Follow Us On

29

March

2024

Friday

നിധി കണ്ടെത്തി; ദക്ഷിണ കൊറിയയിൽ അത്ഭുതം തുടരുന്നു…

നിധി കണ്ടെത്തി; ദക്ഷിണ കൊറിയയിൽ അത്ഭുതം തുടരുന്നു…
അണുപരീക്ഷണങ്ങളും മനുഷ്യാവകാശലംഘനങ്ങളും ക്രൈസ്തവർക്കു നേരെയുള്ള മൂന്നാം മുറകളും തുടർന്ന് ഉത്തര കൊറിയ ലോകത്തിന്റെ പേടിസ്വപ്‌നമായി മാറുമ്പോൾ ദക്ഷിണ കൊറിയ ലോകത്തിന് നൽകുന്നത് തികച്ചും വ്യത്യസ്തമായ ചിത്രമാണ്. കാരണം കണ്ടെത്താൻ അധികമൊന്നും ഉത്ഖനനം നടത്തേണ്ട, കത്തോലിക്കാ സഭയുടെ ആഴത്തിലുള്ള വേരോട്ടംതന്നെ കാരണം. അതെ, കത്തോലിക്കാസഭയെ ദക്ഷിണ കൊറിയയുടെ അമൂല്യ നിധിയെന്നു വിളിക്കുന്നതാകും ഉചിതം.
ഊർജ്വസ്വലതയും വളർച്ചയുടെ പാതയിലുമാണ് സൗത്ത് കൊറിയയിലെസഭ. അടുത്തകാലത്ത് വിവാഹിതരായ കൊറിയൻ പോപ്പ് മെഗാസ്റ്റാർ റെയ്ൻ തന്റെ വിവാഹം നടത്തിയത് കത്തോലിക്കാ ദൈവാലയത്തിലായിരുന്നു. അദ്ദേഹത്തെപ്പോലെ അനേകം സെലിബ്രറ്റികളും യുവജനങ്ങളും കത്തോലിക്കാസഭയെ സ്വീകരിച്ചതുതന്നെ യുവത്വത്തിലായിരുന്നു. 2016ൽ കൊറിയയിൽ മാമ്മോദീസ സ്വീകരിച്ചവരിൽ 74%വും പ്രായപൂർത്തിയായവരായിരുന്നു.
സൗത്ത് കൊറിയയുടെ പേട്രൺ സെയിന്റാണ് വിശുദ്ധ ആൻഡ്രു കിം ടെയ്‌ഗോൺ. 1845ലാണ് അദ്ദേഹം ഷാംങ്ഗായിൽവെച്ച് പൗരോഹിത്യം സ്വീകരിച്ച് ആദ്യത്തെ കൊറിയൻ വൈദികനായത്. അന്നത്തെ പോർച്ചുഗീസ് കോളനിയായിരുന്ന മക്കാവിലായിരുന്നു സെമിനാരി പ~നം. വൈദികനായി അദ്ദേഹം സ്വന്തം നാട്ടിൽ തിരിച്ചെത്തി സുവിശേഷവേല ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ അദ്ദേഹത്തെ ശിരച്ഛേദനം ചെയ്യുകയായിരുന്നു. അങ്ങനെ 25-ാം വയസിൽ അദ്ദേഹം രക്തസാക്ഷിയായി.
‘കൊറിയയിലെ സഭ സൗഭാഗ്യങ്ങളുടെ നടുവിൽ വിരിഞ്ഞ താരകമായിരുന്നില്ല. ചുടുനിണം വീണ മണ്ണിലാണ് സഭാതരു സാവധാനം വളർന്നതും പടർന്നു പന്തലിച്ചതും. മറ്റ് രാജ്യങ്ങളിലേതുപോലെ സൗത്ത് കൊറിയയിൽ വചനവിപ്ലവം തീർത്തത് മിഷനറിമാരായിരുന്നില്ല. വീടുകളിൽ ഒരുമിച്ചുകൂടി പ്രാർത്ഥിക്കുകയും വചനം വായിക്കുകയും ചെയ്തിരുന്ന ഏതാനും അൽമായരായിരുന്നു. അവിടെ വൈദികരോ മിഷനറിമാരോ ഉണ്ടായിരുന്നില്ല,’ ഹോംജെ ഡോംഗ് ദൈവാലയ വികാരി ഫാ. പോൾ യൂ അനുസ്മരിക്കുന്നു.
ചൈനയിൽ കത്തോലിക്കാ വിശ്വാസമുണ്ട് എന്ന് കേട്ടറിഞ്ഞ് 1784ലാണ് ഏതാനും അൽമായർ ഒരു കൺഫ്യൂഷ്യൻ ചിന്തകനെ ബെയ്ജിംഗിലേക്കയച്ചത്. കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ പോയ അദ്ദേഹം മാമ്മോദീസ സ്വീകരിച്ചാണ് മടങ്ങിയെത്തിയത്. ഒപ്പം കത്തോലിക്കാ പുസ്തകങ്ങളും കൊണ്ടുവന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ അതെല്ലാം വായിച്ച് വിശ്വാസികളായി മാറി, വിശ്വാസത്തിന്റെ വിത്തുകൾ വിതറിയതോടെയാണ് കത്തോലിക്കാ സഭയുടെ വളർച്ച ആരംഭിച്ചത്.
