Follow Us On

28

March

2024

Thursday

ഗൾഫ് മണലാരണ്യത്തിൽനിന്ന് കാരുണ്യത്തിന്റെ നീരുറവ

ഗൾഫ് മണലാരണ്യത്തിൽനിന്ന് കാരുണ്യത്തിന്റെ നീരുറവ

ദുബായ്: ഐക്യ അറവ് എമിരിറ്റിസിലെ ഗൾഫ് മണലാരണ്യത്തിലെ ഷാർജ് സെന്റ് ജോർജ് മലങ്കര ഓർത്തഡോക്‌സ് സിറിയൻ ചർച്ച് ഇടവകയിൽനിന്ന് കാരുണ്യത്തിന്റെ നീരുറവ. ഷാർജ ഇടവകദൈവാലയത്തിന് ചുറ്റും മുസ്ലീം ദൈവാലയങ്ങളാണ്. അഞ്ചുനേരവും നിസ്‌കാരത്തിനും മറ്റ് പ്രാർത്ഥനകൾക്കുമുള്ള ബാങ്ക് വിളിയുണ്ട്. മുസ്ലീം പള്ളികളിലെ ബാങ്ക് വിളി കേട്ടാണ് ഇതര മതവിശ്വാസികളും ഉറക്കമുണരുന്നത്. ഇവിടെ മലങ്കര ഓർത്തഡോക്‌സ് സിറിയൻ സഭയുടെ സെന്റ് ജോർജ് ഇടവക സ്ഥാപിതമായത് 1978-ലാണ്. ഇപ്പോൾ രണ്ടായിരത്തോളം കുടുംബങ്ങൾ. വിവിധ മേഖലകൾ തിരിച്ച് 16 വാർഡുകൾ പ്രവർത്തിക്കുന്നു. വാർഡുതല യോഗങ്ങളും പ്രാർത്ഥനയും ദൈവാലയത്തിൽത്തന്നെയാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ക്രൈസ്തവസ്‌നേഹവും യേശുവിന്റെ സുവിശേഷസന്ദേശവും ലോകത്തിന് പകർന്നു നൽകുന്നതിൽ ഇടവകസമൂഹം മാതൃകയാണ്. മാതൃരാജ്യത്തെ പാവപ്പെട്ടവർക്കായി ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് അനേകർ കൈ-മെയ് മറന്ന് സഹായിക്കുന്നു. ഒരു വർഷം ഇടവകാംഗങ്ങൾ ഒരു കോടിയിൽപ്പരം രൂപ സമാഹരിച്ച് നൽകുന്നു.
ഇടവകയുടെ പ്രവർത്തനങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കും വലിയ തുക സമാഹരിക്കപ്പെടുന്നു. രോഗികൾക്ക് ചികിത്സ, ഭവന നിർമാണം, അറ്റകുറ്റപ്പണികൾ, വിദ്യാഭ്യാസം, വിവാഹം, തുടങ്ങിയ ആവശ്യങ്ങൾക്കായി ഏറ്റവും അർഹരായവരെ കണ്ടെത്തിയാണ് സഹായമെത്തിക്കുന്നത്. 16 വാർഡുകളിൽനിന്നുള്ള ഓരോ പ്രതിനിധികൾ വീതം 16 പേരും വികാരി ഫാ. അജി കെ. ചാക്കോയും ഉൾപ്പെട്ട കമ്മിറ്റി അപേക്ഷകൾ പരിശോധിച്ച് വേണ്ട അന്വേഷണങ്ങൾക്ക് ശേഷമാണ് അർഹരായവരെ തിരഞ്ഞെടുക്കുന്നത്. അതാതു പ്രദേശത്തെ ദൈവാലയങ്ങൾ മുഖേനയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ജാതി-മത-വിഭാഗീയത ഒന്നുമില്ലാതെ ഏറ്റവും അർഹരായവരെ തിരഞ്ഞെടുക്കുന്നു. ഒരു വർഷം ഒരു കുടുംബത്തിന് വീട് പണിതു നൽകുകയും രണ്ടു നിർധന യുവതികളുടെ വിവാഹം നടത്തിക്കൊടുക്കുകയും ചെയ്യുന്നു.
മുസ്ലീം നോമ്പാചരണമാസത്തിൽ ഇഫ്താർ ഗിഫ്റ്റുകൾ നൽകാനും പള്ളിയിലെ സേവനവിഭാഗം എല്ലാ കൊല്ലവും പ്രവർത്തനരംഗത്തുണ്ട്. പഠനസഹായം തവണകളായി നൽകുന്നു. ചികിത്സ, വിവാഹം തുടങ്ങിയവയ്ക്കുള്ള സഹായം ആവശ്യസമയത്ത് നൽകും. ഭവനനിർമാണസഹായം മൂന്നു തവണകളായി പണിയുടെ അടിസ്ഥാനത്തിലാണ് നൽകുക.
ഇടവക ചാരിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ രോഗകാഠിന്യത്താൽ നിരാശരും നിർധനരുമായവരുടെ സഹായത്തിനായി തളി കലക്ഷൻ നടത്തിവരുന്നു. ഓരോ വർഷവും മുൻകൂട്ടി പ്രഖ്യാപിച്ചാണ് ഇത്. ഒരു നിശ്ചിത കാലയളവിനുള്ളിൽ വീടുകൾ ഇല്ലാത്ത ഒരംഗവും സഭയിൽ ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെ ഇടവകയിലെ ഭവനരഹിതർക്ക് ‘ഒരു വർഷം ഒരു വീട്’ വീതം പണിതു നൽകുന്ന പദ്ധതി കാര്യക്ഷമമായി നടന്നുവരുന്നു. ഇടവകാംഗങ്ങളിൽ അർഹരായവരുടെ അപേക്ഷകൾ സ്വീകരിച്ചാണ് സഹായം നൽകുക. ഇടവകയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വലിയ സഹകരണവും സഹായങ്ങളും ലഭിക്കുന്നതായി വികാരി ഫാ. അജി കെ. ചാക്കോ അറിയിച്ചു. ഇടവകയുടെ പ്രവർത്തനങ്ങൾക്കായി ഫാ. ജോൺ കെ. ജേക്കബിനെ നിയമിച്ചുകൊണ്ട് ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് മെത്രാപ്പോലീത്ത കല്പന നൽകിയിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?