Follow Us On

28

March

2024

Thursday

ദൈവം ശാലോമിനെ ശക്തമായി ഉപയോഗിക്കുന്നതിനെയോർത്ത് അഭിമാനിക്കുന്നു: കർദ്ദിനാൾ ക്ലീമിസ്

ദൈവം ശാലോമിനെ ശക്തമായി ഉപയോഗിക്കുന്നതിനെയോർത്ത് അഭിമാനിക്കുന്നു: കർദ്ദിനാൾ ക്ലീമിസ്

ന്യൂയോർക്ക്: ന്യൂയോർക്ക് മിഷൻ ഫയർ പ്രോഗ്രാമിന് ഉജ്ജ്വല തുടക്കം. സീറോമലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ച്ബിഷപ്പും കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റും ശാലോം ശുശ്രൂഷകളുടെ മുഖ്യരക്ഷാധികാരിയുമായ കർദ്ദിനാൾ ക്ലീമ്മിസ് കാതോലിക്കാ ബാവ ശുശ്രൂഷകൾ ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെ സീറോ മലങ്കര രൂപതാധ്യക്ഷൻ ബിഷപ് തോമസ് എവുസേബിയോസ് നായ്ക്കംപറമ്പിൽ അധ്യക്ഷനായിരുന്നു.
അർത്ഥപൂർണവും ഹൃദയസ്പർശിയും ഹ്രസ്വവുമായ സന്ദേശം നൽകി മോറാൻ മോർ ബസേലിയോസ് തിരുമേനി മിഷൻ ഫയറിൽ പങ്കെടുക്കുന്നവർക്ക് ആത്മാഭിഷേകത്തിന്റെ ദിവസങ്ങൾ ആശംസിച്ചു. ”ശാലോമിനെ അനേകരുടെ രൂപാന്തരീകരണത്തിന് ദൈവം ഉപയോഗിക്കുന്നു എന്ന വസ്തുത മനസിലാക്കുമ്പോൾ അതിൽ അഭിമാനിക്കുന്നു, സന്തോഷിക്കുന്നു. ശാലോമിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാക്കാലത്തും പരിശുദ്ധാത്മാവ് തുണയായിരുന്നു, തുടർന്നും അങ്ങനെയായിരിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.” കർദ്ദിനാൾ പറഞ്ഞു.
”ശാലോമിന്റെ ശുശ്രൂഷയിൽ, അപ്രതീക്ഷിതവും എന്നാൽ ദൈവനിശ്ചയത്താൽ ക്രമീകരിച്ചിരിക്കുന്നതുമായ ഈ കൂട്ടായ്മയിൽ ആയിരിക്കുന്നതിൽ സന്തോഷിക്കുന്നു. കുടിയേറ്റ ജനതയുടെ ദൗത്യത്തെക്കുറിച്ച് റോയിയച്ചൻ സൂചിപ്പിച്ചു. വിവിധ കാരണങ്ങൾക്കൊണ്ട് ഈ നാട്ടിൽ സുവിശേഷം ശക്തമായി ജീവിക്കേണ്ടതിന്റെ ആവശ്യകത കർത്താവ് ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് ഈ നാളുകളിൽ. പലവിധ കാരണങ്ങളാൽ സുവിശേഷസാക്ഷ്യം ദുർബലമായിപ്പോയിരിക്കുന്ന സാഹചര്യത്തിൽ, പരിശുദ്ധാത്മാവ് അതിനെ ശക്തിപ്പെടുത്തുവാൻ നിങ്ങളെ ഉപയോഗിക്കുകയാണ്.” മിഷൻ ഫയറിൽ പങ്കെടുക്കുന്നവരെ തിരുമേനി ഓർമ്മിപ്പിച്ചു.
”വ്യത്യസ്തങ്ങളായ കാരണങ്ങളാൽ അമേരിക്കയിലെത്തിയ നമ്മെ ഒരു രൂപാന്തരീകരണത്തിന്റെ അനുഭവം നൽകി സുവിശേഷത്തിനായി ഉപയോഗിക്കുവാൻ തിരുമനസാവുകയാണ് ദൈവം ഈ ശുശ്രൂഷയിലൂടെ. പരിശുദ്ധാത്മാവ് ഈ കൃപ നൽകുന്നത് ദൈവത്തിന്റെ മഹത്വം ലോകം കൂടുതൽ അറിയുന്നതിനാണ്. ദൈവമഹത്വം കൂടുതൽ അറിയപ്പെടുമ്പോൾ ദൈവരാജ്യത്തിന്റെ പ്രവർത്തികൾ കൂടുതൽ ശക്തിപ്പെടും. ദൈവത്തിന്റെ പ്രവർത്തികൾ സജീവമാകുമ്പോൾ പൈശാചിക ബന്ധനങ്ങൾ അഴിഞ്ഞില്ലാതാകും. മാലാഖമാരുടെ സാന്നിധ്യം അനുഭവിക്കാൻ സാധിക്കും. ഈ ലോകത്തിൽ സ്വർഗത്തിന്റെ മുന്നാസ്വാദനം അനുഭവിക്കാനാകും. അതിനായി എല്ലാവരെയും ഒരുക്കുന്നതിനാണ് ശാലോമിന്റെ ഈ ശുശ്രൂഷ പരിശുദ്ധാത്മാവ് നയിക്കുന്നത്.” ഉദ്ഘാടനസന്ദേശത്തിൽ പിതാവ് പറഞ്ഞു.
