Follow Us On

29

March

2024

Friday

ദൈവവിശ്വാസം അതല്ലേ എല്ലാം !

ദൈവവിശ്വാസം അതല്ലേ എല്ലാം  !

കഠിനമായ മഞ്ഞുകാലമായിരുന്നു ആ വർഷം. അവരുടെ കുടുംബത്തിനാണെങ്കിൽ തണുപ്പിനെ അതിജീവിക്കാൻ മതിയായ വസ്ത്രങ്ങൾപ്പോലും ഉണ്ടായിരുന്നില്ല. കുടുംബനാഥൻ വർഷങ്ങളായി രോഗം ബാധിച്ച് കിടപ്പിലായിരുന്നു. തയ്യൽക്കാരിയായ ഭാര്യക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽനിന്നായിരുന്നു കുടുംബത്തിന്റെ മുഴുവൻ ചെലവുകളും നടക്കേണ്ടിയിരുന്നത്. സാമ്പത്തികമാന്ദ്യം ദേശത്തുമുഴുവൻ ബാധിച്ചതിനാൽ വളരെ ഞെരുക്കത്തിലായി കുടുംബത്തിലെ കാര്യങ്ങൾ.
പ്രയാസങ്ങളുടെ നടുവിലും കുടുംബനാഥയ്ക്ക് അൽപ്പംപോലും നിരാശ ഉണ്ടായിരുന്നില്ല. വീട്ടിൽ പ്രാർത്ഥന ഒരിക്കലും മുടക്കിയിരുന്നില്ല. എന്തുവന്നാലും ദൈവം സംരക്ഷിക്കുമെന്ന ഉറച്ച ബോധ്യമായിരുന്നു അവരുടേത്. കൗമാരക്കാരിയായ മകളോടും അമ്മ എപ്പോഴും വിശ്വാസത്തെക്കുറിച്ച് പറയാറുണ്ടായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് തയ്യൽ മെഷീന്റെ കമ്പനിയിൽനിന്ന് കാർഡ് ലഭിച്ചത്. പണം അടയ്ക്കേണ്ട തവണകൾ മുടങ്ങിയതുകൊണ്ട്, മെഷീൻ എടുത്തുകൊണ്ട് പോകാൻ അടുത്തദിവസം കമ്പനിയിൽനിന്ന് ആളെത്തുമെന്നായിരുന്നു അതിൽ ഉണ്ടായിരുന്നത്.
ഇതുകണ്ടിട്ടും അമ്മയ്ക്ക് യാതൊരു ഭാവവ്യത്യാസവുമില്ലെന്നു കണ്ട മകൾ അമ്മയോട് ചോദിച്ചു: ‘അവർ തയ്യൽ മെഷീൻ കൊണ്ടുപോയാൽ നാം എങ്ങനെ ജീവിക്കും?’ ദൈവം ഒരിക്കലും കൈവിടില്ലെന്നായിരുന്നു അമ്മയുടെ മറുപടി. പിറ്റേന്നു രാവിലെ ആരോ വാതിലിൽ മുട്ടി. മെഷീൻ എടുത്തുകൊണ്ടുപോകാൻ വന്നവരായിരിക്കമെന്ന് കരുതിയാണ് മകൾ വാതിൽ തുറന്നത്. ഒരു ചെറുപ്പക്കാരൻ കൈയിലൊരു കുഞ്ഞുമായി വാതിൽക്കൽ നിൽക്കുന്നതാണ് കണ്ടത്.
അയാൾ പറഞ്ഞു: ‘എനിക്ക് ഇവിടേക്ക് ജോലിമാറ്റംകിട്ടിയിട്ട് അധികമായിട്ടില്ല. ഈ നാട്ടിൽ പരിചയക്കാർ ആരുമില്ല. ഇന്ന് രാവിലെ ഭാര്യയ്ക്ക് സുഖമില്ലാത്തതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു. എനിക്ക് അത്യാവശ്യമായി ഓഫീസിൽ പോകുകയും വേണം. അതുകഴിഞ്ഞ് ആശുപത്രിയിലും പോകണം. കുഞ്ഞിനെ കുറച്ചു ദിവസത്തേക്ക് നിങ്ങൾക്കൊപ്പം നിറുത്താമോ? അടുത്ത കടക്കാരനാണ് പറഞ്ഞത്, നിങ്ങളോട് പറഞ്ഞാൽ സഹായിക്കാതിരിക്കില്ലെന്ന്.’
