Follow Us On

19

March

2024

Tuesday

ചെറുപുഷ്പത്തോടൊപ്പം ഒരു യാത്ര

ചെറുപുഷ്പത്തോടൊപ്പം ഒരു യാത്ര

ദൈവികപുണ്യങ്ങളുടെ അത്യന്തം സാരവത്തായ ബീജം ജ്ഞാനസ്‌നാനത്താൽ തന്നെ ആത്മാക്കളിൽ നിക്ഷേപിക്കപ്പെടുന്നതുകൊണ്ട് അതിലൂടെ ലഭിച്ച വരപ്രസാദം വിശുദ്ധിയിലേക്കുള്ള വിളിയാണ്. സ്വർഗസ്ഥനായ പിതാവിനെപ്പോലെ പരിപൂർണരാകാനുള്ള വിളിയാണത് (മത്താ. 5:48).
ശരീരമാകുന്ന വൃക്ഷത്തിന്റെ ഫലങ്ങളായ ഇന്ദ്രിയാനുഭൂതികളെയും അനുഭവങ്ങളെയും ദൈവികപൂർണത കൈവരിക്കുന്നതിന് സഹായകമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനുള്ള മനുഷ്യന്റെ സ്വാതന്ത്ര്യം ഉത്തരവാദിത്വത്തോടെ ഉപയോഗിക്കുന്നതിനുള്ള മാർഗനിർദേശങ്ങളാണ് ദൈവകല്പനകൾ.
വിശുദ്ധ കൊച്ചുത്രേസ്യാ പറയുന്നു: ”വളരെ നേരത്തെ എന്റെ ബുദ്ധിയെ വികസിപ്പിക്കുകയും ശൈശവ സ്മരണകൾ എന്റെ ഓർമയിൽ അത്യന്തം ആഴമായി പതിപ്പിക്കുകയും ചെയ്യാനുള്ള അനുഗ്രഹം നല്ല ദൈവം എനിക്ക് തന്നു. എന്റെ ജീവിതകാലം മുഴുവൻ സ്‌നേഹംകൊണ്ടെന്നെ സമാവരണം ചെയ്യാൻ നല്ല ദൈവം തിരുമനസായി.”
ഈ ദൈവസ്‌നേഹ സമ്പന്നതയുടെ നിറവിൽ പുണ്യപൂർണത കൈവരിക്കാൻ, ദൈവം ആവശ്യപ്പെടുന്ന ത്യാഗങ്ങൾ ഏറ്റെടുക്കുക എന്നത് ദൈവത്തോട് പ്രതിസ്‌നേഹം കാണിക്കുക എന്നതല്ലാതെ മറ്റൊന്നുമല്ല എന്ന് വിശുദ്ധ കൊച്ചുത്രേസ്യ ബാല്യത്തിൽ മനസിലാക്കി. സ്വയം വിസ്മരിച്ച് ത്യാഗം അനുഷ്ഠിക്കുക എന്നാൽ ദൈവത്തെ സ്‌നേഹിക്കുക എന്നാണെന്നാണ് ചെറുപുഷ്പം അതിനെ വിശേഷിപ്പിക്കുന്നത്.
ഉണ്ണിയേശുവിന്റെയും തിരുമുഖത്തിന്റെയും സംരക്ഷണത്തിൽ വളർന്ന കൊച്ചുത്രേസ്യയെ, പുണ്യപൂർണതയിലേക്ക് വളരാൻ സഹായിക്കുന്ന അന്തരീക്ഷമാണ് കുടുംബത്തിൽ ഉണ്ടായിരുന്നത്. ഇതിനെക്കുറിച്ച് വിശുദ്ധ പറയുന്നത്, തന്റെ മാതാപിതാക്കൾ ഭൂമിയിലെ ജീവിതത്തിനല്ല, സ്വർഗത്തിനാണ് കൂടുതൽ അനുയോജ്യരായിട്ടുള്ളത് എന്നാണ്.
ദിവസേനയുള്ള വിശുദ്ധ കുർബാന, കുടുംബപ്രാർത്ഥന, സൗഹൃദം നിറഞ്ഞ കുടുംബാന്തരീക്ഷം, ദൈവസാന്നിധ്യ ബോധമുള്ള കുടുംബാംഗങ്ങൾ തുടങ്ങിയവയെല്ലാം കൊച്ചുറാണിയുടെ ജീവിതത്തെ വിശുദ്ധീകരിക്കാൻ പോന്നവയായിരുന്നു. ഇതോടൊപ്പം പ്രകൃതിയോടുള്ള സ്‌നേഹം അവളിൽ നിറയുകയും ചെയ്തിരുന്നു.
