Follow Us On

29

March

2024

Friday

ജപമാലയുമായി വന്ന അമ്മ

ജപമാലയുമായി വന്ന അമ്മ

സമൂഹത്തിലെ തിന്മകളെയും അബദ്ധപഠനങ്ങളെയും നേരിടുന്നതിന് ജപമാല എന്ന ആയുധം ദൈവജനനിയിൽനിന്നും ഏറ്റുവാങ്ങിയത് വി.ഡോമിനിക് എന്ന മരിയഭക്തനാണ്.
മനിക്കേയൻ പാഷാണ്ഡതയുടെ ഒരു രൂപമായ അൽബിജൻസിസ് തിരുസഭയെ വല്ലാതെ പീഡിപ്പിച്ചിരുന്ന കാലം. 1200-നോടടുത്താണ് യൂറോപ്പിലെ സഭ ഈ കറുത്ത ദിനങ്ങളിലൂടെ കടന്നുപോയത്. ഈ പാഷാണ്ഡസിദ്ധാന്തം അനുസരിച്ച് പരസ്പരം പോരാടുന്ന രണ്ട് ശക്തികളാണ് ദൈവവും തിന്മയും. എല്ലാ ആത്മീയ നന്മകളുടെയും സ്രോതസ്സാണ് ദൈവം. ലോകം പാപത്തിന്റെ സൃഷ്ടിയാണ്. മനുഷ്യശരീരവും തിന്മയുടെ സൃഷ്ടിയാണ്.പഴയ നിയമവും തിന്മയാണ്.
എന്നാൽ പുതിയ നിയമം ദൈവത്തിന്റേതാണ്. മനുഷ്യനിലെ ആത്മാവും ഈ ശക്തിയുടേതാണ്. ലോകം ശിക്ഷ അനുഭവിക്കാനുള്ള സ്ഥലമാണ്. നിത്യനരകം എന്നൊന്നില്ല. യേശു ഒരു സൃഷ്ടിയാണ്. അവിടുന്നു പൂർണ്ണ മനുഷ്യനല്ല. പരിശുദ്ധ കന്യകാമറിയത്തിന്റെ ചെവിയിലൂടെയാണ് യേശു ഉദരത്തിലെത്തിയത്. ജനിച്ചതുപോലെ കാണപ്പെടുകയായിരുന്നു. വിവാഹബന്ധത്തിൽപോലും ലൈംഗികത പാപമാണ്.
ഈ ചിന്താഗതിക്കാർ അവരുടെ ആശയം പ്രചരിപ്പിക്കുന്നതിനൊപ്പം സത്യവിശ്വാസത്തെ അനുകൂലിക്കുന്നവരെ പീഡിപ്പിക്കുവാനും തുടങ്ങി. ആശയതലത്തിൽ സഭ നടത്തിയ യത്‌നങ്ങൾ വിജയിച്ചില്ല. അൽബിജൻസിസ് ഒന്നിനൊന്നു വളർന്നുവന്നു.
ഈ സാഹചര്യത്തിലാണ് വി.ഡോമിനിക്ക് സഭാസംരക്ഷകനായി രംഗപ്രവേശനം ചെയ്തത്. സ്‌പെയിനിലെ കാ സ്റ്റിൻപ്രദേശത്ത് 1170-ലാണ് ഡോമിനിക്ക് ഗുഡ്മാൻ ജനിച്ചത്. ഒരു പ്രഭുകുടുംബമായിരുന്നു ഗുഡ്മാൻ. സമ്പന്നതയുടെ നടുവിലും ഡോമിനിക്ക് പാവങ്ങളെ സ്‌നേഹിച്ചു. അവർക്കു ദാനധർമ്മങ്ങൾ നടത്തി. സ്വന്തം പുസ്തകങ്ങൾ വരെ ഇതിനായി വിറ്റു. ഇരുപത്തിയഞ്ചാം വയസ്സിലാണ് ഡോമിനിക്ക് ഈ ഉപവിപ്രവൃത്തി തുടങ്ങിയത്. ഇക്കാലത്തുതന്നെ അദ്ദേഹം ഒസാമയിലെ സുപ്പീരിയറയി നിയമിക്കപ്പെട്ടു. ഒസാമ രൂപതയിലെ മെത്രാനായിരുന്ന ഡിഗോയോടൊപ്പം പാഷാണ്ഡതയ്‌ക്കെതിരെ പോരാടുവാൻ ഡോമിനിക് രംഗപ്രവേശം ചെയ്തു.
എത്ര തീക്ഷ്ണമായി പ്രവർത്തിച്ചിട്ടും പാഷാണ്ഡത വളരുന്നു. ഡോമിനിക്ക് പക്ഷേ തളർന്നില്ല. അദ്ദേഹം പ്രാർത്ഥനയിലൂടെയും ഉപവാസത്തിലൂടെയും ശക്തി ആർജിക്കാൻ ശ്രമിച്ചു. പ്രൊവിൽ എന്ന സ്ഥത്തു താമസിച്ചുകൊണ്ടായിരുന്നു പ്രാർത്ഥനയും ഉപവാസവും. വെള്ളം പോലും കുടിക്കാതെയായിരുന്നു ഉപവാസം. മൂന്നുദിവസം അദ്ദേഹം തുടർച്ചയായി ഉപവസിച്ചു. കഠിനമായ തപശ്ചര്യകളാണ് അനുഷ്ഠിച്ചത്. ഈ ഉപവാസത്തിനിടയിലാണ് പരിശുദ്ധ അമ്മയുടെ നാമത്തിലുള്ള ദേവാലയത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന ഡോമിനിക്കിന് പരി.