Follow Us On

29

March

2024

Friday

ദൈവത്തോട് കാരുണ്യം കാണിച്ച അപ്പൻ

ദൈവത്തോട് കാരുണ്യം കാണിച്ച അപ്പൻ

ദൈവമാതാവായ പരിശുദ്ധ അമ്മ ഉത്ഭവപാപത്തിൽനിന്നുപോലും മാറ്റി നിർത്തപ്പെട്ട സവിശേഷ മനുഷ്യസൃഷ്ടിയായിരുന്നു. ഈശോയുടെ പിതാവ് എന്ന് വിളിക്കപ്പെട്ട വിശുദ്ധ യൗസേപ്പാകട്ടെ വലിയ പരീക്ഷണങ്ങളിലൂടെയും സഹനങ്ങളിലൂടെയും കടന്നുപോയ, മറ്റാർക്കും അവകാശപ്പെടാനാവാത്ത അനന്യമായ ഏറെ സവിശേഷതകളുള്ള വ്യക്തിത്വമാണ്.
യേശുവിന്റെ പിതാവ് എന്ന് വിളിക്കപ്പെടാൻ അവകാശം ലഭിച്ച പുരുഷനാണ് വിശുദ്ധ യൗസേപ്പ്. ദൈവമനുഷ്യന്റെ സ്‌നേഹഗീതയിലുടനീളം ‘എന്റെ അപ്പാ’ എന്നാണ് ഈശോ വിശുദ്ധ യൗസേപ്പിനെ വിളിക്കുന്നത്. പുതിയ നിയമത്തിന്റെ ആരംഭത്തിൽ തന്നെ (മത്താ. 1:1) പറഞ്ഞിട്ടുള്ള ഈശോയുടെ വംശാവലി അവസാനിക്കുന്നത് വിശുദ്ധ യൗസേപ്പിലാണ് എന്നത് സ്വർഗം ഈശോയുടെ പിതാവ് എന്ന സ്ഥാനംതന്നെയാണ് വിശുദ്ധ യൗസേപ്പിന് നൽകിയത് എന്ന് വ്യക്തമാക്കുന്നു. ഒരു മകൻ എന്ന നിലയിൽ പൂർണമായും ഈശോ യൗസേപ്പിതാവിന് വിധേയപ്പെടണമെന്നും ജോലികളിൽ സഹായിക്കണമെന്നതുമായിരുന്നു ദൈവഹിതം. എല്ലാ തലത്തിലും മനുഷ്യാവതാരം ചെയ്ത ദൈവത്തിന്റെ പിതാവ് എന്ന സ്ഥാനം സ്വർഗം യൗസേപ്പിന് നൽകിയിരുന്നു. സർവശക്തനും സാധാരണ ജനങ്ങൾക്ക് അപ്രാപ്യനുമായി പഴയ നിയമത്തിൽ പ്രത്യക്ഷപ്പെടുന്ന ദൈവത്തെ ആദ്യം കരങ്ങളിലെടുക്കുവാൻ അവകാശം ലഭിച്ച പുരുഷനാണ് വിശുദ്ധ യൗസേപ്പ്. ദൈവദർശനം ലഭിച്ച മോശയുടെ മുഖത്ത് നോക്കുവാൻപോലും സാധാരണ ഇസ്രായേൽക്കാർക്ക് സാധിക്കാത്തവിധം അത്രയധികം മഹത്വപൂർണനായ ദൈവത്തെ ആദ്യം കൈയിലെടുത്ത വ്യക്തിയാണ് യൗസേപ്പ്.
ആയിരിക്കുന്നവൻ, വരാനിരിക്കുന്നവൻ, സൈന്യങ്ങളുടെ കർത്താവ്, അബ്രഹാമിന്റെയും ഇസഹാക്കിന്റെയും ദൈവം എന്നെല്ലാം സ്വയം വെളിപ്പെടുത്തിയ ദൈവത്തിന് പേര് നൽകുവാൻ സ്വർഗം യൗസേപ്പിതാവിന് അവകാശം കൊടുത്തു(മത്താ. 1:21). അവതാരം ചെയ്ത ദൈവത്തിന് യേശു എന്ന പേര് നൽകുവാനുള്ള അവകാശവും കടമയും യൗസേപ്പിതാവിൽ നിക്ഷിപ്തമായിരുന്നു. ഈശോ എന്ന രക്ഷാകരനാമം ആദ്യം ഉച്ചരിക്കപ്പെട്ട ആ നിമിഷത്തിൽ സ്വർഗാത്മാക്കൾ ആദരപൂർവം തല കുനിക്കുകയും ദുഷ്ടശക്തികൾ ഭയചകിതരാകുകയും ചെയ്തു.