അനുസരണത്തിന്റെയും പരിത്യാഗത്തിന്റെയും പാഠങ്ങളെല്ലാം ചെറുപുഷ്പം വീട്ടിൽനിന്നാണ്് പഠിച്ചത്. കുഞ്ഞുങ്ങൾക്ക് അഹങ്കാരം ഉണ്ടാകാതിരിക്കാൻ അമിതവാത്സല്യവും ആവശ്യമില്ലാത്ത മേഖലകളിൽ പ്രോത്സാഹനവും നൽകാതിരിക്കേണ്ടത് ആവശ്യമാണെന്നായിരുന്നു അവളുടെ മാതാപിതാക്കളുടെ അഭിപ്രായം.
ഒരിക്കൽ അപ്പന്റെ കൂടെ നടക്കാൻ പോയപ്പോൾ കൊച്ചുറാണിയെ കണ്ട പിതാവിന്റെ സുഹൃത്ത്, ‘ഇവൾ മിടുക്കിയും സുന്ദരിയുമാണല്ലോ’ എന്നു പറഞ്ഞു. എന്നാൽ ഇതു പറഞ്ഞ സ്‌നേഹിതനെ ആംഗ്യഭാഷയിൽ അപ്പച്ചൻ വിലക്കുന്നത് അവൾ കണ്ടു. അവൾ ആദ്യമായിട്ടായിരുന്നു തന്നെക്കുറിച്ച് ഇങ്ങനെ പറയുന്നത് കേട്ടത്. തന്റെ സൗന്ദര്യവും കഴിവുകളുമെല്ലാം ദൈവം നൽകിയവ മാത്രമാണെന്ന് ചെറുപുഷ്പം വിശ്വസിച്ചിരുന്നു. മറ്റൊരവസരത്തിൽ, നടക്കാൻ പോകാൻ വസ്ത്രം മാറി വരാൻ അപ്പച്ചൻ പറഞ്ഞു. കൈ മുഴുവൻ മറയ്ക്കുന്ന നീളമുള്ള കൈയുള്ള ഉടുപ്പ് ധരിക്കാനാണ് അദ്ദേഹം നിർദേശിച്ചത്. എന്നാൽ കൈനീളം കുറവുള്ള ഉടുപ്പ് ധരിച്ചാണ് അവൾ അപ്പച്ചന്റെ അടുത്തേക്ക് വന്നത്. മനോഹരമായ തന്റെ കൈകൾ കാണാവുന്ന ഉടുപ്പ് ധരിക്കുന്നത് തന്റെ സൗന്ദര്യം വർധിപ്പിക്കുമെന്ന് അവൾ കരുതി.
എന്നാൽ അപ്പച്ചൻ പറഞ്ഞു, ശരീരപ്രദർശനം പാപവും അതോടൊപ്പം പാപഹേതുവും അഹങ്കാരവുമാണ്. മാത്രമല്ല, അവൾ അനുസരണക്കേടും കാണിച്ചു. ഉടൻതന്നെ അവൾ വസ്ത്രം മാറി പിതാവിന്റെ നിർദേശാനുസരണം പ്രവർത്തിച്ചു. ”നിങ്ങൾ ഓരോരുത്തരും സ്വന്തം ശരീരത്തെ വിശുദ്ധിയിലും മാന്യതയിലും കാത്തുസൂക്ഷിക്കേണ്ടത് എങ്ങനെയെന്നറിയണം” (1 തെസ. 4:4) എന്ന പാഠം അവൾ തന്റെ പിതാവിൽനിന്ന് ഇതിലൂടെ പഠിച്ചു. മാത്രമല്ല, സ്‌നേഹം അനുസരണം ആവശ്യപ്പെടുന്നുണ്ടെന്നും അവൾ മനസിലാക്കി.
മറ്റൊരവസരത്തിൽ തന്റെ ഗർവം നശിപ്പിക്കാൻ സഹായിച്ച സംഭവത്തെക്കുറിച്ച് വിശുദ്ധ വിവരിക്കുന്നുണ്ട്. മെയ്മാസത്തിലെ ഒരു സായംകാലം. പ്രാർത്ഥന ആരംഭിക്കാൻ വേണ്ടുന്നവ തയാറാക്കുകയായിരുന്നു വേലക്കാരി വിക്ടറിയും കൊച്ചുറാണിയും. കൊച്ചുറാണി എത്രയും ദയയുള്ള മാതാവേ എന്ന ജപം ചൊല്ലാൻ വിക്ടറിയോട് പറഞ്ഞു. എന്നാൽ അതിന് കൂട്ടാക്കാതെ അവൾ കൊച്ചുറാണിയെ നോക്കി ചിരിച്ചുകൊണ്ടുനിന്നതേയുള്ളൂ. വീണ്ടും ആവശ്യപ്പെട്ടെങ്കിലും അവൾ പ്രാർത്ഥന ചൊല്ലാൻ തയാറായില്ല. ഉടൻ ‘അസത്തേ’ എന്നു വിളിച്ച്, കൊച്ചുറാണി വിക്ടറിയെ ശകാരിച്ചു. അതോടൊപ്പം ശക്തി മുഴുവൻ എടുത്ത് നിലത്തൊരു ചവിട്ടും കൊടുത്തു.
