Follow Us On

28

March

2024

Thursday

ഞാൻ എങ്ങനെയാണ് കത്തോലിക്കാ സഭയിൽ അംഗമായത്?

ഞാൻ എങ്ങനെയാണ് കത്തോലിക്കാ സഭയിൽ അംഗമായത്?

ഞാൻ പ്രോട്ടസ്റ്റന്റായി വളർന്നു; പ്രത്യേകിച്ച് ഒരു സഭയിലും ചേരാതെയും കുറെ നാൾ ജീവിച്ചു. പിന്നീട് ബാപ്റ്റിസ്റ്റായി. എല്ലാ ആഴ്ചയിലും ഞാൻ പള്ളിയിൽ പോയിരുന്നു. വീട്ടിൽ മക്കളെ ബൈബിൾ വായിച്ചു കേൾപ്പിക്കാൻ എന്റെ മാതാപിതാക്കൾ പ്രതിജ്ഞാബദ്ധരായിരുന്നു. എനിക്ക് 19 വയസുള്ളപ്പോൾ, ഒരു സുഹൃത്തുമൊത്ത് ഇംഗ്ലണ്ടിലെ ‘ലാ-ബ്രി’യിലേക്ക് ആറുമാസത്തേക്ക് ഒരു യാത്രപോയി. ഫ്രാൻസിസ് ഷാഫർ സ്ഥാപിച്ച ഒരു ക്രിസ്റ്റ്യൻ പഠനകേന്ദ്രമായിരുന്നു ‘ലാ-ബ്രി’. വെറുതെ യാത്ര ചെയ്യുകമാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. പക്ഷേ, ദൈവത്തെപ്പറ്റിയുള്ള എന്റെ സങ്കൽപ്പം ശരിക്കും വിലയിരുത്താൻ അവിടം പ്രയോജനപ്പെട്ടു. മാതാപിതാക്കളിൽ നിന്നും ലഭിച്ച ഒന്നല്ല, മറിച്ച് സ്വയം തിരഞ്ഞെടുത്ത് എന്റെ ജീവിതമാക്കിയ ഒന്നായി എന്റെ വിശ്വാസം മാറി.
എവിടെ നില്ക്കണമെന്നറിയില്ല
നാട്ടിൽ തിരിച്ചെത്തിയ ഞാൻ ഒരു ബാപ്റ്റിസറ്റ് കോളേജിൽ ചേർന്നു. എന്നാലും എപ്പിസ്‌കോപ്പൽ ദേവാലയങ്ങൾ (ആംഗ്ലിക്കൻ സഭയുടെ അമേരിക്കൻ വിഭാഗം) സന്ദർശിക്കുന്നത് തുടർന്നു. ആരാധനാക്രമവും ദേവാലയത്തിന്റെ സൗന്ദര്യവുമായിരുന്നു പ്രധാന ആകർഷണം.
ഭാവിവരൻ ഡുവാനുമൊത്ത് ഞാൻ ആദ്യം പങ്കെടുത്തത് ഡാളസിലെ എപ്പിസ്‌കോപ്പൽ ദേവാലയത്തിൽ ജെ.ഐ. പാക്കർ നടത്തിയ വചനപ്രഘോഷണത്തിലായിരുന്നു. പാർക്കർ പ്രസിദ്ധനായ ഒരു ആംഗ്ലിക്കൻ സുവിശേഷപ്രഘോഷകനായിരുന്നു. അതിനുശേഷം ആ ദേവാലയത്തിൽ ഞങ്ങൾ സ്ഥിരമായി പോകാൻ തുടങ്ങി. എട്ടുമാസങ്ങൾക്കുശേഷം ഞങ്ങൾ ആ ദേവാലയത്തിൽവച്ചു വിവാഹിതരുമായി.
തുടർന്ന് ആറ് വർഷം അവിടെ തുടർന്നു. എപ്പിസ്‌കോപ്പൽ സഭയിൽ തന്നെ അധോസഭ, ഉപരിസഭ എന്ന് രണ്ടുതരം ആരാധനാക്രമം ഉണ്ട്. ഈ രണ്ടു രീതിയിൽ ആരാധന നടത്തുന്നവർ തമ്മിൽ സ്വർഗപ്രാപ്തിയിൽതന്നെ വ്യത്യാസമുണ്ടെന്ന വിശ്വാസം ഉണ്ടായിരുന്നു.
