Follow Us On

29

March

2024

Friday

ടോം ഇവാൻസ്, നിങ്ങളുടെ നിലപാടുകളായിരുന്നു ശരി

ടോം ഇവാൻസ്, നിങ്ങളുടെ നിലപാടുകളായിരുന്നു ശരി

ഞങ്ങളുടെ മകന് പറക്കാൻ ചിറകുകൾ മുളച്ചിരിക്കുന്നു. അവൻ പോയി.” ഇക്കഴിഞ്ഞ ഏപ്രിൽ 28-ന് പുലർച്ചെ പുറത്തുവന്ന ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണിത്. ഇംഗ്ലണ്ടിലെ ലിവർപൂളിൽനിന്നും ടോം ഇ വാൻസ് എന്ന ചെറുപ്പക്കാരൻ സ്വന്തം മകൻ ആൽഫി ഇവാൻസിന്റെ മരണവാർത്ത ലോകത്തെ അറിയിക്കുകയായിരുന്നു അതിലൂടെ. ആൽഫിക്ക് രണ്ടു വയസു തികയാൻ ഏതാനും ദിവസങ്ങൾ കൂടിയേ ഉണ്ടായിരുന്നുള്ളൂ. ഫ്രാൻസിസ് മാർപാപ്പയുടെ ഇടപെടലാണ് ആൽഫിയെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. 2016 മെയ് ഒമ്പതിനാണ് ടോം ഇവാൻസിന്റെയും കെയ്റ്റ് ജെയിംസിന്റെയും ആദ്യത്തെ കൺമണിയായി ആൽഫി ഈ ഭൂമിയിലേക്കു പിറന്നുവീണത്. എട്ട് മാസം വരെ മറ്റേതു കുഞ്ഞിനെപ്പോലെ ആയിരുന്നു അവനും. നെഞ്ചിൽ പെട്ടെന്നുണ്ടായ അണുബാധയെ തുടർന്നാണ് ആൽഡർ ഹേ ചിൽഡ്രൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വളരെ വേഗം അവൻ അബോധാവസ്ഥയിലേക്ക് വീണു. ഡോക്ടർമാർക്ക് രോഗവിവരം പിടികിട്ടിയില്ല.
ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു പിന്നീട് അവന്റെ ജീവൻ നിലനിർത്തിയിരുന്നത്. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ആശുപത്രി അധികൃതർ പറഞ്ഞു, ഇനി ആൽഫി ജീവിതത്തിലേക്ക് തിരികെ വരാൻ പോകുന്നില്ല. അതിനാൽ ഉപകരണങ്ങൾ മാറ്റി അവനെ മരിക്കാൻ അനുവദിക്കാം. എന്നാൽ, നിർദ്ദേശം അവന്റെ മാതാപിതാക്കൾക്ക് സ്വീകാര്യമായിരുന്നില്ല. ആശുപത്രി അധികൃതർ ലണ്ടൻ ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി നേടി. മാതാപിതാക്കൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും നീതിപീഠം കനിഞ്ഞില്ല. അവസാന ശ്രമം എന്ന നിലയിൽ കഴിഞ്ഞ ഏപ്രിൽ 18-ന് ടോം ഇവാൻസ് ഫ്രാൻസിസ് മാർപാപ്പയെ കണ്ടു. മനുഷ്യ ജീവന് കത്തോലിക്ക സഭ നൽകുന്ന ഗൗരവവും പ്രാധാന്യം ലോകത്തെ ഓർമിപ്പിക്കുന്നതായി മാർപാപ്പയുടെ ഇടപെടലുകൾ. പാപ്പയുടെ അടിയന്തിര ഇടപെടലിനെ തുടർന്ന് ആൽഫിക്ക് ഇറ്റാലിയൻ പൗരത്വം നൽകി വിദഗ്ധ ചികിത്സക്കുവേണ്ടി ഇറ്റലിയിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചു. എന്നാൽ, ആശുപത്രിയിൽനിന്നും കൊണ്ടുപോകാൻ അവർക്ക് അനുമതി ലഭിച്ചില്ല. നീതിപീഠവും അവരുടെ രോദനത്തിന് നേരെ കാതുകൊട്ടിയടച്ചു. പ്രശ്‌നം അന്താരാഷ്ട്രതലത്തിൽ കൂടുതൽ ചർച്ചയാകുന്നതിനുമുമ്പ് ആശുപത്രി അധികൃതർ ഏപ്രിൽ 23-ന് ജീവൻ രക്ഷാ ഉപകരണങ്ങൾ നീക്കംചെയ്തു. അഞ്ച് ദിവസത്തിനുശേഷം വേദനകളില്ലാത്ത ലോകത്തേക്ക് ആ മാലാഖക്കുഞ്ഞ് യാത്രയായി.
ജീവന് എതിരെ രൂപപ്പെടുന്ന പുതിയ സംസ്‌കാരമാണ് ഇത്തരം തീരുമാനങ്ങളെ നയിക്കുന്നത്. കൊച്ചുകുട്ടിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള ശ്രമത്തിനു തടയിട്ട ആശുപത്രി അധികൃതരുടെ നടപടി ഏറെ വിമർശനത്തിനു വിധേയമായി. കോടതിയും അതിന് അനുകൂലമായ നിലപാട് സ്വീകരിച്ചു എന്നതാണ് നമ്മെ അമ്പരിപ്പിക്കുന്നത്. ഏതു വിധത്തിലുള്ള ചികിത്സകൊണ്ടും ആൽഫി രക്ഷപ്പെടാൻ സാധ്യത ഇല്ലായിരുന്നു എന്ന ആശുപത്രി അധികൃതരുടെ നിലപാടിനെ വാദത്തിനുവേണ്ടി അംഗീകരിച്ചാൽപ്പോലും മറ്റൊരു ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി കൊണ്ടുപോകാനുള്ള അവസരം നിഷേധിച്ചതിനെ എങ്ങനെ ന്യായീകരിക്കാനാകും? അബോർഷൻ സാധാരണ സംഭവമായി പരിഗണിക്കുന്ന രാജ്യത്ത് രക്ഷപ്പെടാൻ സാധ്യത ഇല്ലാത്ത കുഞ്ഞിനെ നേരത്തെ മരിക്കാൻ അനുവദിക്കുന്നത് അവനോട് കാരുണ്യം കാണിച്ചതാണെന്ന വാദംപോലും ഉയരാം. മെഡിക്കൽ സയൻസ് അങ്ങനെ വിധിയെഴുതിയ പലരും ജീവിതത്തിലേക്ക് തിരിച്ചുവന്നിട്ടില്ലേ എന്നത് മറ്റൊരു ചോദ്യം. പ്രയോജനരഹിതരെന്നു തോന്നുന്നവർ ലോകത്തിന് വേണ്ടെന്ന പറയാതെ പറയുന്ന ചിന്തയാണ് ഇതിന്റെ പിന്നിൽ. ഉപകരണങ്ങളുടെ സഹായത്തോടെ ഒരു വർഷത്തിലധികമായി ജീവൻ നിലനിർത്തിയിരുന്നതെങ്കിലും ആ കൊച്ചുമുഖത്തിന്റെ ഓമനത്തത്തിന് അല്പംപോലും മങ്ങൽ ഏറ്റിരുന്നില്ല. ആ മുഖത്തേക്ക് നോക്കുന്ന ഒരാൾക്കും ആ കുഞ്ഞിനെ ചികിത്സനിഷേധിക്കപ്പെട്ടു എന്നു കേൾക്കുമ്പോൾ ഹൃദയത്തിൽ നൊമ്പരം അനുഭവപ്പെടും.
ഈ സാഹചര്യത്തിലും നമ്മെ പ്രത്യാശഭരിതരാക്കുന്ന ഒന്നുണ്ട്. അവന്റെ മാതാപിതാക്കളുടെ നിലപാടുകൾ. ഒരു രാജ്യത്തെ സംവിധാനങ്ങൾ മുഴുവൻ എതിരുനിന്നിട്ടും ജീവനുവേണ്ടി അവസാന നിമിഷംവരെ പോരാടാൻ തയാറായവർ ലോകത്തിന് നൽകുന്ന വലിയൊരു സന്ദേശമുണ്ട്. ജീവന് എതിരെയുള്ള ആശയങ്ങൾക്ക് എല്ലാവരെയും സ്വാധീനിക്കാൻ ഒരിക്കലും കഴിയില്ലെന്ന്. മകനെ രക്ഷിക്കാനുള്ള എല്ലാ സാധ്യതകളും മുമ്പിൽ അടക്കപ്പെട്ടിട്ടും അവരുടെ വിശ്വാസത്തിന് പോറൽപോലും ഏല്പിക്കാൻ കഴിഞ്ഞില്ലെന്നതിന് തെളിവായിരുന്നു ആ പിതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ വരികൾ. അവൻ ദൈവസന്നിധിയിലേക്ക് യാത്രയായിരിക്കുന്നു എന്നാണ് അദ്ദേഹം അർത്ഥമാക്കിയത്. എന്തൊക്കെയാണെങ്കിലും ടോം ഇവാൻസിന്റെ ഭാഗമായിരുന്നു ശരിയെന്ന് ലോകം വിളിച്ചുപറയുന്ന ഒരു കാലം ഉണ്ടാകുമെന്നതിൽ സംശയമില്ല.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?