Follow Us On

28

March

2024

Thursday

ദാവീദിന്റെ കോട്ടയായ മറിയം

ദാവീദിന്റെ കോട്ടയായ മറിയം

അമേരിക്കൻ ശാസ്ത്രജ്ഞനായ ഓപ്പൺ ഹൈമറാണ് ആദ്യമായി അണുബോംബ് നിർമ്മിക്കുന്നത്. ആദ്യത്തെ പരീക്ഷണം ന്യൂ മെക്‌സിക്കോയിലുള്ള ലോസ് ആലമോസ് മരുഭൂമിയിലായിരുന്നു. ഉടൻതന്നെ അതിന്റെ പരിഷ്‌കരിച്ച രണ്ടു പതിപ്പുകളുണ്ടാക്കി. യുറേനിയം കൊണ്ടു നിർമ്മിച്ച ”ലിറ്റിൽ ബോയ്” എന്ന ബോംബ് എനോളഗെ എന്ന യുദ്ധ വിമാനത്തിൽ ജപ്പാനിലെ ഹിരോഷിമയിൽ കൊണ്ടുപോയി ഇട്ടു- 1945 ഓഗസ്റ്റ് ആറാം തിയതി.
അണുവിസ്‌ഫോടനത്തിന്റെ അത്യുഗ്രതയിൽ ഹിരോഷിമ നഗരം മുഴുവൻ കിടിലം കൊണ്ടു- നിർമ്മാതാവായ ഓപ്പൺ ഹൈമർ പോലും ഞെട്ടിപ്പോയി. ഇത്രയും അദ്ദേഹം പ്രതീക്ഷിച്ചില്ല. നൂറുകണക്കിനു സൂര്യന്മാർ മണ്ണിലിറങ്ങി കത്തിനിൽക്കുന്ന പ്രതീതി. എങ്ങും തീജ്വാല-പൊട്ടിത്തെറി. മനുഷ്യമാംസം ചിതറിത്തെറിച്ചു. അനേകർ അപ്പോൾ തന്നെ മരണമടഞ്ഞു. അതിലേറെ ദയനീയം മരിക്കാതെ മരിച്ചുകിടന്ന ആയിരങ്ങളുടെ കാര്യമായിരുന്നു. ഉദരസ്ഥ ശിശുക്കളെ പോലും റേഡിയേഷൻ ബാധിച്ചു.
അത്ഭുതമെന്നു പറയട്ടെ. അന്നു ഹിരോഷിമ നഗരത്തിന്റെ നടുവിൽ താമസിച്ചിരുന്ന എട്ടുപേർക്ക് ഒരാപത്തും സംഭവിച്ചില്ല. ഈശോ സഭക്കാരായ വൈദികരായിരുന്നു അവർ. 33 വർഷങ്ങൾക്കുശേഷം അവരിലൊരാളായ ഫാ.ഹ്യൂബർട്ട് ഇങ്ങനെയെഴുതി: ”നഗരമധ്യത്തിൽ ബോംബു വീണതിന്റെ സമീപത്തായിരുന്നു ഞങ്ങൾ. ചുറ്റുപാടുള്ളവരൊക്കെ വെന്തെരിഞ്ഞെങ്കിലും ഞങ്ങൾ എട്ടുപേരും രക്ഷപ്പെട്ടു. മാത്രമല്ല റേഡിയേഷന്റെ ഒരു ലക്ഷണവും എനിക്കിതുവരെ അനുഭവപ്പെട്ടിട്ടില്ല. പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യേക മധ്യസ്ഥത്താലാണ് എന്നു ഞാൻ വിശ്വസിക്കുന്നു. ഞങ്ങൾ ഒരിക്കലും ജപമാല മുടക്കിയിട്ടില്ല…”
മറിയത്തെ നോഹയുടെ പേടകമായിട്ടാണ് (ഉൽ പത്തി 7) സഭാപിതാക്കന്മാർ വിശേഷിപ്പിക്കുക. ജലപ്രളയം മൂലം സർവജീവജാലങ്ങളും നശിച്ചുപോയെങ്കിലും ആ കപ്പലിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതമായി പുറത്തുവന്നു. അതുതന്നെയാണ് ജനനിബിഡമായ ഹിരോഷിമയിൽ സംഭവിച്ചതും. ചിതറിത്തെറിച്ചും അണുബാധയേറ്റും അവിടെ ഉണ്ടായിരുന്നവരെല്ലാം മരണമടഞ്ഞെങ്കിലും മരിയഭക്തരായിരുന്ന ആ എട്ടുപേർക്ക് ഒരനർത്ഥവും അനുഭവപ്പെട്ടിട്ടില്ല. കാരണം അവരൊക്കെ മറിയത്തിന്റെ സംരക്ഷണവലയത്തിലായിരുന്നു.
