Follow Us On

29

March

2024

Friday

'ദൈവവിളി' തട്ടിപ്പാണോ?

'ദൈവവിളി' തട്ടിപ്പാണോ?

വർഷങ്ങൾക്കുമുമ്പുണ്ടായ ഒരു സംഭവമാണിത്. സിസ്റ്റേഴ്‌സിനുവേണ്ടിയുള്ള ധ്യാനത്തിൽ ക്ലാസെടുത്തുകൊണ്ടിരുന്ന ഞാൻ ഇപ്രകാരം പറഞ്ഞു: ദൈവം വിളിച്ചില്ലായിരുന്നെങ്കിൽ നിങ്ങൾക്കാർക്കും ഈ കുപ്പായം ധരിക്കാൻ സാധിക്കുമായിരുന്നില്ല. ദൈവം നിങ്ങളെ പ്രത്യേകമായി വിളിച്ചതുകൊണ്ടുമാത്രമാണ് ഈ ജീവിതാന്തസ് തിരഞ്ഞെടുക്കാൻ ഇടവന്നത്. ക്ലാസിനുശേഷം എന്നെ കാണാൻ വന്ന ഒരു സിസ്റ്റർ പറഞ്ഞു: ക്ലാസൊക്കെ നന്നായിരുന്നു. പക്ഷേ, ഒരു കാര്യം എനിക്ക് അംഗീകരിക്കാനാവില്ല. ഈ ‘ദൈവവിളി’ എന്നു പറയുന്നത് വെറുമൊരു തട്ടിപ്പാണ്. അങ്ങനെയൊരു വിളിയൊന്നുമില്ല.
അതെന്താ സിസ്റ്റർ അങ്ങനെ പറയുന്നത്? എന്ന എന്റെ ചോദ്യത്തിന് അവർ മറുപടി പറഞ്ഞു: എന്റെ മാതാപിതാക്കളുടെ കുടുംബജീവിതം നരകമായിരുന്നു. മദ്യപിച്ചു വരുന്ന അപ്പൻ അമ്മയെ ക്രൂരമായി പീഡിപ്പിക്കുന്നതുകണ്ടാണ് ഞാൻ വളർന്നത്. അതുകൊണ്ടാകാം വിവാഹം എന്നതോർക്കുമ്പോൾ തന്നെ പേടിയായിരുന്നു. യഥാർത്ഥത്തിൽ വിവാഹത്തിൽനിന്ന് രക്ഷപെടാനാണ് ഞാൻ മഠത്തിൽ ചേർന്നത്. അല്ലാതെ ദൈവം എന്നെ വിളിച്ചതുകൊണ്ടൊന്നുമല്ല.
ഇത്തരം കാഴ്ചപ്പാടുകളുള്ള അൽമായരും സമർപ്പിതരും ധാരാളമാണ്. ഭൗതികമായ ലക്ഷ്യങ്ങളോടെ വൈദികരും സന്യാസികളും ആകുന്നവർ നമ്മുടെ സമൂഹത്തിൽ ധാരാളമുണ്ടുതാനും. സമൂഹത്തിൽ വൈദികർക്കും സിസ്റ്റേഴ്‌സിനും കിട്ടുന്ന സ്ഥാനങ്ങൾ, പഠിക്കാനും നേതൃത്വം കൊടുക്കാനുമുള്ള അവസരങ്ങൾ, ജീവിതസൗകര്യങ്ങളും സാധ്യതകളും ഇവയൊക്കെ പലർക്കും സമർപ്പിത ജീവിതം തിരഞ്ഞെടുക്കാൻ പ്രേരകമാകുന്നുണ്ട്. അതുപോലെ വിവാഹം നടക്കായ്ക, വീട്ടിലെ സാമ്പത്തിക പരാധീനത, വിവാഹജീവിതത്തോടുള്ള ഭയം ഇതൊക്കെയും ചിലരെ സന്യാസജീവിതത്തിലേക്ക് അടുപ്പിക്കുന്നു.
