Follow Us On

29

March

2024

Friday

ആത്മാവിന്റെ പുൽക്കൂട്ടിൽ ഉണ്ണി പിറന്നപ്പോൾ

ആത്മാവിന്റെ പുൽക്കൂട്ടിൽ ഉണ്ണി പിറന്നപ്പോൾ

ഫിന്റോ ഫ്രാന്‍സിസ് എംബിബിഎസ് പാസായ ഉടനെ ധ്യാനത്തിന് പോയി. മനസിനെ മഥിച്ചുകൊണ്ടിരുന്ന രണ്ട് സംശയങ്ങള്‍ക്കുള്ള ഉത്തരം തേടിയായിരുന്നു യാത്ര. തന്നെക്കുറിച്ചുള്ള ദൈവഹിതം തിരിച്ചറിയുക എന്നതായിരുന്നു ആദ്യത്തേത്. തന്റെ വിളി വിവാഹജീവിതത്തിലേക്കോ പൗരോഹിത്യത്തിലേക്കോ എന്നൊരു സംശയം അക്കാലത്ത് മനസില്‍ രൂപപ്പെട്ടു തുടങ്ങിയിരുന്നു. അതിനൊരു കാരണം ഉണ്ടായിരുന്നു. എംബിബിഎസിന് അദ്ദേഹത്തിന്റെ കൂടെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പഠിച്ചുകൊണ്ടിരുന്ന സുഹൃത്ത് റിസല്‍ട്ട് വന്ന ഉടനെ സെമിനാരിയില്‍ ചേര്‍ന്നു. തന്നെക്കുറിച്ചുള്ള ദൈവഹിതം അതായിരിക്കുമോ എന്നൊരു സംശയം ഡോ. ഫിന്റോയുടെ മനസിലും ഉടലെടുത്തു. വിവാഹജീവിതത്തിലേക്കാണ് വിളിച്ചിരിക്കുന്നതെന്ന് ധ്യാനത്തില്‍വച്ച് തിരിച്ചറിഞ്ഞു. രണ്ടാമത്തെ സംശയം, പിജി പഠനത്തിന് മെയിന്‍ ഏതെടുക്കണമെന്നതായിരുന്നു. മെഡിക്കല്‍ കോളജില്‍ രണ്ടാം വര്‍ഷം പഠിക്കുമ്പോള്‍ മുതല്‍ മനസില്‍ കയറിക്കൂടിയതായിരുന്നു ഗൈനക്കോളജിസ്റ്റ് ആകണമെന്ന ആഗ്രഹം. പക്ഷേ, മുമ്പിലുണ്ടായിരുന്ന പ്രതിബന്ധങ്ങള്‍ മലപോലെ ഉയര്‍ന്നതായിരുന്നു. എംബിബിഎസിന് ചേരുന്നതിന് മുമ്പ് രണ്ട് പ്രതിജ്ഞകള്‍ ഫിന്റോ എടുത്തിരുന്നു. താനൊരിക്കലും അബോര്‍ഷനോ പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയയോ ചെയ്യില്ല.
ഗൈനക്കോളജിസ്റ്റിന് അബോര്‍ഷന്‍ നടത്താതെ മുമ്പോട്ടു പോകാനാകുമെന്ന് ഡോ. ഫിന്റോക്ക് മനസിലായി. കാരണം, പഠിച്ച തൃശൂര്‍ മെഡിക്കല്‍ കോളജിലെ 70 ശതമാനം ഡോക്ടര്‍മാരും അബോര്‍ഷന്‍ ചെയ്യാത്തവരായിരുന്നു. എന്നാല്‍ പ്രസവം നിര്‍ത്താത്ത ഒരു ഗൈനക്കോളജിസ്റ്റിനെപ്പോലും കണ്ടിട്ടുണ്ടായിരുന്നില്ല. ഗൈനക്കോളജിയിലേക്ക് തിരിയാനുള്ള കാരണം ജീവനോടുള്ള സ്‌നേഹമായിരുന്നു എന്നൊരു പ്രത്യേകതയുമുണ്ട്. ഗൈനക്കോളജി തിരഞ്ഞെടുക്കാമെന്നുള്ള ഉത്തരം അവിടെനിന്നും കിട്ടി. അതുകൊണ്ടുതന്നെ ബലിവേദിയില്‍ ഒരു വൈദികന്‍ എത്ര വിശുദ്ധി പുലര്‍ത്തുമോ അതേ മനസോടെയാണ് പ്രൊഫഷനെ കാണുന്നതും. ജീവനുവേണ്ടി നിലനില്ക്കാന്‍ ബലം ലഭിക്കുന്നതും അവിടെനിന്നാണ്.

