Follow Us On

29

March

2024

Friday

ജപമാല സ്വർഗത്തിലേക്കുള്ള വാതിൽ

ജപമാല സ്വർഗത്തിലേക്കുള്ള വാതിൽ

ഇറ്റലിയിലെ സൈറാക്കസ് പട്ടണത്തിലെ സാധാരണ കുടുംബമായിരുന്നു ആൻജലോ ജാനുസോയുടേത്. അദ്ദേഹത്തിന്റെ ഭാര്യ ആന്റോണിയോ ഗർഭിണിയായിരുന്നു. ഗർഭസ്ഥ ശിശുവിന്റെ നില അപകടകരമായതിനാൽ പരിപൂർണ വിശ്രമമാണ് ഡോക്ട ർമാർ നിർദ്ദേശിച്ചത്. ഈ ഗർഭകാലകഷ്ടതയും ചില ശാരീരികരോഗങ്ങളും അവളെ ക്ലേശിപ്പിച്ചിരുന്നു. ആൻജലോ ജോലിക്ക് പോയാൽ പിന്നെ ഭർതൃസഹോദരി ഗ്രാസിയായും ഒരു ആന്റിയും മാത്രമേ അ വൾക്ക് കൂട്ടുണ്ടായിരുന്നുള്ളൂ.
ഈ വിശ്രമകാലത്ത് അവൾ പരിശുദ്ധ കന്യാമറിയത്തോട് നിരന്തരം പ്രാർത്ഥിച്ചു. അവൾ കിടന്ന കട്ടിലിനോട് ചേർന്ന് മാതാവിന്റെ ഒരു ചെറിയ രൂപമുണ്ടായിരുന്നു. ദിവസത്തിലെ മുഴുവൻ സമയവും അതിൽ നോക്കി അവൾ പ്രാർത്ഥിച്ച് കൊണ്ടിരുന്നു. അങ്ങനെ പ്രാർത്ഥിക്കുന്ന ഒരു ദിവസം അവൾ മാതാവിന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. അമ്മയുടെ കണ്ണിൽനിന്നും കണ്ണീർ ഒഴുകിയിറങ്ങുന്നു! ‘അമ്മ കരയുകയാണോ?’ ഇത്തിരി ഉറക്കെ അത്ഭുതത്തോടെയാണ് ആന്റോണിയോ ചോദിച്ചത്. അവളുടെ ഉറക്കെയുള്ള ശബ്ദം കേട്ട് ഗ്രാസിയാ ഓടിവന്നു. അവളും ആ കണ്ണീർ കണ്ടു. വിരൽകൊണ്ട് അവൾ രൂപത്തിൽ തൊട്ടുനോക്കി. അത്ഭുതം! കൈവിരൽ നനഞ്ഞിരിക്കുന്നു. അതായത്, അമ്മ കരയുന്നുവെന്ന്. ആന്റിയും ഈ അത്ഭുതദൃശ്യത്തിൽ വിസ്മയഭരിതയായി. തൽക്ഷണം അന്റോണിയായുടെ ശാരീരികക്ഷീണവും രോഗതീവ്രതയും അവളിൽനിന്നും വിട്ടുപോയി. അവൾ ഊർജ്ജസ്വലതയോടെ എണീറ്റു. അധികം വൈകാതെ വാർത്ത യറിഞ്ഞ് നാട്ടുകാർ ഓടിയെത്താൻ തുടങ്ങി. എല്ലാവരും ഈ യാഥാർത്ഥ്യം നേരിൽ കണ്ടു. അവരെല്ലാവരും ഉച്ചസ്വരത്തിൽ ‘നന്മനിറഞ്ഞ മറിയമേ’ എന്ന ജപം ചൊല്ലിക്കൊണ്ടിരുന്നു. മണിക്കൂറുകൾക്കകം ആയിരക്കണക്കിനാളുകൾ ആ വീട്ടിലേക്ക് ഒഴുകാൻ തുടങ്ങി. 1953 ഓഗസ്റ്റ് 29 ന് രാവിലെ മുതൽ സെപ്റ്റംബർ ഒന്നിന് ഉച്ചവരെ നാലു ദിവസത്തോളം 56 മണിക്കൂർ അമ്മയുടെ കണ്ണിൽനിന്നും ഈ കണ്ണീർ പ്രവാഹമുണ്ടായി.