അപ്പോൾ ‘ദൈവവിളി’ എന്നു പറയുന്നത് ഒരു തട്ടിപ്പാണോ? പലർക്കും സംശയം തോന്നാം. എന്നാൽ ‘ദൈവവിളി’ എന്നത് ദൈവത്തിന്റെ വിളി തന്നെയാണ്. യാതൊരു സംശയവുമില്ല. ഉദാഹരണമായി മുകളിൽ കൊടുത്ത സംഭവം തന്നെയെടുക്കാം. ആ സഹോദരി വിവാഹത്തെക്കുറിച്ചുള്ള ഭയംമൂലമാണ് കന്യാസ്ത്രിയാകാൻ തീരുമാനിച്ചത്. ദൈവത്തിനും അതറിയാമായിരുന്നു. സന്യാസജീവിതത്തിനുള്ള പരിശീലനകാലഘട്ടത്തിൽ അവരെ മടക്കിവിടാമായിരുന്നു. സകല സാഹചര്യങ്ങളും ദൈവത്തിന്റെ നിയന്ത്രണത്തിൻ കീഴിലായിരുന്നിട്ടും ദൈവം അവരെ ആ സന്യാസസമൂഹത്തിലെ അംഗമാകാൻ അനുവദിച്ചു. കാരണം, ദൈവത്തിന് അവരെക്കുറിച്ചുള്ള പദ്ധതി അതായിരുന്നു.
ദൈവസ്‌നേഹത്തെ പ്രതി ഇത്തരത്തിലുള്ള ഒരു ജീവിതത്തിലേക്ക് അവൾ വരാൻ തയാറാകില്ല എന്നറിയാമായിരുന്ന ദൈവം അവളുടെ ‘വിവാഹത്തോടുള്ള ഭയം’ ദൈവവിളിക്കുള്ള മാർഗമായി തിരഞ്ഞെടുത്തു. എന്നാൽ തന്റെ മാനുഷിക ബലഹീനതകളിലൂടെ ദൈവംതന്നെയാണ് പ്രവർത്തിച്ചതെന്ന് തിരിച്ചറിയാത്തതിനാൽ തന്റെ ജീവിതത്തിന് അർത്ഥവും സന്തോഷവും കണ്ടെത്താൻ അവർ പരാജയപ്പെടുകയാണുണ്ടായത്. ഇതുപോലെ വിവാഹം നടക്കാതെ വരിക, പഠനം തുടരാൻ സാധിക്കാത്ത അവസ്ഥ, കുടുംബത്തിലെ പ്രശ്‌നങ്ങൾ ഇവയെല്ലാം ചിലപ്പോൾ ദൈവം തന്റെ വിളിക്കുള്ള മാധ്യമങ്ങളായി തിരഞ്ഞെടുത്തേക്കാം.
പ്രശസ്ത കവയത്രിയായിരുന്ന മേരി ജോൺ കൂത്താട്ടുകുളം ഒരു പ്രേമനൈരാശ്യത്തിലൂടെയാണ് മാനുഷികബന്ധങ്ങളുടെയും സ്‌നേഹത്തിന്റെയും നശ്വരതയെക്കുറിച്ച് ചിന്തിക്കാനിടയായത്. അത് ദൈവത്തിന്റെ അനന്ത സ്‌നേഹത്തെ തിരിച്ചറിയാനും ആ സ്‌നേഹത്തിനായി ജീവിതം സമർപ്പിക്കാനും അവർക്കിടയാക്കി. അതവരെ സിസ്റ്റർ മേരി ബനീഞ്ഞയാക്കി മാറ്റി. ഇപ്രകാരം ജീവിതത്തിലെ വഴിമുട്ടലുകൾപോലും ദൈവം ആഗ്രഹിക്കുന്ന ജീവിതാവസ്ഥയിലേക്ക് ശ്രദ്ധതിരിക്കുന്നതിന് സഹായകമായിത്തീരാം. പക്ഷേ, എല്ലാ സാഹചര്യങ്ങളിലൂടെയും ദൈവംതന്നെയാണ് പ്രവർത്തിച്ചതെന്ന് തിരിച്ചറിയാത്ത വ്യക്തിക്ക് തന്റെ ജീവിതം ദൈവതൃക്കരങ്ങളിൽ പൂർണമായി വിട്ടുകൊടുക്കാൻ സാധിക്കില്ല.
എന്നാൽ, പ്രാർത്ഥനയിലും ദൈവവിശ്വാസത്തിലും ദൈവസ്‌നേഹത്തിലും വളരുന്ന കുട്ടികൾക്ക് ഇത്തരം പ്രശ്‌നങ്ങളുടെ സഹായം ആവശ്യമില്ല. കാരണം, കർത്താവിന് അവരുടെ ഹൃദയത്തോട് നേരിട്ട് സംസാരിക്കാൻ കഴിയും. യേശുവിനോടുള്ള സ്‌നേഹവും യേശുവിന്റെ സ്‌നേഹവും അവരെ സമർപ്പിത ജീവിതത്തിലേക്ക് ആകർഷിച്ചടുപ്പിക്കും. ആത്മീയകാര്യങ്ങളിൽ യാതൊരു താൽപ്പര്യവും ഇല്ലാതിരുന്ന പലരും പെട്ടെന്ന് ‘അടിപൊളി’ ജീവിതം ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കുന്നതു കണ്ടപ്പോൾ പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളോർത്ത് ഞാൻ അത്ഭുതം കൊണ്ടിട്ടുണ്ട്.
ഇഷ്ടംപോലെ സമ്പത്തും സൗന്ദര്യവും വിദ്യാഭ്യാസവുമെല്ലാം ഉണ്ടായിട്ടും അതെല്ലാം ഉപേക്ഷിച്ച് സമർപ്പിതജീവിതം പുൽകിയവർ കേരളത്തിൽതന്നെ നൂറുകണക്കിനുണ്ട്. ഇതെല്ലാം പരിശുദ്ധാത്മാവിന്റെ വിളിയല്ലാതെ മറ്റെന്താണ്. കുടുംബത്തിലെ ഏക ആൺ, വാർദ്ധക്യത്തിൽ താങ്ങാകേണ്ടവൻ അങ്ങനെയുള്ള എത്രയോ ഒറ്റ പുത്രന്മാരെ ദൈവവേലക്കുവേണ്ടി പറഞ്ഞുവിട്ട വിശ്വാസധീരരായ മാതാപിതാക്കളുടെ നാടാണ് കേരളം! ഉന്നത ബിരുദങ്ങളും വലിയ ശമ്പളവും ഉണ്ടായിട്ടും അതെല്ലാം ഇട്ടെറിഞ്ഞ് സന്യാസസമൂഹത്തിൽ അംഗത്വം സ്വീകരിച്ച പലരെയും ഞാൻ കണ്ടുമുട്ടിയിട്ടുണ്ട്. എന്നാൽ ദൈവത്തിന്റെ വിളി തിരിച്ചറിയാൻ കഴിയാത്തവരും തിരിച്ചറിഞ്ഞിട്ടും സ്വന്തം താൽപ്പര്യങ്ങൾ ഉപേക്ഷിക്കാൻ കഴിയാത്തതിനാൽ സമർപ്പിതജീവിതം വേണ്ടെന്നുവെച്ചവരുമുണ്ട്. അതുപോലെ, മാതാപിതാക്കളുടെ കടുത്ത എതിർപ്പുമൂലം സമർപ്പിതജീവിതം സ്വീകരിക്കാൻ സാധിക്കാതെ പോയവരും ചുരുക്കമായെങ്കിലും ഉണ്ട്.
ഇവിടെ ഒരു കാര്യം നാം മനസ്സിലാക്കണം. ദൈവവിളി നിരസിക്കാൻ നമുക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷേ, ദൈവം വിളിച്ചിടത്തായിരിക്കുന്നവനേ സന്തോഷവും സമാധാനവും ഉണ്ടാകൂ. ദൈവത്തിനും ദൈവജനത്തിനുമായി ശുശ്രൂഷ ചെയ്യാൻ ദൈവം നമ്മുടെ കുടുംബത്തിൽനിന്ന് ഒരാളെ വിളിച്ചാൽ നാം അതിനെ തടയരുത്. അതൊരു ബഹുമതിയാണ്, അനുഗ്രഹമാണ്. വൈദികരോടോ സിസ്റ്റേഴ്‌സിനോടോ ഉള്ള എതിർപ്പിന്റെ പേരിൽ ഒരിക്കലും നമ്മുടെ മക്കളുടെ സമർപ്പിതജീവിതത്തിലേക്കുള്ള ആകർഷണത്തിന് തടയിടരുത്. കാരണം, ഒരു പക്ഷേ നമ്മുടെ മക്കളിലൂടെയായിരിക്കാം നാളെ ഒരു സന്യാസസമൂഹമോ ഇടവകയോ രൂപതയോ സാർവത്രിക സഭ തന്നെയോ അനുഗ്രഹീതമാകാൻ പോകുന്നത്.
