Follow Us On

29

March

2024

Friday

ദുരിതമഴ പെയ്തിറങ്ങിയ കാലത്ത് പ്രാർത്ഥന നൽകിയ ബലം

ദുരിതമഴ പെയ്തിറങ്ങിയ കാലത്ത് പ്രാർത്ഥന നൽകിയ ബലം

‘ഒരു സാധാരണ വാച്ച് റിപ്പയറായിരുന്നു പിതാവ്. ഞങ്ങൾ ഏഴുമക്കൾ. അമ്മ സ്‌കൂൾ ടീച്ചറായിരുന്നെങ്കിലും പിതാവ് അമ്മയെ ജോലിക്ക് അയച്ചിരുന്നില്ല. തന്റെ വരുമാനം മാത്രം മതി ജീവിക്കാൻ – ഇതായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. അതുകൊണ്ട് അമ്മ ജോലി രാജിവെച്ച് വീട്ടിൽ തന്നെ കഴിഞ്ഞു. പിതാവിന്റെ ചെറിയ വരുമാനം ഒന്നുമാവില്ല എന്നതായിരുന്നു വാസ്തവം. അദ്ദേഹത്തിന്റെ മരണത്തോടെ കുടുംബഭാരം മുഴുവൻ അമ്മയുടെ ചുമലിലായി. തല ചായ്ക്കാൻ ഒരു കൂരയോ വിശപ്പടക്കാൻ ആഹാരമോ ഇല്ലാത്ത കാലം. എങ്കിലും ഞങ്ങളെ ദുഃഖമറിയിക്കാതെ വളർത്താ ൻ അമ്മ പാടുപെട്ടു. അമ്മ കൂലിപ്പണി ചെയ്തു കിട്ടുന്ന നിസാരതുകയായിരുന്നു വരുമാനം. അന്ന് ഞങ്ങളുള്ളുരുകി പ്രാർത്ഥിച്ചത് വിശപ്പ് മാറാനുള്ള വഴി ലഭിക്കണമേയെന്നായിരുന്നു. ഞങ്ങളുടെ വാടകവീടിന്റെ ചെറിയ മുറിയിലിരുന്ന് തിരികത്തിച്ചുവെച്ച് ഈശോയോട് പ്രാർത്ഥിച്ചത് ഈ ഒരൊറ്റനിയോഗം മാത്രം.
എങ്ങനെയെങ്കിലും ഒരു തൊഴിൽ കണ്ടെത്തണം. അമ്മയെ സഹായിക്കണം എന്റെ മനസിൽ അക്കാലത്ത് തോന്നിയ ഏകചിന്ത അതുമാത്രമായിരുന്നു. സ്‌കൂളിൽ ഹാജരാകുന്ന ദിവസങ്ങളുടെ എണ്ണം കുറഞ്ഞത് അമ്മയോടൊപ്പം കൂലിപ്പണിക്ക് പോയതുകൊണ്ടായിരുന്നു. ചെയ്യാൻ പറ്റുന്ന ചെറിയ ജോലികൾ ഞാൻ തന്നെ കണ്ടുപിടിച്ചു. 1977 മാർച്ച് മാസത്തിലാണ് എസ്.എസ്.എൽ.സി. പരീക്ഷയുടെ റിസൽട്ട് വരുന്നത്. ജയിക്കില്ലെന്ന് നൂറുശതമാനം ഉറപ്പ്. എങ്കിലും ഉൽക്കണ്ഠയോടെ റിസൽട്ടറിയാൻ പോയി. പാസായവരുടെ ലിസ്റ്റിൽ നമ്പറുണ്ട്. പക്ഷേ ‘ഇനി എന്തു പഠിക്കും?’ ‘എങ്ങനെ പഠിപ്പിക്കും?’ ഈ ചിന്തയായിരുന്നു അമ്മയുടെ മുഖത്ത്.