ഏതാനും വർഷങ്ങൾക്കുശേഷം ഞങ്ങൾ ഡാളസിലുള്ള മറ്റോരു എപ്പിസ്‌കോപ്പൽ ദേവാലയത്തിലേക്ക് പോയി. അത് തോമസ് ഹോവാഡിന്റെ അടുത്തായിരുന്നു, എലിസബത്ത് എലിയട്ടിന്റെ സഹോദരനായ അദ്ദേഹം കത്തോലിക്കാ വിശ്വാസം സ്വീകരിച്ച ആളായിരുന്നു. ആംഗ്ലോ-കാത്തലിക് ദേവാലയം എന്നാണ് ആ ദേവാലയം അറിയപ്പെടുന്നത്.
സഭയ്ക്ക് വഴിതെറ്റിയോ?
എന്റെ വിവാഹത്തിനു ഒരു വർഷത്തിനുശേഷം, ബാപ്റ്റിസ്റ്റ് കോളേജിലെ ഉറ്റ സുഹൃത്ത് കത്തോലിക്കാ സഭയിൽ് ചേരാൻ തീരുമാനിച്ചിരുന്ന യുവാവിനെ വിവാഹം ചെയ്യാൻ തീരുമാനിച്ചു. അവളുടെ ഈ തീരുമാനം എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. കാരണം, കത്തോലിക്കാസഭയെക്കുറിച്ച് എനിക്ക് ചില മുൻവിധികളുണ്ടായിരുന്നു.
എന്നാൽ കൂട്ടുകാരി തന്ന പുസ്തകങ്ങൾ വായിച്ചപ്പോൾ മനസിലായി കത്തോലിക്കാ സഭയെപ്പറ്റിയുള്ള എന്റെ അറിവുകളെല്ലാം കള്ളമാണെന്ന്. യേശുവിന്റെ സ്വർഗാരോഹണത്തിനുശേഷം സഭ വഴിതെറ്റിപ്പോയി എന്നും മറ്റുമുള്ള മിഥ്യാധാരണകളെ പിഴുതെറിയാൻ ആ പുസ്തകപാരായണം വഴിയൊരുക്കി.പിന്നീട് കത്തോലിക്ക സഭാചരിത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഏതു പുസ്തകം കിട്ടിയാലും ഞാൻ വായിക്കാൻ തുടങ്ങി. പ്രത്യേകിച്ച്, സഭാപിതാക്കൻമാരുടെയും സ്വവിശ്വാസത്തെ പ്രഘോഷിക്കുന്ന കത്തോലിക്കരുടെയും പുസ്തകങ്ങൾ എന്നെ കൂടുതൽ ആകർഷിച്ചു.
അതോടെ കത്തോലിക്കാസഭയുടെ ചരിത്രസത്യങ്ങൾ വിശ്വസിക്കാൻ എനിക്ക് അധികം താമസം ഉണ്ടായില്ല. എന്റെ ദൈവത്തെയും അവിടുത്തെ വചനത്തെയും ഞാൻ സ്‌നേഹിച്ചുതുടങ്ങിയിരുന്നുവെങ്കിലും അപ്പോൾ മുതൽ ഞാൻ കത്തോലിക്കാ സഭയെയും സ്‌നേഹിക്കാൻ തുടങ്ങി. ജീവിത പവിത്രതയ്ക്കാണ് കത്തോലിക്കാ സഭ ഏറ്റവും പ്രാധാന്യം നല്കുന്നത്.
കൂദാശകളെക്കുറിച്ച് എനിക്ക് ഉറച്ച ബോധ്യം ഉണ്ടായിരുന്നു. അതായത്, മാമ്മോദീസയിലൂടെ ലഭിക്കുന്ന ദൈവിക ജീവൻ, വിശുദ്ധകുർബാനയിലെ അപ്പത്തിന്റെയും വീഞ്ഞിന്റെയും രൂപാന്തരീകരണം എന്നിവയിൽ ഞാൻ വിശ്വസിച്ചിരുന്നു. കാരണം എപ്പിസ്‌കോപ്പൽ ചർച്ചിൽ ഇവയുണ്ടായിരുന്നു.
