Follow Us On

28

March

2024

Thursday

നന്മയുടെ നിറകുടമായി…

നന്മയുടെ നിറകുടമായി…

രൂപതയുടെ സാമൂഹ്യസേവന-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും അവയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നത് ‘ജീവന’യാണ്. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളും മാഹിയും കേന്ദ്രീകരിച്ചാണ് ജീവന പ്രവര്‍ത്തിക്കുന്നത്.
വയനാട് വൈത്തിരിയിലെ സുഗന്ധഗിരിയില്‍ 550 ആദിവാസി കുടുംബങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍ക്ക് ജീവന നേതൃത്വം നല്‍കുന്നു. കാര്‍ഷിക വിദ്യാഭ്യാസ രംഗങ്ങളില്‍ കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ വിവിധ പദ്ധതികള്‍ നടപ്പാക്കിവരുന്നു. വിദ്യാഭ്യാസത്തിലൂടെ വ്യക്തികളുടെ സമഗ്ര പുരോഗതി ലക്ഷ്യംവയ്ക്കുന്ന ആശയമാണ് ജീവനയുടെ മറ്റൊരു പദ്ധതി.

എയ്ഡ്‌സ് ബാധിതരുടെ ചികിത്സ, പുനരധിവാസം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നു. മലപ്പുറം ജില്ല കേന്ദ്രീകരിച്ച് നടത്തുന്ന പദ്ധതി മറ്റു മേഖലകളിലേക്കും വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അന്തര്‍ദേശീയ ജീവകാരുണ്യ സംഘടനയായ കോള്‍പിംഗ് സൊസൈറ്റിയുടെ സഹായത്തോടെ നടപ്പിലാക്കുന്ന ഭവനനിര്‍മാണം, പൊതുശൗചാലയ നിര്‍മാണം, സ്വയംതൊഴില്‍ പദ്ധതികള്‍ തുടങ്ങിയ പദ്ധതികളും ജീവന നടപ്പിലാക്കുന്നു.
എറണാകുളം ഐശ്വര്യഗ്രാമം കേന്ദ്രീകരിച്ചുള്ള സേവ് എ ഫാമിലി പദ്ധതിയുമായി സഹകരിച്ച് നാനാജാതി മതസ്ഥരായ അഞ്ഞൂറോളം കുടുംബങ്ങളെ ദത്തെടുത്ത് സാമ്പത്തിക സഹായം നല്‍കിവരുന്നു.

പത്താം ക്ലാസില്‍ പരാജയപ്പെട്ട യുവജനങ്ങള്‍ക്കായി ബംഗളൂരു എഫ്.വി.ടി.ആറിന്റെ സഹായത്തോടെ വിവിധ തൊഴിലുകളില്‍ പരിശീലനം നല്‍കുന്നുണ്ട്. ബത്തേരി ഡോണ്‍ ബോസ്‌കോയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. നിലമ്പൂരില്‍ യുവതികള്‍ക്കായി ബ്യൂട്ടീഷന്‍ പരിശീലനവും നല്‍കുന്നുണ്ട്.
പശ്ചിമഘട്ട പദ്ധതിയുടെ ഭാഗമായി കോഴിക്കോട് രാമശേരി വെളിമണ്ണയില്‍ നടപ്പിലാക്കുന്ന കാര്‍ഷിക പുനരുദ്ധാരണവും വികസനവും ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ നിര്‍വഹണ ഏജന്‍സിയാണ് ജീവനം. 1664 കുടുംബങ്ങള്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്.

കേരള ലേബര്‍ മൂവ്‌മെന്റുമായി സഹകരിച്ച് തൊഴിലാളി ശാക്തീകരണ പദ്ധതികളും നത്തിവരുന്നു. സ്ത്രീകള്‍ക്ക് തയ്യല്‍മെഷീന്‍ വിതരണം, തയ്യല്‍ പരിശീലനം, കെട്ടിടനിര്‍മാണ പരിശീലനം എന്നിവ നടപ്പിലാക്കുന്നു. ഇത്തരം ആളുകളക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളും വായ്പകളും ലഭ്യമാക്കുക, ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളില്‍ ജീവന സഹായിക്കുന്നു. എല്‍.ഐ.സിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന സുരക്ഷാ മൈക്രോ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഗുണഭോക്താക്കളായി ഒട്ടനവധിപേരെ മാറ്റാന്‍ ജീവനയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന ജലനിധി പദ്ധതിയുടെ വയനാട്, കണിയാമ്പറ്റ മേഖലയിലെ സപ്പോര്‍ട്ടിങ്ങ് ഏജന്‍സിയായും ജീവന പ്രവര്‍ത്തിക്കുന്നു. നബാര്‍ഡിന്റെ സഹായത്തോടെ വയനാട്ടില്‍ അഞ്ച് നീര്‍ത്തട പദ്ധതികളാണ് ജീവന നടപ്പിലാക്കുന്നത്. കാന്തന്‍പാറ, പിലാശേരി, നിണ്ടുമ്മല്‍, മുത്തപ്പന്‍കുണ്ട്, സൂചിപ്പാറ എന്നീ പ്രദേശങ്ങളിലെ നീര്‍ത്തടങ്ങളിലാണ് കാര്‍ഷിക മേഖലയ്ക്ക് ഏറെ ഗുണകരമായ പദ്ധതി നടപ്പാക്കിയത്. നാലായിരത്തോളം കുടുംബങ്ങള്‍ ഇതിന്റെ ഗുണഭോക്താക്കളാണ്.

