Follow Us On

19

March

2024

Tuesday

ജീവിതം കരിസ്മാറ്റിക്

ജീവിതം കരിസ്മാറ്റിക്

കേരളത്തിലെ കരിസ്മാറ്റിക് നവീകരണം ഇത്രമേൽ സജീവവും കർമനിരതവുമായിരിക്കാൻ കാരണം അതിനുവേണ്ടി ജീവിതം സമർപ്പിച്ച ഒത്തിരിയേറെ ആളുകൾ ഉണ്ടെന്നതാണ്. ഇന്നത്തെ കരിസ്മാറ്റിക് ജീവിതത്തെ അതിരറ്റ് സ്‌നേഹിക്കുകയും ഓരോ നിമിഷവും അതിനുവേണ്ടി ഓടുകയും ചെയ്യുന്ന വ്യക്തിയാണ് കെ.എസ്.റ്റി വൈസ് ചെയർമാൻകൂടിയായ ഷാജി വൈക്കത്തുപറമ്പിൽ. ഇടുക്കി വാഴത്തോപ്പ് സ്വദേശിയായ ഇദ്ദേഹം 1984 മുതൽ കരിസ്മാറ്റിക് ജീവിതശൈലി പിന്തുടരുന്ന വ്യക്തിയാണ്.
വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും ഇടവകയിലും ജോലിസ്ഥലത്തുമെല്ലാം ക്രിസ്തുവിന് സാക്ഷ്യം വഹിച്ചുകൊണ്ട് ഉത്തമ കരിസ്മാറ്റിക് ജീവിതം നയിക്കുവാൻ സഹായിക്കുന്ന ഒട്ടേറെ അനുഭവപാഠങ്ങൾ ഈ കാലഘട്ടംകൊണ്ട് അദ്ദേഹം സ്വായത്തമാക്കിയിട്ടുണ്ട്.
മാതാപിതാക്കളും ആറ് സഹോദരങ്ങളും ഉൾപ്പെടുന്നതായിരുന്നു ഷാജിയുടെ കുടുംബം. പിതാവിന്റെ മരണത്തെത്തുടർന്ന് ജീവിതത്തിൽ വളരെയേറെ ഭാരങ്ങളും ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ട്. ആ നാളുകളിൽത്തന്നെയായിരുന്നു ജീസസ് യൂത്ത് മിനിസ്ട്രിയിലും സജീവമായത്. സജീവമായ പ്രവർത്തനങ്ങളുടെ അംഗീകാരമെന്ന നിലയിൽ ഇടുക്കി സോണൽ ജീസസ് യൂത്ത് കോ-ഓർഡിനേറ്ററായപ്പോൾ കുടുംബകാര്യങ്ങളെക്കുറിച്ചുള്ള ചിന്ത അദേഹത്തെ ഭാരപ്പെടുത്തി.
അതുകൊണ്ടുതന്നെ ഈ ദൗത്യം നിർവഹിക്കുവാൻ തനിക്ക് സാധിക്കില്ലെന്ന് ദൗത്യം ഏൽപിച്ച ഫാ. ജോർജ് മാടപ്പാട്ട് സി.എം.ഐയെ അറിയിച്ചു. അപ്പോൾ അച്ചൻ പറഞ്ഞു, ‘നീ ദൈവാലയത്തിൽ പോയി ദൈവത്തോട് സംസാരിക്കുക. ദൈവസ്വരത്തിന് കാതോർക്കുക.’ അച്ചന്റെ ഉപദേശം സ്വീകരിച്ച് പ്രാർത്ഥിക്കാനിരുന്നു. ഒരു സുഹൃത്തിനോട് എന്നപോലെ തന്റെ വ്യക്തിപരമായ പ്രശ്‌നങ്ങളും കുടുംബത്തിലെ ഉത്തരവാദിത്വങ്ങളും എല്ലാം പങ്കുവച്ചു. ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു ഇത്തരമൊരു പങ്കുവയ്ക്കൽ. അപ്പോൾ ഷാജി ദൈവത്തിന്റെ സ്വരം കേട്ടു. ‘നീ കർത്താവിന്റെ കാര്യം ചെയ്യുക; ഞാൻ നിന്റെ കാര്യം ചെയ്യും.’ ആദ്യമായി കേട്ട ഈ ദൈവികമൊഴി പിന്നീടുള്ള എല്ലാ പ്രവർത്തനങ്ങൾക്കും വലിയ ഊർജം പകർന്നു. 1988-ൽ ആയിരുന്നു ഈ സംഭവം.
