Follow Us On

29

March

2024

Friday

നമുക്കിതാ ഒരു വിശുദ്ധ 'അമ്മ'

നമുക്കിതാ ഒരു വിശുദ്ധ 'അമ്മ'

വത്തിക്കാൻ സിറ്റി: ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് വിശ്വാസികളുടെ അധരങ്ങൾ പ്രാർത്ഥനകൾ ഉരുവിടുമ്പോൾ ഫ്രാൻസിസ് മാർപാപ്പ സ്വർഗീയ വിശുദ്ധരുടെ നിരയിലേക്ക് മദർ തെരേസയെ ഉയർത്തി. വത്തിക്കാൻ ചത്വരത്തിൽ തടിച്ചുകൂടിയ വൻജനാവലിയെ കൂടാതെ എല്ലാ രാജ്യങ്ങളിലുമുളള ലക്ഷക്കണക്കിന് ആളുകളാണ് ടെലിവിഷനിലൂടെയും മറ്റും മദറിനെ വിശുദ്ധയാക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിച്ചത്.
വിശുദ്ധരുടെ പട്ടികയിൽ മദർ തെരേസയെ കൂടാതെ തെരേസ നാമധാരികളായ തെരേസ ഓഫ് ആവിലാ(അമ്മ ത്രേസ്യ)യും തെരേസ ഓഫ് ലിസ്യൂ(കൊച്ചുത്രേസ്യ)വുമൊക്കെ ഇടം പിടിച്ചിട്ടുള്ളതിനാൽ മദർ തെരേസ ഇനി മുതൽ കൊൽക്കത്തയിലെ വിശുദ്ധ തെരേസ എന്നാകും അറിയപ്പെടുക.
8
വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ രാവിലെ 10.30-ന് (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞു രണ്ടിന്) ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ നാമകരണ ശുശ്രൂഷ ആരംഭിച്ചു. ‘ദൈവപിതാവിനെപ്പോലെ കരുണയുള്ളവരാകുക, ദൈവത്തിന് നന്ദി പറയുക, എന്തെന്നാൽ അവിടുത്തെ കാരുണ്യം അനന്തമാകുന്നു’ എന്നർത്ഥമുള്ള ഗാനത്തോടെയായിരുന്നു ശുശ്രൂഷകളുടെ തുടക്കം. പരിശുദ്ധാത്മാവിനോടുള്ള ഗീതമായിരുന്നു അതേ തുടർന്ന്.
5പിന്നീട് നാമകരണനടപടികൾക്കുവേണ്ടിയുള്ള തിരുസംഘത്തിന്റെ പ്രീഫെക്ട് കർദിനാൾ ആഞ്ചെലോ അമാത്തോ, മദർ തെരേസയുടെ നാമകരണ നടപടികൾക്കായുള്ള പോസ്റ്റുലേറ്റർ റവ. ഡോ. ബ്രയൻ കോവോ ജയ്ചുക് എ ന്നിവർ വാഴ്ത്തപ്പെട്ട മദർ തെരേസയെ വിശുദ്ധരുടെ ഗണത്തിൽ ചേർക്കണമെന്ന് തിരുസഭയുടെ നാമത്തിൽ പരിശുദ്ധ സിംഹാസനത്തോട് അഭ്യർത്ഥിച്ചു. തുടർന്ന് പരിശുദ്ധ പിതാവ് വിശ്വാസികളോടൊപ്പം ദൈവമാതാവിന്റെയും വിശുദ്ധരുടെയും മാധ്യസ്ഥം യാചിച്ചു. അയോഗ്യനായ തന്നെ ഈ തിരുക്കർമ്മത്തിന് യോഗ്യനാക്കണമേ എന്ന പ്രാർത്ഥനയ്ക്ക് ശേഷം കത്തോലിക്കാ സഭയുടെ പരമാധികാരി എന്ന നിലയിൽ മദർ തെരേസയെ വിശുദ്ധയായി മാർപാപ്പ പ്രഖ്യാപിക്കുകയായിരുന്നു.
