Follow Us On

29

March

2024

Friday

ജീവന്റെ സുവിശേഷം

ജീവന്റെ സുവിശേഷം

ആറുമക്കളുടെ മാതാപിതാക്കളായ
ഡോക്ടര്‍ ദമ്പതികളുടെ അനുഭവങ്ങള്‍…

ചാലക്കുടിക്ക് സമീപം എലിഞ്ഞിപ്ര ഇടവകാംഗമായ ഡോ. റെജു വര്‍ഗീസ് കല്ലേലിയും പത്‌ന ഡോ. സോണിയയും പങ്കുവയ്ക്കുന്നത് ജീവന്റെ സുവിശേഷമാണ്. ആറുമക്കളെ ദൈവകരങ്ങളില്‍നിന്നും സ്വീകരിച്ച ഈ യുവദമ്പതികള്‍, മക്കള്‍ ഭാരമാണെന്നു കരുതുന്നവരുടെ ചിന്താഗതികള്‍ തിരുത്തുകയാണ്. നാല് മക്കളുള്ള കുടുംബത്തിലെ മൂന്നാമനാണ് ഡോ. റെജു. മൂന്നും സഹോദരിമാരാണ്. പിതാവ് വര്‍ഗീസ് റിട്ട. ബാങ്കുദ്യോഗസ്ഥനാണ്. മാതാവ് മേഴ്‌സി കുടുംബനാഥയാണ്. 2006-ലാണ് ഡോ. റെജു കോട്ടയംകാരിയായ ഡോ. സോണിയയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. പോട്ട ധന്യ മിഷന്‍ ഹോസ്പിറ്റലില്‍ പീഡിയാട്രീഷ്യനാണ് ഡോ. റെജു. ഇരിങ്ങാലക്കുട ഗവണ്‍മെന്റ് ആശുപത്രിയിലെ പീഡിയാട്രീഷ്യനാണ് ഡോ. സോണിയ. മൂന്ന് ആണ്‍മക്കളെയും മൂന്ന് പെണ്‍മക്കളെയും നല്‍കിയാണ് ദൈവം ഇവരുടെ കുടുംബത്തെ അനുഗ്രഹിച്ചത്.
മരിയ അല്‍ഫോന്‍സ, ജോണ്‍ വിയാനി, ജോസഫ് ജോര്‍ജ്, ഫ്രാന്‍സിസ് ആന്റണി, തെരേസ മരിയ, കാതറിന്‍ മരിയ. രണ്ടുമാസമായ കാതറിന്‍ മരിയക്ക് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടനാണ് മാമോദീസ നല്‍കിയത്. എലിഞ്ഞിപ്ര സെന്റ് ഫ്രാന്‍സിസ് ഇടവക ദൈവാലയത്തിലായിരുന്നു മാമോദീസ ചടങ്ങുകള്‍.
പ്രോ-ലൈഫ് കുടുംബം
കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നാണ് ഡോ. റെജു എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയത്. അവിടെ വിദ്യാര്‍ത്ഥിയായ വേളയിലാണ് പ്രോ-ലൈഫ് മൂവ്‌മെന്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചത്. 1998 കാലഘട്ടത്തില്‍ കോഴിക്കോട്-താമരശേരി രൂപതയില്‍ പ്രോ-ലൈഫ് ടീം രൂപീകരിച്ചു. വിവാഹത്തിന് ഒരുക്കമായുള്ള ക്ലാസുകള്‍ നല്‍കാനും താമരശേരി, മാനന്തവാടി, തലശേരി രൂപതകളിലെ പല ഇടവകകളിലും ക്ലാസുകള്‍ നല്‍കാനും ഡോ. റെജുവിന്റെ നേതൃത്വത്തിലുള്ള ടീം സജീവമായിരുന്നു.
എം.ബി.ബി.എസ് പഠനശേഷം ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍നിന്നും ബിരുദാനന്തര ബിരുദം നേടി. പ്രോ-ലൈഫ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ജീവനുവേണ്ടി നിലകൊള്ളാനുള്ള ആഗ്രഹവും തീക്ഷ്ണതയും അക്കാലംമുതലേ ഡോ. റെജുവിന് ലഭിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പഠിക്കുന്ന കാലത്ത് ജീസസ് യൂത്ത് സജീവ അംഗമായിരുന്നു ഡോ. സോണിയ.