ഹൗസ് സര്‍ജന്‍സി സംഭവബഹുലം
തൃശൂര്‍ ജില്ലയിലെ അവിട്ടത്തൂര്‍ പേങ്ങിപ്പറമ്പില്‍ ഫ്രാന്‍സിസ്-ലില്ലി ദമ്പതികളുടെ മൂന്നു മക്കളില്‍ രണ്ടാമനാണ് ഡോ. ഫിന്റോ. പ്രീഡിഗ്രി കാലം മുതല്‍ ജീസസ് യൂത്തില്‍ സജീവമായിരുന്നു. ആ കാലത്താണ് ഡോക്ടര്‍ എന്ന സ്വപ്‌നം മനസില്‍ കയറിയത്. തന്റെ ആഗ്രഹം നിറവേറുന്നതിനായി ആശ്രയം അര്‍പ്പിച്ചത് പ്രാര്‍ത്ഥനയിലായിരുന്നു. ദിവസവും ജപമാലയിലെ ഒരു രഹസ്യവും ഒരു കരുണക്കൊന്തയും ഈ നിയോഗത്തിനായി സമര്‍പ്പിക്കാന്‍ തുടങ്ങി. ഡോക്ടറായാല്‍ പ്രോ-ലൈഫ് രംഗത്ത് സജീവമായി പ്രവര്‍ത്തിക്കാമല്ലോ എന്നതായിരുന്നു ചിന്ത. എന്‍ട്രന്‍സ് റിസല്‍ട്ട് വന്നപ്പോള്‍ ഏറ്റവും അത്ഭുതപ്പെട്ടത് ഫിന്റോയായിരുന്നു. നൂറില്‍ താഴെയായിരുന്നു റാങ്ക്. ദൈവം കണ്ടത് നിസ്വാര്‍ത്ഥത നിറഞ്ഞ അവന്റെ ഹൃദയമായിരുന്നെന്ന് ചുരുക്കം. തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ അഡ്മിഷന്‍ ലഭിച്ചു. ദൈവത്തിന് തന്റെ ജീവിതത്തെപ്പറ്റി പദ്ധതിയുണ്ട്, അത് പ്രോ-ലൈഫ് മേഖലയില്‍ ആയിരിക്കുമെന്നൊരു ബോധ്യമാണ് അപ്രതീക്ഷിത വിജയം സമ്മാനിച്ചത്. ആദ്യവര്‍ഷം മുതല്‍ മെഡിക്കല്‍ കോളജിലെ ജീസസ് യൂത്ത് മൂവ്‌മെന്റില്‍ സജീവമായി. തൃശൂര്‍ രൂപതയുടെ ഫാമിലി അപ്പസ്‌തോലേറ്റിന്റെ ഭാഗമായി പ്രോ-ലൈഫ് ഗ്രൂപ്പും സജീവമായിരുന്നു. കോളജില്‍ ചേര്‍ന്നതുമുതല്‍ ഫിന്റോയും അവിടെ അംഗമായി.
ഡോ. ഫിന്റോയുടെ ഹൗസ് സര്‍ജന്‍സി സംഭവബഹുലമായിരുന്നു. എംബിബിഎസ് പാസായെങ്കിലും ഹൗസ് സര്‍ജന്‍സി വിജയകരമായി പൂര്‍ത്തിയാക്കിയാലേ ഡോക്‌റായി പ്രാക്ടീസ് ചെയ്യാനോ പിജി പഠനത്തിനോ കഴിയുകയുള്ളൂ. ഗൈനക്കോളജി ഡിപ്പാര്‍ട്ടുമെന്റില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുമ്പോഴാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഓപ്പറേഷന്‍ തിയേറ്ററില്‍ അബോര്‍ഷനും പ്രസവത്തോടനുബന്ധിച്ച് പ്രസവം നിര്‍ത്തലും സാധാരണമാണ്. അതില്‍ സഹായിക്കാതെ എങ്ങനെ രണ്ടു മാസം മുമ്പോട്ടുപോകുമെന്നൊരു ചോദ്യമുയര്‍ന്നു. ആദ്യദിവസങ്ങളില്‍ കാര്യമായ കേസുകളൊന്നും ഉണ്ടാകാത്തതിനാല്‍ വിളിവന്നില്ല. ദൈവം രക്ഷപ്പെടുത്തിയതായിരിക്കുമെന്ന് കരുതിയിരിക്കുമ്പോഴാണ് പിറ്റേ ദിവസത്തേക്ക് മൂന്ന് പ്രസവ കേസുകള്‍ പോസ്റ്റു ചെയ്തിട്ടുണ്ടെന്ന വിവരം അറിയുന്നത്. മൂന്നിനും പ്രസവം നിര്‍ത്തുകയും വേണം. ആ മൂന്ന് സ്ത്രീകളെയും ഫിന്റോയും സുഹൃത്തുക്കളും ചേര്‍ന്നുകണ്ടു. പ്രസവം നിര്‍ത്തുന്നതില്‍നിന്നും പിന്തിരിപ്പിക്കാന്‍ പരമാവധി ശ്രമിച്ചു. പക്ഷേ, പ്രയോജനം ഉണ്ടായില്ല. അവര്‍ പിന്തിരിയാന്‍ തയാറായില്ല. പിറ്റേന്ന് ആശുപത്രിയിലെത്തി. എന്തുവന്നാലും അതില്‍ അസിസ്റ്റു ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നു. ഹൗസ് സര്‍ജന്‍സി തുടങ്ങിയപ്പോള്‍ത്തന്നെ വീട്ടില്‍ തന്റെ തീരുമാനം അറിയിച്ചിരുന്നു. അധ്യാപകരായ മാതാപിതാക്കള്‍ ധ്യാനം കൂടിയവരായിരുന്നതിനാല്‍ മകന്റെ തീരുമാനത്തിനൊപ്പമായിരുന്നു. മമ്മി അപ്പോള്‍ മുതല്‍ പ്രത്യേക പ്രാര്‍ത്ഥനകളും ആരംഭിച്ചിരുന്നു.

