Follow Us On

16

April

2024

Tuesday

ദൈവിക സംരക്ഷണം അനുഭവിച്ചറിഞ്ഞ അവസരങ്ങള്‍

ദൈവിക സംരക്ഷണം അനുഭവിച്ചറിഞ്ഞ അവസരങ്ങള്‍

കോട്ടയം ജില്ലയിലെ വാഴൂരില്‍നിന്നും 1955-ലായിരുന്നു ഞങ്ങളുടെ കുടുംബം കണ്ണൂര്‍ ജില്ലയിലെ ആലക്കോടിനടുത്തുള്ള രയരോത്തേക്ക് കുടിയേറിയത്. കാട് തെളിച്ച് ദിവസങ്ങള്‍കൊണ്ട് ഒരു വീടുണ്ടാക്കി. രണ്ടുമൂന്ന് ദിവസം മതിയായിരുന്നു അക്കാലത്ത് ഒരു വീടുണ്ടാക്കാന്‍. മാതാപിതാക്കള്‍, ഞങ്ങള്‍ അഞ്ചുമക്കള്‍ എന്നിവരായിരുന്നു കുടുംബാംഗങ്ങള്‍. ഇളയസഹോദരന് രണ്ടുവയസ്. താമസം തുടങ്ങി വൈകാതെ ഒരു ദിവസം ഉണ്ടായ അത്യാഹിതം വിസ്മരിക്കാനാവില്ല. അതിലുപരി ദൈവികസംരക്ഷണം അനുഭവിച്ചറിഞ്ഞ സംഭവവുമായിരുന്നു. വീട്ടില്‍ ഉണ്ടായിരുന്ന പഴക്കുലയില്‍നിന്നും രണ്ടെണ്ണം രണ്ടുവയസുകാരന്‍ ഇളയ സഹോദരന്‍ കഴിച്ചു. വീണ്ടും പഴം വേണമെന്ന് ശഠിച്ചുകൊണ്ടിരുന്നു. പഴം കിട്ടാത്ത വാശിയില്‍ അടുപ്പില്‍നിന്നും ഒരു തീക്കൊള്ളിയെടുത്ത് വീട് മറച്ചിരുന്ന പുല്ലിനിടയില്‍ തിരുകിവച്ചു. വേനല്‍ചൂടില്‍ ഉണങ്ങിയിരുന്ന പുല്ലിന് പെട്ടെന്ന് തീ പിടിച്ചു. വീട്ടില്‍ ഞാനും അവനും മാത്രം. പെട്ടെന്ന് സഹോദരനെ എടുത്ത് വീട്ടില്‍നിന്നും പുറത്തേക്ക് ഓടി. തീ കത്തുന്നതുകണ്ട് അയല്‍ക്കാരും ഓടിയെത്തി. രേഖകളും പുസ്തകങ്ങളും വസ്ത്രങ്ങളുമൊക്കെ സൂക്ഷിച്ചിരുന്ന തടിപ്പെട്ടികള്‍ ആദ്യമെത്തിയവര്‍ പുറത്തെത്തിച്ചു. പുറത്തെടുത്ത് കൊണ്ടുവരാവുന്നവയില്‍ കുറെ സാധനങ്ങള്‍ എടുക്കുമ്പോഴേക്കും എല്ലാം കത്തി ചാമ്പലായിക്കഴിഞ്ഞു. എല്ലാം വീണ്ടും ആദ്യംമുതല്‍ തുടങ്ങേണ്ടിയിരുന്നു. അയല്‍ക്കാരെല്ലാവരും ചേര്‍ന്ന് പുതിയ വീട് രണ്ടുദിവസംകൊണ്ട് പണിതു. ദൈവാനുഗ്രഹത്താല്‍ ആര്‍ക്കും പൊള്ളലേല്‍ക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തില്ല. വീട്ടുപകരണങ്ങളും വസ്ത്രങ്ങളുമുള്‍പ്പെടെ കത്തിനശിച്ചു. വിലപ്പെട്ട രേഖകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയെല്ലാം പെട്ടിയിലായിരുന്നതിനാല്‍ നാശമില്ലാതെ കിട്ടി. ദൈവം ദൂതന്മാരെ അയച്ചെന്നപോലെയായിരുന്നു അയല്‍ക്കാരുടെ ഇടപെടല്‍.
വലിയ സഹനങ്ങളും പ്രതിസന്ധികളും സഹിച്ചായിരുന്നു മലബാര്‍ യാത്രയും ഇവിടുത്തെ ആദ്യകാല ജീവിതവും. കേട്ടറിവ് മാത്രമുള്ള ദേശത്തേക്കായിരുന്നു യാത്ര. പ്രാര്‍ത്ഥനയും ദൈവാശ്രയവുംമാത്രമായിരുന്നു പ്രത്യാശ പകര്‍ന്നിരുന്നത്. വലിയൊരു മരത്തിന്റെ ചുവട്ടിലായിരുന്നു കുറെ ദിവസത്തെ താമസം. വന്യമൃഗശല്യത്തില്‍നിന്ന് രക്ഷ നേടാന്‍ വലിയ തീക്കുണ്ഠമൊരുക്കിയിരുന്നു. ദൈവാലയത്തില്‍ പോകണമെങ്കില്‍ എട്ട് കിലോമീറ്ററോളം കാട്ടുവഴികളില്‍ക്കൂടി നടന്ന് ആലക്കോടെത്തണമായിരുന്നു. മഴക്കാലത്ത് വലിയ പുഴ കടക്കാനാകാതെ പലപ്പോഴും ദൈവാലയത്തില്‍പോക്ക് മുടങ്ങിയിട്ടുണ്ട്. തലശേരി രൂപത സ്ഥാപിതമാകുകയും ദൈവാലയവും സ്‌കൂള്‍സൗകര്യവും ഉണ്ടായതോടെ കുടിയേറ്റക്കാരുടെ പ്രവാഹംതന്നെയുണ്ടായി. എനിക്ക് ജോലി കിട്ടാനുള്ള വിദ്യാഭ്യാസയോഗ്യതയുണ്ടായിരുന്നു. പക്ഷേ ജോലി കിട്ടാന്‍ സ്‌കൂളുകളോ സ്ഥാപനങ്ങളോ ഒന്നും അടുത്തെങ്ങുമില്ല. തുടര്‍പഠനത്തിനും സൗകര്യമില്ല.
കരയമ്പുറം അബ്രാഹം-മറിയക്കുട്ടി എന്നിവരായിരുന്നു മാതാപിതാക്കള്‍. ചേപ്പുംപാറ മാണിയുമായുള്ള (കുട്ടി) വിവാഹാലോചന വന്നു. പെട്ടെന്നുതന്നെ ആര്‍ഭാടങ്ങളൊന്നുമില്ലാതെ 1958 മെയ് അഞ്ചിന് ആലക്കോട് സെന്റ് മേരീസ് ദൈവാലയത്തില്‍വച്ച് വിവാഹം നടന്നു. ഭര്‍ത്താവിന് അധ്യാപക ജോലിക്കുള്ള വിദ്യാഭ്യാസ യോഗ്യതയുണ്ടായിരുന്നു. രണ്ടുകിലോമീറ്റര്‍ അകലെ ചിറ്റടിയില്‍ സ്‌കൂളില്‍ അധ്യാപകനായി അദ്ദേഹത്തെ നിയമിക്കാന്‍ മാനേജരും ഹെഡ്മാസ്റ്ററുംകൂടി ആലോചിച്ചു. വീട്ടില്‍ എത്തി, നിര്‍ദേശം അറിയിച്ചു. സ്‌കൂളില്‍നിന്ന് കിട്ടുന്നതിനെക്കാള്‍ കൃഷിയില്‍നിന്നുണ്ടാക്കിക്കൊള്ളാമെന്ന് പറഞ്ഞ് അവരെ മടക്കി. കുറച്ചു കഴിഞ്ഞപ്പോള്‍ വ്യാപകമായി വസൂരിരോഗം പ്രദേശത്ത് പടര്‍ന്നു പിടിച്ചു. ചികിത്സാസൗകര്യമില്ലാത്ത കാലം. ജനങ്ങള്‍ വലിയ ആശങ്കയിലായി. ചില കുടുംബങ്ങളില്‍ എല്ലാവര്‍ക്കും രോഗം ബാധിച്ചു. ആലക്കോടുനിന്നും വിശുദ്ധ സെബസ്റ്റ്യാനോസിന്റെ രൂപം എഴുന്നള്ളിച്ചു കൊണ്ടുവന്ന് പന്തലില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി. എല്ലാ മതവിഭാഗക്കാരും പ്രദക്ഷിണത്തിലും പ്രാര്‍ത്ഥനയിലും പങ്കെടുത്തു. അതിനുശേഷം ഒരിക്കലും ഈ പ്രദേശത്ത് വസൂരിയോ മറ്റ് പകര്‍ച്ചവ്യാധികളോ ഉണ്ടായില്ല. വര്‍ഷങ്ങള്‍ക്കുശേഷം രയരോത്ത് ദൈവാലയം പണിയുമ്പോള്‍ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ നാമത്തിലായിരിക്കണമെന്ന് നിര്‍ദേശം വന്നപ്പോള്‍ എല്ലാവരും അംഗീകരിക്കുകയായിരുന്നു.
പഠനസൗകര്യമില്ലാത്തതിനാല്‍ പഠനം നിലച്ച ഇളയസഹോദരന്‍, പിന്നീട് പ്രൈവറ്റായി എസ്.എസ്.എല്‍.സി പാസായി. തുടര്‍ന്ന് ഈശോസഭയില്‍ ചേര്‍ന്ന് വൈദികനായ അദ്ദേഹമാണ് ഫാ. ജോയി കരയംപുറം എസ്.ജെ. ഈശോസഭ പാട്‌ന പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാളായിരുന്നു. നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടി സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്നു. ഇപ്പോള്‍ ദില്ലി ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറാണ്.
ആളുകള്‍ ശ്രമദാനത്തിലൂടെ വെട്ടിത്തുറന്ന റോഡില്‍ ഒരു മോട്ടോര്‍വാഹനം ആദ്യമായി എത്തിയപ്പോള്‍ അതൊരു അത്ഭുത കാഴ്ചയായിരുന്നു. എനിക്കും ഭര്‍ത്താവിനും ലഭിക്കുമായിരുന്ന ജോലി സ്വീകരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മക്കളിലൂടെ ആ നഷ്ടം ദൈവം നികത്തി. മൂത്തമകന്‍ സി.എം. ജോസഫ് ഗവണ്‍മെന്റ് സ്‌കൂള്‍ അധ്യാപകനായി. റിട്ടയര്‍ ചെയ്തശേഷം പള്ളിവക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്രിന്‍സിപ്പളായി ജോലി ചെയ്യുന്നു. രണ്ടാമത്തെ മകന്‍ സി.എം. ടോമി കമ്പ്യൂട്ടര്‍ വിദഗ്ധനായി യു.എ.ഇ യില്‍ ജോലി ചെയ്യുന്നു. ഇളയ മകന്‍ സി.എം. ജിജി ആരോഗ്യവകുപ്പല്‍ ജോലി ചെയ്യുന്നു. പെണ്‍മക്കളെയും വിവാഹം ചെയ്തയച്ചു. ഭര്‍ത്താവ് 2005 ജനുവരി 13-ന് നിത്യസമ്മാനത്തനായി യാത്രയായി.
പഴയ തലമുറയുടെ പ്രാര്‍ത്ഥനാജീവിതവും സഹനവും ധീരമായ തീരുമാനങ്ങളും പിന്‍തലമുറക്ക് വലിയ ദൈവാനുഗ്രഹമായി മാറിയെന്നതാണ് സത്യം.

അന്നക്കുട്ടി മാണി

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?