ആ നാളുകളിൽ ആകാശവാണി കോഴിക്കോട് നിലയത്തിൽ സംസ്‌കൃതപാഠം ക്ലാസിൽ അറ്റന്റ് ചെയ്യുന്ന ജോ ലി കിട്ടി. 50 രൂപാ മാസം കിട്ടും. ഇതൊടൊപ്പം കൂലിപ്പണിക്കും പോകും. ഇങ്ങനെ കിട്ടുന്ന ചില്ലിക്കാശുകൾ സ്വരൂപിച്ച് പ്രീഡിഗ്രിക്ക് കറസ്‌പോണ്ടൻസ് കോഴ്‌സിൽ ചേർന്നു. പഠനവും ജോലിയും ഒരുപോലെ തുടർന്നു. ഞങ്ങളുടെ കഷ്ടപ്പാടുകളെപ്പറ്റി കേട്ടറിഞ്ഞൊരു വൈദികൻ കോഴിക്കോട് സി.ആർ.എസിൽ ചെറിയൊരു ജോലി വാങ്ങിത്തന്നു. ആഴ്ചയിൽ മൂന്നു ദിവസം ജോലി. മാസം 125 രൂപ. വലിയ ആശ്വാസമായിരുന്നു അത്. പഠിക്കണമെന്നുള്ള ആഗ്രഹം വർധിച്ചതും അങ്ങനെ. പ്രീഡിഗ്രി കറസ്‌പോണ്ടൻസായി പഠിച്ച് സെക്കന്റ് ക്ലാസോടെ വിജയിച്ചു. ആ വിജയം എനിക്കൊരു വെല്ലുവിളിയായിരുന്നു. തൊഴിലും പഠനവും കൂടി ഒന്നിച്ച് കൊണ്ടുപോകാൻ കഴിയുമെന്ന് ഉറപ്പായി. പ്രീഡിഗ്രിക്ക് ശേഷം 1982-ൽ പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിലേക്ക് പരീക്ഷയെഴുതി. പിറ്റേവർഷം വനംവകുപ്പിൽ കോഴിക്കോട് ഈസ്റ്റ് നടക്കാവിൽ എൽ.ഡി.ക്ലർക്കായി നിയമനം. ജോലിയൊടൊപ്പം കോഴിക്കോട് സർവകലാശാലയിൽ ബി.എ.ഹിസ്റ്ററി, കറസ്‌പോണ്ടൻസ് കോഴ്‌സിനും ചേർന്നു. പകൽ ജോലി, രാത്രി പഠനം. അവധി ദിവസങ്ങളിൽ കൂലിപ്പണിക്കോ പെയ്ന്റിംഗിനോ പോ കും.
1987-ൽ എൽ.എൽ.ബിക്ക് കോഴിക്കോട് ലോ-കോളജിൽ ചേർന്നു. ജോലിയും തുടർന്നുകൊണ്ടിരുന്നു. എൽ.എൽ.ബിയും രാഷ്ട്രമീമാംസയും സെക്കന്റ് ക്ലാസോടെ പാസായ ദിനം ഇന്നും മറക്കാനാവുന്നില്ല. ഇക്കാലത്ത് ലീഗൽ ഡിപ്പാർട്ട്‌മെന്റ് നടത്തിയ സെക്കന്റ് ഗ്രേഡ് ലീഗൽ അസിസ്റ്റന്റ് പരീക്ഷയിലും പങ്കെടുത്തു. ആ പരീക്ഷയിൽ നേടിയ വിജയത്തെ തുടർന്ന് വനംവകുപ്പിലെ ജോലിയുപേക്ഷിച്ച് സെക്രട്ടറിയേറ്റ് ലീഗൽ ഡിപ്പാർട്ട്‌മെന്റിൽ സെക്കന്റ് ഗ്രേഡ് ലീഗൽ അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് ലഭിച്ച പ്രമോഷനുകളിലൂടെ 2007 മെയ് മാസം അണ്ടർ സെക്രട്ടറിയാക്കി. പിന്നീട് കോഴിക്കോട് കളക്‌ടേറ്റിൽ അഞ്ചുവർഷം ഡപ്യൂട്ടി സെക്രട്ടറിയായും പ്രവർത്തിച്ചു. തിരുവനന്തപുരത്ത് ജോയിന്റ് സെക്രട്ടറിയായിരിക്കുമ്പോഴാണ് റിട്ടയർ ചെയ്യുന്നത്.
പ്രാർത്ഥനയും കഠിനാധ്വാനവും ന മുക്ക് വിജയം നേടിത്തരുമെന്ന് ഉറപ്പ്. ദൈവം എന്നെ ഈ നാളുകളിൽ പഠിപ്പിച്ചതും അതുമാത്രം.
ഫ്രാൻസിസ് ആലഞ്ചേരി
(റിട്ടയേഡ് കേരള ഗവണ്മെന്റ് ജോയിന്റ് സെക്രട്ടറി)
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?