മനസിലൊരു ഫുള്‍ടൈമര്‍ഷിപ്പ്
തീയേറ്ററില്‍ കയറുന്നതിന് തൊട്ടുമുമ്പ് വാര്‍ഡില്‍ ഒരു രോഗിക്ക് സീരിയസാണെന്ന വിവരം എത്തി. സീനിയര്‍ ഡോക്ടര്‍ ഡോ. ഫിന്റോയെ അതു നോക്കാന്‍ പറഞ്ഞയച്ചു. ദൈവം രക്ഷപ്പെടുത്തിയല്ലോ എന്ന ചിന്തയില്‍ അവിടേക്കു പാഞ്ഞു. ഒരു സിസേറിയന്‍ കഴിയുന്ന സമയംകൊണ്ട് വാര്‍ഡിലെ ജോലി പൂര്‍ത്തിയായി. ബാക്കി സമയം എന്തു ചെയ്യുമെന്ന ചിന്ത ഉണ്ടായി. ആദ്യം വിചാരിച്ചത്, ഹോസ്റ്റലില്‍ പോയി ഒളിച്ചിരിക്കാമെന്നാണ്. ആളെ കാണാതെ വരുമ്പോള്‍ അവര്‍ പകരം ആരെയെങ്കിലും നിയോഗിക്കും. എന്നാല്‍, അതേ സമയം ഹൃദയത്തില്‍ ഒരു സ്വരം മുഴങ്ങി: ”നീ ഒളിച്ചിരിക്കേണ്ടവനല്ല, സാക്ഷ്യം നല്‍കേണ്ടവനാണ്.”
തിരിച്ചുപോകാനുള്ള പ്രേരണ ശക്തമായി. അവിടെ ചെന്നതേ ഓപ്പറേഷന് അസിസ്റ്റു ചെയ്യാന്‍ സീനിയര്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. താന്‍ ഇതു ചെയ്യില്ലെന്ന് പറഞ്ഞ് തീയേറ്ററില്‍നിന്നും ഇറങ്ങിപ്പോയി. അങ്ങനെ പറയുമ്പോള്‍ മുമ്പിലൊരു ശൂന്യത ഉണ്ടായിരുന്നു എന്ന് ഡോ. ഫിന്റോ ഓര്‍ക്കുന്നു. ഇതിന്റെ പേരില്‍ ഒന്നോ രണ്ടോ മാസം കൂടി ഹൗസ് സര്‍ജന്‍സി കാലയളവ് നീട്ടാം. ഒരു വര്‍ഷം നീട്ടിയാലും കുഴപ്പമില്ലെന്നായിരുന്നു ഡോ. ഫിന്റോയുടെ നിലപാട്. കാരണം, ജീസസ് യൂത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ആ ചെറുപ്പക്കാരന്റെ ആഗ്രഹമായിരുന്നു ഒരു വര്‍ഷത്തെ ഫുള്‍ടൈമര്‍ഷിപ്പ്. ഒരു വര്‍ഷം അധികമായി ഹൗസ് സര്‍ജന്‍സി ചെയ്യേണ്ടിവന്നാല്‍ അതു ഫുള്‍ടൈമര്‍ഷിപ്പായി കണക്കാക്കാന്‍ ഡോ. ഫിന്റോ മനസുകൊണ്ട് തീരുമാനിച്ചിരുന്നു.
സീനിയര്‍ ഡോക്ടര്‍ പരാതിയുമായി ഡിപ്പാര്‍ട്ടുമെന്റ് ഹെഡിനെ സമീപിച്ചു. എല്ലാവരും പ്രതീക്ഷിച്ചത് ഫിന്റോക്ക് കണക്കറ്റ് ശകാരം ലഭിക്കുമെന്നായിരുന്നു. എന്നാല്‍, മറിച്ചാണ് സംഭവിച്ചതെന്നുമാത്രം. ഫിന്റോക്ക് സമ്മതമല്ലെങ്കില്‍ നിര്‍ബന്ധിക്കണ്ട. എന്റെയൊപ്പം മൈനര്‍ തീയേറ്ററില്‍ സഹായിക്കട്ടെ എന്നായിരുന്നു എച്ച്ഒഡിയുടെ മറുപടി. ദൈവം അത്ഭുതകരമായി ഇടപെട്ടതാണെന്ന കാര്യത്തില്‍ ഡോ. ഫിന്റോക്ക് അല്പംപോലും സംശയമില്ല. ഇങ്ങനെയുള്ള കേസുകള്‍ക്ക് അസിസ്റ്റു ചെയ്യില്ലെന്നുള്ള പരസ്യപ്രഖ്യാപനമായി അതു മാറി. അതിനുശേഷം അത്തരത്തിലുള്ള കേസുകള്‍ക്ക് ആരും വിളിക്കാതെയായി. എങ്ങനെ അതിനുള്ള ധൈര്യം കിട്ടി എന്നു ചോദിച്ചാല്‍ ഡോ. ഫിന്റോയുടെ ഉത്തരം ലളിതമാണ്. ”തൃശൂര്‍ പുത്തന്‍പള്ളിയും മെഡിക്കല്‍ കോളജും വളരെ അടുത്താണ്. പള്ളിയില്‍ ഇരുന്ന് പ്രാര്‍ത്ഥിച്ചപ്പോള്‍ ലഭിച്ച ബോധ്യം-നിന്നെ കറയോ കളങ്കമോ ഇല്ലാത്തവനായി എന്റെ മുമ്പില്‍ കാണണമെന്നായിരുന്നു. പിന്നെ എനിക്ക് ആ പാപത്തോട് എങ്ങനെ സന്ധിചെയ്യാന്‍ കഴിയും?”

