Follow Us On

28

March

2024

Thursday

നിഷേധാത്മക മാധ്യമശൈലി രാജ്യത്തിനു അപകടകരം : മാര്‍ പോളി കണ്ണൂക്കാടന്‍

നിഷേധാത്മക മാധ്യമശൈലി രാജ്യത്തിനു അപകടകരം : മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട :  സത്യ വിരുദ്ധമായ കാര്യങ്ങളെ സമര്‍ഥമായി അവതരിപ്പിച്ചു സമൂഹത്തില്‍ ഭിന്നതയും സ്പര്‍ധയും വളര്‍ത്താനുള്ള ഒരു വിഭാഗം മാധ്യമങ്ങളുടെ ശ്രമത്തിനെതിരെ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. നിഷേധാത്മകമായ ഈ മാധ്യമശൈലി വലിയ വിപത്ത് വിളിച്ചു വരുത്തുമെന്നും ഇന്ത്യയുടെ അഖണ്ഡതയ്ക്കും മതനിരപേക്ഷ മൂല്യങ്ങള്‍ക്കും ദോഷകരമാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. ഇരിങ്ങാലക്കുട രൂപത മുഖപത്രമായ ‘കേരളസഭ’ യുടെ കുടുംബസംഗമം ആളൂര്‍ ബിഎല്‍എമ്മില്‍ ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം. രൂപതയിലെ 135 ഇടവകകളിലെ 1500 ലേറെ കുടുംബ സമ്മേളന യൂണിറ്റു പ്രസിഡന്റുമാരും കേന്ദ്രസമിതി പ്രസിഡന്റുമാരും കേരളസഭ കോര്‍ഡിനേറ്റര്‍മാരും ഗുണകാംക്ഷികളും പങ്കെടുത്തു.
നന്മകളെ പൂര്‍ണമായി തമസ്‌ക്കരിക്കുകയും ഒറ്റപ്പെട്ട പാകപ്പിഴകളെ ആഘോഷിക്കുകയും ചെയ്യുന്ന മാധ്യമശൈലി ക്രൈസ്തവ സമൂഹം തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ചു പ്രചരിപ്പിക്കുമ്പോള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന സൗഹാര്‍ദ്ദവും മൈത്രിയുമാണ് തകരുന്നത്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സര്‍ക്കാരും നിയമപാലകരും നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരില്‍ വ്യക്തികളെയും സമൂഹങ്ങളെയും തേജാവധം ചെയ്യുന്ന രീതി അംഗീകരിക്കാനാവില്ലെന്നും ആദര്‍ശനിഷ്ഠയുള്ള മാധ്യമപ്രവര്‍ത്തനത്തിന്റെ പാതയില്‍ ‘കേരളസഭ’ ശക്തമായി മുന്നോട്ടുപോകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
വികാരി ജനറല്‍ മോണ്‍. ജോയ് പാല്യേക്കര അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപത നടത്തിക്കൊണ്ടിരിക്കുന്ന പ്രളയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് കല്യാണ്‍ രൂപത നല്‍കുന്ന 36 ലക്ഷത്തിന്റെ ചെക്ക് സോഷ്യല്‍ സര്‍വീസ് ഡയറക്ടര്‍ ഫാ. ജോബി കുര്യന്‍ മാര്‍ പോളി കണ്ണൂക്കാടന് കൈമാറി. ‘കേരളസഭ’ നടത്തിയ ചിത്രരചനാ മത്സരം, ദാബാര്‍ ക്വിസ് മത്സരം, രചനാ മത്സരങ്ങള്‍ എന്നിവയിലെ വിജയികള്‍ക്ക് മാര്‍ പോളി കണ്ണൂക്കാടന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
റവ. ഡോ. ജോസ് ഇരിമ്പന്‍, ഫാ. വര്‍ഗീസ് കോന്തുരുത്തി, റവ. ഡോ. പോളി പടയാട്ടി, കേരളസഭ മാനേജിംഗ് എഡിറ്റര്‍ ഫാ. വിത്സന്‍ ഈരത്തറ, എക്‌സിക്കൂട്ടീവ് എഡിറ്റര്‍ ഫാ. ജിജോ വാകപറമ്പില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ദീപക് ജോസഫ്, ചീഫ് എഡിറ്റര്‍ ജോസ് തളിയത്ത്, മാര്‍ക്കറ്റിംഗ് ആന്‍ഡ് സര്‍ക്കുലേഷന്‍ മാനേജര്‍ ഫാ. ഫ്രാങ്കോ പറപ്പുള്ളി എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?