എന്നാൽ എപ്പിസ്‌കോപ്പൽ സഭയിലെ, ‘വിശ്വാസം മാത്രം’, ‘ബൈബിൾ മാത്രം’ എന്ന സിദ്ധാന്തങ്ങൾ തിരുവചനത്തിനും സഭാ പഠനങ്ങൾക്കും വിരുദ്ധമാണെന്ന് എനിക്കു ബോധ്യമായി. ഇത്രയും ആയപ്പോൾ കത്തോലിക്കാ സഭയിൽ ചേരണമെന്ന് തോന്നൽ ശക്തമായി. പക്ഷേ, ഞങ്ങളുടെ ആംഗ്ലോ- കാത്തലിക്ക് സഭ ശരിക്കും കത്തോലിക്കാ സഭപോലെയായും തോന്നി. കത്തോലിക്കരാകാതെ കത്തോലിക്കാ സഭയുടെതുപോലുളള എല്ലാ അനുശാസനവും ആംഗ്ലോ-കാത്തോലിക് ചർച്ചിൽ ഉണ്ടായിരുന്നു. അതുകൊണ്ട് ആംഗ്ലോ-കാത്തോലിക് ചർച്ചിൽ തന്നെ തുടർന്നാൽ പോരെ എന്ന ആശങ്ക. ശരിക്കും കത്തോലിക്കാ സഭയോട് ചേർന്നുനിൽക്കുന്നപോലെ ഒരു തോന്നൽ. കൂടാതെ, ഒരു ആംഗ്ലിക്കൻ ആയിരിക്കുന്നതിൽ എന്റെ ഭർത്താവ് സന്തോഷിച്ചിരുന്നു.
സമാധാനം തരാത്ത പഴയ വീട്
2008-ൽ ഞങ്ങൾ ഡാളസിൽ നിന്നും ചിക്കാഗോയ്ക്ക് താമസം മാറി. അവിടെ അടുത്തെങ്ങും ഒരു ദേവാലയം ഉണ്ടായിരുന്നില്ല. അവസാനം ഒരു ലൂഥറൻ ദേവാലയത്തിൽ ഒരു വർഷത്തോളം പോയി. നാലാമത്തെ കുട്ടിയെ അവിടെ മാമ്മോദീസായും മുക്കി. അവസാനം 80-മൈൽ അകലെയുളള ഒരു എപ്പിസ്‌കോപ്പൽ ദേവാലയത്തിൽ പോയി, പക്ഷേ ഒരിടത്തും സന്തോഷം ലഭിച്ചില്ല.
2010-ൽ അപ്രതീക്ഷിതമായി 18 ആഴ്ച പ്രായമുള്ള ഒരു കുഞ്ഞ് എന്റെ ഗർഭത്തിൽ വച്ച് നഷ്ടമായി. ഇത്രയുമൊക്കെയായപ്പോൽ ഞാൻ തകർന്നു. അവസാനം ഭർത്താവിനോട് ഡാളസിലേക്ക് തിരിച്ചുപോകാമെന്ന് പറഞ്ഞു. അവിടുത്തെ പഴയ ആംഗ്ലോ-കാത്തലിക് ദേവാലയത്തിൽ എത്തി, പക്ഷേ സ്വന്തം വീട്ടിൽ വന്ന ഒരു അനുഭവവും ഉണ്ടായില്ല. ആത്മീയതയിൽ വലിയ മരവിപ്പ്. പതിയെ എനിക്ക് മനസിലായി എപ്പിസ്‌കോപ്പൽ സഭയിലെ ദൈവശാസ്ത്രതത്വങ്ങൾക്ക് എന്റെ ആത്മീയ ജീവിതത്തെ പരിപോഷിപ്പിക്കുവാൻ കഴിയില്ല, എന്നുമാത്രമല്ല അവ എന്നിൽ ചില വിപരീതഫലങ്ങൾ ഉണ്ടാക്കുന്നുമുണ്ട്.
എപ്പിസ്‌കോപ്പൽ സഭയ്ക്ക് ദൃഢവും ഏകീകൃതവുമായ ദൈവശാസ്ത്രതത്വങ്ങളില്ല. 39 ഭാഗങ്ങളടങ്ങിയ ദൈവശാസ്ത്ര സംഹിതയുണ്ടെങ്കിലും അവ വ്യക്തികളുടെ അഥവാ സഭാമക്കളുടെ ആധ്യാത്മികതയിലൂന്നിയവയോ പരിപോഷിപ്പിക്കുന്നതോ ആയിരുന്നില്ല. മാത്രമല്ല, അവ പ്രൊട്ടസ്റ്റന്റ്‌സഭയിൽനിന്നും സ്വീകരിച്ചവയായിരുന്നു. അതിൽ പലതും എനിക്ക് അംഗീകരിക്കുവാനേ കഴിഞ്ഞില്ല. എപ്പിസ്‌കോപ്പൽ സഭയിൽ സ്ത്രീകളായ വൈദികരും മെത്രാൻമാരും ഉണ്ടായിരുന്നതിനു പുറമെ സ്വവർഗാനുരാഗികളായ വൈദികരും മെത്രാൻമാരും സഭയെ നയിച്ചിരുന്നു.
