Follow Us On

29

March

2024

Friday

നമ്മുടെ നാട് മദ്യപ്രളയത്തിൽ വീഴാതിരിക്കട്ടെ!

നമ്മുടെ നാട് മദ്യപ്രളയത്തിൽ വീഴാതിരിക്കട്ടെ!

കോഴിക്കോട്: ദേശീയ-സംസ്ഥാന പാതകളിൽനിന്നും മദ്യശാലകൾ 500 മീറ്റർ അകലം പാലിക്കണമെന്ന സുപ്രീം കോടതിവിധിയെ തുടർന്ന് പൂട്ടിയ 152 ബാറുകൾക്കും 149 ബിയർ-വൈൻ പാർലറുകൾക്കും മൂന്ന് ത്രീ സ്റ്റാർ ഹോട്ടലുകൾക്കും സുപ്രീംകോടതി വിധിക്കനുകൂലമായി സർക്കാർ പ്രവർത്തനാനുമതി നൽകിയാൽ സംസ്ഥാനത്ത് മദ്യലഭ്യത ഇന്നത്തേതിന്റെ ഇരട്ടിയാവുമെന്ന് കെ.സി.ബി.സി പ്രസിഡന്റും തിരുവനന്തപുരം ലത്തീൻ അതിരൂപതാ ധ്യക്ഷനുമായ ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം പറഞ്ഞു. മദ്യവിൽപ്പനയ്ക്കുള്ള നിയന്ത്രണത്തിൽ വീണ്ടും ഇളവു വരുത്തിയുള്ള സുപ്രീംകോടതി വിധിയെക്കുറിച്ച് സൺഡേ ശാലോമിനോട് പ്രതികരിക്കുകയായിരുന്നു അദേഹം.
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ മദ്യവ്യവസായികൾക്ക് അനുകൂലമായ തീരുമാനമെടുക്കാൻ സർക്കാർ തയ്യാറാകരുത്. അത്തരത്തിലൊരു നടപടിക്ക് സർക്കാർ തയ്യാറായാൽ പഞ്ചായത്തുകളിലും വികസന അതോറിറ്റി പ്രദേശങ്ങളിലും വ്യാപകമായി മദ്യവിൽപ്പന കേന്ദ്രങ്ങൾ തുറക്കപ്പെടുമെന്നും ആർച്ച് ബിഷപ് കൂട്ടിച്ചേർത്തു.
മനുഷ്യന്റെ ബലഹീനതയെ ചൂഷണം ചെയ്യുന്നതാണ് പുതിയ മദ്യനയമെന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം പ്രതികരിച്ചു. മദ്യാസാക്തി മനുഷ്യന്റെ ബലഹീനതയാണ്. ഇന്നത് പ്രായഭേദമെന്യേ വ്യാപിച്ചു കൊണ്ടിരിക്കുന്നു. ഈ ബലഹീനതയെ ചൂഷണം ചെയ്ത് എവിടെയും മദ്യം ലഭ്യമാക്കാൻ ശ്രമിക്കുന്ന മദ്യനയം വാഗ്ദാനലംഘനവും എരിതീയിൽ എണ്ണ ഒഴിക്കുന്നപോലെയുള്ള ജനദ്രോഹപ്രവർത്തനവുമാണ്. ഭാവിതലമുറയ്്ക്ക് നാശമാകുന്ന ഈ മദ്യനയം തിരുത്തണം. അദ്ദേഹം ആവശ്യപ്പെട്ടു.
ദേശീയ പാതയോരങ്ങളിലെ മദ്യശാലകൾ നിമിത്തം ഒരു വർഷം ഒന്നേകാൽ ലക്ഷത്തോളം മനുഷ്യർക്ക് അപകടങ്ങൾ സംഭവിക്കുന്നു എന്ന കണ്ടെത്തലിനെ തുടർന്നാണ് ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ 500 മീറ്റർ ചുറ്റളവിനുള്ളിലെ മദ്യശാലകൾ നീക്കാൻ സുപ്രീം കോടതി 2016 ഡിസംബറിൽ ഉത്തരവിട്ടത്. എന്നാൽ സുപ്രീം കോടതിയുടെ മുൻ ഉത്തരവ് ലഘൂകരിച്ച പുതിയ വിധി ജനതാല്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് തലശേരി അതിരൂപതാധ്യക്ഷൻ മാർ ജോർജ് ഞരളക്കാട്ട് പറയുന്നു.