സ്പിരിച്വല്‍ അഡോപ്ഷന്‍ മൂവ്‌മെന്റ്
എംബിബിഎസ് പഠനകാലത്താണ് ഫിന്റോയും സുഹൃത്തുക്കളും ചേര്‍ന്ന് സ്പിരിച്വല്‍ അഡോപ്ഷന്‍ പ്രയര്‍ മൂവ്‌മെന്റ് എന്നൊരു പ്രസ്ഥാനത്തിന് തുടക്കംകുറിച്ചത്. ഗര്‍ഭസ്ഥ ശിശുക്കള്‍ക്കായി ബിഷപ് ഫുള്‍ട്ടന്‍ ജെ. ഷീന്‍ എഴുതിയ പ്രാര്‍ത്ഥനയാണ് ഇതിന്റെ അടിസ്ഥാനം. ഉദരത്തിലുള്ള കുഞ്ഞുങ്ങളെ ആത്മീയമായി ദത്തെടുത്തു പ്രാര്‍ത്ഥിക്കും. 20,000 പ്രാര്‍ത്ഥനാ കാര്‍ഡുകള്‍ അടിച്ചു വിതരണം ചെയ്തു. അതു ഇന്ത്യയില്‍ മാത്രമല്ല, പല വിദേശരാജ്യങ്ങളിലും എത്തി. മെഡിക്കല്‍ കോളജില്‍ അബോര്‍ഷനുകള്‍ക്ക് എത്തുന്നവര്‍ ധാരാളം ഉണ്ടായിരുന്നു. അഡ്മിറ്റാകുന്നവരെ പിന്തിരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജീസസ് യൂത്ത് സുഹൃത്തുക്കള്‍ ചേര്‍ന്ന് ആരംഭിച്ചു. അവര്‍ കൗണ്‍സലിംഗ് നല്‍കിയപ്പോള്‍ അനേകരുടെ മനസുമാറി. പിറ്റേന്ന് ഡോക്ടര്‍ വരുമ്പോള്‍ ഡിസ്ചാര്‍ജ് വാങ്ങി പോകുമെന്ന് പറഞ്ഞ പലരും സീനിയര്‍ ഡോക്ടറെ കണ്ടുകഴിയുമ്പോള്‍ അബോര്‍ഷനിലേക്ക് കടക്കുന്ന ധാരാളം സംഭവങ്ങള്‍ക്കും സാക്ഷികളായി. ഇതൊന്നും പാപമോ തെറ്റോ അല്ല എന്നായിരിക്കും ഡോക്‌ടേഴ്‌സ് പറയുന്നത്. മണിക്കൂറുകള്‍ സംസാരിച്ചു ബോധ്യപ്പെടുത്തിയ കാര്യങ്ങള്‍ നിമിഷനേരംകൊണ്ട് ഡോക്ടര്‍മാര്‍ മാറ്റിമറിക്കുന്നു. ഇതു പലപ്രാവശ്യം ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ മറ്റൊരു തിരിച്ചറിവിലേക്കാണ് അതു നയിച്ചത്. ഗൈനക്കോളജി പ്രോ-ലൈഫര്‍ ആകുകയാണെങ്കില്‍ ഈ മേഖലയില്‍ എത്രയോ സാധ്യതകളുണ്ടെന്ന ബോധ്യമുണ്ടായി. പക്ഷേ, അബോര്‍ഷനും പ്രസവം നിര്‍ത്തലും ഗര്‍ഭനിരോധന മാര്‍ഗങ്ങളും സപ്പോര്‍ട്ടുചെയ്യാതെ ഒരു ഗൈനക്കോളജിസ്റ്റ് എങ്ങനെ മുമ്പോട്ടുപോകുമെന്നതായിരുന്നു വെല്ലുവിളി.
പിജിക്ക് മെറിറ്റില്‍ അഡ്മിഷന്‍ ലഭിച്ചു. ഗൈനക്കോളജിയില്‍ ഡിഎന്‍ബിക്കാണ് ചേര്‍ന്നത്. തൃശൂര്‍ ജൂബിലി മിഷനിലായിരുന്നു പിജി പഠനം. ആ വര്‍ഷം ഡിഎന്‍ബിയില്‍ ഏഴ് പേര്‍ എഴുതിയിട്ട് ജയിച്ചത് ഡോ. ഫിന്റോ മാത്രമായിരുന്നു. റിസല്‍ട്ട് അറിഞ്ഞപ്പോള്‍ ഡിപ്പാര്‍ട്ടുമെന്റ് ഹെഡ് പറഞ്ഞത്, ദൈവത്തിലുള്ള എന്റെ വിശ്വാസം വര്‍ധിച്ചു എന്നായിരുന്നു. പിജി കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ മനസില്‍ തെല്ലൊരു ആശങ്ക ഉണ്ടായിരുന്നു എന്ന് ഡോ. ഫിന്റോ പറയുന്നു. പ്രസവം നിര്‍ത്താത്ത ഗൈനക്കോളജിസ്റ്റിന്റെ അടുത്ത് ആളുകള്‍ വരുമോ? അങ്ങനെ ചിന്ത ഉണ്ടാകാന്‍ കാരണം, സീനിയര്‍ ഡോക്‌ടേഴ്‌സിന്റെ വാക്കുകളായിരുന്നു. ”പ്രസവം നിര്‍ത്താതെ പ്രാക്ടീസു ചെയ്താല്‍ ആരും ഉണ്ടാവില്ല.” എന്നാല്‍, ഒമ്പതു വര്‍ഷങ്ങള്‍ക്കുശേഷം ചെറു ചിരിയോടെ ഡോ. ഫിന്റോ പറയുന്നു, അന്ന് പറഞ്ഞ ആ സീനിയര്‍ ഡോക്‌ടേഴ്‌സിനെക്കാളും എനിക്കിപ്പോള്‍ പ്രാക്ടീസുണ്ട്. എന്റെ പ്രൊഫഷന്‍, കുടുംബം, മിനിസ്ട്രി ഈ മൂന്നിലും ഒരു കുറവും വന്നിട്ടില്ല. കര്‍ത്താവിന്റെ കയ്യില്‍ പിടിച്ചു പോകുമ്പോള്‍ എത്ര രസമായിട്ടാണെന്നോ ഓരോ ദിവസവും മുമ്പോട്ടുപോകുന്നത്. അത്ഭുതങ്ങളാണ് ദിവസവും കാണുന്നതെന്ന് ഡോ. ഫിന്റോ കൂട്ടിച്ചേര്‍ക്കുന്നു.

