Follow Us On

29

March

2024

Friday

ഗർഭസ്ഥ ശിശുക്കളെ സംരക്ഷിക്കുന്നതിൽ അയർലണ്ട് അഭിമാനിക്കണം: മുൻ ഐറിഷ് പ്രധാനമന്ത്രി

ഗർഭസ്ഥ ശിശുക്കളെ സംരക്ഷിക്കുന്നതിൽ അയർലണ്ട് അഭിമാനിക്കണം: മുൻ ഐറിഷ് പ്രധാനമന്ത്രി

അയർലണ്ട്: ഗർഭസ്ഥശിശുക്കളെ സംരക്ഷിക്കുന്നു എന്നതിൽ അയർലണ്ട് തീർച്ചയായും അഭിമാനിക്കണമെന്നും അവരുടെ ജീവിക്കാനുള്ള അവകാശത്തെ സംരക്ഷിക്കുന്ന എട്ടാം ഭരണഘടനാഭേദഗതിയെ അസാധുവാക്കാനുള്ള നീക്കത്തെ തള്ളിക്കളയണമെന്നും മുൻ ഐറിഷ് പ്രധാനമന്ത്രി ജോൺ ബ്രൂട്ടൺ.
അബോർഷനെ തടയുന്ന ‘എട്ടാം ഭേദഗതി’ അസാധുവാക്കണമോയെന്ന് അയർലൻഡിൽ ജനഹിതപരിശോധന നടക്കുന്ന സാഹചര്യത്തിലാണ് മുൻ പ്രധാനമന്ത്രി തന്റെ പ്രോലൈഫ് നിലപാട് പരസ്യമാക്കിയത്. മെയ് അവസാനമാണ് രാജ്യത്ത് ജനഹിതപരിശോധന നടക്കുക.
“ഗർഭസ്ഥശിശുക്കൾക്ക് നൽകുന്ന സംരക്ഷണം ഇല്ലാതാക്കുന്നത് അയർലണ്ടിന് യോജിച്ച നടപടിയല്ല. ഗർഭസ്ഥശിശുവിന്റെ ജീവിക്കാനുള്ള അവകാശത്തെ സംരക്ഷിക്കണമെന്ന് ഭരണഘടനയിൽ രേഖപ്പെടുത്തിയിരിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് അയർലണ്ട് എന്നത് സത്യമാണ്. പക്ഷെ നാമതിൽ അഭിമാനിക്കണം. ഒരിക്കലും ഭരണഘടനാ ഭേദഗതി അസാധുവാക്കുന്നതിനനുകൂലമായി താൻ വോട്ടു ചെയ്യില്ല. ജനഹിതപരിശോധനാ ഫലം പ്രവചിക്കാനാകില്ലെങ്കിലും ഗർഭസ്ഥശിശുവിനോടുള്ള മനുഷ്യത്വപരമായ സമീപനത്തിലാണ് തന്റെ ശ്രദ്ധ. തീർച്ചയായും ഇതിനെപ്പറ്റി നിരവധി ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകും. ജനിക്കുന്നതിന് മുൻപ് തന്നെ ആ കുഞ്ഞിനെ നിങ്ങൾ മനുഷ്യനായി അംഗീകരിക്കുന്നു. ഒരു മനുഷ്യനെന്ന നിലയിൽ ആകുഞ്ഞിന് മനുഷ്യാവകാശങ്ങൾ ഇല്ലേ എന്ന് നിങ്ങൾ സ്വയം ചോദിക്കുക. അതിന് മനുഷ്യാവകാശങ്ങളുണ്ടെങ്കിൽ ജനിക്കാനുള്ള അവകാശമാണ് അതിനാദ്യമുണ്ടാകേണ്ടത്”; അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം, കീപ്പ് അയർ ലണ്ട് പ്രോലൈഫ്’ എന്ന മുദ്രാവാക്യമുയർത്തി ഭ്രൂണഹത്യ നിയമവിധേയമാക്കുന്നതിനെതിരെ അയർലണ്ടിൽ നടന്ന പ്രൊലൈഫ് റാലിയിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്. ‘റാലി ഫോർ ലൈഫ്’ എന്ന പേരിൽ കഴിഞ്ഞ ശനിയാഴ്ചയാണ് ഭ്രൂണഹത്യയ്ക്കെതിരെ ഡബ്ലിനിൽ റാലി നടന്നത്. അബോർഷൻ നിയമവിധേയമാക്കാനുള്ള ശ്രമത്തിനെതിരെ പ്രവർത്തിക്കുന്ന ‘സേവ് ദ എയിത്ത്’ എന്ന ക്യാംപെയ്നാണ് റാലി സംഘടിപ്പിച്ചത്.