7തടിച്ചുകൂടിയ വിശ്വാസ സമൂഹം ഒന്നാകെ ഹർഷാരവത്തോടെ സഭയുടെ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. അനന്തരം വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട മദർ തെരേസയുടെ തിരുശേഷിപ്പ് വണക്കത്തിനായി അൾത്താരയിലേക്ക് കൊണ്ടുവന്ന് പ്രതിഷ്ഠിച്ചു. ഡീക്കൻ ധൂപാർപ്പണം നടത്തി. മദർ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനം കൊണ്ട് കരുണയുടെ ഈ ജൂബിലി വർഷത്തിൽ ലോകത്തിന് ശക്തമായ സന്ദേശം നല്കുകയായിരുന്നു മാർപാപ്പ. ജീവിത സുതാര്യതകൊണ്ടും ലളിതമായ ജീവിതം കൊണ്ടും പാവപ്പെട്ടവരോടും വേദനയനുഭവിക്കുന്നവരോടും പക്ഷം ചേർന്നതുകൊണ്ടും വളരെ പെട്ടെന്നുതന്നെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായ ഫ്രാൻസിസ് പാപ്പ നാമകരണ ചടങ്ങിനിടെയുള്ള പ്രസംഗത്തിൽ അത് കൂടുതൽ വ്യക്തമാക്കി.
4മദർ തെരേസയുടെ മുഴുവൻ അസ്തിത്വവും സാധുക്കളിൽ സാധുക്കളായവർക്കുവേണ്ടി സമർപ്പിക്കപ്പെട്ടതായിരുന്നുവെന്ന് പാപ്പ അനുസ്മരിച്ചു. ലോകത്തിലെ ദുഃഖിതരും ദരിദ്രരുമായ മനുഷ്യരിലേക്ക് വിശ്വാസികളുടെ ശ്രദ്ധ തിരിച്ച അദ്ദേഹം മദറിന്റെ മാതൃകാജീവിതത്തെ അനുകരിക്കുവാൻ വിശ്വാസികളോടും ലോകത്തോടും ആഹ്വാനം ചെയ്തു. ക്രിസ്തുവിനെ വിപ്ലവകരമായി ജീവിതത്തിലനുകരിച്ച മദർ തെരേസ, തനിക്കു പിന്നിൽ അവശേഷിപ്പിച്ചു കടന്നുപോയ ഉപവിയുടെ സഹോദരങ്ങളെക്കുറിച്ചും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചും പാപ്പ അഭിമാനത്തോടെ സംസാരിച്ചു. നിങ്ങൾ ഇനി മദറിനെപ്പോലെ ലോകത്തിന് അമ്മമാരായിരിക്കണം എന്ന് പാപ്പ ഓർമ്മിപ്പിച്ചു. മദറിന്റെ വിശുദ്ധി ഇപ്പോഴും നമ്മുടെ തൊട്ടടുത്തു തന്നെയുണ്ടെന്നും മാർപാപ്പ പറഞ്ഞു. എപ്പോഴും പുഞ്ചിരിയോടെ ലോകത്തോട് സംവദിച്ച മദറിനെ അനുകരിച്ച് ദുഃഖിതരുടെയും പീഡിതരുടെയും പക്കലേക്ക് നിറപുഞ്ചിരിയുമായി കടന്നു ചെല്ലാൻ നമുക്കാകണം. പാപ്പ ഓർമ്മിപ്പിച്ചു. ലോകത്തിനാവശ്യമുള്ളത് കരുണയും സ്‌നേഹവുമാണ്; അദ്ദേഹം ആവർത്തിച്ചു.
3സിബിസിഐ പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കർദിനാൾ ഡോ. ഓസ്‌വാൾഡ് ഗ്രേഷ്യസ്, കർദിനാൾ ഡോ. ടെലസ്‌ഫോർ ടോപ്പോ, കൽക്കട്ട ആർച്ച്ബിഷപ് ഡോ. തോമസ് ഡിസൂസ എന്നിവരും മറ്റു ബിഷപ്പുമാരും മിഷനറീസ് ഓഫ് ചാരിറ്റി കണ്ടംപ്ലേറ്റീവ് ബ്രദേഴ്‌സ് സുപ്പീരിയർ ജനറൽ ഫാ. സെബാസ്റ്റ്യൻ വാഴക്കാല എംസിയും അഞ്ഞൂറോളം വൈദികരും സഹകാർമികരായി.