ആദ്യ റീകാനലൈസേഷന്‍
തൃശൂര്‍ ജില്ലയിലെ കുഴിക്കാട്ടുശേരി മറിയം ത്രേസ്യ ഹോസ്പിറ്റലിലാണ് ആദ്യമായി ജോയിന്‍ ചെയ്യുന്നത്. ഇപ്പോഴും അവിടെയാണ്. ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഡോ. ഫിന്റോ ചില നിബന്ധനകള്‍ മാനേജ്‌മെന്റിന്റെ മുമ്പില്‍വച്ചു. താന്‍ ഒരിക്കലും അബോര്‍ഷന്‍ നടത്തുകയോ പ്രസവം നിര്‍ത്തുകയോ ചെയ്യില്ല. പരാമാവധി നോര്‍മല്‍ പ്രസവങ്ങളാക്കാന്‍ ശ്രമിക്കും. നാലോ അഞ്ചോ എത്ര സിസേറിയനുകള്‍ക്ക് ശേഷമുള്ളതാണെങ്കിലും ചെയ്യും. വലിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കണം. അതിന്റെ ഭാഗമായി നാലിനും അതിന് മുകളിലുമുള്ള പ്രസവങ്ങള്‍ ഫ്രീയായി നടത്തണം. അവര്‍ക്ക് ആ നിര്‍ദ്ദേശങ്ങള്‍ നൂറു ശതമാനവും സമ്മതമായിരുന്നു. തുടക്കത്തില്‍ പ്രാക്ടീസ് കുറവായിരുന്നു. എന്നാല്‍, ക്രമേണ എണ്ണം വര്‍ധിക്കാന്‍ തുടങ്ങി. 2009-ലായിരുന്നു അവിടെ ജോലിയില്‍ പ്രവേശിച്ചത്. 2010-ല്‍ റീകാനലൈസേഷന്‍ (പ്രസവം നിര്‍ത്തിയവര്‍ക്ക് വീണ്ടും കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതിനുള്ള ശസ്ത്രക്രിയ) നടത്താന്‍ ആരംഭിച്ചു. ആദ്യവര്‍ഷം 10 പേരാണ് എത്തിയത്. അടുത്ത വര്‍ഷം 24, പിറ്റത്തെ വര്‍ഷം 36 എന്നിങ്ങനെ വര്‍ധിച്ചുവരാന്‍ തുടങ്ങി. ഇപ്പോള്‍ ശരാശരി ഒരു വര്‍ഷം 80 കേസുകള്‍ വരുന്നുണ്ട്. ഇതിനോടകം 450 റീകാനലൈസേഷനുകള്‍ നടത്തിക്കഴിഞ്ഞു.
ആദ്യത്തെ റീകാനലൈസേഷന്‍ ഡോ. ഫിന്റോയുടെ മനസില്‍ തങ്ങിനില്ക്കുന്ന ഒരു ഓര്‍മകൂടിയാണ്. നാല് സഹോദരങ്ങളായിരുന്നു ആ കുടുംബത്തില്‍. അതില്‍ ആദ്യത്തെ മൂന്നു പേര്‍ക്കും മക്കളില്ലായിരുന്നു. രണ്ടും സിസേറിയനുകളായിരുന്നതിനാല്‍ നാലാമത്തെ സഹോദരന്റെ ഭാര്യ രണ്ട് മക്കള്‍ ജനിച്ചപ്പോള്‍ പ്രസവം നിര്‍ത്തി. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം മൂത്തമകള്‍ അപകടത്തില്‍ മരിച്ചു. കുറെ മാസങ്ങള്‍ക്കുശേഷം അവര്‍ ഡോ. ഫിന്റോയുടെ അടുത്ത് റീകാനലൈസേഷന്റെ സാധ്യതകള്‍ ചോദിച്ചെത്തി. റീകാനലൈസേഷന്‍ നടത്തിയശേഷം ആദ്യത്തെ കുട്ടി ജനിച്ചത് മാര്‍ച്ച് 19-നായിരുന്നു. വിശുദ്ധ യൗസേപ്പിതാവിന്റെ ജനനത്തിരുനാള്‍ ദിവസത്തിലെ ആ ജനനം മറ്റൊരു അനുഗ്രഹമായിട്ടാണ് ഡോക്ടര്‍ കാണുന്നത്. പിന്നീട് ഒരു ആണ്‍കുട്ടികൂടി അവര്‍ക്കുണ്ടായി. റീകാനലൈസേഷനുശേഷം മൂന്ന് കുഞ്ഞുങ്ങള്‍ ജനിച്ചവരുണ്ട്.
എത്ര സിസേറിയനുകളാകാമെന്ന് ഡോ. ഫിന്റോയോട് ചോദിച്ചാല്‍ ഉത്തരം ലളിതമാണ്. ഒരാള്‍ക്ക് ഏഴ് സിസേറിയനുകള്‍വരെ നടത്തിയിട്ടുണ്ട്. അവരുടെ പ്രസവം നിര്‍ത്തിയിട്ടില്ല, ഇനിയും ദൈവം കുഞ്ഞുങ്ങളെ തന്നാല്‍ എന്റെ അടുക്കലേക്ക് വരണമെന്നാണ് പറഞ്ഞിരിക്കുന്നതെന്നും അടുത്ത വാചകമായി കൂട്ടിച്ചേര്‍ക്കുന്നു. രണ്ടു സിസേറിയനുകളാണെങ്കില്‍ പ്രസവം നിര്‍ത്തണമെന്നാണല്ലോ പൊതുവേ ഡോക്ടര്‍മാര്‍ പറയുന്നത് എന്നുള്ള ചോദ്യത്തിന് ഡോ. ഫിന്റോയുടെ മറുപടി ഇങ്ങനെയാണ്. ”ഞാന്‍ ഒരു ടെക്സ്റ്റുബുക്കിലും അങ്ങനെ പഠിച്ചിട്ടില്ല. ഫാമിലി പ്ലാനിംഗിന്റെ ഭാഗമായി ഗവണ്‍മെന്റ് കൊണ്ടുവന്ന ഒരാശയം മാത്രമാണത്.”