”ദാവീദിന്റെ കോട്ടയേ” എന്നല്ലേ മറിയത്തെ നാം പ്രാർത്ഥനാപൂർവം അഭിസംബോധന ചെയ്യുന്നത്? ദാവീദിന്റെ കോട്ട ഇസ്രായേൽക്കാരുടെ രക്ഷാകേന്ദ്രമായിരുന്നു. അതുപോലെ മറിയവും പുതിയ നിയമത്തിലെ ദൈവജനത്തിന് ഉറപ്പും സങ്കേതവുമാണ്. ആ ബലിഷ്ഠമായ കോട്ടയ്ക്കുള്ളിലായാൽ ശത്രുക്കൾക്കു നമ്മെ ഒരു കാലത്തും കീഴടക്കുവാൻ കഴിയുകയില്ല.
ലൂർദ്ദിൽ പിരണീസ് പർവതങ്ങൾക്കു താഴെയുള്ള പാറക്കെട്ടിൽ, മാതാവു ബർണ്ണദിത്തയ്ക്കു പ്രത്യക്ഷപ്പെട്ട കൃത്യം സ്ഥലത്ത് ഒരു ഗ്രോട്ടോ പണിതീർത്തിട്ടുണ്ട്. മാതാവ് അന്നു കാണപ്പെട്ട അതേ രീതിയിൽ, അതേ സ്ഥാനത്ത് ഗ്രോട്ടോയിൽ മാതാവിന്റെ ഒരു പ്രതിമയും പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്. തൊട്ടുതാഴെയാണ് അന്നു രൂപം കൊണ്ട നീരുറവ. പാറക്കെട്ടിനു താഴെ മൈതാനത്തിലാണ് ഭക്തജനങ്ങൾ പ്രാർത്ഥിച്ചുനിൽക്കുക.
ഓരോ വർഷവും എത്രയോ പേർ അവിടെ എത്തിച്ചേരുന്നു- പ്രത്യേകിച്ചും വേനൽക്കാലങ്ങളിൽ. മിക്കപേരും രോഗികളും വേദനയനുഭവിക്കുന്നവരുമാണ്: ആർക്കും വേണ്ടാത്തവർ, ഹൃദയം തകർന്നവർ, കരയുന്നവർ, കണ്ണില്ലാത്തവർ, കാലില്ലാത്തവർ, പഴുത്തവർ, പുഴുത്തവർ- അവരെല്ലാം അവിടെ ഒത്തുചേരുന്നു ആശ്വാസത്തിനായി. മനുഷ്യന്റെ ദുഃഖം ഇതുപോലെ സ്വരുക്കൂട്ടുന്ന ഒരു സ്ഥലം ഭൂമുഖത്തു വേറെ കാണുകയില്ല.
1993 ജൂലായ് 4. വേനൽക്കാലമായതിനാൽ ധാരാളം സന്ദർശകർ കൂട്ടംകൂടിയിരുന്നു. ജനക്കൂട്ടത്തിന്റെ മുമ്പിൽ നിന്നുകൊണ്ട് ഒരാൾ ദീർഘനേരം എന്തൊക്കെയോ വിളിച്ചു പറയുന്നതുകേട്ടു മാതാവിന്റെ തിരുസ്വരൂപത്തെ നോക്കി. സ്വന്തം അമ്മയോടു ആവലാതി പറയുന്ന മകനെപ്പോലെയാണ് അയാൾ പറഞ്ഞുകൊണ്ടിരുന്നത്. മാനസിക വിഭ്രാന്തി മൂലമാണോ അടക്കാനാവാത്ത മനോവേദനമൂലമാണോ അവൻ അങ്ങനെയൊക്കെ പറഞ്ഞുകൊണ്ടിരുന്നത്? അയാൾ ഭ്രാന്തനല്ല എന്നാണ് പലരും പറഞ്ഞുകേട്ടത്. അവിടെയല്ലാതെ വേറെ എവിടെയാണ് അയാൾ തന്റെ സങ്കടം പറയുക?
വേദനിക്കുന്നവരുടെ അമ്മയാണവൾ- സർവോപരി രക്തസാക്ഷികളുടെ അമ്മ. തെറ്റൊന്നും ചെയ്യാത്ത സ്വന്തം മകനെ ശത്രുക്കൾ തറച്ചുതൂക്കുന്ന നിമിഷങ്ങളിൽ സമചിത്തത കൈവെടിയാത്ത മറിയം രക്തസാക്ഷികളുടെയെല്ലാം മാതാവാണ്.