കൊച്ചുറാണിക്ക് വലിയ ഇഷ്ടമുള്ള ഒരു സമ്മാനം – മെഴുകുതിരികൾ – ഒളിപ്പിച്ചുവച്ച് സ്‌നേഹപൂർവം അവൾക്കത് നൽകാൻ കാത്തുനിന്ന വിക്ടറി അതുകണ്ട് അമ്പരന്നുപോയി ഈ പ്രതികരണരീതിയിൽ. അരിശംകൊണ്ട് ജ്വലിച്ചുനിന്ന കൊച്ചുറാണി, വിക്ടറി തനിക്കായി കരുതിയ സമ്മാനം കണ്ട് തേങ്ങിക്കരഞ്ഞു. താൻ വെറുപ്പോടും ഗർവോടും ശകാരിച്ച വ്യക്തി തന്നെ എത്രമാത്രം സ്‌നേഹിച്ചിരുന്നുവെന്നും നാം വെറുക്കുന്നവരും സ്‌നേഹിക്കപ്പെടത്തക്ക നന്മയുള്ളവരാണെന്നുമുള്ള പാഠം കൊച്ചുറാണി ഈ സംഭവത്തിലൂടെ പഠിച്ചു.
പിന്നീട് കുശിനിയിലെ ചിമ്മിനിപ്പടിയിലിരുന്ന മഷിക്കുപ്പി എടുത്തുകൊടുക്കാൻ കൊച്ചുറാണി ആവശ്യപ്പെട്ടപ്പോഴും വിക്ടറി തയാറായില്ല. കസേരയിട്ട് അതിൽ കേറി നിന്നെടുക്കാൻ വിക്ടറി പറഞ്ഞതോടെ, അവളെ ‘കില്ലേ’ എന്ന് വിളിച്ച് കൊച്ചുറാണി ശകാരിച്ചു. എന്നാൽ കൊച്ചുറാണിയുടെ ചേച്ചി അവളെക്കൊണ്ട് വിക്ടറിയോട് മാപ്പു ചോദിപ്പിച്ചു. മുതിർന്നവർ, ഏതു പദവിയിലുള്ളവരാണെങ്കിലും അവരോട് ആദരവോടെ പെരുമാറണമെന്ന് ഇതിലൂടെ അവൾ മനസിലാക്കുകയായിരുന്നു.
ഒരു വിശുദ്ധയാകണമെന്ന മോഹം മനസിൽ സൂക്ഷിച്ചിരുന്ന കൊച്ചുറാണി, തനിക്കതിന് കഴിയില്ലെന്ന് അമ്മത്രേസ്യയെപ്പോലുള്ളവരുടെ ജീവചരിത്രം പിതാവിൽനിന്ന് കേട്ടപ്പോൾ ചിന്തിച്ചു. എന്നാൽ അവൾക്ക് ദൈവം ഒരു കുറുക്കുവഴി കാണിച്ചുകൊടുത്തു – ഗോവണി. പിന്നീട് സന്യാസിനിയായി ആറുവർഷം പിന്നിട്ടശേഷവും തന്റെ പരിമിതികളോടുകൂടി വിശുദ്ധയാകാൻ കഴിയില്ലെന്നവൾ ചിന്തിച്ചു. അപ്പോൾ ദൈവം അവൾക്ക് കൂടുതൽ പെട്ടെന്ന് ഉയരത്തിലെത്താൻ സഹായിക്കുന്ന ‘ലിഫ്റ്റ്’ കാണിച്ചുകൊടുത്തു.