സഭ വളരുന്നതുകണ്ട് ഏഴു വർഷം കഴിഞ്ഞപ്പോഴേക്കും 1791ൽ, അന്നത്തെ ഭരണകർത്താക്കളായിരുന്ന ജോസിയാൻ ഡയനാസ്റ്റി കത്തോലിക്കാ വിശ്വാസത്തിന് ഭ്രഷ്ട് കൽപ്പിച്ചു. കൺഫ്യൂഷനിസറ്റ് മതത്തിന് വെല്ലുവിളിയാകുമെന്ന ചിന്തയായിരുന്നു അതിന് കാരണം. പിന്നീടിങ്ങോട്ട് പീഡനങ്ങളുടെ ഘോഷയാത്രയാണ് സഭാവിശ്വാസികൾക്ക് നേരിടേണ്ടി വന്നത്. (1895വരെ ആ നിരോധനം നിലവിലുണ്ടായിരുന്നു) ഇക്കാലയളവിൽ രക്തസാക്ഷികളുടെ നാടായി ദക്ഷിണ കൊറിയ മാറി.
ഏതാണ്ട് 10,000 പേരാണ് കൊറിയൻ സഭയുടെ ആദ്യത്തെ 100 വർഷത്തിനുള്ളിൽ വിശ്വാസത്തിന്റെ രക്തപരവതാനി വിരിച്ചത്. 1984ൽ മഹാനായ ജോൺ പോൾ രണ്ടാമൻ പാപ്പ സൗത്ത് കൊറിയ സന്ദർശിച്ചപ്പോൾ 93 പേരെയാണ് രക്തസാക്ഷികളായി പ്രഖ്യാപിച്ചത്. സഭയുടെ ധീരരക്തസാക്ഷികളുടെ ചോരവീണ മണ്ണിൽവെച്ചുതന്നെയാണ് അവരുടെ നാമകരണ നടപടി നടന്നത്. റോമിന് പുറത്തുവെച്ച് ആദ്യമായി നടന്ന ആ നാമകരണങ്ങൾ തങ്കലിപികളിൽ രേഖപ്പെടുത്തപ്പെട്ട ചരിത്രവുമായി.
വിശ്വാസത്തിനുവേണ്ടി മരിച്ച പതിനായിരക്കണക്കിനു വിശ്വാസികളുടെ തീക്ഷ്ണമായ മാതൃക കത്തോലിക്കാസഭയ്ക്ക് ഇന്നും ഊർജം നൽകുന്നു. അതിനു തെളിവാണ്, മൂന്ന് വർഷം മുമ്പ് ഫ്രാൻസിസ് പാപ്പ രക്തസാക്ഷി പദവിയോടെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ച 124 കൊറിയൻ സഭാതനയർ. ജനാധിപത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന കത്തോലിക്കാസഭയുടെ നിലപാടുകളാണ് ഇന്നും അവിടുത്തെ ജനങ്ങൾക്ക് കത്തോലിക്കാസഭയോടുള്ള ആദരവിനു കാരണം.
മാറി മാറി വന്ന ഭരണകർത്താക്കൾ അഴിമതിയും സ്വേച്ഛാധിപത്യവും പ്രോത്സാഹിപ്പിച്ചപ്പോൾ നീതിക്കും അവകാശങ്ങൾക്കുംവേണ്ടി കത്തോലിക്കാസഭ ശക്തിയുക്തം രംഗത്തുവന്നു. അഴിമതിക്കാരനായിരുന്ന പഴയ പ്രസിഡന്റിനെ 1992ൽ ഇംപീച്ച് ചെയ്ത് പുതിയ പ്രസിഡന്റ് അധികാരത്തിൽ വരുന്നതുവരെ ആയിരക്കണക്കിന് കൊറിയക്കാരാണ് തുറങ്കിലടയ്ക്കപ്പെട്ടത്.
കഴിഞ്ഞ മേയിൽ അധികാരത്തിലെത്തിയ പുതിയ പ്രസിഡന്റ് മൂൺ ജേ ഇൻ ഔദ്യോഗിക വസതിയിൽ പ്രവേശിക്കും മുമ്പേ വസതി വെഞ്ചിരിക്കണമെന്ന് ആവശ്യപ്പെട്ടു. ഫാ. പോൾ യൂവിനായിരുന്നു അതിനുള്ള നിയോഗം. തീക്ഷ്ണതയുള്ള കത്തോലിക്കാ വിശ്വാസിയായ അദ്ദേഹത്തിലൂടെ ആ കൊട്ടാരം വെഞ്ചിരിച്ചപ്പോൾ സംഭവിച്ചത് അത്ഭുതംതന്നെയാണ്. ഒരിക്കൽ രാജ്യത്തുനിന്നുതന്നെ തുടച്ചുനീക്കാൻ ഒരുമ്പെട്ട കത്തോലിക്കാവിശ്വാസം ഭരണാധികാരികളുടെ കൊട്ടാരങ്ങളിൽപ്പോലും കയറിപ്പറ്റിയെന്ന മഹാത്ഭുതം!
ജോർജ് കൊമ്മറ്റം
Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?