സംഭവത്തിന്റെ നിജസ്ഥിതി അറിയാൻ വേണ്ടി സഭാധികൃതർ 189 പേരെ വിശദമായി ചോദ്യം ചെയ്തു. തുടർന്ന് ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്താനും തീരുമാനമായി. മാതാവിന്റെ തിരുസ്വരൂപത്തിൽനിന്നും ശേഖരിച്ച 19 തുള്ളി കണ്ണീർ ലാബിലെ വിവിധ ടെസ്റ്റുകൾക്ക് വിധേയമാക്കി. മനുഷ്യന്റെ കണ്ണീരിൽ കാണപ്പെടുന്നതുപോലെ സോഡിയം ക്ലോറൈഡിന്റെ ജലീയലായനിയും കുറേശെ പ്രോട്ടീനും സിൽവർ സംയുക്തങ്ങളും ഈ കണ്ണീരിലും കാണപ്പെട്ടു. അധികം വൈകാതെ മാതാവിന്റെ കണ്ണീരിന്റെ നിജസ്ഥിതിയുടെ റിപ്പോർട്ട് പ്രസിദ്ധീകരിക്കപ്പെട്ടു. ഉന്നത ഡോക്ടർമാരായ മൈക്കിൾ കമ്പോള, ഫ്രാൻസിസ് കോട്‌സി, ലിയോ പോഡേ, ലാറോസ എന്നിവരായിരുന്നു ഈ പരീക്ഷണത്തിന് നേതൃത്വം നൽകിയത്. തെളിവുകളുടെയും റിപ്പോർട്ടുകളുടെയും നൂറുകണക്കിനാളുകളുടെ സാക്ഷ്യമൊഴികളുടെയും വെളിച്ചത്തിൽ ഇത് ‘മാതാവിന്റെ കണ്ണീർപ്രവാഹ’മാണെന്നുതന്നെ ആധികാരികമായി സഭ പ്രഖ്യാപിച്ചു.
1994 നവംബർ ആറിന് സൈറാക്കസിൽ ‘മാതാവിന്റെ കണ്ണുനീർ ദേവാലയം’ കൂദാശ ചെയ്തത് ജോൺ രണ്ടാമൻ മാർപാപ്പയായിരുന്നു. നിരന്തരം ഉയരുന്ന ജപമാലകളുടെ മധ്യത്തിലിരുന്നു പരിശുദ്ധപിതാവ് പറഞ്ഞു. ‘മാതാവിന്റെ കണ്ണുനീർ അമ്മയുടെ സാന്നിധ്യം ലോകത്തിൽ ഉണ്ട് എന്നതിന് വ്യക്തമായ തെളിവാണ്’. ”ആത്മീയമോ ശാരീരികമോ ആയിക്കൊള്ളട്ടെ തന്റെ മക്കൾ അപകടങ്ങളുടെയും ദുരിതങ്ങളുടെയും ഭീഷണിക്ക് മുന്നിലെന്ന് കാണുമ്പോൾ അമ്മ കരയുന്നു” മാർപാപ്പ ഓർമിപ്പിച്ചു.
ഏത് ശാസ്ത്രീയ നിരീക്ഷണങ്ങൾക്കും പരീക്ഷണങ്ങൾക്കുമെല്ലാം ഉപരിയാണ് അമ്മയുടെ ശക്തമായ സാന്നിധ്യമെന്ന് ഓർമിപ്പിക്കുന്നതാണ് മേൽപ്പറഞ്ഞ സംഭവം. അമ്മയെ അടുത്തറിയാൻ അത്ഭുതങ്ങളുടെയൊന്നും ആവശ്യമില്ല. ജപമാല നെഞ്ചിലേറ്റുന്ന വിശ്വാസിയുടെ ജീവിതസങ്കീർത്തനത്തിൽ ഒരു കുളിർകാറ്റായി മറിയമുണ്ടായിരിക്കും.
അബദ്ധപഠനങ്ങളും സഭയെ കുത്തി നോവിക്കുന്ന ദുഷ്പ്രവണതകളും പാഷണ്ഡതകളും വർധിക്കുമ്പോൾ ജപമാല കൈയിലേന്തണമെന്ന് പഠിപ്പിച്ചത് പരിശുദ്ധ അമ്മയാണ്. എ.ഡി 1200 നോടടുത്ത് മാനിക്കേയൻ പാഷണ്ഡതയുടെ വിഭാഗമായ അൽബിജൻസിസ് യൂറോപ്പിലെ സഭയെ നൊമ്പരപ്പെടുത്തിക്കൊണ്ടിരുന്ന കാലത്താണ് വിശുദ്ധ ഡൊമിനിക്ക് തന്റെ ഉപവാസം ആരംഭിക്കുന്നത്. ഈ ഉപവാസത്തിനിടയിൽ പരിശുദ്ധ അമ്മയുടെ നാമത്തിലുള്ള ദേവാലയത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന വിശുദ്ധന് അമ്മ പ്രത്യക്ഷപ്പെട്ടു. ‘നന്മനിറഞ്ഞ മറിയമേ സ്വസ്തി!’ എന്ന പ്രാർത്ഥനയുടെ വരികൾ അമ്മയാണ് വിശുദ്ധന് ചൊല്ലിക്കൊടുത്തത്. ആ പ്രാർത്ഥന ഹൃദയത്തിലേറ്റു വാങ്ങിയ ഡൊമിനിക്ക് തുടർന്ന് 16 വർഷത്തോളം ജപമാല പ്രാർത്ഥന നിരന്തരം ചൊല്ലി. അതോടെ പാഷണ്ഡത സാവധാനം അപ്രത്യക്ഷമാവുകയും ചെയ്തു.