കുടുംബനാഥ ഉടനെ കുഞ്ഞിനെ വാങ്ങി. ചെറുപ്പക്കാരൻ പേഴസ് തുറന്ന് കുറെ നോട്ടുകൾ അവരുടെ കൈയിലേക്ക് വച്ചിട്ട് വൈകിട്ട് കാണാമെന്നുപറഞ്ഞ് നടന്നുപോയി. സന്തോഷംകൊണ്ട് അവരുടെ കണ്ണുനിറഞ്ഞു. അൽപ്പം കഴിഞ്ഞപ്പോൾ അമ്മ മകളോടു പറഞ്ഞു: ‘തയ്യൽ മെഷീൻ കൊണ്ടുപോകാൻ ദൈവം അനുവദിക്കില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു. അവിടുന്ന് തക്കസമയത്ത് പ്രവർത്തിക്കുമെന്ന് തീർച്ചയായിരുന്നു.’ തന്റെ അമ്മയുടെ വിശ്വാസത്തിന്റെ മുമ്പിൽ ദൈവം ഇറങ്ങി വരുകയായിരുന്നുവെന്ന് മകൾക്കുതോന്നി.
വിശ്വാസത്തിൽ ജീവിക്കാൻ പഠിച്ചവരായിരുന്നു പഴയ തലമുറ. ഇപ്പോഴത്തെ സാമ്പത്തിക വളർച്ചക്കു മുമ്പുള്ള കുടുംബങ്ങളുടെ ചരിത്രം പരിശോധിച്ചാൽ സമാനമായ അനുഭവങ്ങൾ പഴയ തലമുറയിൽപ്പെട്ട അനേകർക്ക് പറയാനുണ്ടാകും. പ്രതിസന്ധികളുടെ മുമ്പിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞത് വിശ്വാസത്തിന്റെ ബലത്തിലായിരുന്നു. വിശ്വാസംകൊണ്ട് പ്രതിസന്ധികളെ അവർ തോൽപ്പിക്കുകയായിരുന്നു എന്നു പറയുന്നതാകും കൂടുതൽ ശരി.
ആശ്രയിക്കാൻ ദൈവം മാത്രമുള്ള അവസ്ഥയിലെ വിശ്വാസവും എല്ലാം പരാജയപ്പെടുമ്പോൾ ദൈവത്തിൽ ആശ്രയിക്കുന്ന സാഹചര്യവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. കുടുംബങ്ങളെ ദൈവം വഴിനടത്തിയ അനുഭവങ്ങൾ മാതാപിതാക്കൾ പുതുതലമുറയോട് വേണ്ടവിധം പറയുന്നുണ്ടോ എന്നുകൂടി ചിന്തിക്കണം. ഭൗതിക സൗകര്യങ്ങൾ വർധിക്കുമ്പോഴും മനുഷ്യരുടെ പിരിമുറുക്കങ്ങൾ വർധിക്കുകയാണ്. ടെൻഷൻ കീഴടക്കിയവരുടെ എണ്ണം ഓരോ ദിവസവും പെരുകുന്നു.
മനുഷ്യൻ തന്നിൽത്തന്നെ ആശ്രയിക്കാൻ തുടങ്ങുമ്പോഴാണ് ആകുലതകൾ അവരെ കീഴടക്കുന്നത്. ആത്മീയത വളരുന്നു എന്നു പറയുമ്പോഴും ദൈവത്തിൽ പൂർണമായി ആശ്രയിക്കാൻ കഴിയുന്ന വിധത്തിലേക്ക് അതു മാറുന്നുണ്ടോ എന്ന് ചിന്തിക്കണം. അറിവിലും കഴിവിലും പിന്നിലായിരുന്ന പഴയ തലമുറ വിശ്വാസത്തിൽ മുമ്പിലായിരുന്നു. അല്ലെങ്കിൽ പലർക്കും കൈമുതലായി ഉണ്ടായിരുന്നത് അതുമാത്രമായിരുന്നു. അങ്ങനെ വിശ്വസിച്ചവരുടെ ചരിത്രം പരിശോധിച്ചാൽ അത്ഭുതകരമായി ദൈവം ഉയർത്തിയ കഥകളായിരിക്കും നമുക്ക് ലഭിക്കുന്നത്.
ദൈവം അറിയാതെ എന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കില്ലെന്ന് ഉറച്ചുവിശ്വസിക്കാൻ കഴിയണം. ബുദ്ധിയുടെതലത്തിൽ ചിന്തിച്ചാൽ പ്രതീക്ഷിക്കാൻ സാധിക്കാത്ത വിധമുള്ള പ്രതിസന്ധികളായിരിക്കും മുമ്പിൽ. സാഹചര്യങ്ങളെ മാറ്റിമറിക്കാൻ ദൈവത്തിന് ഒരു നിമിഷംപോലും വേണ്ടെന്നത് വിസ്മരിക്കരുത്. നമ്മുടെ ചിന്തകൾക്ക് അപ്പുറമാണ് അവിടുത്തെ പ്രവർത്തനങ്ങൾ. വിശ്വാസം മങ്ങുന്നതിനാലാണ് ദൈവം ഒരുക്കിവച്ചിരിക്കുന്ന വഴികൾ പലപ്പോഴും കാണാൻ കഴിയാതെ പോകുന്നതെന്ന തിരിച്ചറിൽ നമുക്ക് തിരിച്ചെത്താം ഉറച്ച വിശ്വാസബോധ്യങ്ങളിലേക്ക്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?