“അനുകമ്പയുള്ളതും പുരോഗമിക്കുന്നതുമായ സമൂഹത്തിൽ ഭ്രൂണഹത്യയ്ക്ക് ഒരു സ്ഥാനവുമില്ല”; സേവ് ദ എയിത്തിന്റെ വക്താവായ നിയാം ഉറൈ ബിഹ്റൈൻ പറഞ്ഞു. ‘ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ സ്ഥലത്താണ് അയർലണ്ടുള്ളത്. അബോർഷൻ വ്യവസായത്തെ ഉപേക്ഷിക്കാനും കുഞ്ഞുങ്ങൾക്കും അമ്മയ്ക്കും കൂടുതൽ സംരക്ഷണം നൽകാനും തങ്ങൾ ആവശ്യപ്പെടുകയാണ്’; അവർ കൂട്ടിച്ചേർത്തു.
‘സേവ് ലൈഫ് സേവ് ദ എയിത്ത്’, ‘അയർലണ്ടിനെ പ്രോലൈഫായി തുടരാൻ അനുവദിക്കൂ’ എന്ന് മുദ്രാവാക്യങ്ങൾ മുഴക്കി പാർനൽ ചത്വരത്തിൽ നിന്ന് മെറിയോൺ ചത്വരത്തിലേക്ക് നടന്ന റാലിയിൽ ആയിരക്കണക്കിനാളുകൾ മാർച്ചു ചെയ്തു. ‘സേവ് ദ എയിത്ത്’ എന്ന പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ ഹാഷ്ടാഗും അവർ പ്രമോട്ട് ചെയ്തിട്ടുണ്ട്. സാധാരണ ജനങ്ങളാണ് പ്രോലൈഫ് റാലിയിൽ പ്രധാനമായും പങ്കെടുത്തതെന്ന് ‘ദി ഐറിഷ് ടൈംസ്’ റിപ്പോർട്ട് ചെയ്തു. ഗർഭസ്ഥ ശിശുക്കളോടുള്ള സ്നേഹം റാലിയിൽ ഫഹ്കെടുത്തവരുടെ മുഖത്തുണ്ടായിരുന്നുവെന്നും പത്രം റിപ്പോർട്ടു ചെയ്തു.
മുൻപ്, ‘ഡൺലാവോഗെയർ ലൈഫ് ക്യാൻവാസ്’ എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ ഗർഭസ്ഥശിശുവിന്റെയും അമ്മയുടേയും ജീവിക്കാനുള്ള അവകാശത്തെ സംരക്ഷിക്കുന്ന എട്ടാം ഭരണഘടനാഭേദഗതിയോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ആളുകൾ അയർലൻഡിൽ റാലി നടത്തിരുന്നു. ഡൺലാവോഗെയർ തീരപ്രദേശത്ത് ‘ലൗവിങ് ദ എയിത്ത്’ എന്ന പേരിൽ നടന്ന റാലിയിൽ നൂറുകണക്കിനുപേരാണ് പങ്കെടുത്തത്. ഹൃദയാകൃതിയിലുള്ള ബലൂണുകൾ, പോസ്റ്ററുകൾ എന്നിവ കൈകളിലേന്തിയ ജനക്കൂട്ടം ലൗവിങ് ദ എയിത്ത് എന്ന ലോഗോയോട് കൂടിയ തൊപ്പികളും ധരിച്ചിരുന്നു.
1983-ൽ ജനഹിത പരിശോധനയിലൂടെ പാസാക്കിയ ഈ ഭേദഗതി 67% ഐറിഷ് വോട്ടർമാർ അംഗീകരിച്ചിരുന്നു. ഗർഭസ്ഥ ശിശുക്കൾക്ക് ജീവിക്കുവാനുള്ള അവകാശവും മാതാവിന് ജീവിക്കാനുള്ള അവകാശവും തുല്യമാണെന്നും അതിനെ ആദരവോടെ സമീപിക്കണമെന്നും ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. ഭേദഗതി റദ്ദായാൽ 12 ആഴ്ചവരെയുള്ള ഗർഭഛിദ്രങ്ങൾ അയർലന്റിൽ നിയമാനുസൃതമാകും. അതേസമയം, അമ്മയുടെ ആരോഗ്യം അപകടകരമാകുന്ന സാഹചര്യത്തിൽ അബോർഷൻ അയർലണ്ടിൽ അനുവദിച്ചിട്ടുണ്ട്. 2016 ൽ 3265 ഐറിഷ് യുവതികൾ അബോർഷനായി യു.കെ യിലേക്ക് പോയതായി ഐറിഷ് ആരോഗ്യ മന്ത്രി സൈമൺ ഹാരിസ് പറഞ്ഞു. ഒരാൾക്ക് മറ്റൊരാളുടെ ജീവനെടുക്കാൻ അവകാശമുണ്ടെന്ന് സമൂഹം അംഗീകരിക്കുന്നെങ്കിൽ മനുഷ്യന്റെ മൗലീക അവകാശമായ ജീവിക്കാനുള്ള അവകാശത്തിന് പ്രസക്തിയില്ലാതായിത്തീരുമെന്ന് എൽഫിൻ രൂപതാ ബിഷപ്പ് കെവിൻ ഡോറനും വ്യക്തമാക്കിയിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?