Follow Us On

18

April

2024

Thursday

തിമിരം ബാധിച്ച മാധ്യമക്കണ്ണുകൾ!

തിമിരം ബാധിച്ച മാധ്യമക്കണ്ണുകൾ!

മാധ്യമധർമ്മം വളരെ പ്രധാനപ്പെട്ടതാണ്. സത്യമായതിനെ എത്രയധികമായി വളച്ചൊടിക്കാൻ മാധ്യമങ്ങൾ ഇഷ്ടപ്പെടുന്നു എന്നതിന്റെ തെളിവാണ് സി.എൻ.എൻ പുറത്തുവിട്ടതെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന ഒരു വീഡിയോ. മാധ്യമങ്ങളുടെ കണ്ണുകൾ സ്ഥായിയായ മാറ്റങ്ങളെക്കാൾ സെൻസേഷണലിസത്തെ സ്‌നേഹിക്കാൻ തുടങ്ങിയിരിക്കുന്നു!
രണ്ടുകാര്യങ്ങളാണ് ഇവിടെ നാം വിശകലനം ചെയ്യുന്നത്. തികച്ചും ഗൗരവമുള്ള ഒരു കാര്യം മുഖ്യധാരാ മാധ്യമങ്ങളിൽനിന്ന് അപ്രത്യക്ഷമാവുകയും, യാതൊരു ഗൗരവവുമില്ലാത്ത കെട്ടച്ചമച്ച ചില വാർത്തകൾ ഏറെ പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നതെന്താണ്. മാധ്യമങ്ങളിൽ ഇടംപിടിക്കാതെ പോയ വാർത്ത ഫ്രാൻസിസ് പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം യു.എസ് പ്രസിഡന്റ് ആദ്യം നടത്തുന്ന ട്വീറ്റ് ലോകസമാധാനത്തിനായി താൻ ഇന്നുവരെ ചെയ്യാത്തതുപോലെ പ്രവർത്തിക്കും എന്നതും, മെമ്മോറിയൽ ഡേ – മെയ് 29 അമേരിക്കയിൽ മുഴുവൻ ആളുകളും ഒരുമിച്ച് ലോകസമാധാനത്തിനായി പ്രാർത്ഥിക്കണം എന്ന ഔദ്യോഗിക പ്രഖ്യാപനവുമായിരുന്നു.
എന്നാൽ ഗൗരവകരമായ അത്തരം കാര്യങ്ങളിൽനിന്ന് മാറി, മുഖ്യധാരാ മാധ്യമങ്ങളിൽപോലും ഫ്രാൻസിസ് പാപ്പയും ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ രണ്ടുപേരെയും അവഹേളിക്കാനും കോമാളികളെപ്പോലെ ചിത്രീകരിക്കാനുമുള്ള ശ്രമം നടന്നു. ഇതിന്റെ ഫലമായിട്ടാണ് ഇപ്പോൾ അനേകം വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റും സജീവ ചർച്ചയായിരിക്കുന്ന, പാപ്പ ട്രംപിനെ ശകാരിക്കുന്നു, കൈതട്ടിമാറ്റുന്നു എന്ന രീതിയിൽ പ്രചരിക്കുന്ന ഒരു വീഡിയോ.
വീഡിയോ കെട്ടിച്ചമച്ചതാണെന്ന് വളരെ എളുപ്പത്തിൽ മനസിലാക്കാം. ക്ലോസ്അപ്പ് ആയി നൽകിയിരിക്കുന്ന വീഡിയോയിൽ സ്ഥലവും വ്യക്തികളും വേറെയാണ്. എന്നാൽ കരുതിക്കൂട്ടി ഈ വീഡിയോ ബോധപൂർവം നിർമ്മിക്കപ്പെട്ടതാണെന്ന് വളരെ വ്യക്തമാണ്. ഇതിന്റെ പിന്നിലുള്ള വ്യക്തികളുടെ താല്പര്യം ഒരുപക്ഷേ പ്രസിഡന്റിനെ ഒരു മോശക്കാരനായി അവതരിപ്പിക്കാനും, പാപ്പയെ ബാലിശമായി ചിത്രീകരിക്കുവാനുമായിരിക്കും.
എന്നിരുന്നാലും, വിശ്വാസികളായ ഓരോരുത്തരും ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഇങ്ങനെയുള്ള വാർത്തകൾ ഷെയർ ചെയ്യുകയും തമാശയ്ക്കാണെങ്കിലും പങ്കുവയ്ക്കുകയും ചെയ്യുമ്പോൾ അത് നന്മയുള്ള ഫലങ്ങളല്ല ഉണ്ടാക്കുക. അനേകം വാട്‌സാപ്പ് ഗ്രൂപ്പുകളിൽ അറിഞ്ഞും അറിയാതെയും ആയിരങ്ങളിലേക്ക് ഈ വീഡിയോ ഷെയർ ചെയ്യപ്പെടുന്നത് നിരീക്ഷിച്ചതിൽനിന്നാണിത്.
ബുധനാഴ്ച വത്തിക്കാൻ സന്ദർശനത്തിന് ശേഷം അമേരിക്കൻ ഭരണകൂടം വലിയൊരു തീരുമാനം എടുത്തിരുന്നു. ആ വാർത്ത പലപ്പോഴും പ്രധാന മാധ്യമങ്ങളിൽ ഇടംപിടിച്ചിട്ടില്ല. വൈറ്റ് ഹൗസ് പുറത്തുവിട്ട ഔദ്യോഗിക പ്രഖ്യാപനത്തിൽ, മെയ് 29 മെമ്മോറിയൽ ഡേ ലോകസമാധാനത്തിനായി പ്രാർത്ഥിക്കുന്ന ദിവസമായി പ്രസിഡന്റ് പ്രഖ്യാപിക്കുന്നു എന്ന വാർത്തയുണ്ടായിരുന്നു. ആ ദിവസം 11 മണിക്ക് എല്ലാവരും അല്പസമയമെങ്കിലും ലോക സമാധാനത്തിനായി പ്രാർത്ഥിക്കണമെന്നും വൈറ്റ്ഹൗസ് നിർദേശിക്കുന്നു. മാധ്യമങ്ങളും, റേഡിയോ, ടെലിവിഷൻ ശൃംഖലകളും ഈ വാർത്ത എളുപ്പം എല്ലാവരിലുമെത്തിക്കാൻ സഹായിക്കണം എന്ന ആഹ്വനവുമുണ്ടായിരുന്നു.
ലോകം മുഴുവനും ഒരുമിച്ച് ഒരു നിയോഗത്തിന് വേണ്ടി കരങ്ങൾ കോർക്കാനും പ്രാർത്ഥിക്കാനും തയ്യാറായാൽ തീർച്ചയായും വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ നമുക്ക് കഴിയും. സെൻസേഷനുണ്ടാക്കുന്നവയെക്കാൾ നന്മയുണ്ടാക്കുന്ന വാർത്തകളെ മാധ്യമങ്ങൾ തിരഞ്ഞുതുടങ്ങുമ്പോൾ തീർച്ചയായും മാധ്യമപ്രവർത്തനം നന്മയുളവാക്കുന്നതാവും, തീർച്ച.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?