1569 ൽ അഞ്ചാം പിയൂസ് മാർപാപ്പയാണ് ജപമാല ഔദ്യോഗികമായി അംഗീകരിച്ചത്. അധികം വൈകാതെ ഒക്‌ടോബർ മാസം ജപമാല മാസമായും പ്രഖ്യാപിക്കപ്പെട്ടു. ജപമാല രാജ്ഞിയുടെ തിരുനാളിനും തുടക്കമിട്ടു.
ഒമ്പത്, പത്ത് നൂറ്റാണ്ടുകളിലാണ് ശനിയാഴ്ച മാതാവിന്റെ ദിനമായി ആചരിക്കപ്പെട്ട് തുടങ്ങി. പതിനാറാം നൂറ്റാണ്ടിൽ സൊഡാലിറ്റി ആരംഭിച്ചു. പതിനേഴാം നൂറ്റാണ്ടിൽ ‘മാതാവിന് അടിമ’വക്കൽ എന്ന ഭക്തകൃത്യം വളർന്നു. വിശുദ്ധ ലൂയീസ് മോൺ ഡി ഫോർട്ടാണ് ഇതിന് തുടക്കമിട്ടത്. മരിയൻ സന്യാസ സമൂഹങ്ങൾ പത്തൊൻപതാം നൂറ്റാണ്ടിൽ ആരംഭിച്ചു. ഇരുപതാം നൂറ്റാണ്ടിൽ ‘ലീജിയൻ ഓഫ് മേരി’യും. എല്ലാം ജപമാലയുടെ പ്രാധാന്യം സമൂഹത്തെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു.
സുവിശേഷങ്ങളുടെ ആകെത്തുകയും രക്ഷാകര ചരിത്രത്തിന്റെ സംഗ്രഹവുമാണ് ജപമാല. ഒരു വിശ്വാസിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാന പ്രാർത്ഥനയായി ജപമാല പ്രാർത്ഥനയെ വിശേഷിപ്പിക്കാവുന്നതാണ്. പ്രൊട്ടസ്റ്റന്റ് സമൂഹങ്ങൾ പരിശുദ്ധ കന്യാമറിയത്തിന്റെ മഹത്വത്തെ അംഗീകരിക്കാറില്ല. ക്രിസ്തീയ വിശ്വാസസത്യത്തിൽനിന്നും വഴിതെറ്റിക്കുന്നതാണ് ജപമാല എന്നവർ പ്രചരിപ്പിക്കുന്നു. യഥാർത്ഥത്തിൽ വിശ്വാസസത്യങ്ങളെ ബലപ്പെടുത്തുന്നത് ജപമാലയാണ്. ഈ പ്രാർത്ഥന എങ്ങനെയാണ് ദൈവമഹത്വത്തെ അംഗീകരിക്കുന്നതെന്ന് വിശുദ്ധ ലൂയീസ് മോൺ ഡി ഫോർട്ട് വിവരിക്കുന്നുണ്ട്. ‘പരിശുദ്ധ അമ്മയെ നാം മഹത്വപ്പെടുത്തുമ്പോൾ പിതാവായ ദൈവത്തെയാണ് നാം മഹത്വപ്പെടുത്തുന്നത്.
കാരണം ദൈവസൃഷ്ടികളിൽ ഏറ്റവും പൂർണമായതിനെയാണ് നാം ആദരിക്കുന്നത്. പുത്രനായ ദൈവവും അവിടെ മഹത്വപ്പെടുന്നു. എന്തെന്നാൽ അവിടുത്തെ ഏറ്റവും പരിശുദ്ധയായ അമ്മയെയാണ് നാം ആദരിക്കുന്നത്.’ അദ്ദേഹം തുടരുന്നു. ‘നിങ്ങൾ മരണംവരെയും വിശ്വസ്തതാപൂർവം ജപമാല ചൊല്ലുന്നുവെങ്കിൽ ഞാൻ നിങ്ങൾക്ക് ഉറപ്പു നൽകുന്നു; നിങ്ങളുടെ പാപങ്ങളുടെ ഗൗരവം പരിഗണിക്കാതെ മഹത്വത്തിന്റെ ഒളിമങ്ങാത്ത കിരീടം നിങ്ങൾക്ക് ലഭിക്കും.’
