Follow Us On

28

March

2024

Thursday

കേരളം വൃക്കരോഗത്തിന്റെ പിടിയിലാണോ?

കേരളം വൃക്കരോഗത്തിന്റെ പിടിയിലാണോ?

വൃക്കകളെ നല്ലതുപോലെ സംരക്ഷിക്കണമെന്ന അവബോധം കേരളത്തിലെ ജനങ്ങളുടെ ഇടയിലും വളർന്നു തുടങ്ങിയിട്ടുണ്ട്. പക്ഷെ ഇപ്പോഴും അഞ്ചാം ഘട്ട ക്രോണിക് വൃക്കരോഗത്തിന് അടിമപ്പെടുന്നവരുടെ എണ്ണം നമ്മുടെ നാട്ടിൽ ക്രമാതീതമായി വർദ്ധിക്കുന്നു. വികസിത രാജ്യങ്ങളെപ്പോലും കടത്തിവെട്ടുന്ന അവിശ്വസനീയം എന്ന് തോന്നിപ്പിക്കുന്ന ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നത്. അവസാനഘട്ട വൃക്കരോഗത്തിൽ എത്തിയവരുടെ എണ്ണം ഇന്നു കേരളത്തിൽ രണ്ട് ലക്ഷം മുതൽ മൂന്ന് ലക്ഷം വരെയാണ്. രോഗാരംഭവും രോഗലക്ഷണവും ഉള്ള കുട്ടികളുടെ എണ്ണവും കൂടുന്നതായി കാണുന്നുണ്ട്.
കേരളത്തിൽ ഏകദേശം അറുപതിനായിരത്തിലധികം വൃക്കരോഗികളാണ് ഓരോ മാസവും ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുന്നത്. ഒരു ഡയാലിസിസിന് മരുന്ന് അടക്കം ഏതാണ്ട് 1,500 രൂപ നിരക്കിൽ ആഴ്ചയിൽ ശരാശരി മൂന്ന് ഡയാലിസിസ് വീതം, ഒരു മാസം ഒരാൾക്ക് കുറഞ്ഞത് പതിനയ്യായിരം രൂപയോളം ആകും.
അതായത് സംസ്ഥാനത്ത് ഡയാലിസിസിന് വിധേയരായി കൊണ്ടിരിക്കുന്ന അറുപതിനായിരത്തോളം രോഗികൾ മൊത്തമായി ഒരു മാസം ചിലവഴിക്കുന്നത് ചുരുങ്ങിയത് 90 കോടിയോളമാണ!്. ഈ രീതിയിൽ മുന്നോട്ട് പോയാൽ നമ്മുടെ നാടിന്റെ ആരോഗ്യസ്ഥിതി ഏറെ പരുങ്ങലിലാകുമെന്നതിന് സംശയമില്ല.
തുടക്കത്തിൽ യാതൊരുവിധ ബാഹ്യ ലക്ഷണങ്ങളും കാണിക്കാതെ വൃക്കരോഗത്തിന് വർഷങ്ങളോളം മറഞ്ഞുനിൽക്കുവാൻ സാധിക്കും. കാണപ്പെടുന്ന ലക്ഷണങ്ങളായ മൂത്രം പതഞ്ഞ് പൊങ്ങുക, അളവിലുള്ള വൃതിയാനം, മൂത്രത്തിന് രക്തത്തിന്റെ നിറം, ദുർഗന്ധം, ആവർത്തിച്ച് മൂത്രം ഒഴിക്കുക, വേദനയും പുകച്ചിലും അനുഭവപ്പെടുക, കണ്ണിനു ചുറ്റും തടിപ്പ്, കൈകാലുകളിലും ദേഹത്തും നീര്, വേദന, ചൊറിച്ചിൽ, വിളർച്ച, ശർദ്ദി, വിശപ്പില്ലായ്മ, കിതപ്പ്, വിറയലോടു കൂടിയ പനി, ശ്വാസംമുട്ടൽ, നടുവുവേദന, ഉറക്കക്കുറവ് എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ ബോധ്യപ്പെട്ടാൽ ആരംഭത്തിലേ തന്നെ കണ്ട് പിടിച്ച് പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണ്. പക്ഷേ ഇത് ശ്രദ്ധിക്കാതെ രോഗം മൂർച്ഛിച്ച് ക്രോണിക് കിഡ്‌നി രോഗത്തിന് അടിമപ്പെട്ടാൽ വീണ്ടും ചികിത്സിച്ച് വൃക്കകളെ പൂർവ്വ സ്ഥിതിയിൽ ആക്കുവാൻ സാധിക്കുകയില്ല. പെട്ടെന്ന് ഉണ്ടാകുന്ന വൃക്കരോഗത്തിന് (അക്യൂട്ട് കിഡ്‌നി ഡിസീസ്) കാരണമാകുന്ന പാമ്പ് വിഷം, എലിപ്പനി, ക്രമാതീതമായ വയറിളക്കം എന്നിവയും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാൽ അക്യൂട്ട് കിഡ്‌നി ഡിസീസിനെ ആരംഭത്തിലെ തിരിച്ചറിഞ്ഞ് തക്കസമയത്ത് ചികിത്സിച്ചാൽ പൂർണ്ണമായും ഭേദമാക്കുവാൻ സാധിക്കും.
നിയന്ത്രണാതീതമായ പ്രമേഹവും അധിക രക്തസമ്മർദ്ദവുമാണ് വൃക്കരോഗത്തിന് പ്രധാനമായും കാരണമാകുന്നത്. 2015 ലെ കണക്കുകൾ പ്രകാരം 30 വയസ്സിന് മുകളിൽ പ്രായമുള്ള ഏകദേശം 50 ലക്ഷത്തോളം പ്രമേഹ രോഗികളാണ് ഇപ്പോൾ കേരളത്തിൽ ഉള്ളത്. പ്രമേഹം ഉണ്ടെന്ന് അറിയാതെ ജീവിക്കുന്നവരുടെ കണക്ക് ഇതിനും പുറമേയാണ്. കൂടാതെ അമിതമായ വേദന സംഹാരികളുടെ ഉപയോഗം, വിഷം അടങ്ങിയ പച്ചക്കറി പഴവർഗ്ഗങ്ങൾ, അധിക ഹോർമോൺ അടങ്ങിയ മത്സ്യം മാംസം, ഉപ്പിന്റെയും കൊഴുപ്പടങ്ങിയ ഫാസ്റ്റ് ഫുഡിന്റെയും കളർ ചേർത്തതും വറുത്തതും പൊരിച്ചതുമായ മധുരപലഹാരങ്ങളുടെയും നിരന്തരമായ ഉപയോഗം, ക്രമം തെറ്റിയ ഭക്ഷണ രീതി, വ്യായാമം ഇല്ലായ്മ, വെള്ളംകുടി കുറവ് എന്നിങ്ങനെ അശ്രദ്ധകൊണ്ട് നാം സ്വയം വരുത്തിവെക്കുന്ന ഘടകങ്ങളും സ്ഥായിയായ വൃക്കരോഗത്തിന് കാരണമാകുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഉണ്ടാകുവാൻ സാദ്ധ്യത ഉള്ള നെഫ്രൈറ്റിസ് (വൃക്കയിൽ നിർവീക്കം), വൃക്കയിലെ ചെറുമുഴകൾ, മൂത്രത്തിൽ കല്ല്, മൂത്രത്തിൽ അണുബാധ, ഗർഭിണികൾക്ക് ആറു മാസം ആകുമ്പോൾ ഉണ്ടാകുവാൻ സാധ്യതയുള്ള പി.ഐ.എച്ച്, പുരുഷന്മാർക്ക് സാധ്യതയുള്ള പ്രോസ്റ്റൈറ്റ് ഗ്ലാന്റ് എന്നിവയും ആരംഭത്തിലെ ചികിത്സിച്ച് ഭേദമാക്കിയില്ലെങ്കിൽ വൃക്കരോഗത്തിലേക്ക് നയിക്കും.
പ്രമേഹവും രക്തസമ്മർദ്ദവും ഉണ്ടാകാതെ ശ്രദ്ധിക്കുക; ഉണ്ടെങ്കിൽ ഭക്ഷണ ക്രമീകരണത്തിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും നിയന്ത്രണത്തിലാക്കുക. അനാവശ്യമായ വേദന സംഹാരികളുടെയും മറ്റു ഗുളികകളുടെയും അമിത ഉപയോഗം കുറയ്ക്കുക. അധിക കൊഴുപ്പും, ഉപ്പും അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ പരമാവധി ഒഴിവാക്കുക. കീടനാശിനിയടിച്ച പച്ചക്കറി പഴവർഗ്ഗങ്ങൾ, അധിക ഹോർമോൺ അടങ്ങിയ മത്സ്യം മാംസം കളർചേർത്തതും വറുത്തതും പൊരിച്ചതുമായ മധുരപലഹാരങ്ങൾ എന്നിവയുടെ ഉപയോഗം കുറയ്ക്കുക. വൃക്കയിൽ നിർവീക്കം (നെൈഫ്രറ്റിസ്), പ്രോസ്റ്റൈറ്റ് ഗ്ലാന്റ്, മൂത്രത്തിൽ കല്ല്, മൂത്രത്തിൽ അണുബാധ, വൃക്കയിൽ ചെറുമുഴകൾ എന്നിങ്ങനെയുള്ളവ തുടക്കത്തിൽ തന്നെ ചികിത്സിച്ച് ഭേദമാക്കുക. അമിത മദ്യപാനം പുകവലി ഒഴിവാക്കുക. കീടനാശിനി ഇല്ലാത്ത ഫൈബർ അടങ്ങിയ പച്ചക്കറി പഴവർഗ്ഗങ്ങൾ, തവിട് കളയാത്ത ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി ചവച്ചരച്ച് കഴിക്കുക. ശരീരത്തിന് ആവശ്യമായ രീതിയിൽ 12/15 ഗ്ലാസ് വെള്ളം ദിവസേന കുടിക്കുക. കൃത്യ സമയത്തുള്ള ഭക്ഷണരീതിയും ആവശ്യത്തിന് ഉറക്കവും ശീലിക്കുക. വ്യായാമ മുറകൾ ദിവസവും ഒന്നര മണിക്കൂർ എങ്കിലും ശീലിക്കുക. വർഷത്തിൽ രണ്ട് പ്രാവശ്യമെങ്കിലും മൂത്രത്തിലെ മൈക്രോ ആൽബുമിൻ, അണുബാധ, രക്തത്തിലെ ക്രിയാറ്റിൻ, യൂറിയ തുടങ്ങിയവ പരിശോധിച്ച് വൃക്കകളുടെ ആരോഗ്യസ്ഥിതി ഉറപ്പു വരുത്തുക. ക്രോണിക് കിഡ്‌നി രോഗത്തിന്റെ ആരംഭമുണ്ടെന്ന് എന്നെങ്കിലും തിരിച്ചറിഞ്ഞാൽ വിദഗ്ദ്ധ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമുള്ള ഭക്ഷണ ക്രമീകരണങ്ങളിലൂടെയും മറ്റും വൃക്കകളുടെ ജോലി ഭാരം കുറയ്ക്കുകയും ശരീരത്തിന് അനുസരിച്ചുള്ള വ്യായാമം ശീലിച്ച് ജീവിതശൈലി രോഗങ്ങൾ വരാതെയും ശ്രദ്ധിക്കുക.
വൃക്കരോഗത്തിന് അടിമപ്പെട്ട അതിസമ്പന്നരെപ്പോലും ചുരുങ്ങിയ കാലം കൊണ്ട് ശാരീരിക മാനസിക തകർച്ചയിലേക്കും സാമ്പത്തികദാരിദ്രത്തിലേക്കും നയിക്കുന്നതായാണ് കണ്ട് വരുന്നത്. കാരണം അവസാനഘട്ട വൃക്കരോഗികൾക്ക് വെള്ളം കുടിക്കുവാൻ പോലും സാധിക്കാതെ വരുന്നു. ചികിത്സകൊണ്ടോ ചികിത്സാ സഹായം കൊണ്ടോ മാരകമായ വൃക്കരോഗത്തെ മറികടക്കാനാവില്ല; മറിച്ച് ആരംഭഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ് കണ്ടു പിടിച്ച് പ്രതിരോധിക്കുകയാണ് ഈ രോഗത്തെ അതിജീവിക്കുവാനുള്ള ഏകപരിഹാര മാർഗ്ഗമെന്ന് നാം സ്വയം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ഷിബു പീറ്റർ വെട്ടുകല്ലേൽ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?