ഉണ്ടാവട്ടെ എന്ന വാക്കിനാൽ സർവപ്രപഞ്ചത്തെയും സൃഷ്ടിക്കുകയും നിരന്തരം പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തെ പരിപാലിക്കാൻ നിയോഗം ലഭിച്ച വിശുദ്ധനായി യൗസേപ്പ് മാറി. ഉണ്ണീശോയ്ക്ക് യൗസേപ്പിതാവിന്റെ കരങ്ങളിലായിരിക്കുന്നത് ഏറ്റവും സന്തോഷവും സുരക്ഷിതത്വവും നൽകുന്ന അനുഭവമായിരുന്നു. ജീവൻതന്നെയായ ദൈവത്തിന്റെ ജീവൻ രക്ഷിക്കാൻ നിയോഗിക്കപ്പെട്ടവനായി ഈ വിശുദ്ധൻ. ഉണ്ണിക്ക് പിറക്കാൻ ഇടമില്ലാതെ വന്നപ്പോൾ അനുഭവിച്ച ക്ലേശങ്ങളും പിന്നീട് ഉണ്ണീശോയെയും മാതാവിനെയുംകൊണ്ട് ശൈത്യകാലത്ത് ഈജിപ്തിലേക്കുള്ള പാലായനവുമെല്ലാം നമ്മെ ആഴത്തിൽ ചിന്തിപ്പിക്കുവാൻ പര്യാപ്തമാണ്. കൊടുംതണുപ്പുള്ള ചില രാത്രികളിൽ ഈശോയെയും മാതാവിനെയും തണുപ്പിൽനിന്ന് രക്ഷിക്കാൻ യൗസേപ്പിതാവേറ്റെടുക്കുന്ന ത്യാഗങ്ങൾ ആരുടെയും കരളലിയിക്കും. ഞാനാകുന്നു ജീവന്റെ അപ്പം എന്നു പറഞ്ഞ ദൈവത്തിന് അപ്പമായിത്തീരാൻ നിയോഗം ലഭിച്ചവനാണ് വിശുദ്ധ യൗസേപ്പ്. അഭയാർത്ഥികളായി കഴിയുകയും അതികഠിനമായ ദാരിദ്ര്യത്തിൽ ജീവിക്കുകയും ചെയ്ത ആ കുടുംബത്തിന് ഓരോ നേരത്തെയും ഭക്ഷണം യൗസേപ്പിതാവിന്റെ കഷ്ടപ്പാടിന്റെയും എളിമപ്പെടലിന്റെയും ഫലമായി മാത്രം ലഭിക്കുന്ന ഒന്നായിരുന്നു.
ദൈവം മനുഷ്യരോടുള്ള കാരുണ്യമായി മനുഷ്യാവതാരം ചെയ്തപ്പോൾ, ദൈവത്തോട് കാരുണ്യം കാണിക്കാൻ നിയോഗം ലഭിച്ചവനാണ് വിശുദ്ധ യൗസേപ്പ്. പരിശുദ്ധ മാതാവ് എലിസബത്തിനെ ശുശ്രൂഷിക്കാനായി മാറി താമസിച്ചതിനുശേഷമാണ് ഗർഭധാരണത്തിന്റെ ലക്ഷണങ്ങൾ പ്രകടമാകാൻ തുടങ്ങിയത്. മംഗളവാർത്തയുടെ രഹസ്യങ്ങൾ യൗസേപ്പിനോട് പറയുന്നതിൽനിന്നും ദൈവാരൂപി മാതാവിനെ കർശനമായും വിലക്കിയിരുന്നു. മാതാവിന്റെ ഗർഭധാരണത്തെക്കുറിച്ച് ഒരറിവും ലഭിക്കാതിരുന്ന യൗസേപ്പ് വലിയ മാനസിക സംഘർഷത്തിലൂടെ കടന്നുപോയി. മോശയുടെ നിയമമനുസരിച്ച് മാതാവിനെ കല്ലെറിയാൻ ഏൽപിച്ചുകൊടുക്കാനുള്ള എല്ലാ അവകാശവും ജോസഫിനുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ മാതാവും ഉദരത്തിലുണ്ടായിരുന്ന ഈശോയും വധിക്കപ്പെടുമായിരുന്നു. ഈശോ ഒരിക്കൽപോലും സ്വയരക്ഷയ്ക്കായി ഒരത്ഭുതവും പ്രവർത്തിച്ചിട്ടില്ലാത്തതിനാൽ, യൗസേപ്പ് മാതാവിനോടും ഉദരത്തിലുള്ള ഉണ്ണീശോയോടും കാണിച്ച നിസീമമായ കാരുണ്യമാണ് ദൈവത്തിന്റെ രക്ഷാകര പദ്ധതി പൂർത്തിയാക്കാൻ സഹായിച്ചത്.