”യോഹന്നാന്റെ സുവിശേഷം 20 ാം അധ്യായം 20 ാം വാക്യം ഓർക്കുക. വിവരണം ഇപ്രകാരമാണ്. മഗ്ദലേന മറിയത്തിന് ഉത്ഥിതനായ കർത്താവ് പ്രത്യക്ഷപ്പെട്ട് സംസാരിക്കുന്നു. മറിയം ശിഷ്യന്മാരോട് ചെന്നുപറഞ്ഞു, ഞാൻ കർത്താവിനെ കണ്ടു. അവിടുന്ന് പറഞ്ഞത് പങ്കുവയ്ക്കുന്നു. ശിഷ്യന്മാർ അപ്പോൾ ഓർത്തു; ഞങ്ങൾ കർത്താവിനെ കണ്ടില്ലല്ലോ. പിന്നീട്, യഹൂദരെ ഭയന്ന് അവർ കതകടച്ചിരിക്കുമ്പോൾ കർത്താവ് പ്രത്യക്ഷപ്പെട്ട് പറഞ്ഞു, നിങ്ങൾക്ക് സമാധാനം! അവന്റെ മുറിപ്പാടുകൾ കാണിച്ചു. ”കർത്താവിനെ കണ്ട് ശിഷ്യന്മാർ സന്തോഷിച്ചു.” ഇതാണ് 20 ാമത്തെ വാക്യം.
”കർത്താവിനെ കണ്ട് നാമെല്ലാവരും സന്തോഷിച്ചു എന്ന് സുവിശേഷത്തിന്റെ തുടർഭാഗമായി എഴുതിച്ചേർക്കപ്പെടേണ്ടതിനാണ് നാം ഒരുമിച്ച് ചേർന്നിരിക്കുന്നത്. നമുക്കുണ്ടാകുന്ന രൂപാന്തരീകരണം ലോകത്ത് നടക്കാൻ പോകുന്ന ദൈവികപ്രവർത്തികളഉടെ ആദ്യപടിയാണ്. നമുക്ക് രൂപാന്തരീകരണം ഉണ്ടാകുന്നില്ലെങ്കിൽ ലോകത്ത് നടക്കുന്ന ദൈവിക പ്രവർത്തികൾക്ക് കാലതാമസം നേരിടും. ദൈവത്തിന്റെ പദ്ധതി ഒരിക്കലും പരാജയപ്പെടുകയില്ല, ദൈവം മറ്റാളുകളെ ഉപയോഗിച്ച് ഇക്കാര്യം ചെയ്യും. പക്ഷേ, നമ്മുടെ സമയം അവസാനിക്കാൻ അവിടുന്ന് കാത്തുനിൽക്കും.” അർത്ഥപൂർണമായിരുന്നു പിതാവിന്റെ ഓർമ്മപ്പെടുത്തൽ.
”കർത്താവിനെ കണ്ട് സന്തോഷിച്ച ശിഷ്യന്മാരെപ്പോലെ, അവരുടെ കൂട്ടായ്മയുടെ തുടർച്ചയായ നമുക്ക് രൂപാന്തരീകരണം സംഭവിക്കട്ടെ. ദൈവം നമ്മുടെ ഇടയിൽ പ്രവർത്തിക്കുന്നു എന്ന് ലോകം അറിയട്ടെ. നമ്മുടെ വാക്കുകളിലൂടെയും പ്രവർത്തികൡലൂടെയും സുവിശേഷത്തിന്റെ വ്യാപനമുണ്ടാകട്ടെ. ഇന്ത്യയെയും നിങ്ങളുടെ പ്രാർത്ഥനയിൽ ഓർമ്മിക്കുക.”
തോമസ് മാർ എവുസേബിയൂസ് തിരുമേനി ചുരുങ്ങിയ വാക്കുകളിലാണ് അധ്യക്ഷപ്രസംഗം നടത്തിയത്. സന്ദേശത്തിൽ പിതാവ് പറഞ്ഞു, ”ശാലോമിന്റെ പ്രസക്തവും അർത്ഥപൂർണവും ഫലദായകവുമായ ശുശ്രൂഷയെ അഭിനന്ദിക്കുവാൻ മാത്രം ഈ സമയം ഉപയോഗിക്കുന്നു. ഭൗതികത തളം കെട്ടിനിൽക്കുന്ന ഈ ലോകത്തിൽ വിവിധ മാധ്യമങ്ങളിലൂടെ ദൈവികസന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ശാലോമിനെയോർത്ത് നന്ദി പറയുന്നു. ഇതിന് പിന്നിൽ അധ്വാനിക്കുന്നവരെയോർത്ത് നന്ദി പറയുന്നു. ക്രിസ്തീയശിഷ്യത്വം എന്തെന്ന് ലോകത്തിന് കാട്ടിക്കൊടുക്കുന്ന ഈ ശുശ്രൂഷകർക്കായി പ്രാർത്ഥിക്കാം. ദൈവാനുഭവം ആഴത്തിൽ അനുഭവിക്കുവാൻ എല്ലാവർക്കും സാധ്യമാകട്ടെയെന്നും പ്രാർത്ഥിക്കുന്നു. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.”
26 നാണ് മിഷൻ ഫയർ ശുശ്രൂഷ അവസാനിക്കുക. ലോകപ്രസിദ്ധ സുവിശേഷപ്രഘോഷകരുടെ വചനസന്ദേശങ്ങളും ആത്മാവിന്റെ കൈയ്യൊപ്പുള്ള സംഗീതശുശ്രൂഷയും ന്യൂയോർക്കിലും അടുത്ത സ്ഥലങ്ങളിമുള്ള മലയാളിസമൂഹത്തിന് വലിയ അനുഗ്രഹപ്രദമാകുമെന്നതിൽ സംശയമില്ല. ശുശ്രൂഷയ്ക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?