നവംബർ 18
ക്ലൂണിയിലെ പ്രസിദ്ധമായ ആശ്രമത്തിന്റെ പ്രകാശമായിരുന്നു വിശുദ്ധ ഓഡോ. ഈ മഹാനായ മഠാധിപതിക്ക് കീഴിൽ ആശ്രമജീവിതത്തിലും പൗരോഹിത്യ ജീവിതത്തിലും ഒരു നവോത്ഥാനം ഉണ്ടാക്കുന്നതിന് ഈ ആശ്രമത്തിനു കഴിഞ്ഞു. ടൂർസിലെ വിശുദ്ധ മാർട്ടിന്റെ കാനൺ ആയിരിക്കെ വിശുദ്ധ ഓഡോ ക്ലൂണി ആശ്രമത്തിന്റെ സ്ഥാപകനായ വാഴ്ത്തപ്പെട്ട ബെർണോയുമായി പരിചയത്തിലാവുകയും പിന്നീട് ഒരു ക്ലൂണി ആശ്രമത്തിലെ സന്യാസിയാവുകയും ചെയ്തു. 927-ൽ അദ്ദേഹം ബെർണോയുടെ പകരക്കാരനായി ക്ലൂണി ആശ്രമത്തിലെ മഠാധിപതിയായി ചുമതലയേറ്റു. ജോൺ പതിനാറാമൻ മാർപാപ്പാ ഇദ്ദേഹത്തെ ഈ ചുമതലയിൽ നിന്നും ഒഴിവാക്കി പകരം ആശ്രമജീവിതം ജീർണ്ണിച്ച അവസ്ഥയിലായികൊണ്ടിരുന്ന ഇറ്റലിയിലേയും ഫ്രാൻസിലെയും ആശ്രമങ്ങൾക്ക് നവോത്ഥാനം നൽകുക എന്ന ചുമതല നൽകി. ഇക്കാര്യത്തിൽ വളരെയേറെ വിജയം കൈവരിച്ച ഈ വിശുദ്ധനെ ഇതുമൂലം ‘ആശ്രമങ്ങളുടെ പുനഃസ്ഥാപകൻ’ എന്നാണ് വിളിച്ചിരുന്നത്. ആശ്രമജീവിതത്തിൽ താൽപ്പര്യം ഉണ്ടാക്കുവാൻ ഇദ്ദേഹം നടത്തിയ പ്രചാരണങ്ങൾ യൂറോപ്പിലെ ആത്മീയജീവിതത്തിൽ സമൂലമായ മാറ്റംവരുത്തി.
Leave a Comment
Your email address will not be published. Required fields are marked with *