്നു: ”പീഡിതരെ സദ്വാർത്ത അറിയിക്കുന്നതിന് അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നുവെന്ന് എന്റെ ഉള്ളം തിരിച്ചറിഞ്ഞു. അതിനുശേഷമാണ് വൈറലായ ആ സാക്ഷ്യം തമ്പുരാൻ എനിക്ക് നൽകിയത്. മുമ്പേ ആസൂത്രണം ചെയ്തു പറഞ്ഞതല്ല, പരിശുദ്ധാത്മാവ് പ്രേരിപ്പിച്ചപ്പോൾ ഞാൻ പാട്ടെഴുതുന്നതുപോലെ എന്നിലേക്കൊഴുകി വന്നതാണ് ആ സാക്ഷ്യം. അത് മക്കളുടെ വേർപാടിന്റെ തീരാവേദനയിൽ എരിഞ്ഞടങ്ങിക്കൊണ്ടിരുന്ന അനേകർക്ക് ആശ്വാസമായി എന്ന് പിന്നീട് അനേകർ വിളിച്ചറിയിച്ചപ്പോൾ ഏശയ്യാ 61-ാം അധ്യായഭാഗത്തിന്റെ പൊരുൾ എന്റെ മുമ്പിൽ അനാവൃതമായി. ഇന്ന് ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്ന് നൊമ്പരത്തീയിലമരുന്ന അനേകം മാനസങ്ങൾ എന്നെത്തേടിയെത്തുന്നു.
2017 ഡിസംബർ ഒന്നുമുതൽ അഞ്ചുവരെ ദിവസങ്ങളിൽ വെളുപ്പിനെ മൂന്നുമണിക്ക് എന്നെ വിളിച്ചെഴുന്നേല്പിച്ച് കൃത്യമായി ചില കാര്യങ്ങൾ പരിശുദ്ധാത്മാവ് എനിക്ക് പറഞ്ഞുതന്നു. ”ഇന്ന് വൈകിട്ട് പള്ളിയിൽ പോകണം. മുട്ടിന്മേൽനിന്ന് 59 പ്രാവശ്യം നന്മനിറഞ്ഞ മറിയം ചൊല്ലണം. നിന്റെ ജഢചിന്തകളെല്ലാം ഉപേക്ഷിക്കണം. എങ്കിൽ മാത്രമേ നിനക്കെന്നെ പൂർണമായി സ്‌നേഹിക്കാൻ കഴിയുകയുള്ളൂ.” ഇങ്ങനെ അഞ്ചു ദിവസംകൊണ്ട് മുന്നൂറ് പ്രാവശ്യം നന്മനിറഞ്ഞ മറിയം ചൊല്ലി. ഇനി നിന്റെ ഇഷ്ടംപോലെ എനിക്ക് ഭവിക്കട്ടെ എന്ന് പ്രാർത്ഥിച്ച് പുറത്തിറങ്ങിയപ്പോൾ രാത്രി പത്തുമണി കഴിഞ്ഞു. ഞാനും വിനുക്കുട്ടന്റെ അച്ചയും അനിയന്മാരും തിരികെ വീട്ടിലെത്തി. എന്നാൽ അധികം താമസിക്കാതെ ഞങ്ങളുടെ സ്വപ്‌നങ്ങളൊക്കെ ബാക്കിയാക്കി ഞങ്ങളുടെ വിനുക്കുട്ടൻ മാലാഖമാരൊപ്പം ആകാശവീഥിയിലൂടെ യാത്രയായ വിവരം ഞങ്ങളെ തേടിയെത്തി. ‘എന്റെ കാവൽക്കാരൻ ഉറങ്ങുന്നുമില്ല, ഉറക്കം തൂങ്ങുന്നുമില്ല’ എന്ന് വിശ്വസിച്ച് പ്രാർത്ഥിക്കുന്ന എനിക്ക് എന്റെ ദൈവം ഉറങ്ങിപ്പോയി എന്ന് വിശ്വസിക്കുവാൻ കഴിയില്ലല്ലോ. ദൈവമറിയാതെ നമ്മുടെ തലയിലെ ഒരു തലമുടിനാരു പൊഴിയുകയില്ല എന്ന് ദൈവവചനം പറയുമ്പോൾ വിനുക്കുട്ടന്റെ മടക്കയാത്ര ദൈവഹിതമാണെന്ന് മനസിലാക്കാൻ എനിക്ക് കൃപ ലഭിച്ചു. ദൈവികപദ്ധതിയുടെ പൊരുൾ പൂർണമായറിയുവാൻ മനുഷ്യബുദ്ധിക്ക് പ്രാപ്തിയില്ല. എന്നാൽ ആ കരങ്ങളിലഭയപ്പെട്ടുകൊണ്ട് മുന്നോട്ടു നീങ്ങുവാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കും. ‘നിനക്ക് കൃപയും കരുണയും ആവശ്യമുള്ളപ്പോൾ കൃപാസനത്തിന് മുമ്പാകെ വരുവിൻ’ എന്ന് തിരുവചനം നമ്മെ ഓർമിപ്പിക്കുന്നു.
ദൈവം തരുന്ന നാളുകളത്രയും സങ്കടങ്ങുള്ളിലൊതുക്കി, അവ ദൈവവുമായി പങ്കിട്ട് ജീവിക്കുവാനാണെനിക്കിഷ്ടം. ” മറിയാമ്മ അവസാനിപ്പിക്കുന്നു.
ക്രിസ്തീയജീവിതം ത്യാഗത്തിന്റെ, സ്‌നേഹത്തിന്റെ ജീവിതമാണ്. കാൽവരിനാഥനെ ഓരോ നിമിഷവും നെഞ്ചേറ്റി ജീവിക്കേണ്ടവരാണ് ഓരോ ക്രിസ്ത്യാനിയും. ദൈവത്തെക്കാളുപരിയായി ഒന്നിനെയും സ്‌നേഹിക്കരുത് എന്ന് ദൈവം നമ്മോട് കല്പനകളിലൂടെ ആവശ്യപ്പെടുന്നു. അവൻ ഇന്നും ജീവിക്കുന്ന ക്രിസ്തുവാണ്. നൊമ്പരമേറ്റുവാങ്ങി, ദൈവകൃപയാൽ നൊമ്പരപ്പെടുന്നവരെ ആശ്വസിപ്പിക്കുവാൻ ദൈവമിന്ന് അവരെ ഉപയോഗിക്കുന്നു.
ജയ്‌സ് കോഴിമണ്ണിൽ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?