Follow Us On

29

March

2024

Friday

‘താങ്ക്‌യൂ ഹോളി സ്പിരിറ്റ് ‘; ക്യാപ്റ്റന്‍ മാഫെല്ല രക്ഷിച്ചത് 140 ജീവന്‍!

‘താങ്ക്‌യൂ ഹോളി സ്പിരിറ്റ് ‘;  ക്യാപ്റ്റന്‍ മാഫെല്ല  രക്ഷിച്ചത് 140 ജീവന്‍!

ജക്കാര്‍ത്ത (ഇന്തൊനേഷ്യ): ഷെഡ്യൂളില്‍നിന്ന് വ്യതിചലിച്ച് മൂന്നു മിനിട്ടുമുമ്പ് ടേക്ക് ഓഫ് ചെയ്യണമെന്ന് പൈലറ്റിന് ഒരു ഉള്‍പ്രേരണ, അതുകൊണ്ടുമാത്രം മരണമുഖത്തുനിന്ന് ‘പറന്ന്’ പുതുജീവിതത്തിലേക്ക് പ്രവേശിച്ചത് 140 പേര്‍! ഇന്തൊനേഷ്യയിലെ പാലുവില്‍ ഉണ്ടായ ഭൂമികുലുക്കത്തില്‍ നിന്നും സുനാമിയില്‍നിന്നും വിമാനം അത്ഭുതകരമായി രക്ഷപെട്ടതിന്റെ കാരണത്തെക്കുറിച്ച് വിമാനം പറത്തിയ ഇന്തോനേഷ്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ ഇക്കൊസ് മാഫെല്ലയില്‍നിന്ന് കിറുകൃത്യം ഉത്തരം കിട്ടും – ‘താങ്ക്‌യൂ ഹോളി സ്പിരിറ്റ്!’
സെപ്തംബര്‍ 28ന് ഇന്തൊനേഷ്യയെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തില്‍നിന്നും സുനാമി തിരകളില്‍നിന്നും 140 പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം മാത്രമല്ല, അതിനു കാരണമായ ദൈവീക ഇടപെടലിനെക്കുറിച്ചുള്ള പൈലറ്റിന്റെ സാക്ഷ്യവും തരംഗമാണിപ്പോള്‍. ജക്കാര്‍ത്തയിലെ ദൈവാലയത്തില്‍വെച്ചാണ് ക്യാപ്റ്റന്‍ മാഫെല്ല താന്‍ അനുഭവിച്ചറിഞ്ഞ പരിശുദ്ധാത്മാവിന്റെ ഇടപെടല്‍ പങ്കുവച്ചത്.
സംഭവത്തെക്കുറിച്ചുള്ള പൈലറ്റിന്റെ വിവരണം ഇങ്ങനെ -‘കോക്ക്പിറ്റില്‍ പ്രവേശിച്ചാല്‍ ദൈവസ്തുതികള്‍ മൂളുക പതിവാണ്. എന്നാല്‍, സെപ്തംബര്‍ 28ന് കോക്ക്പിറ്റില്‍ പ്രവേശിച്ചതുമുതല്‍ ദൈവസ്തുതിഗീതങ്ങള്‍ ഉച്ചത്തില്‍ പാടുകയായിരുന്നു. പാലു എയര്‍പോര്‍ട്ടില്‍ വിമാനം ലാന്‍ഡിങ്ങിന് ശ്രമിക്കവേ കാറ്റിന്റെ ശക്തി കൂടി. വിമാനം നിലത്തിറക്കുംമുമ്പ് ഒരു വട്ടംകൂടി വലയംവെക്കണമെന്ന് ഒരു പ്രചോദനം. പിന്നീട് 23-ാം സങ്കീര്‍ത്തനം ചൊല്ലി വളരെ ശ്രദ്ധയോടെയാണ് ലാന്‍ഡ് ചെയ്തത്.
ലാന്‍ഡ് ചെയ്ത ഉടന്‍, ഉജുങ്ങ് പാണ്ടാങ്ങിലേക്കുള്ള പുറപ്പെടല്‍ പെട്ടെന്നാക്കണമെന്ന് പരിശുദ്ധാത്മാവ് ഒരിക്കല്‍കൂടി പറയുന്നതായി അനുഭവപ്പെട്ടു. തുടര്‍ന്ന് വിശ്രമസമയം വെട്ടിക്കുറക്കാന്‍ സഹപ്രവര്‍ത്തകരോട് ആവശ്യപ്പെടുകയായിരുന്നു. കോക്ക്പിറ്റില്‍നിന്ന് പുറത്തിറങ്ങാതെ ഷെഡ്യൂളില്‍നിന്ന് മൂന്ന് മിനിറ്റ് മുമ്പ് ടേക്ക് ഓഫിനുള്ള അനുമതി തേടി കണ്‍ട്രോള്‍ ടവറുമായി ബന്ധപ്പെട്ടു. അനുമതി ലഭിച്ചപ്പോള്‍തന്നെ പുറപ്പെടാന്‍ തയാറെടുത്തു.
വിമാനം റണ്‍വേയിലൂടെ ഓടാന്‍ തുടങ്ങുമ്പോള്‍, വിമാനത്തിന്റെ വേഗം നിയന്ത്രിക്കുന്ന ലിവറില്‍ അറിയാതെതന്നെ കൈ അമര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നു. വിമാനം നിലത്തുനിന്ന് ഉയര്‍ന്ന ഉടന്‍തന്നെയായിരുന്നു ശക്തമായ ഭൂകമ്പം. വിമാനത്തിനു അനുവാദം നല്‍കിയ എയര്‍ കണ്‍ട്രോളര്‍ അന്തോണിയുസ് അഗുങ്ങും ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടു. മൂന്ന് മിനിറ്റുകൂടി വൈകിയിരുന്നെങ്കില്‍ 140 ജീവനുകള്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നില്ല.’
സഹപൈലറ്റുമാര്‍ ചെയ്യേണ്ട പല കാര്യങ്ങളും സ്വയം ചെയ്തുകൊണ്ട് അടിയന്തിരമായി വിമാനം ഉയര്‍ത്താന്‍ സഹായിച്ചത് പരിശുദ്ധാത്മാവാണെന്ന് മാഫെല്ല സാക്ഷ്യപ്പെടുത്തുന്നു. ‘ഏതു പ്രതിസന്ധി ഘട്ടത്തിലും ദൈവത്തിന്റെ ശബ്ദം ശ്രവിക്കാന്‍ നാം തയാറാകണം,’ മാഫെല്ല വിശ്വാസികളെ ഓര്‍മിപ്പിക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?