ഇറ്റാലിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ സഹായത്തോടെ മൂന്നു ജില്ലകളിലായി ആറായിരം കുടുംബങ്ങള്‍ക്ക് സഹായമാകുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും ജീവനയാണ്. സ്വയം സഹായ സംഘങ്ങളിലൂടെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ന്യൂനപക്ഷ കോര്‍പറേഷന്‍ നല്‍കുന്ന വായ്പകള്‍ അര്‍ഹരായവര്‍ക്ക് ലഭ്യമാക്കാനും യുവജന ശാക്തീകരണ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ ഗുണഭോക്താക്കളാകാന്‍ അവരെ സഹായിക്കാനും ജീവന ശ്രദ്ധിക്കുന്നു. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ജ്യോതിസ് കോംപ്ലക്‌സിലാണ് ജീവനയുടെ കേന്ദ്ര ഓഫീസ്. വയനാട്, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളില്‍ റീജണല്‍ ഓഫീസുകളുമുണ്ട്. പെരിന്തല്‍മണ്ണ പതിയാരക്കരയില്‍ ജീവന ആനിമേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നു. എരഞ്ഞിപ്പാലത്തെ കോള്‍പിംഗ് സെന്ററാണ് ജീവനയുടെ പ്രധാന പരിശീലന കേന്ദ്രം.

ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, വികാരി ജനറാള്‍ മോണ്‍. തോമസ് പനയ്ക്കല്‍, ഫാ. ആല്‍ഫ്രഡ് വടക്കേതുണ്ടില്‍, ഡോ. വിന്‍സന്റ് പുളിക്കല്‍, മോണ്‍. വിന്‍സന്റ് അറയ്ക്കല്‍, ഡെന്‍സില്‍ പോപ്പന്‍, ഫാ. മാര്‍സെലിന്‍, ഡോ. സിസ്റ്റര്‍ ആന്‍സില്ല, ഫാ. സെബാസ്റ്റ്യന്‍ കാരക്കാട്ട്, ലാന്‍സി ആന്റണി എന്നിവരടങ്ങുന്ന ഗവേണിംഗ് ബോഡിയാണ് ജീവനയെ നയിക്കുന്നത്.

അജപാലന പ്രവര്‍ത്തന സംവിധാനങ്ങള്‍

രൂപതാ മെത്രാന്റെ അധികാരത്തിനുകീഴില്‍, ഓരോ പ്രദേശത്തും സുസ്ഥാപിതമായിരിക്കുന്നതും അജപാലന ശുശ്രൂഷയ്ക്കായി വികാരിമാരെ ഭരമേല്പിച്ചിരിക്കുന്നതുമായ ക്രിസ്തുവിശ്വാസികളുടെ സമൂഹമാണല്ലോ ഇടവക (സിഐസി:515). കോഴിക്കോട് രൂപതയില്‍ ഇടവകയിലെ പ്രവര്‍ത്തനങ്ങളില്‍ കാലോചിതമായ മാറ്റം വരുത്തിക്കൊണ്ട് സഭയുടെ കൂട്ടായ്മജീവിതത്തില്‍ അല്മായ വിശ്വാസികളുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടുള്ള ഒരു അജപാലനശുശ്രൂഷയ്ക്ക് ഈ നൂറ്റാണ്ടിന്റെ ആരംഭത്തില്‍തന്നെ തുടക്കം കുറിച്ചിരുന്നു. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് നിര്‍ദേശിക്കുന്ന അല്മായ പങ്കാളിത്തം ഇടവകയിലും പ്രാദേശികസഭയായ രൂപതയിലും ഒരു ഐച്ഛികവിഷയമായി കാണേണ്ട കാര്യമല്ല. അല്മായ പ്രേഷിതത്വത്തെ സംബന്ധിക്കുന്ന പ്രമാണരേഖയില്‍ ഇങ്ങനെ പറയുന്നു: ”ഇടയന്മാരുടെ പ്രേഷിതപ്രവര്‍ത്തനം പൂര്‍ണമായി ഫലമണിയിക്കാന്‍ അല്മായരുടെ പ്രവര്‍ത്തനവും വേണം. അത്രയ്ക്ക് അവശ്യഘടകമായിട്ടുണ്ട് സഭാസമൂഹങ്ങളില്‍ അവരുടെ പ്രവര്‍ത്തനം” (എ.എ 10).