മാതാവിനെ മോശയുടെ നിയമപ്രകാരമുള്ള ശിക്ഷയിൽനിന്ന് രക്ഷിക്കാൻവേണ്ടി മാതാവിന് സംഭവിച്ചുവെന്ന് യൗസേപ്പ് വിശ്വസിച്ചുപോയ തെറ്റിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആ നാട്ടിൽനിന്നും ഒളിച്ചോടാൻ സ്വയം തീരുമാനിക്കുന്ന സമയത്താണ് ദൈവം യൗസേപ്പിന് വെളിപ്പെടുത്തലുകൾ നൽകുകയും ദൈവപുത്രന്റെ പിതാവ് എന്ന സ്ഥാനത്തേക്ക് ഉയർത്തുകയും ചെയ്യുന്നത്. എല്ലാ കാര്യങ്ങളിലുമുള്ള അടിപതറാത്ത ദൈവാശ്രയ ബോധവും മനുഷ്യപ്രകൃതിക്ക് അപ്രാപ്യമായ ക്ഷമാശീലവുമായിരുന്നു ഈ വിശുദ്ധന്റെ ഏറ്റവും വലിയ പ്രത്യേകത. മാതാവിന്റെ സമീപത്തുപോലും എത്തിനോക്കാൻ സാധിക്കാതിരുന്ന ദുഷ്ടാരൂപികൾ ദൈവത്തിന്റെ രക്ഷാകര പദ്ധതി പൂർത്തിയാകാതിരിക്കാനുള്ള തന്ത്രങ്ങൾ എപ്പോഴും മെനഞ്ഞിരുന്നത് ദുഷ്ടരായ മനുഷ്യരെ പല കാരണങ്ങൾ പറഞ്ഞ് യൗസേപ്പിനെതിരെ തിരിച്ചുവിട്ടുകൊണ്ടാണ്. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും ആരോപണങ്ങളിലും കറതീർന്ന ദൈവാശ്രയബോധവും അസാമാന്യമായ ക്ഷമാശീലവും പ്രകടിപ്പിച്ചുകൊണ്ട് സാത്താന്റെ എല്ലാ കുടില ബുദ്ധികളെയും വിശുദ്ധൻ പരാജയപ്പെടുത്തി.
പൂർണ ഗർഭിണിയായ മറിയത്തെയുംകൊണ്ട് ബത്‌ലഹേമിലേക്ക് യാത്ര ചെയ്തതിനും നവജാതശിശുവിനെയും അമ്മയെയുംകൊണ്ട് ശൈത്യകാലത്ത് ഈജിപ്തിലേക്ക് ദീർഘയാത്ര നടത്തിയതിനും ഏറെ കുറ്റപ്പെടുത്തലുകൾ വിശുദ്ധൻ സഹിക്കേണ്ടിവന്നു. ലോകത്തിനുമുൻപിൽ യൗസേപ്പ് ഏറെ പഴികേൾക്കേണ്ടി വന്ന ഒരു കാര്യമാണ് കോമളനും അസാമാന്യ ബുദ്ധിമാനുമായ ഈശോയെ ഉന്നത വിദ്യാഭ്യാസത്തിനയക്കാതെ മരപ്പണിശാലയിൽ സഹായിയായി നിർത്തി എന്നത്. ഒരു കാര്യം ദൈവത്തിന്റെ പദ്ധതിയാണ് എന്ന് ബോധ്യം വരുകയും മാതാവിൽനിന്ന് അതിന് സ്ഥിരീകരണം ലഭിക്കുകയും ചെയ്താൽ പിന്നെ ലോകം മുഴുവൻ കുറ്റപ്പെടുത്തിയാലും വിശുദ്ധൻ അതിനായി നിലകൊള്ളുകയും തീരുമാനങ്ങൾ എടുക്കുകയും വില കൊടുക്കാൻ തയാറാവുകയും ചെയ്തു എന്ന് നമുക്ക് മനസിലാക്കാൻ സാധിക്കും.
കുടുംബജീവിതക്കാരുടെയും സന്യസ്തരുടെയും എല്ലാ ബുദ്ധിമുട്ടുകളും മനസിലാക്കാൻ കഴിയുന്ന തിരുസഭയുടെ പ്രത്യേക മധ്യസ്ഥനാണ് യൗസേപ്പിതാവ്. ഈശോയെപ്പോലും സംരക്ഷിച്ച് വളർത്തി സ്വർഗീയ പദ്ധതികൾ ഭൂമിയിൽ നടപ്പാക്കിയ സ്വർഗീയ സംരക്ഷകനാണ് അവിടുന്ന്. ഈശോയ്ക്ക് നിർദേശങ്ങൾ കൊടുക്കാൻപോലും അവകാശമുണ്ടായിരുന്ന വിശുദ്ധനോടുള്ള പ്രാർത്ഥന നമ്മുടെ ജീവിതപ്രശ്‌നങ്ങളിൽ നമ്മെ സഹായിക്കും. യൗസേപ്പിതാവിനെ പ്രത്യേകമായി ഓർക്കുന്ന മാർച്ച് മാസത്തിൽ നമുക്ക് വിശുദ്ധനോട് പ്രാർത്ഥിക്കുകയും മാധ്യസ്ഥം യാചിക്കുകയും ചെയ്യാം.
ഡോ. ബിനു തോമസ് 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?