Follow Us On

29

March

2024

Friday

ക്ഷമിക്കാനുള്ള കാരണങ്ങള്‍

ക്ഷമിക്കാനുള്ള  കാരണങ്ങള്‍

കാണ്ടമാല്‍ കലാപം നടന്നിട്ട് 10 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് ഇതിന് സമാനമായ മറ്റൊരു പീഡനം നേരിടേണ്ടിവന്നിട്ടില്ല. കലാപത്തിന്റെ ദുരിതങ്ങള്‍ പേറി ജീവിക്കുന്നവര്‍ ഇപ്പോഴും നിരവധിയാണ്. അന്നുണ്ടായ നഷ്ടങ്ങളില്‍നിന്നും കരകയറാന്‍ പലര്‍ക്കും സാധിച്ചിട്ടില്ല. ആയിരത്തിലധികം വീടുകള്‍ തകര്‍ക്കപ്പെടുകയും 50,000-ലധികം പേര്‍ ഭവനരഹിതരാകുകയും ചെയ്തു. 395 ദൈവാലയങ്ങള്‍ തകര്‍ക്കപ്പെട്ടു എന്നാണ് കണക്ക്. 100 പേര്‍ വധിക്കപ്പെട്ട ലഹളയില്‍ കന്യാസ്ത്രീയടക്കം സ്ത്രീകള്‍ മാനഭംഗം ചെയ്യപ്പെട്ടു. ആയിരങ്ങളുടെ ജീവനോപാധികള്‍ നശിപ്പിക്കപ്പെട്ടു. ക്രൂര മര്‍ദ്ദനത്തിന് ഇരകളായി അനേകര്‍ ജീവച്ഛവങ്ങളായിത്തീര്‍ന്നു. ഒരു കുറ്റവും ചെയ്യാത്തവരാണ് ഇപ്രകാരം പീഡനങ്ങള്‍ സഹിക്കേണ്ടിവന്നത്. അതിന് ഒരു കാരണം മാത്രമേ ഉണ്ടായിരുന്നുള്ളൂ-അവര്‍ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാന്‍ തയാറായില്ല. സുപ്രീംകോടതി രണ്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് അനുവദിച്ച നഷ്ടപരിഹാരംപോലും ഇതുവരെയും ലഭിച്ചിട്ടില്ല. നീതിനിഷേധങ്ങളുടെ പട്ടിക ഇങ്ങനെ നീണ്ടുപോകുകയാണ്. കലാപത്തിന് പ്രേരണ നല്‍കിയവരും അതില്‍ പങ്കുചേര്‍ന്നവരും ഇപ്പോഴും സ്വതന്ത്രരായി നടക്കുന്നു. രണ്ടാഴ്ച മുമ്പായിരുന്നു കാണ്ടമാല്‍ കലാപത്തിന്റെ 10-ാം വാര്‍ഷിക അനുസ്മരണം ഭൂവനേശ്വറില്‍ നടന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ പ്രതിസ്ഥാനത്ത് നില്ക്കുന്നവര്‍ക്ക് എതിരെ പ്രതിഷേധങ്ങളായിരിക്കും ഉയരാന്‍ സാധ്യത. എന്നാല്‍, മറിച്ചായിരുന്നു സംഭവിച്ചത്. ക്രിസ്തീയ ക്ഷമയുടെ നേര്‍സാക്ഷ്യമാകുകയായിരുന്നു സമ്മേളനം. കലാപത്തിന് നേതൃത്വം നല്‍കിയവര്‍ക്ക് മനപരിവര്‍ത്തനം ഉണ്ടാകണമെന്ന പ്രാര്‍ത്ഥനകളായിരുന്നു സമ്മേളനത്തില്‍ ഉയര്‍ന്നത്. വേദനകള്‍ സമ്മാനിച്ചവരെ വെറുക്കുന്നതിനുപകരം അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നായിരുന്നു സമ്മേളനത്തില്‍ ഉയര്‍ന്ന ആഹ്വാനം. സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. തിയഡോര്‍ മസ്‌ക്രനസ് പറഞ്ഞത് ആരെയും വെറുക്കാന്‍ ക്രിസ്തു പഠിപ്പിക്കുന്നില്ലെന്നായിരുന്നു.