പിന്നീട് ദൈവരാജ്യ ശുശ്രൂഷകൾക്കായി ഓടിനടക്കാൻ മടിയോ ഭീതിയോ ആകുലതയോ തോന്നിയിട്ടില്ല. ദൈവം എല്ലാം മനോഹരമായി ക്രമീകരിക്കുന്നത് കാണാൻ സാധിച്ചു. സഹോദരിമാരുടെ വിവാഹം, കോളജിൽ ജോലി, മക്കളുടെ കാര്യങ്ങൾ എല്ലാം ദൈവം ക്രമീകരിച്ചു.
കരിസ്മാറ്റിക് ജീവിതം എന്നാൽ പരിശുദ്ധാത്മാവിന്റെ സ്വരത്തിന് കാതോർത്തുള്ള ജീവിതമാണ്. ഒരു വ്യക്തി ധ്യാനം കൂടുമ്പോൾ സംഭവിക്കുന്നത് പരിശുദ്ധാത്മാവിന്റെ സ്വരം കേൾക്കാനുള്ള തുറവി ലഭിക്കുന്നു എന്നുള്ളതാണ്. ഇന്നും സഭയെ നയിക്കുന്നത് പരിശുദ്ധാത്മാവാണ് എന്ന് നാം മനസിലാക്കണം. പരിശുദ്ധാത്മാവിന്റെ പ്രചോദനം സ്വീകരിച്ചുകൊണ്ട് മുന്നോട്ട് പോകുമ്പോൾ മാത്രമേ നമുക്ക് ഉത്തമ സഭാജീവിതവും കരിസ്മാറ്റിക് ജീവിതവും നയിക്കാനാവൂ. പരിശുദ്ധാത്മാവ് ഒരു വ്യക്തിയെപ്പോലെതന്നെ നമ്മുടെ കൂടെ നടക്കും; നമുക്കാവശ്യമുള്ള ജ്ഞാനം പകർന്നു തരും. ഈ ബോധ്യം ബഹുഭൂരിപക്ഷം ജനങ്ങൾക്കും ലഭിച്ചത് കരിസ്മാറ്റിക് ധ്യാനങ്ങളിലൂടെയാണ്.
നമ്മുടെ ചില ജീവിതാവശ്യങ്ങളിൽ നാം അവിടെ ഉണ്ടായിരിക്കുന്നതിനെക്കാൾ നല്ല രീതിയിൽ കാര്യങ്ങൾ ദൈവം ക്രമീകരിക്കുന്ന അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. എട്ടുവർഷം മുമ്പ് മസ്‌ക്കറ്റിൽ ജീസസ് യൂത്ത് ഫോർമേഷൻ പ്രോഗ്രാമിൽ പങ്കെടുക്കുവാൻ പോയി. അവിടെ എത്തിയ ഉടനെതന്നെ മകന് മെനിഞ്ചെറ്റിസ് ബാധിച്ച് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന വാർത്ത കേട്ടു. മാനസികമായി ഒത്തിരി സംഘർഷം അനുഭവിച്ച നിമിഷമായിരുന്നു അത്. നാലുദിവസത്തെ ശുശ്രൂഷ വേണ്ടെന്നുവച്ച് മടങ്ങണമോ അതോ ശുശ്രൂഷ തുടരണമോ എന്ന സംശയത്തിൽ നിൽക്കുന്ന സമയം. ദൈവസ്വരത്തിന് കാതോർക്കാൻ തീരുമാനിച്ചു. വർഗീസ് ചക്കാലയ്ക്കൽ പിതാവ് അന്ന് അവിടെയുണ്ടായിരുന്നു.
പിതാവിനെ കണ്ട് കാര്യങ്ങൾ പറഞ്ഞു. പിതാവ് പ്രാർത്ഥിച്ചശേഷം ഇവിടെ നാലുദിവസം ശുശ്രൂഷ ചെയ്യാനാണ് ദൈവികനിയോഗമെന്ന് പറഞ്ഞു. അങ്ങനെ ശുശ്രൂഷ ചെയ്തു. നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ ചെയ്യാൻ പറ്റുന്നതിനെക്കാൾ കാര്യങ്ങൾ എല്ലാം മനോഹരമായി ക്രമീകരിക്കപ്പെട്ടു. വിദേശത്താണ് എന്ന വിവരം അറിഞ്ഞ കരിസ്മാറ്റിക് പ്രവർത്തകരും സുഹൃത്തുക്കളുമെല്ലാം ആശുപത്രിയിൽ ഓടിയെത്തി. അവർ രാത്രിയും പകലുമെല്ലാം സഹായവുമായി ഒപ്പം നിന്നു. യാതൊന്നിനും ഒരു കുറവും അസ്വസ്ഥതയും ഉണ്ടായില്ലെന്ന് പിന്നീട് ഭാര്യ റെറ്റി പറയുകയുണ്ടായി.