2006 മുതല്‍ കോഴിക്കോട് രൂപതയില്‍ നിലവില്‍ വന്നതും ഇന്നും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന വിവിധ ശുശ്രൂഷ സമിതികളെക്കുറിച്ച് ഇവിടെ പരാമര്‍ശിക്കുകയാണ്.

കെ.ആര്‍.എല്‍.സി.സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 24 കമ്മീഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ 12 ലത്തീന്‍ രൂപതകളിലും ഏകോപിപ്പിക്കുന്നതിനും രൂപതയുടെ ചെറിയ ഭാഗമായ ഇടവകകളില്‍ കാര്യക്ഷമായി നിര്‍വഹിക്കുന്നതിനുമായി ആറ് ശുശ്രൂഷാസമിതികള്‍ക്ക് രൂപംകൊടുത്തിരിക്കുന്നു. അജപാലനം, സാമൂഹ്യം, വിദ്യാഭ്യാസം, കുടുംബം, യുവജനം, അല്മായര്‍ തുടങ്ങിയവയാണ് ഈ സമിതികള്‍. ഈ ശുശ്രൂഷാസമിതികളുടെ ഉറവിടവും പ്രധാന പ്രവര്‍ത്തനരംഗവും ബി.ഡി.സി എന്നറിയപ്പെടുന്ന കുടുംബകൂട്ടായ്മകളാണ്. ഓരോ കുടുംബകൂട്ടായ്മയില്‍നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ആറു ശുശ്രൂഷാസമിതി പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ആദ്യം ഇടവകതലത്തിലും പിന്നീട് ഫൊറോന-രൂപത തലത്തിലും നീണ്ടുനില്‍ക്കുന്ന പങ്കാളിത്തത്തിന്റെയും കൂട്ടായ്മയുടെയും ഒരു ശൃംഖലയ്ക്ക് രൂപംകൊടുക്കുന്നു.

ഇത്തരം സമിതികളുടെ രൂപീകരണത്തിലൂടെ ഇടവകകള്‍ക്ക് തങ്ങളുടെ ദൗത്യം ഫലപ്രദമായി നിറവേറ്റാന്‍ കഴിയുന്നുവെന്ന സന്തോഷവും ആത്മവിശ്വാസവും ലഭിക്കുന്നു. കീഴ്ഘടകത്തില്‍നിന്നും മേല്‍ഘടകത്തിലേക്കും നേരെ തിരിച്ചുമുള്ള ഒരു സംവേദനം എളുപ്പത്തിലും വേഗത്തിലും സാധിക്കുന്നുവെന്ന സത്യം വിസ്മരിക്കാനാവുന്നതല്ല. അജപാലനപ്രശ്‌നങ്ങള്‍ കൂട്ടായ ചര്‍ച്ചവഴി പരിശോധിക്കപ്പെടുകയും പരിഹരിക്കപ്പെടുകയും ചെയ്യപ്പെടുന്നുവെന്ന കാര്യവും അഭിനന്ദനാര്‍ഹമാണ്. ഇത്തരമൊരു സംവിധാനത്തിലൂടെ, മഹനായ വിശുദ്ധ ഗ്രിഗറിയുടെ വാക്കുകള്‍ തീര്‍ത്തും അന്വര്‍ത്ഥമാകുകയാണ്: ”തിരുസഭയില്‍ എല്ലാവരെയും ഓരോരുത്തരും പരിപോഷിപ്പിക്കുന്നു. ഓരോരുത്തരെയും എല്ലാവരും പരിപോഷിപ്പിക്കന്നു” (സി.എല്‍ 28).

വിവിധ കമ്മിറ്റികളുടെ സഹായത്തോടെ യാണ് രൂപതയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നത്. അജപാലന ശുശ്രൂഷാസമിതി, സാമൂഹ്യ ശുശ്രൂഷാസമിതി, അല്മായ ശുശ്രൂഷാ സമിതി, കുടുംബ പ്രേഷിത ശുശ്രൂഷാ സമിതി, വിദ്യാഭ്യാസ ശുശ്രൂഷാസമിതി, യുവജനശുശ്രൂഷാസമിതി എന്നിങ്ങനെ വിവിധ സെഷനുകളായി തിരിഞ്ഞ് വിവിധ കമ്മീഷനുകളുടെ കീഴിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകീകരിച്ചിരിക്കുന്നത്.

ഫാ. അലക്‌സ് കളരിക്കല്‍

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?