ഒരു ധൈര്യപ്പെടുത്തല്‍; രണ്ടു കുഞ്ഞുങ്ങള്‍
മനസില്‍ തങ്ങിനില്ക്കുന്ന മറ്റൊരു അനുഭവം. പരിചയക്കാരായ ജീസസ് യൂത്ത് ദമ്പതികള്‍. അവര്‍ ഡല്‍ഹിയിലായിരുന്നു താമസിച്ചിരുന്നത്. ഭാര്യ എഞ്ചിനീയറും ഭര്‍ത്താവ് ബിസിനസുകാരനുമായിരുന്നു. ആദ്യത്തെ രണ്ട് പ്രസവങ്ങളും സിസേറിയനുകളായിരുന്നു. മൂന്നാമത് ഗര്‍ഭിണിയായി ആശുപത്രിയില്‍ അഡ്മിറ്റാകാന്‍ ചെന്നപ്പോള്‍ പ്രസവം നിര്‍ത്തണമെന്ന് ഡോക്ടര്‍ നിര്‍ബന്ധമായും പറഞ്ഞു. അവര്‍ അതിന് തയാറായിരുന്നില്ല. അവര്‍ ഡോ. ഫിന്റോയെ ഫോണില്‍ വിളിച്ചു. പ്രസവം നിര്‍ത്താത്തതുമൂലം ഉണ്ടാകുന്ന എല്ലാം പ്രശ്‌നങ്ങളുടെയും ഉത്തരവാദിത്വം ഞങ്ങള്‍ ഏറ്റെടുത്തുകൊള്ളാമെന്ന് എഴുതി നല്‍കാന്‍ തയാറാണെന്ന് ഡോക്ടറെ അറിയിക്കാനാണ് മറുപടി നല്‍കിയത്. അതിനു തയാറായിട്ടും ഡോക്ടര്‍ അവരെ ഡിസ്ചാര്‍ജ് ചെയ്യുകയാണ് ഉണ്ടായത്. പ്രസവം നിര്‍ത്തുന്നതിന് തയാറാകാത്തതുകൊണ്ടാണ് ഡിസ്ചാര്‍ജ് ചെയ്യുന്നതെന്ന് എഴുതി നല്‍കണമെന്ന് ആവശ്യപ്പെടാന്‍ ഡോ. ഫിന്റോ നിര്‍ദ്ദേശിച്ചു. അവര്‍ ധൈര്യപൂര്‍വം ആ ആവശ്യം മുമ്പോട്ടുവച്ചപ്പോള്‍ ഡോക്ടര്‍ക്ക് വീണ്ടും അവരെ പ്രവേശിപ്പിക്കേണ്ടിവന്നു. തുടര്‍ന്ന് അവര്‍ രണ്ടു മക്കള്‍ക്കുകൂടി ജന്മം നല്‍കി. തുടര്‍ന്നുള്ള രണ്ടു സിസേറിയനുകളും കൈകാര്യം ചെയ്തത് ഡോ. ഫിന്റോ ആയിരുന്നു. എന്തുകൊണ്ടാണ് പ്രസവം നിര്‍ത്താത്തതെന്ന ചോദ്യത്തിന് ഡോ. ഫിന്റോക്ക് കൃത്യമായ മറുപടിയുണ്ട്. ”ദൈവം നിങ്ങളുടെ കുടുംബത്തില്‍ ഒരു കുഞ്ഞിനെക്കൂടി തരണമെന്ന് വിചാരിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. ഉണ്ടെങ്കില്‍ ദൈവം