ഇക്കാര്യത്തിനായി സുപ്രീം കോടതിയിൽ പൊതുതാല്പര്യഹർജി നൽകുന്നതിനുള്ള സാധ്യത മദ്യവിരുദ്ധസമിതി പരിശോധിക്കണമെന്നും അദേഹം നിർദേശിച്ചു.
ഭരണഘടന അനുശാസിക്കുന്നത് മദ്യനിരോധനം സാധ്യമാകുന്നിടത്തോളം നടപ്പിലാക്കണമെന്നതാണ്. എന്നാൽ പുതിയ മദ്യനയം ഭരണഘടനയെ നിഷേധിക്കുന്ന രീതിയിലാണെന്ന് ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിൽ പ്രതികരിച്ചു. ഭരണഘടനയുടെ അന്തഃസത്തയെ പുതിയ മദ്യനയം ചോദ്യം ചെയ്യുന്നു. മദ്യനിരോധനത്തിനു പകരം മദ്യസംലഭ്യത സാധ്യമാകുന്നത് നിർഭാഗ്യകരമാണ്; അദേഹം പറഞ്ഞു.
നമ്മുടെ സമൂഹത്തിൽ ഏറെ നന്മയുളവാക്കിയ ഒരു നല്ല കാര്യത്തെ അട്ടിമറിക്കുകയും നാശോന്മുഖമായ പ്രവണതകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് മാത്രമേ ഇപ്പോഴത്തെ കോടതിവിധി ഉപകരിക്കുകയുള്ളൂവെന്ന് താമരശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ സൂചിപ്പിച്ചു.
പൂട്ടിയ മദ്യശാലകൾ തുറക്കുന്നതിനെതിരെ കേരളത്തിലെമ്പാടും വമ്പിച്ച ജനകീയ പ്രതിരോധം ഉയർന്നതാണ്. ഇതിലൂടെ വ്യക്തമാക്കപ്പെട്ട ജനഹിതം പാടെ അവഗണിച്ചുകൊണ്ട് എല്ലായിടത്തും എല്ലാവർക്കും മദ്യം സുലഭമാക്കാനുള്ള വ്യഗ്രതയിലാണ് സർക്കാരെന്ന് അദേഹം ചൂണ്ടിക്കാട്ടി.
ജനക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവർ ജനങ്ങളുടെ നാശത്തിനുവേണ്ടി പ്രവർത്തിക്കുന്നത് ഖേദകരമാണെന്ന് സി.ബി.സിഐ വൈസ് പ്രസിഡന്റും മാവേലിക്കര രൂപതാധ്യക്ഷനുമായ ജോഷ്വാ മാർ ഇഗ്നാത്തിയോസ് പറഞ്ഞു. ഇതുവഴി ജുഡീഷ്യറിയിലും എക്‌സിക്യുട്ടീവിലും ലെജിസ്‌ളേറ്റിവിലുമെല്ലാം ജനങ്ങൾക്കുള്ള വിശ്വാസത്തിന് ഹാനി സംഭവിക്കുന്നില്ലേയെന്ന് സംശയിക്കുന്നുവെന്നും അദേഹം കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദൂരപരിധി എടുത്തുകളഞ്ഞതിലൂടെ വളർന്നുവരുന്ന തലമുറയെയും മദ്യാസക്തിയിലേക്ക് നയിക്കുകയാണെന്നായിരുന്നു കണ്ണൂർ രൂപതാധ്യക്ഷൻ ഡോ. അലക്‌സ് വടക്കുംതല പ്രതികരിച്ചത്. ജനനന്മയാകണം സർക്കാരുകൾ ലക്ഷ്യമിടേണ്ടത്.
മദ്യവിതരണത്തിന് സ്വാതന്ത്ര്യം നൽകിക്കൊണ്ടുള്ള സർക്കാർ തീരുമാനങ്ങൾ സാംസ്‌കാരിക അപചയം സൃഷ്ടിക്കുമെന്ന് ദക്ഷിണ കേരള മഹായിടവക ബിഷപ് ഡോ.ധർമ്മരാജ് റസലം വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?