അമ്മ പ്രത്യക്ഷപ്പെട്ടതും അൽബിജൻസിസിനു മാനസാന്തരം ഉണ്ടാകുവാൻ ജപമാല ചൊല്ലുവാൻ ആവശ്യപ്പെട്ടതും. 1208-ലായിരുന്നു അത്. ഡോമിനിക് ജപമാല പ്രാർത്ഥിച്ചുതുടങ്ങി. 16 വർഷം. രാത്രിയിൽ ജപമാല പ്രാർത്ഥനയും പകൽ പ്രസംഗങ്ങളുമായി ഡോമിനിക് ചെലവഴിച്ചു. ജപമാലയെക്കുറിച്ചും ജപമാല രഹസ്യങ്ങളെക്കുറിച്ചും ആയിരുന്നു ഡോമിനിക്കിന്റെ പ്രസംഗങ്ങൾ.
പാഷാണ്ഡത സാവകാശം അപ്രത്യക്ഷമായിത്തുടങ്ങി. പാഷാണ്ഡതയ്‌ക്കെതിരായ പോരാട്ടത്തിൽ പങ്കാളികളാകുവാൻ വി.ഡോമിനിക്ക് മൂന്ന് പ്രാർത്ഥനാസമൂഹങ്ങൾ ഉണ്ടാക്കി. ഒന്ന് വനിതകളുടേത്. രണ്ടാമത്തേത് യുവാക്കളുടേത്. മൂന്നാമത്തേത് ദമ്പതികളുടേത്.
ഇവയെല്ലാം ശക്തമായി പ്രവർത്തിക്കുന്നതും സഭയിൽ പുളിമാവായി മാറുന്നതും കണ്ടുകൊണ്ടാണ് ഡോമിനിക്ക് 1221 ഓഗസ്റ്റ് ആറിന് അന്തരിച്ചത്. ഡോമിനിക്കിന്റെ മരണശേഷവും ജപമാല പ്രചരിച്ചു. ഇന്നത്തെ രൂപം ജപമാലയ്ക്ക് നൽകിയത് അഞ്ചാം പീയൂസ് പാപ്പയാണ്. 1569-ൽ. ജപമാല രഹസ്യങ്ങൾ ഇരുപതാക്കിയത് 2003-ൽ ജോൺ പോൾ രണ്ടാമൻ പാപ്പയും.
കുരിശുയുദ്ധം വിജയിക്കുന്നതിന് ജപമാല ചൊല്ലുവാൻ അഞ്ചാം പിയൂസ് പാപ്പ നിർദ്ദേശിച്ചു. 1571-ൽ തുർക്കികൾക്കെതിരെ നടന്ന ലെപ്പാന്തോ യുദ്ധത്തിൽ ക്രൈസ്തവ നായകനായിരുന്ന ഡോൺ ജുവാനുവേണ്ടി ജപമാല ചൊല്ലുവാൻ പാപ്പ അഭ്യർത്ഥിച്ചു. യുദ്ധത്തിൽ ജുവാൻ ജയിച്ചു.
ഗ്രിഗറി പതിമൂന്നാമൻ പാപ്പാ ആ ദിവസത്തെ ജപമാലയുടെ തിരുനാളായി പ്രഖ്യാപിച്ചു. 1576-ൽ ഹിംഗാർഗിലെ രാജകുമാരൻ എൻജീൻ ഇക്കിയുമായുളള യുദ്ധത്തിൽ ജയിച്ചതും ഈ ദിവസമാണ്. 1858-ൽ ലൂർദ്ദിൽ പ്രത്യക്ഷപ്പെട്ടപ്പോഴും 1917-ൽ ഫാത്തിമയിൽ പ്രത്യക്ഷപ്പെട്ടപ്പോഴും അമ്മ ജപമാല ചൊല്ലുവാൻ ഉപദേശിച്ചു.
നമുക്കൊപ്പം ജീവിക്കുന്ന കൊറിയയിലെ ജൂലിയയ്ക്കും വെനൻന്യൂയോയിലെ മരിയ എസ്.പിരാൻഡ, കഞ്ചിക്കോട്ടെ റാണി എന്നിവർക്കും അമ്മ പ്രത്യക്ഷപ്പെട്ടതും ജപമാല ധ്യാനിച്ചു പ്രാർത്ഥിക്കുവാൻ ഉപദേശിച്ചുകൊണ്ടാണ്.
പരിശുദ്ധ ജപമാലയുടെ രാജ്ഞിയായ പരിശുദ്ധ അമ്മേ, സാത്താന്റെ എല്ലാ പ്രേരണകളിൽനിന്നും പീഡകളിൽനിന്നും ഞങ്ങൾ സംരക്ഷിക്കപ്പെടുവാൻ അമ്മ തിരുക്കുമാരനോടു പ്രാർത്ഥിക്കണമേ.
ടി. ദേവപ്രസാദ്


നാളെ:
വ്യാകുല മാതാവും കാരുണ്യമാതാവും

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?