Follow Us On

16

April

2024

Tuesday

തോമസ് മാർ അത്തനാസിയോസ് മെത്രാപ്പൊലീത്ത കാലം ചെയ്തു

തോമസ് മാർ അത്തനാസിയോസ് മെത്രാപ്പൊലീത്ത കാലം ചെയ്തു

എറണാകുളം: ഓർത്തഡോക്‌സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസ് (80) ട്രെയിനിൽനിന്നു വീണു മരിച്ചു. രാവിലെ അഞ്ചരയോടെ എറണാകുളം നോർത്ത് സ്റ്റേഷനും സൗത്ത് സ്റ്റേഷനും ഇടയ്ക്കുള്ള പുല്ലേപ്പടി പാലത്തിനു സമീപത്തുവച്ചായിരുന്നു അപകടം. ഗുജറാത്തിൽനിന്നു തിരിച്ചു വരികയായിരുന്നു. കബറടക്കം നാളെ വൈകുന്നേരം ഓതറയിലെ ദയറായിലാണ് .സഭയിലെ ഏറ്റവും സീനിയർ മെത്രാപ്പൊലീത്തമാരിൽ ഒരാളാണ്. സഭയുടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും പരിപാലിക്കുന്നതിനും മേൽനോട്ടം വഹിച്ചു. 1985ൽ ചെങ്ങന്നൂർ ഭദ്രാസനം രൂപീകരിച്ചതു മുതൽ ഭദ്രാസനാധിപനായിരുന്നു. ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ സഭാപ്രവർത്തനങ്ങൾ വിപുലമാക്കുന്നതിനായി ഏറെ പ്രയത്‌നിച്ചു.
ഓർത്തഡോക്സ് സഭയുടെ വളർച്ചയിൽ നിർണായക സേവനങ്ങളാണു മാർ അത്തനാസിയോസിന്റേത്. ഗുജറാത്തിൽ നാമമാത്രമായ ഇടവകകളുണ്ടായിരുന്ന കാലഘട്ടത്തിലാണ് അദ്ദേഹം അവിടേക്കു ചെല്ലുന്നത്. അധ്യാപക ജോലിയിൽ നിന്നു കിട്ടുന്ന ചെറിയ വരുമാനം ഉപയോഗിച്ചു ലളിതജീവിതം നയിച്ചു നടത്തിയ ആത്മീയ ശുശ്രൂഷയുടെ ഫലമായി ഇടവകകളുടെയും ദേവാലയങ്ങളുടെയും എണ്ണത്താൽ സമ്പന്നമാണിന്നു ഗുജറാത്തും സമീപ സംസ്ഥാനങ്ങളും. നാലു ദേവാലയങ്ങൾ മാത്രമുണ്ടായിരുന്നിടത്തു ഭദ്രാസനം രൂപം കൊണ്ടു.
ഓർത്തഡോക്‌സ് സഭാ ഫിനാൻസ് കമ്മിറ്റി പ്രസിഡന്റ്, അഖില മലങ്കര പ്രാർഥനാ യോഗം പ്രസിഡന്ര്, അഖില മലങ്കര ബാലസമാജം പ്രസിഡന്റ്, ഓർത്തഡോക്‌സ് സഭാ സിനഡ് സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. സഭാ പ്രസിദ്ധീകരണങ്ങളുടെ ചുമതല വഹിച്ചുവന്ന അദ്ദേഹം സഭയുടെ വിഷ്വൽ മീഡിയ കമ്യൂണിക്കേഷൻ പ്രസിഡന്റായി പ്രവർത്തിച്ചുവരികയായിരുന്നു.
അടുത്തറിയുന്നവർക്കു ദീർഘവീക്ഷണത്തിന്റെ ആൾരൂപമായിരുന്നു തോമസ് മാർ അത്തനാസിയോസ്. അദ്ദേഹം സ്ഥാപിച്ച ദേവാലയങ്ങളും ഇടവകകളും സ്‌കൂളുകളും തന്നെയായിരുന്നു ഇതിനു തെളിവ്. വിവിധ സംസ്ഥാനങ്ങളിലുള്ള സഭാമക്കൾക്കു മാത്രമല്ല, സമുദായം ഏതെന്നു നോക്കാതെ എല്ലാ മനുഷ്യർക്കുമായി സ്നേഹം സമൃദ്ധമായി പങ്കുവച്ചു നൽകിയ വ്യക്തിത്വം. ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകളില്ലാത്ത വിപുലവും ഊഷ്മളവുമായ സുഹൃദ്ബന്ധവും ഇതിനു തെളിവായിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?