വീട്ടുകാര്യങ്ങളും ശുശ്രൂഷയും വേണ്ടത്ര ബാലൻസിൽ കൊണ്ടുപോകാൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു. എന്റെ പ്രഥമമായ വിളി കുടുംബത്തിലാണ്. കോളജിലെ ജോലിയും കൃത്യമായി പാലിച്ചുപോകണമെന്ന് നിർബന്ധമുണ്ട്. അതിനാൽത്തന്നെ ശുശ്രൂഷകളും പ്രോഗ്രാമുകളും വരുമ്പോൾ ഒന്നിനെയും ബാധിക്കാത്തവിധത്തിൽ ക്രമീകരിക്കാൻ പരിശുദ്ധാത്മാവാണ് സഹായിക്കുന്നത്. ഇന്ന് നല്ല നിലയിൽ ശുശ്രൂഷ ചെയ്യുന്ന പലരുടെയും കുടുംബജീവിതത്തിൽ താളപ്പിഴകൾ സംഭവിക്കാൻ ഇടയാകുന്നുണ്ട്. കുടുംബാംഗങ്ങൾ എല്ലാവരും ഞാൻ ചിന്തിക്കുന്നതുപോലെ ചിന്തിക്കണം എന്ന മനോഭാവം പുലർത്തുന്നതുകൊണ്ടാണിത്.
ആദ്യകാല കരിസ്മാറ്റിക് പ്രവർത്തനങ്ങൾ ഇന്നത്തെതിൽനിന്നും ഏറെ വിഭിന്നമായിരുന്നു. സാമ്പത്തികമായ പരിമിതികൾ എല്ലാവർക്കും ഉണ്ടായിരുന്നു. അക്കാലത്ത് ഹൈറേഞ്ചിൽ കരിസ്മാറ്റിക് നവീകരണത്തിന് ഊടും പാവും നെയ്തത് ഇടുക്കി തങ്കച്ചനായിരുന്നു. അദ്ദേഹത്തോടൊപ്പമുള്ള പ്രവർത്തനങ്ങൾ ആത്മീയ ജീവിതത്തിൽ ഏറെ ഉപകാരപ്രദമായിട്ടുണ്ട്.
പല സ്ഥലങ്ങളിലും വളരെ കഷ്ടപ്പെട്ടാണ് എത്തിയിരുന്നത്. വണ്ടിക്കൂലിക്ക് പൈസ ഇല്ലാത്തതിനാൽ നടന്നുപോയ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കരിസ്മാറ്റിക് നവീകരണത്തിന് ശക്തി പകർന്ന പുളിയൻമല എന്ന സ്ഥലം മറക്കാനാവില്ല. വളരെ തണുപ്പുള്ള അവിടെ ചെല്ലുമ്പോൾ രാത്രികാലങ്ങളിൽ ഏല സ്റ്റോറിലായിരുന്നു കിടന്നുറങ്ങിയിരുന്നത്. പുതപ്പിന് പകരം ഒരു ചാക്കിനുള്ളിൽ കയറിക്കിടക്കും. ഏല സ്റ്റോറിന്റെ ചൂടും കൂടിയാകുമ്പോൾ തണുപ്പിനെ അതിജീവിക്കാൻ കഴിയും.
അക്കാലത്ത് നവീകരണത്തിലേക്ക് കടന്നുവരുന്ന ആളുകളുടെ മനോഭാവം വ്യത്യസ്തമായിരുന്നു. എന്റെ ജീവിതത്തിൽ ഇടപെട്ട കർത്താവിനുവേണ്ടി എനിക്ക് എന്ത് നൽകാൻ കഴിയും എന്ന ചിന്ത ഓരോ കരിസ്മാറ്റിക് പ്രവർത്തകനും ഉണ്ടായിരുന്നു. ഇന്ന് കാര്യസാധ്യത്തിനുവേണ്ടിമാത്രം ധ്യാനം കൂടുകയും കിട്ടിക്കഴിയുമ്പോൾ ജീവിതവ്യഗ്രതകളിലേക്ക് മടങ്ങുകയും ചെയ്യുന്ന ആളുകളുടെ എണ്ണം കൂടിവരുന്നു.
ഒരുപിടി ഉത്തരവാദിത്വങ്ങൾ വഹിക്കുവാൻ ദൈവം ഷാജി വൈക്കത്തുപറമ്പിലിനെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിൽ ജീസസ് യൂത്ത് കോ ഓർഡിനേറ്റർ ഓൾകേരള പാരിഷ് മിനിസ്ട്രി കോ-ഓർഡിനേറ്റർ, കെ.വൈ.സി.റ്റി മെമ്പർ, കെ.എസ്.