മാത്രമല്ല, വൈദികനാകാനും സന്യാസിനിയാകാനും ദൈവം വിളിച്ച മക്കളെ നിങ്ങൾ പകരം ഡോക്ടറും എഞ്ചിനീയറും ബിസിനസ്സുകാരനും ആക്കിയാൽ ഒരു കാര്യം തീർച്ചയാണ്ജീവിതത്തിന്റെ അർത്ഥം കണ്ടെത്താൻ അവർക്ക് സാധിക്കില്ല. അങ്ങനെ നിങ്ങൾ നിങ്ങളുടെ മക്കളോടുതന്നെ അനീതി ചെയ്യുന്നവരാകും. മാത്രമല്ല, മാതാപിതാക്കളെന്ന നിലയിൽ ദൈവതിരുമുമ്പിലും നാം വലിയ തെറ്റുകാരുമാകും. കാരണം, ദൈവദാനമായ മക്കളെ ദൈവഹിതത്തിനനുസരിച്ച് വളർത്താനും അവരെക്കുറിച്ചുള്ള ദൈവതിരുമനസ്സ് നിറവേറ്റാനും വിളിക്കപ്പെട്ടവരാണ് ഓരോ മാതാവും പിതാവും.
ദൈവവിളികൾ സമ്പന്നമായ നാട്ടിൽ ജനിച്ചതുകൊണ്ട് ദൈവവിളി കുറയുന്നതിന്റെ ദൂഷ്യങ്ങളെക്കുറിച്ച് നാം അധികമൊന്നും ചിന്തിക്കാറില്ല. വൈദികരില്ലാത്തതുമൂലം അടച്ചിടേണ്ടിവരുന്ന ദൈവാലയങ്ങളുടെ എണ്ണം അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളിൽ വർദ്ധിക്കുകയാണ്. എന്തെല്ലാം കുറവുകളുണ്ടെങ്കിലും വൈദികരും സിസ്റ്റേഴ്‌സും നമ്മുടെ സമൂഹത്തിന്റെ വളർച്ചയിൽ വഹിച്ചിട്ടുള്ള പങ്കിനെ നാം വിസ്മരിക്കരുത്. വേദപാഠം പഠിപ്പിക്കാനും ദൈവാലയ ശുശ്രൂഷകളിൽ നേതൃത്വം നൽകാനും ഓരോ ഇടവകകളിലുമുള്ള ക്രിസ്തീയ സ്ഥാപനങ്ങൾ നയിക്കാനും സിസ്റ്റേഴ്‌സ് ഇല്ലാത്ത അവസ്ഥയെക്കുറിച്ച് നാമൊന്ന് ചിന്തിച്ചു നോക്കൂ.
വൈദികരിലൂടെയും സിസ്റ്റേഴ്‌സിലൂടെയും ലഭിച്ച നേതൃത്വവും സേവനങ്ങളുമാണ് ഒരു സമൂഹം എന്ന നിലയിലുള്ള നമ്മുടെ കെട്ടുറപ്പിന്റെയും വളർച്ചയുടെയും നിദാനം. ഇന്ന് ദൈവവിളികൾ കുറഞ്ഞാൽ നാളെ പല ദൈവാലയങ്ങളും സ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ടി വരുമെന്നത് തീർച്ചയാണ്. ഉള്ളപ്പോൾ ഒന്നിന്റെയും വില നാം മനസ്സിലാക്കാറില്ല. നഷ്ടപ്പെടുമ്പോഴെ അതെത്ര വിലയുള്ളതായിരുന്നു എന്നു നാം തിരിച്ചറിയൂ. അതിനാൽ ദൈവവിളികൾ പ്രോത്സാഹിപ്പിക്കുകയും കൂടുതൽ ദൈവവിളികളുണ്ടാകാൻ നിരന്തരം പ്രാർത്ഥിക്കുകയും ചെയ്യേണ്ടത് ഓരോ സഭാംഗത്തിന്റെയും കടമയാണ്. മക്കളുടെ ‘ദൈവവിളി’ കണ്ടെത്താൻ അവരെ സഹായിക്കുകയെന്ന മാതാപിതാക്കളുടെ ചുമതലയും ഇവിടെ പ്രത്യേക പ്രാധാന്യം അർഹിക്കുന്നു.
benny

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?