വേദനകള്‍ സമ്മാനിക്കുന്നവരോട് എങ്ങനെ പ്രതികരിക്കണമെന്നാണ് കാണ്ടമാല്‍ അനുസ്മരണം നമ്മെ ഓര്‍മിപ്പിക്കുന്നത്. ദുരിതങ്ങള്‍ക്ക് കാരണക്കാരായവരോട് കാണ്ടമാലിലെ വിശ്വാസികള്‍ക്ക് പൊറുക്കാന്‍ കഴിയുമെങ്കില്‍ നമുക്ക് ആരോടെങ്കിലും വെറുപ്പ് മനസില്‍ സൂക്ഷിക്കാന്‍ അവകാശമുണ്ടോ? കാണ്ടമാലിലെ ജനങ്ങള്‍ കലാപകാരികളില്‍നിന്നും രക്ഷനേടിയത് വനത്തില്‍ ഒളിച്ചായിരുന്നു. വേദനയുടെയും വിശപ്പിന്റെയും ഭീതിയുടെയും നടുവിലായിരുന്നു അവര്‍ ദിവസങ്ങളോളം. ക്ഷമിക്കാന്‍ കഴിയാത്തതാണ് അനേകം പ്രശ്‌നങ്ങള്‍ക്ക് കാരണം. ജയിലുകളില്‍ കഴിയുന്ന പലരുടെയും ചരിത്രം പരിശോധിച്ചാല്‍ ക്ഷമിക്കാന്‍ കഴിയാത്തതും പ്രതികാരചിന്തയുമാണ് അവരെ ജയിലുകളില്‍ എത്തിച്ചതെന്ന് വ്യക്തമാകും. ക്ഷമിക്കാന്‍ കഴിയാതെപോയ നിമിഷങ്ങളെയോര്‍ത്ത് ഇപ്പോള്‍ സ്വയം പഴിച്ചുകഴിയുന്നവരും കുറവല്ല. വര്‍ഷങ്ങള്‍ കാത്തിരുന്നു പ്രതികാരം ചെയ്തവരെക്കുറിച്ച് കേട്ടിട്ടുണ്ട്. പിതാവിനെ ദ്രോഹിച്ചവരോട് വര്‍ഷങ്ങള്‍ക്കുശേഷം അവരുടെ മക്കള്‍ പ്രതികാരം ചെയ്ത സംഭവങ്ങളും ധാരാളമാണ്. ഒരാള്‍ കുറ്റവാളിയായി മാറുമ്പോള്‍ അതുവഴി എത്രയോ പേരാണ് വേദനിക്കേണ്ടിവരുക.
പ്രതികാര ചിന്ത ഹൃദയത്തില്‍ സൂക്ഷിച്ചതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? ആലോചിച്ചാല്‍ ഇല്ലെന്ന് വ്യക്തമാകും. എന്നാല്‍, അതുമൂലം നഷ്ടങ്ങള്‍ ഒരുപാടു ഉണ്ടായിട്ടുണ്ടാകും. ക്ഷമിക്കാന്‍ കഴിയാത്തത് ആന്തരിക സംഘര്‍ഷങ്ങളായി വളരും. അതു പലവിധത്തിലുള്ള രോഗങ്ങളായി രൂപാന്തരം പ്രാപിക്കുന്നതും കുറവല്ല. പ്രതികാരം ചെയ്താല്‍ സംതൃപ്തി ലഭിക്കുമെന്നൊക്കെയുള്ള തെറ്റായ ചിന്തകള്‍ മാറേണ്ടിയിരിക്കുന്നു. അവിടെ സമാധാനം നഷ്ടപ്പെടുകയാണ്. പ്രതികാര ചിന്ത മനുഷ്യന് സമ്മാനിക്കുന്നത് ദൈവമല്ല. അത് തിന്മ ഒരുക്കുന്ന കെണിയാണ്. വെറുപ്പ് കീഴടക്കിയാല്‍ നാമാഗ്രഹിക്കാത്ത വഴികളിലൂടെ സഞ്ചരിച്ചെന്നുവരും.
വേദനിപ്പിക്കുന്നവരോട് ക്ഷമിക്കണമെന്ന് പറയുമ്പോള്‍ ഒന്നിനോടും പ്രതികരിക്കരുതെന്നോ എല്ലാം നിശബ്ദമായി സഹിക്കണമെന്നോ അര്‍ത്ഥമില്ല. ക്ഷമയും പ്രതികരണവും രണ്ടാണ്. നീതിക്കുവേണ്ടിയുള്ള എത്രയോ സമരങ്ങളില്‍ ക്രൈസതവ സഭ നേതൃത്വം കൊടുക്കുന്നുണ്ട്. എന്നുകരുതി അതിന് കാരണക്കാരായവരോട് വെറുപ്പോ പ്രതികാര ചിന്തയോ ഉണ്ടെന്നല്ല. പ്രതിഷേധത്തിലും പ്രതികരണങ്ങളിലും ക്രിസ്തീയ മനോഭാവവും മാര്‍ഗങ്ങളുമാണ് സ്വീകരിക്കേണ്ടത്. വേദനകളുടെ വലുപ്പം ക്ഷമ കൊടുക്കുന്നതിന് പരിധികള്‍ വയ്ക്കുന്നില്ല. ക്ഷമ ഭീരുത്വത്തിന്റെ ലക്ഷണമല്ല. ബലവാന്മാര്‍ക്കുമാത്രമേ മറ്റുള്ളവരോട് ഹൃദയപൂര്‍വം ക്ഷമിക്കാനാകൂ. ക്ഷമ കൊടുക്കുമ്പോഴാണ് ലോകത്ത് അത്ഭുതങ്ങള്‍ സംഭവിക്കുന്നത്. ക്ഷമിക്കുമ്പോള്‍ ദൈവാനുഗ്രഹത്തിന്റെ വഴികള്‍ തുറക്കപ്പെടുന്നതിനോടൊപ്പം നമ്മുടെ തെറ്റുകള്‍ ദൈവസന്നിധിയില്‍ വിസ്മരിക്കപ്പെടുകയും ചെയ്യും. ”മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങള്‍ ക്ഷമിക്കുമെങ്കില്‍ സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും” (മത്തായി 6:14).

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?