നിശ്ചയിച്ചത് ഞാനായിട്ട് ഇല്ലാതാക്കില്ല.” ദൈവത്തോടുള്ള വെല്ലുവിളിയും മനുഷ്യന്റെ മണ്ടത്തരവുമായിട്ടാണ് പ്രസവം നിര്‍ത്തലിനെ ഡോ. ഫിന്റോ കാണുന്നത്. ദൈവത്തിന് നൂറ് ശതമാനവും ഇഷ്ടമില്ലാത്ത പ്രവൃത്തിയാണെന്ന കാര്യത്തില്‍ ഈ ഗൈനക്കോളജിസ്റ്റിന് അല്പംപോലും സംശയമില്ല.
ഒരു കുഞ്ഞുകൂടി ഉണ്ടാകുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ വിവരിക്കുന്നത് ഒരു ടെക്സ്റ്റ്ബുക്കിലും പഠിച്ചിട്ടില്ല. എന്നാല്‍ ഓരോ വിഷയങ്ങളുടെ ആഴത്തിലേക്ക് ചെല്ലുമ്പോള്‍ അതുകൊണ്ടുള്ള നിരവധി പ്രയോജനങ്ങള്‍ കാണാന്‍ കഴിയുമെന്ന് ഡോ. ഫിന്റോ പറയുന്നു. കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭപാത്രം, അണ്ഡാശയം, ബ്രസ്റ്റ് എന്നിവിടങ്ങളില്‍ കാന്‍സറുകള്‍ വരാനുള്ള സാധ്യത കുറയുകയാണെന്ന് മെഡിക്കല്‍ സയന്‍സിനെ മുന്‍ നിര്‍ത്തി ഡോ. ഫിന്റോ ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ സിസേറിയന്‍ നടത്തിയതിന്റെ പേരില്‍ ഒരു സ്ത്രീയുടെപോലും ഗര്‍ഭപാത്രം പൊട്ടിയതായി താന്‍ കണ്ടിട്ടില്ലെന്ന് ഏഴ് സിസേറിയനുകള്‍വരെ നടത്തിയ ഡോ. ഫിന്റോ തറപ്പിച്ചു പറയുന്നു. തിന്മ തിന്മയാണെന്നു പറയാനുള്ള ഉത്തരവാദിത്വം ഡോക്‌ടേഴ്‌സ് നിര്‍വഹിക്കുന്നില്ല. വഴികാണിച്ചുകൊടുക്കേണ്ടവര്‍ അതു ചെയ്യുന്നില്ലെന്നതാണ് ഡോ. ഫിന്റോയുടെ വിഷമം. നേരത്തെ രണ്ടു പ്രാവശ്യം ഗര്‍ഭപാത്രം പൊട്ടിയ സ്ത്രീ ഡോ. ഫിന്റോയുടെ പരിചരണത്തിലൂടെ രണ്ട് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്. ദൈവത്തോട് ചേര്‍ന്നുനടക്കുമ്പോള്‍ ഉണ്ടാകുന്ന അത്ഭുതമെന്നാണ് ഡോ. ഫിന്റോ അതിനെ വിശേഷിപ്പിക്കുന്നത്.