ഇന്ത്യയിൽനിന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ നേതൃത്വത്തിൽ വലിയൊരു പ്രതിനിധിസംഘമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇന്ത്യൻ അംബാസിഡർമാരുടെ വസതിയിൽ നടന്ന വിരുന്നിൽ മദർ തെരേസയുടെ നാമകരണം ഇന്ത്യയുടെ അഭിമാന നിമിഷമാണെന്നാണ് മന്ത്രി സുഷമ സ്വരാജ് പറഞ്ഞത്.
11മദർ ദീപസ്തംഭമാണ്. ജാതിമതങ്ങൾക്ക് അപ്പുറത്തായി ലോകത്തെ, പ്രത്യേകിച്ച് ഇന്ത്യയെ, കാണാൻ കഴിഞ്ഞ വ്യക്തിയാണ് മദർ. അതുകൊണ്ടുതന്നെ മദറിനെ ആദരിക്കുക എന്നത് മതത്തിന്റെ ലേബലിൽ നിന്നല്ല നോക്കിക്കാണേണ്ടത്. അതിലുപരി മദറിന്റെ മാനവികതയും പാവങ്ങളോടുള്ള സ്‌നേഹവും കണക്കിലെടുത്താണ് ഭാരതം മദറിനെ കൂടുതലായി ഓർമ്മിക്കുന്നത്. മദർ ഇന്ത്യയിലല്ല ജനിച്ചതെങ്കിലും ഇന്ത്യക്കാരിയായിട്ടാണ് ഭാരതീയർ മദറിനെ കാണുന്നത്. അമ്മയെ നെഞ്ചിലേറ്റിയ ജനലക്ഷങ്ങൾ വർഷങ്ങൾക്ക് മുമ്പ് തന്നെ അവരെ വിശുദ്ധയായി കരുതിയിരുന്നു. ജീവിതകാലത്ത് മദറിനെ ഭാരതരത്‌നം, നൊബേൽ സമ്മാനം തുടങ്ങിയ ബഹുമതി നൽകി ലോകം ആദരിച്ചു. ഇപ്പോൾ സഭ മദറിനെ ആദരിക്കുമ്പോഴും ലോകത്തിനും പ്രത്യേകിച്ച് ഇന്ത്യക്കും വലിയ സന്തോഷമുണ്ടെന്ന് സുഷമ സ്വരാജ് പറഞ്ഞു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, കേരളത്തിൽനിന്ന് മന്ത്രിമാരായ ടി.എം തോമസ് ഐസക്, മാത്യു ടി. തോമസ്, എം.പിമാരായ കെ.വി തോമസ്, ആന്റോ ആന്റണി, ജോസ്.കെ മാണി, ബി.ജെ.പി നേതാവ് അൽഫോൺസ് കണ്ണന്താനം തുടങ്ങിയ പ്രമുഖരുടെ വൻനിര വത്തിക്കാനിലെത്തിയിരുന്നു.
9ലോകമെങ്ങും നടന്ന പ്രാർത്ഥനകളൊടൊപ്പം റോമിന്റെ വിവിധ ഭാഗങ്ങളിലും ആരാധനകളും പ്രാർത്ഥനകളും ഇതോടനുബന്ധിച്ച് നടന്നു. മതവിശ്വാസത്തിന്റെ പേരിൽ മദറിനെ സ്‌നേഹിക്കാത്തവർപോലും മദറിനെ ആദരിക്കുകയും അംഗീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നുണ്ടെന്ന് ഇവിടെ വന്ന ആളുകൾ സാക്ഷ്യം നല്കുന്നു. നാമകരണച്ചടങ്ങിന് ശേഷം പോൾ ആറാമൻ ഹാളിനു സമീപം സാധുജനങ്ങൾക്കായി മിഷണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹം രണ്ടായിരം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു.
ഫാ.ബിജു മഠത്തിക്കുന്നേൽ CSSR

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?