ജപമാല പ്രാർത്ഥനയിൽ നാം ക്രിസ്തുവിന്റെ മനുഷ്യാവതാരത്തെ ധ്യാനിക്കുന്നു. അതോടൊപ്പം അവിടുത്തെ അത്ഭുതപ്രവൃത്തികൾ, പരിശുദ്ധ കുർബാനയുടെ സ്ഥാപനം, കുരിശുമരണം, ഉത്ഥാനം ഇവയും ധ്യാനവിഷയമാക്കുകയും അവയ്ക്ക് നന്ദി പറയുകയും ചെയ്യുന്നു. ഓരോ രഹസ്യത്തിലും യേശു നമുക്കുവേണ്ടി സഹിച്ച പീഡകളും മനുഷ്യമക്കളോടുള്ള അവിടുത്തെ സ്‌നേഹവും നാം ധ്യാനിക്കുന്നു. ജപമാലയിൽ നാം വചനം ആവർത്തിച്ചു ചൊല്ലി പ്രാർത്ഥിച്ചതിനുശേഷം പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ചൊല്ലി ദൈവനാമം പ്രകീർത്തിക്കുകയാണ്. അതുകൊണ്ടാ ണ് വിശുദ്ധർ ജപമാല പ്രാർത്ഥന ചൊല്ലുമ്പോൾ ഹൃദയത്തിൽ നിറഞ്ഞ ആനന്ദം അനുഭവിച്ചു എന്ന് അവരുടെ ജീവചരിത്ര ഗ്രന്ഥങ്ങളിൽ നാം വായിക്കുന്നത്. ആത്മരക്ഷയ്ക്കും പൈശാചിക പരീക്ഷയിൽ നിന്നുള്ള വിജയത്തിനും ജപമാല ഉപകരിച്ചതായി വിശുദ്ധർ രേഖപ്പെടുത്തിയിട്ടുണ്ട്.
രണ്ടാം ലോകമഹായുദ്ധകാലം. 1942 ഏപ്രിലിൽ ജപ്പാന്റെ യുദ്ധവിമാനങ്ങൾ വിശാഖപട്ടണത്തിൽ ബോംബിട്ടു. അന്നത്തെ ബിഷപ്പായിരുന്ന റോസിലിയോൺ മാതാവിന്റെ ജപമാലയിലാണ് അഭയം തേടിയത്. യുദ്ധവിമാനത്തിൽനിന്ന് ഭീഷണിയുണ്ടാകാതിരിക്കണമെങ്കിൽ ജനങ്ങൾ ഒന്നടങ്കം ജപമാല ചൊല്ലണമെന്ന് റോസിലിയോൺ പ്രഖ്യാപിച്ചു. ഇതിനുശേഷം ഒരു യുദ്ധവിമാനവും വിശാഖപട്ടണത്തെ ആക്രമിച്ചില്ല. അതിന് പ്രതിനന്ദിയായി 1946 ഫെബ്രുവരി പത്തിന് വിശാഖപട്ടണത്തെ സകല ജനങ്ങളും ഒന്നിച്ച് നിരന്തരം ജപമാലകൾ ഉരുവിട്ട് മാതൃസന്നിധിയിലെത്തി കൃതജ്ഞതയർപ്പിച്ചു. ഇന്ന് വിശാഖപട്ടണം റോസ്‌വില്ലയായി വിശേഷിക്കപ്പെടുന്നു.
കുരിശുയുദ്ധകാലത്തും തുർക്കികൾക്കെതിരെ നടന്ന ലൊപ്പാന്റോയുദ്ധത്തിലും ജപമാലയായിരുന്നു മുഖ്യ ആയുധം. 1576 ൽ ഹിംഗാർഗിയിലെ രാജകുമാരൻ യുദ്ധത്തിൽ വിജയം നേടിയതും ജപമാല പ്രാർത്ഥനയിലൂടെയാണ്. ലൂർദ്ദിലും ഫാത്തിമായിലുമെല്ലാം മാതാവ് ആവശ്യപ്പെട്ടത് നിരന്തരം ജപമാല ചൊല്ലി പ്രാർത്ഥിക്കുവാനായിരുന്നല്ലോ…നമ്മുടെ ജീവിതത്തിൽ നന്മ നിറയപ്പെടുവാനും ശത്രുവായ സാത്താന്റെ വജ്രായുധത്തിൽ നിന്നു രക്ഷനേടുവാനും ജപമാല നമുക്ക് ആയുധമാക്കാം.
ജയ്‌മോൻ കുമരകം

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?