ഇവിടെ വചനം മരുന്നാക്കുന്നു
ഡോ. ഫിന്റോയുടെ ഭാര്യ ഡോ. ആശയും മറിയം ത്രേസ്യ ആശുപത്രിയിലാണ് പ്രാക്ടീസ് നടത്തുന്നത്. 2012 ജൂണ്‍ മാസത്തിലായിരുന്നു മാനന്തവാടി രൂപതയിലെ കല്ലോടി ഇടവകാംഗമായ ഡോ. ആശയുമായുള്ള വിവാഹം. പെണ്ണുകാണാനെത്തിയപ്പോള്‍ ഡോ. ഫിന്റോ ചോദിച്ചിരുന്നു, ദൈവം തരുന്ന കുഞ്ഞുങ്ങളെ സ്വീകരിക്കാന്‍ ഒരുക്കമാണോ എന്ന്. അതെ എന്നായിരുന്നു ഡോ. ആശയുടെ മറുപടി. നാല് മക്കളുണ്ട് ഈ ദമ്പതികള്‍ക്ക്. തെരേസ (യുകെജി), ഫ്രാന്‍സിസ് (എല്‍കെജി), ആന്റണി (ഒന്നര വയസ്), അന്ന (രണ്ടു മാസം തികയുന്നതേയുള്ളൂ). ഒരു കുഞ്ഞിനെ ഉദരത്തില്‍വച്ച് നഷ്ടപ്പെട്ടിരുന്നു.
കേരളത്തില്‍ ജനനനിരക്ക് കുറഞ്ഞുവരുകയാണെന്ന് കണക്കുകള്‍ നിരത്തി ഡോ. ഫിന്റോ ചൂണ്ടിക്കാണിക്കുന്നു. ”നേരത്തെ ആറ് ലക്ഷം കുട്ടികളാണ് പ്രതിവര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതിയിരുന്നതെങ്കില്‍ ഇപ്പോഴത് 3.5 ലക്ഷമായി കുറഞ്ഞു. സിബിഎസ്‌സി, മറ്റു സിലബസുകളിലേക്ക് കുട്ടികള്‍ പോയതാണെന്നു പറഞ്ഞാലും 4.5 ലക്ഷമേ ആകുന്നുള്ളൂ.” കേരളത്തിലെ ജനനനിരക്കില്‍ 20 ശതമാനത്തിനടുത്ത് കുറവു വന്നിട്ടുണ്ടെന്ന് ഡോ. ഫിന്റോ ചൂണ്ടിക്കാണിക്കുന്നു. ജീവനെ വളര്‍ത്തുന്ന സംസ്‌കാരം വളരാന്‍ ഡോക്ടര്‍മാര്‍ ശക്തമാകണമെന്നാണ് ഈ ഗൈനക്കോളജിസ്റ്റ് നിര്‍ദ്ദേശിക്കുന്ന പ്രതിവിധി.
വന്ധ്യതാ ചികിത്സക്ക് എത്തുന്നവര്‍ക്ക് ഡോക്ടര്‍ ആദ്യം കുറിച്ചുനല്‍കുന്നത് ഏശയ്യാ 65:23 വചനമാണ്. ”അവര്‍ക്കു ജനിക്കുന്ന ശിശുക്കള്‍ അത്യാഹിതത്തിന് ഇരയാവുകയില്ല. അവര്‍ കര്‍ത്താവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതികളായിരിക്കും; അവരുടെ സന്തതികളും അവരോടൊപ്പം അനുഗൃഹീതരാകും.” താന്‍ കൊടുക്കുന്ന മരുന്നിനെക്കാളും ശക്തി ദൈവവചനത്തിനാണെന്ന് ഡോ. ഫിന്റോക്ക് ഉറപ്പുണ്ട്. ഒ.പിയിലിരുന്ന് വചനം എഴുതാന്‍ തുടങ്ങുമ്പോള്‍ ചിലരെങ്കിലും പറയാറുണ്ട്, വചനത്തിന്റെ നമ്പര്‍ മാത്രം എഴുതിയാല്‍ മതി, ബാക്കി ഞങ്ങള്‍ എഴുതിക്കൊള്ളാമെന്ന്. എന്നാലും വചനം പൂര്‍ണമായി എഴുതി നല്‍കും. ദൈവവചനം എഴുതുമ്പോള്‍ അതിനൊരു അനുഗ്രഹമുണ്ട്, ഞാന്‍ എന്തിനത് നഷ്ടപ്പെടുത്തണമെന്നാണ് ഡോ. ഫിന്റോയുടെ ചോദ്യം.
ജീവന്റെ മേഖലയില്‍ സാക്ഷ്യം നല്‍കാന്‍ തുടങ്ങിയപ്പോള്‍ ദൈവം മറ്റൊരു വിധത്തില്‍ തന്നെ അനുഗ്രഹിച്ചുവെന്ന് ഡോ. ഫിന്റോ പറയുന്നു. വന്ധ്യതാ ചികിത്സയില്‍ വലിയ റിസല്‍ട്ടുകള്‍ ഉണ്ടാകുന്നു. ഒരു മാസം 50-60 പേര്‍ ചികിത്സയിലൂടെ ഗര്‍ഭിണികളാകുന്നു. ഇതിനായി പ്രത്യേക കോഴ്‌സുകളൊന്നും ഡോ. ഫിന്റോ ചെയ്തിട്ടില്ല. കത്തോലിക്കാ സഭയുടെ പഠനങ്ങള്‍ നൂറ് ശതമാനവും അംഗീകരിച്ചുകൊണ്ടുള്ള ചികിത്സയാണ് ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്. ദൈവം നല്‍കിയ അംഗീകാരമുദ്രയായിട്ടാണ് ഡോ. ഫിന്റോ ഈ അനുഗ്രഹത്തെ കാണുന്നത്. അതെ, അദ്ദേഹം ഒ.പിയിലിരുന്ന് വചനം എഴുതുന്നത് ആദ്യം കാണുന്നത് സ്വര്‍ഗത്തിലാണ്. ആ വിശ്വാസത്തിന്റെ മുകളില്‍ ദൈവം കയ്യൊപ്പുചാര്‍ത്തുകയാണ് കുഞ്ഞുങ്ങളെ ഭൂമിയിലേക്ക് അയച്ചുകൊണ്ട്.

ജോസഫ് മൈക്കിള്‍
[email protected]

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?