വലിയൊരു ദൈവമാതൃ ഭക്തനായിരുന്നു ചൈനീസ് മിഷനറിയായ ബീസ് ചാങ്. ചൈനീസ് ജയിലറകളിൽ വച്ച് അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്ന യാതനകൾ അവർണനീയമാണ്. ഓടി രക്ഷപ്പെടാനിടയുണ്ടായിരുന്നിട്ടും യേശുവിനെ പ്രതി എല്ലാം സഹിക്കുവാൻ അദ്ദേഹം തയ്യാറായി. തനിക്കു ശക്തി പകർന്നതു പരിശുദ്ധ കന്യാമാതാവാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്- ഫാ.ഹ്യൂബെർട്ടിനെപ്പോലെ.
ജയിലധികൃതർ അദ്ദേഹത്തെ അതിക്രൂരമായി പീഡിപ്പിച്ചു- മുടികൾ വലിച്ചു പറിച്ചെടുത്തു. തൊലി ഉരിഞ്ഞെടുത്തു. രക്തം ധാരധാരയായി ഒഴുകി. കണ്ണുകളിൽ രക്തം കട്ടപിടിച്ചെങ്കിലും അദ്ദേഹം കരഞ്ഞില്ല. 1951 നവംബർ 11-ന് ജയിലിൽ കിടന്നു പിടഞ്ഞു മരിച്ച ആ സർവ്വാംഗ വ്രണിതൻ തികഞ്ഞ സന്തോഷത്തോടെയാണ് യാത്രയായത്. അമ്മയായിരുന്നു അദ്ദേഹത്തിന്റെ അവലംബം.
അപരന്റെ ആവശ്യങ്ങളിലേക്കും ദുഃഖങ്ങളിലേക്കും കടന്നുചെല്ലുന്ന മറിയത്തെയാണ് നാം എപ്പോഴും കണ്ടുമുട്ടുക-മംഗളവാർത്തയുടെ മുഹൂർത്തം മുതൽ. സഖറിയാസും എലിസബത്തും വൃദ്ധദമ്പതികളാണ്. അവർക്ക് മാതാപിതാക്കളില്ല, മക്കളില്ല. ആ ഗർഭിണിയെ സഹായിക്കാൻ ആരുമില്ല. അവിടെ തന്റെ സഹായവും സാന്നിധ്യവും ആവശ്യമുണ്ട്. ആ ബോധമാണ് മറിയത്തെ തിടുക്കത്തിൽ അങ്ങോട്ടു നയിച്ചത്.
കാനായിലെ കല്യാണ വിരുന്നാണ് മറ്റൊരു രംഗം. അപ്രതീക്ഷിതമായി വീഞ്ഞുതീർന്നു പോയ വിവരം അടുക്കളക്കാരിയെപ്പോലെ മണത്തറിയുന്നത് മറിയമാണ്. വീഞ്ഞില്ലെങ്കിൽ വിരുന്നുകാരിക്കെന്ത്? അതാണ് യേശു ചോദിക്കുന്നതും. പക്ഷേ വിടാതെ നിൽക്കുകയാണ് മറിയം- ആവശ്യക്കാരിയെപ്പോലെ.
അപരരുടെ ആവശ്യങ്ങൾ അടുത്തറിഞ്ഞ് അങ്ങോട്ടു നീങ്ങുന്ന മറിയം നമുക്കൊക്കെ മാതൃകയാവണം. ആവശ്യക്കാരൻ ചോദിച്ചുവരട്ടെയെന്ന നമ്മുടെ മരവിച്ച മനോഭാവം മാരകമാണ്. മുറിവേറ്റു കിടന്ന മനുഷ്യൻ ആവശ്യപ്പെടാത്തതുകൊണ്ടാവും ഒരുപക്ഷേ പുരോഹിതനും ലേവായനും കടന്നുപോയത്. ആവശ്യപ്പെട്ടില്ലെങ്കിലും അത്യാവശ്യമെന്നു മനസ്സിലാക്കിയ സമരിയാക്കാരൻ മാറി നിന്നില്ല.
നമ്മുടെ ചുറ്റും എത്രയോ പേർ വേദനിക്കുന്നുണ്ട്? മാനസികമായും ശാരീരികമായും. ലോകത്തിൽ ഏറ്റവും കൂടുതൽ ആത്മഹത്യ നടക്കുന്ന നാടായി മാറിയില്ലേ കേരളം? കൂട്ട ആത്മഹത്യകൾ. അതുപോലെ തന്നെ കൂട്ടക്കുരുതി കളും കുറവല്ല. അവിടേക്കൊക്കെ സ്‌നേഹമായി, സഹായമായി, സാന്ത്വനമായി കടന്നുചെല്ലാൻ നമുക്ക് കഴിയണം. നമുക്കു പിൻബലമായി മറിയമുണ്ടാകും.
ഫാ. ജോസഫ് നെച്ചിക്കാട്ട്
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?