Follow Us On

28

March

2024

Thursday

കർദിനാൾ മാർ ആലഞ്ചേരി റോമിൽ

കർദിനാൾ മാർ ആലഞ്ചേരി റോമിൽ

ഗ്രേറ്റ് ബ്രിട്ടൺ: സീറോ മലബാർ രൂപതയിൽ മൂന്നു ദിവസങ്ങളിലായി നടന്നുവന്ന അജപാലന സന്ദർശനങ്ങൾ പൂർത്തിയാക്കി കർദിനാൾ മാർ ജോർജ് ആലഞ്ചേരി റോമിലേക്ക് മടങ്ങി. മാർ ആലഞ്ചേരി കമ്മീഷൻ മെമ്പറായുള്ള സഭൈക്യത്തിനുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാനാണ് സീറോ മലബാർ സഭാതലവൻ റോമിലേക്ക് മടങ്ങിയത്. റോമിൽ വിശുദ്ധ പൗലോസിന്റെ നാമത്തിലുള്ള ബസിലിക്കയിൽവച്ച് യൂറോപ്പിന്റെ അപ്പസ്‌തോലിക് വിസിറ്റേറ്ററായി നിയമിതനായ മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ മെത്രാഭിഷേക ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ചശേഷമായിരുന്നു കർദിനാൾ ആലഞ്ചേരി ഗ്രേറ്റ് ബ്രിട്ടണിലെത്തിയത്.
ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിലെ എല്ലാ വൈദികരും ആലഞ്ചേരി പിതാവിനും സ്രാമ്പിക്കൽ പിതാവിനും ഒപ്പം സമ്മേളിച്ചതോടുകൂടിയായിരുന്നു സന്ദർശന പരിപാടി തുടങ്ങിയത്. പേസ്റ്റൺ സെന്റ് അൽഫോൻസാ കത്തീഡ്രൽ ദൈവാലയത്തിൽ മാർ ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ ബലിയർപ്പിച്ച് പുതിയ രൂപത യ്ക്കും എല്ലാ അനുഗ്രഹങ്ങൾക്കും വിശ്വാസസമൂഹം നന്ദി പറഞ്ഞു.
വൈദിക സമ്മേളനത്തെ തുടർന്ന് ഷെഫീൽഡ്, ലണ്ടൻ, ബ്രിസ്റ്റോൾ, മാഞ്ചസ്റ്റർ, സ്റ്റോക് ഓൺഗ്രന്റ് എന്നിവിടങ്ങളിൽ പിതാക്കന്മാരുടെ നേതൃത്വത്തിൽ ബലിയർപ്പിക്കാനും വിശ്വാസികളുമായി സമയം ചെലവഴിക്കാനും സൗകര്യമൊരുക്കിയിരുന്നു. എല്ലാ സ്ഥലങ്ങളിലും ഇടയന്മാരെ അടുത്തു കാണാനും സംസാരിക്കാനുമായി നിരവധിയാളുകളാണ് പ്രതികൂല കാലാവസ്ഥയും അവഗണിച്ച് എത്തിച്ചേർന്നത്.
സീറോ മലബാർ സഭാതലവൻതന്നെ എല്ലായിടത്തും ദിവ്യബലികൾക്ക് നേതൃത്വം നൽകി വചനസന്ദേശം പങ്കുവച്ചു. മാർ ജോസഫ് സ്രാമ്പിക്കൽ, വികാരി ജനറാൾമാരായ ഫാ. തോമസ് പാറയടിയിൽ, ഫാ. സജി മലയിൽപുത്തൻപുരയിൽ, ഫാ. മാത്യു ചൂരപൊയ്കയിൽ, തുടങ്ങിയവരും ഓരോ സ്ഥലത്തും മറ്റു നിരവധി വൈദികരും ഈ പൊന്തിഫിക്കൽ ദിവ്യബലികളിൽ സഹകാർമികരായി.
പുതിയ രൂപതക്ക് ദൈവത്തിന് നന്ദി പറയണമെന്നും ഇനി സഭ ഒരുക്കുന്ന ആത്മീയ അവസരങ്ങളോട് ചേർന്നുനിന്ന് വിശ്വാസസമൂഹം സഭാജീവിതം നയിക്കണമെന്നും മാർ ആലഞ്ചേരി ഓർമിപ്പിച്ചു. സക്കേസൂവ് ഈശോയെ കാണാനായി മരത്തിൽ കയറിയിരുന്നതുപോലെ നമുക്ക് ഈശോയെ കാണാനായി കയറാനുള്ള മരമാണ് സഭയെന്നും സഭാജീവിതത്തിലാണ് ദൈവാനുഭവം ഉണ്ടാകേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു. പുതിയ രൂപതയിൽനിന്ന് പൗരോഹിത്യ സന്യാസ ദൈവവിളി ഉണ്ടാകാൻ എല്ലാവരും പ്രാർത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടയിൽ ഇംഗ്ലണ്ടിന്റെ അപ്പസ്‌തോലിക് ന്യൂൺഷ്യോ അന്റോണിയോ മെന്തിനിയെ നേരിൽ കാണാനും പിതാക്കന്മാർ സമയം കണ്ടെത്തി. ഗ്രേറ്റ് ബ്രിട്ടണിൽ സീറോ മലബാർ സഭയുടെ ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും പരിശുദ്ധ സിംഹാസനത്തിന്റെ എല്ലാ പിന്തുണയും ന്യൂൺഷ്യോ വാഗ്ദാനം ചെയ്യുകയും ചെയ്തു. വിവിധ സ്ഥലങ്ങളിൽ പിതാക്കന്മാർക്ക് നൽകിയ സ്വീകരണത്തിന് ഫാ. മാത്യു പിണക്കാട്ട്, ഫാ. ബിജു കുന്നയ്ക്കാട്ട്, ഫാ. ജോസ് അന്ത്യാംകുളം, ഫാ. പോൾ വെട്ടിക്കാട്ട്, ഫാ. ലോനപ്പൻ അരങ്ങാശേരി, ഫാ. ജയ്‌സൺ കരിപ്പായി, കൈക്കാരന്മാർ, കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
സഭാതലവന്റെ സന്ദർശനം പുതിയ രൂപതയ്ക്ക് വലിയ ആവേശവും ഉന്മേഷവും പകർന്നുവെന്ന് മാർ സ്രാമ്പിക്കൽ അഭിപ്രായപ്പെട്ടു. ആലഞ്ചേരി പിതാവ് പങ്കുവച്ച സഭാദർശനങ്ങൾക്കനുസരിച്ച് ഗ്രേറ്റ് ബ്രിട്ടണിൽ സുവിശേഷസന്ദേശമെത്തിക്കാൻ എല്ലാവരുടെയും പിന്തുണ തനിക്കാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?