ഭ്രൂണഹത്യക്ക് വൻതോതിൽ സാമ്പത്തിക സഹായവും സഭ നല്കിയിരുന്നു. സഭയുടെ ഉന്നതിക്കുവേണ്ടി നേതാക്കൾ നിരവധി ചർച്ചകൾ നടത്തി യെങ്കിലും പുരോഗമനമൊന്നും ഉണ്ടായില്ല. കാരണം സത്യം സംരക്ഷിക്കാനുള്ള സംവിധാനം അവിടെയുണ്ടായിരുന്നില്ല എന്നതു തന്നെ. അത് കത്തോലിക്കാസഭയ്ക്കുമാത്രമെ ഉള്ളൂവെന്ന് ക്രമേണ എനിക്ക് ബോധ്യപ്പെട്ടു.
പരിഹാസത്തിൽനിന്ന് അനുമോദനത്തിലേക്ക്
ഞങ്ങൾ ദൈവത്തിലേക്ക് കുടുതൽ അടുത്തുകൊണ്ടിരുന്ന ഈ സമയത്ത്, ഗർഭനിരോധനവും ഭ്രൂണഹത്യയും പ്രോത്സാഹിപ്പിക്കുന്ന ആംഗ്ലോ-കാത്തോലിക് ദേവാലയത്തിൽ ഞങ്ങളുടെ അഞ്ചാമത്തെ കുഞ്ഞിനെ മാമ്മോദീസാമുക്കാൻ ഞങ്ങൾ ഏറെ ക്ലേശിച്ചു. അവൾക്ക് ജ്ഞാനസ്‌നാനം നല്കിയപ്പോൾ എല്ലാവരുംതന്നെ ഞങ്ങളെ കുറ്റപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും മറ്റുചിലർ പരിഹസിക്കുകയും ചെയ്തു.
ചിക്കാഗോയിലുള്ള ജോലിസ്ഥലത്തേക്ക് ഭർത്താവിന് വളരെ ദൂരം യാത്രചെയ്യേണ്ടിയിരുന്നു. അതോടൊപ്പം ഇവിടുത്തെ എപ്പിസ്‌കോപ്പൽ ദേവാലയത്തിൽ പോകാൻ എനിക്ക് താൽപര്യവും കുറഞ്ഞുവന്നു. അവസാനം 2012-ൽ, ചിക്കാഗോയിലേക്ക് മാറുവാൻ ഞങ്ങൾ തീരുമാനിച്ചു.
അങ്ങനെയെങ്കിൽ ഞാൻ കത്തോലിക്കാ സഭയിൽ ചേരുമെന്ന് എന്റെ ഭർത്താവിനോട് പറഞ്ഞു. പന്ത്രണ്ടു വർഷത്തോളമായി ഞാൻ കാത്തിരുന്ന കാര്യം അങ്ങനെ സഫലമായി. 2013, ഈസ്റ്റർ നാളിൽ ഞാൻ കത്തോലക്കാസഭയിൽ അംഗമായി.
കത്തോലിക്കാസഭയുടെ പ്രബോധനങ്ങൾ എന്നെ ശരിക്കും കോരിത്തരിപ്പിച്ചു. ദിവസവും ഞാൻ അവയിൽ നീന്തിത്തുടിച്ചുകൊണ്ടിരുന്നു. കൂടാതെ ആറാമത്തെ കുഞ്ഞിനെ ഞാൻ ഉദരത്തിൽ സ്വീകരിച്ചെന്നറിയിച്ചപ്പോൾ മറ്റുള്ളവർ കാണിച്ച സന്തോഷപ്രകടനവും സ്വീകരണവും എന്നെ വളരെയേറെ ആനന്ദിപ്പിച്ചു. നന്ദി ദൈവമേ, എന്നെ സ്വന്തം വീട്ടിലേക്ക് തിരികെ കൊണ്ടുവന്നതിന്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?