ഒരുമിച്ചുള്ള ജീവിതം ആരംഭിച്ചപ്പോള്‍ പ്രോ- ലൈഫിന്റെ ആശയങ്ങള്‍ സ്വാഭാവികമായും പങ്കുവയ്ക്കപ്പെട്ടു. മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചപ്പോള്‍ സോണിയയുടെ പിതാവ് (ഡെന്റല്‍ സര്‍ജനായിരുന്നു) അസുഖബാധിതനായി പെട്ടെന്ന് മരിക്കുകയായിരുന്നു. അതിനുശേഷമാണ് കൂടുതല്‍ മക്കള്‍ വേണമെന്നുള്ള ബോധ്യം കൂടുതലായി ഡോ. സോണിയക്ക് ലഭിച്ചത്. ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളുമുണ്ടെങ്കിലും ഒരുമിച്ച് സഹിക്കാനുള്ള ജീവിതമാണ് ദാമ്പത്യമെന്ന ഉറച്ച വിശ്വാസത്തില്‍ ഈ ദമ്പതികള്‍ മുന്നേറുന്നു.
ആശുപത്രിയിലെ തിരക്കുപിടിച്ച ജോലി കഴിഞ്ഞ് വീട്ടിലെത്തുന്ന ദമ്പതികള്‍ കുടുംബത്തിലെ കൂട്ടായ്മക്ക് വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്. ഡോ. റെജുവിന്റെ മാതാപിതാക്കളും ഈ നിറകുടുംബത്തിന് വലിയ പിന്തുണയാണ് നല്‍കുന്നത്. മാതാപിതാക്കളുടെ സ്‌നേഹവും കരുതലും സാന്നിധ്യവും കുടുംബത്തിന് ശക്തി പകരുന്നുണ്ടെന്ന് ഡോ. റെജു-സോണിയ ദമ്പതികള്‍ പറയുന്നു. അവരുടെ മാതൃകയും പ്രാര്‍ത്ഥനയും കുട്ടികളെ വളര്‍ത്തുന്ന കാര്യത്തില്‍ സഹായകരമാകുന്നു. കുടുംബത്തിനും കര്‍ത്താവിന്റെ ശുശ്രൂഷയ്ക്കും പ്രാധാന്യം കൊടുത്തുകൊണ്ട് ജീവിതം നയിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്.
ജീവിതത്തില്‍നിന്നുള്ള ക്ലാസുകള്‍
കുടുംബത്തിന്റെ പ്രാര്‍ത്ഥനയും പ്രോത്സാഹനവും ലഭിക്കുന്നതുകൊണ്ടാണ് പല സ്ഥലങ്ങളിലും ക്ലാസുകള്‍ക്കും ധ്യാനങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ കഴിയുന്നതെന്ന് ഡോ. റെജു പറയുന്നു. എത്ര തിരക്കുണ്ടെങ്കിലും കുടുംബത്തില്‍ മക്കളുടെ കൂടെ ചെലവഴിക്കുന്നതിന് വലിയ പ്രാധാന്യമാണ് ഈ ദമ്പതികള്‍ നല്‍കുന്നത്. ജീവിതപങ്കാളിയുടെയും മാതാപിതാക്കളുടെയും മക്കളുടെയും കൂടെ ചെലവഴിക്കുന്ന നിമിഷങ്ങള്‍ വലിയ സന്തോഷം നല്‍കുന്നവയാണെന്ന് ദമ്പതികള്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ എന്ന നിലയില്‍ ഏറെ തിരക്കുകളുണ്ടെങ്കിലും കുടുംബത്തോടൊപ്പമായിരിക്കാന്‍ കര്‍ത്താവ് ആ തിരക്കുകളെയൊക്കെ ക്രമീകരിക്കുന്നത് ഈ ദമ്പതികള്‍ അനുഭവിക്കുന്നു.