ടി മെമ്പർ, ഒമ്പത് വർഷം ജീവജ്വാല എഡിറ്റർ തുടങ്ങിയ പദവികളൊക്കെ വഹിച്ചിട്ടുണ്ട്. എല്ലാ ഉത്തരവാദിത്വങ്ങളും ഭംഗിയായി നിർവഹിക്കുവാൻ ഇദ്ദേഹത്തിന് സാധിക്കുന്നു. കോളജിലെ അക്കൗണ്ടന്റ് ജോലിയിൽ ഒരു കുറവും വരാതിരിക്കുവാൻ പലപ്പോഴും കഠിനാധ്വാനം ചെയ്യാറുണ്ട്. ശുശ്രൂഷാസംബന്ധമായ കാരണങ്ങളാൽ ലീവ് എടുക്കേണ്ടി വരുമ്പോൾ ആ കുറവ് നികത്തുവാൻ രാത്രിയിലും അവധി ദിവസങ്ങളിലും അധികസമയം ജോലി ചെയ്യുന്നു.
ഇത്തരത്തിൽ ത്യാഗപൂർണമായി പ്രവർത്തിക്കുമ്പോൾ മാത്രമേ ശുശ്രൂഷ അതിന്റെ പൂർണതയിൽ എത്തുകയുള്ളൂ. 20 വർഷംമുമ്പ് ഒരു ഇരുചക്രവാഹനം വളരെ സാമ്പത്തിക ഞെരുക്കത്തിനിടയിൽ വാങ്ങി. അതിനുള്ള പ്രധാന കാരണം ദൈവശുശ്രൂഷകൾ കഴിഞ്ഞ് വീട്ടിൽ പരമാവധി നേരത്തെ മടങ്ങിയെത്തുക എന്നുള്ളതായിരുന്നു. മക്കൾക്ക് നല്ല അപ്പനാകാനും അവർക്കൊപ്പം സമയം ചെലവഴിക്കാനും സമയം കണ്ടെത്തുമ്പോൾ മാത്രമേ നാം ഉത്തമ ദൈവരാജ്യശുശ്രൂഷകരാകൂ എന്ന ചിന്ത എനിക്കുണ്ട്. ഇന്നത്തെ കാലത്ത് മക്കളെ ശരിയായി വളർത്തുക എന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്. കാരണം പുറത്തുനിന്നുള്ള സമ്മർദം ഇന്ന് വളരെ കൂടുതലാണ്. മാതാപിതാക്കൾ വാക്കും പ്രവൃത്തിയും ഒരുമിച്ചുകൊണ്ടുപോകാൻ പരമാവധി പരിശ്രമിക്കണം.
അതിലുപരി മക്കൾ നേർവഴി നടക്കാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കണം. എങ്കിലും നാം ഉദ്ദേശിക്കുന്ന രീതിയിൽ മുന്നേറുന്നില്ലെങ്കിൽ ക്ഷമയോടെ കാത്തിരിക്കാനും തയാറാകണം. അനാവശ്യമായി കുട്ടികളുടെമേൽ നമ്മുടെ നിലപാടുകൾ അടിച്ചേൽപിക്കാൻ ശ്രമിച്ചാൽ യാതൊരു പ്രയോജനവും ലഭിക്കില്ല. ഒരു ക്രിസ്ത്യാനിയുടെ അടിസ്ഥാനപരമായ ദൗത്യം സുവിശേഷം പ്രസംഗിക്കുക എന്നതാണ്. അത് ആരംഭിക്കേണ്ടത് സ്വന്തം കുടുംബത്തിലാണ്. ഇടവകയിലും ജോലിസ്ഥലത്തും സാക്ഷ്യജീവിതം നയിക്കുവാൻ നമുക്ക് കടമയുണ്ട്. ജീവിതത്തിലെ എല്ലാ നിമിഷവും ക്രിസ്ത്യാനിയായിരിക്കുക.
ഷാജി വൈക്കത്തുപറമ്പിലിന്റെ പ്രഭാഷണങ്ങൾ ജീവിതഗന്ധിയാണ്. സ്വന്തം ജീവിതത്തിന്റെ കനൽവഴികളെ ദൈവസ്വരത്തിന് ചെവികൊടുത്ത് മുന്നേറിയതിന്റെ സാക്ഷ്യമാണ് പങ്കുവയ്ക്കപ്പെടുന്നത്. ഒരു നിമിഷംപോലും പാഴാക്കാതെ ദൈവശുശ്രൂഷ ചെയ്ത് മുന്നേറുന്ന ഇദ്ദേഹത്തിന്റെ ജീവിതം സ്വാർത്ഥലക്ഷ്യങ്ങൾക്കുവേണ്ടി മാത്രം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ മാനവർക്കും ഒരു ഉണർത്തുപാട്ടാകട്ടെ.
സുബിൻ ഇടുക്കി

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?