ഏശയ്യാ 49:15 അവളുടെ ധ്യാനത്തിന് ദൈവം നിർദേശിച്ചു. വലിയ ഒരു തിരിച്ചറിവിലേക്ക് ഇത് അവളെ നയിച്ചു. ”മുല കുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്ക് മറക്കാനാകുമോ?… അവൾ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല.” തന്റെ മാതാവിന്റെ സ്‌നേഹാധിക്യം അതിന്റെ പൂർണതയിൽ അനുഭവിച്ചിട്ടുള്ള കൊച്ചുറാണിക്ക്, അതിലുമധികമായി സ്‌നേഹിക്കുന്ന ദൈവപിതാവിനെക്കുറിച്ചുള്ള ഉൾക്കാഴ്ച ലഭിച്ചപ്പോൾ വലിയ സമാധാനവും പ്രത്യാശയും ഉണ്ടായി. ഒരു കുഞ്ഞ് അമ്മയിലെന്നപോലെ ദൈവത്തിൽ പൂർണമായി ആശ്രയിക്കാനും അവിടുത്തെ സ്‌നേഹിക്കാനും അവൾ തീരുമാനിച്ചു. താൻ എന്നും ദൈവസ്‌നേഹാനുഭവത്തിൽ അവിടുത്തോട് ചേർന്നിരിക്കുന്ന ഒരു കുഞ്ഞായിരിക്കും എന്നവൾ നിശ്ചയിച്ചുറപ്പിച്ചു. ഇപ്രകാരം സ്വീകരിക്കുന്ന ‘ശിശുത്വം’ എപ്പോഴും ദൈവത്തോട് ചേർന്നുനിൽക്കാൻ തന്നെ സഹായിക്കുമെന്നവൾ ഉറച്ചു വിശ്വസിച്ചു. ഈ മനോഭാവം കൈവരിച്ചതോടെ വിശുദ്ധിയുടെ പടവുകൾ പറന്നു കയറാൻ അവൾക്കാവേശമായി.
മറ്റുള്ളവർ ഒറ്റപ്പെടുത്തുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുമ്പോൾ അതൊക്കെ ദൈവത്തിന് സമർപ്പിക്കാൻ അവൾ പരിശീലിച്ചു. യാതൊരു തെറ്റും ചെയ്യാതെ തന്നെ വെറുക്കുകയും ശാസിക്കുകയും ചെയ്തിരുന്ന ഒരു സഹോദരിയെ ആദ്യമൊക്കെ ഇഷ്ടപ്പെടാൻ അവൾ ഏറെ പാടുപെട്ടു. എന്നിരുന്നാലും മുതിർന്നവർ ശാസിക്കുമ്പോൾ നിലം ചുംബിക്കണം എന്നായിരുന്നു മഠത്തിലെ നിയമം. എവിടെ കണ്ടാലും തന്നെ ശാസിച്ചിരുന്ന ഈ സഹോദരിയെ കാണുമ്പോൾ ഓടിയൊളിക്കുമായിരുന്ന കൊച്ചുറാണി, പിന്നീട് അവരുടെ ശാസന കേൾക്കാൻ കാത്തുനിന്നു. ഓരോ തവണ ശാസന കേൾക്കുമ്പോഴും നിലം ചുംബിച്ച്, അത് ദൈവത്തിന് ഒരു റോസാപ്പൂവായി അവൾ സമർപ്പിച്ചു. നമ്മെ വെറുക്കുന്നവരും വിശുദ്ധിയിൽ വളരാൻ സഹായിക്കുമെന്നതിനാൽ അവരെ ആഴമായി സ്‌നേഹിക്കുകയാണ് വേണ്ടതെന്ന് കൊച്ചുറാണി ഇതിലൂടെ പഠിച്ചു.
വിശുദ്ധിക്കും ദൈവത്തോടൊത്തുള്ള ജീവിതത്തിനും പ്രാധാന്യം കല്പിക്കാത്ത ആധുനിക കാലത്ത് കുടുംബങ്ങൾ തിന്മയുടെ വിളനിലമാകുന്നുവെന്നതാണ് സത്യം. കൊച്ചുത്രേസ്യയെ വിശുദ്ധിയുടെ ഔന്നത്യത്തിലേക്ക് നയിച്ച അവളുടെ മാതാപിതാക്കളും വിശുദ്ധരായിത്തീർന്നിരിക്കുന്നു. കുടുംബവിശുദ്ധീകരണം കാലഘട്ടം ആവ്യപ്പെടുന്ന ഏറ്റവും വലിയ പുണ്യമാണ്.
ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ
 
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?