2010 മുതല്‍ ഇരിങ്ങാലക്കുട രൂപതയില്‍ ഡോ. റെജു വിവാഹത്തിനൊരുക്കമായുള്ള ക്ലാസുകള്‍ നല്‍കുന്നുണ്ട്. അങ്കമാലിക്കടുത്തുള്ള കറുകുറ്റി നസ്രത്ത് ധ്യാനകേന്ദ്രത്തില്‍ മാസത്തില്‍ രണ്ടു പ്രാവശ്യമുള്ള ദമ്പതീധ്യാനത്തിനും ഡോ. റെജു ക്ലാസുകള്‍ നല്‍കുന്നു. ‘ദാമ്പത്യസ്‌നേഹം’ എന്ന വിഷയത്തെക്കുറിച്ചാണ് ക്ലാസ്. ജീസസ് യൂത്തിന്റെ പ്രോ-ലൈഫ് മിനിസ്ട്രിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. സ്‌കൂളുകളിലും കോളജിലും ഇതുമായി ബന്ധപ്പെട്ട ക്ലാസുകള്‍ നല്‍കുന്നു. ഇരിങ്ങാലക്കുട രൂപതയില്‍ ദമ്പതികളുടെ കൂട്ടായ്മ മൂന്നു വര്‍ഷമായി പ്രവര്‍ത്തിക്കുന്നുണ്ട്. ‘കാത്തലിക് കപ്പിള്‍സ് മൂവ്‌മെന്റ്’ എന്ന പ്രസ്ഥാനത്തിന് റെജു-സോണിയ ദമ്പതികളെ കൂടാതെ ഒമ്പത് ദമ്പതികളുടെ ടീമാണ് നേതൃത്വം കൊടുക്കുന്നത്. എല്ലാ മാസവും അവസാന ഞായറാഴ്ച വൈകിട്ട് നാലിന് ആരംഭിച്ച് 7.30-ന് അവസാനിക്കുന്നു. ദമ്പതികള്‍ ഒരുമിച്ച് കൂടുന്നു, പ്രാര്‍ത്ഥിക്കുന്നു, അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. കുട്ടികള്‍ക്കും മറ്റൊരു കൂട്ടായ്മ അതേ സമയത്തുതന്നെ ആളൂര്‍ ബി.എല്‍.എം ധ്യാനകേന്ദ്രത്തില്‍ നടക്കുന്നു.
കുടുംബങ്ങളുടെ നിലനില്‍പ്പിനുവേണ്ടി പ്രവര്‍ത്തിക്കാനുള്ള ഒരു വിളി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ടെന്ന് ഡോ. റെജു പറയുന്നു. വിശുദ്ധിയുള്ള ദമ്പതിമാരുണ്ടെങ്കിലേ വിശുദ്ധിയുള്ള മക്കള്‍ക്ക് ജന്മം നല്‍കാനാവൂ. ആ രീതിയിലുള്ള ക്ലാസുകള്‍ കൊടുക്കാനും അതുവഴി നവദമ്പതികള്‍ക്ക് പ്രചോദനം നല്‍കാനും പരിശ്രമിക്കുന്നു. പ്രോ-ലൈഫ് പ്രസ്ഥാനത്തിലൂടെ ലഭിച്ച ഊര്‍ജവും കാര്യക്ഷമതയും യുവതലമുറക്ക് പകര്‍ന്നു കൊടുക്കാനും അങ്ങനെ ജീവന്റെ സുവിശേഷത്തിന് സജീവസാക്ഷികളാകാനും പരിശ്രമിക്കുന്നു; ഡോ. റെജു പറയുന്നു. ഭാവിയുടെ വാഗ്ദാനങ്ങളായ കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിലും പരിപാലിക്കുന്നതിലും ദൈവികപദ്ധതിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന റെജു-സോണിയ ദമ്പതികള്‍ ഈ കാലഘട്ടത്തില്‍ പ്രവാചകദൗത്യമാണ് നിര്‍വഹിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?