Follow Us On

28

March

2024

Thursday

നൂറ്റാണ്ടിനിടയിൽ ഫാത്തിമയിൽ നടന്നത്?

നൂറ്റാണ്ടിനിടയിൽ ഫാത്തിമയിൽ നടന്നത്?

ഫാത്തിമ രഹസ്യങ്ങൾ ലോകം മുഴുവൻ അംഗീകരിക്കപ്പെട്ടത് ആ ദർശനങ്ങളുടെ ലോകത്തെക്കുറിച്ചുള്ള പ്രവാചകസ്വഭാവത്തെ ആസ്പദമാക്കിയാണ്. ജീവിതവിജയത്തിനായുള്ള വിശ്വാസാധിഷ്ഠിതമായ പ്രവാചകശബ്ദമായാണ് സഭ ഈ രഹസ്യങ്ങളെ എന്നും കാണുന്നത്.
1917 ജൂൺ 13-ന് മാതാവ് ലൂസി, ജസീന്ത, ഫ്രാൻസിസ്‌ക്കോ എന്നീ കുട്ടികൾക്ക് വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോൾ, ദുഃഖാർത്തമായ ഒരു പ്രവചനം നടത്തി. ”ജസീന്തയും ഫ്രാൻസിസ്‌ക്കോയും താമസിയാതെ സ്വർഗത്തിലേക്കെടുക്കപ്പെടും. ലൂസി കൂറെ നാളുകൾകൂടി ഈ ഭൂമിയിൽ ജീവിക്കും” എന്നായിരുന്നു ആ പ്രവചനം. 1919-ൽ പനി ബാധിച്ച് ഫ്രാൻസിസ്‌ക്കോയും 1920-ൽ ജസീന്തയും മരണപ്പെട്ടത് യഥാർത്ഥത്തിൽ ഫാത്തിമായിലെ മാതാവിന്റെ രഹസ്യങ്ങളുടെ പൂർത്തീകരണമായിരുന്നു. മാതാവിന്റെ ദർശനഭാഗ്യമുണ്ടായ ലൂസിയ മരിക്കുന്നത്, 97 വയസിനുശേഷം 2005 ഫെബ്രുവരി 13-നായിരുന്നു. 2000 മെയ് 13-ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ ജസീന്തയെയും ഫ്രാൻസിസ്‌ക്കോയെയും വിശുദ്ധരായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ കന്യാസ്ത്രീയായ സിസ്റ്റർ ലൂസി പങ്കെടുത്തത് ദൈവനിയോഗംതന്നെ. 2008 ഫെബ്രുവരി 13-ന് ബനഡിക്ട് പതിനാറാമൻ മാർപാപ്പ സിസ്റ്റർ ലൂസിയയെയും വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള നാമകരണ നടപടികൾക്ക് തുടക്കമിട്ടു.
1917 ജൂലൈ 13-ന് മാതാവ് കുട്ടികളോട് പങ്കുവച്ച പ്രവചനങ്ങൾ പരസ്യമാക്കപ്പെട്ടിരുന്നില്ല. 1927-ൽ ലൂസി സന്യാസമഠത്തിൽ പ്രവേശിച്ചതിനുശേഷമാണ് മാതാവ് വെളിപ്പെടുത്തിയ പ്രവചനങ്ങളെക്കുറിച്ച് വ്യക്തമായി എഴുതുന്നത്. എന്നാൽ തന്റെ ആത്മീയ ഗുരുവിന്റെ നിർദേശപ്രകാരം ആ എഴുത്തുകൾ കത്തിച്ചുകളഞ്ഞു. വീണ്ടും 1941-ൽ ‘ലൈറിയ’ മെത്രാന്റെ അഭ്യർത്ഥനപ്രകാരം സിസ്റ്റർ ലൂസി ഒന്നും രണ്ടും പ്രവചനങ്ങൾ എഴുതി നൽകി. ഒരു വർഷത്തിനുശേഷം സിസ്റ്റർ ലൂസി ഗുരുതര രോഗിയായി മാറി. മൂന്നാമത്തെ രഹസ്യം എഴുതിവയ്‌ക്കേണ്ട സമയമായെന്ന് ബോധ്യമായപ്പോൾ, ഒരു പേപ്പറിൽ മാതാവിന്റെ മൂന്നാമത്തെ രഹസ്യം എഴുതി, ഒരു കവറിൽ ഇട്ട് ഒട്ടിച്ച് മെത്രാന്റെ കൈയിൽ ഏൽപിച്ചു. അതിനുശേഷം മെത്രാനോടുള്ള സിസ്റ്റർ ലൂസിയുടെ നിർദേശം ഇതായിരുന്നു: ”1960-ന് മുൻപ് ഒരിക്കലും ഈ കവർ തുറന്ന് എഴുത്ത് വായിക്കരുത്.” 1957-ൽ റോമിലെ പേപ്പൽ തിരുസംഘത്തിന്റെ പയസ് പന്ത്രണ്ടാമൻ മാർപാപ്പ ആ എഴുത്ത് ഒരു കൊച്ചുപെട്ടിയിലാക്കി 1960 വരെ വളരെ ഭദ്രമായി സൂക്ഷിച്ചു.
അതിനുശേഷം പരിശുദ്ധ സിംഹാസനം അലങ്കരിച്ച ഇരുപത്തിമൂന്നാം യോഹന്നാൻ മാർപാപ്പയും പോൾ ആറാമൻ മാർപാപ്പയും കവർ തുറന്ന് മൂന്നാമത്തെ പ്രവചനം വായിച്ച് നോക്കിയെങ്കിലും വിശ്വാസികൾക്ക് മുമ്പാകെ പരസ്യപ്പെടുത്തിയില്ല. 1981 മെയ് 13-ന് ഫാത്തിമയിലെ മാതാവിന്റെ ദർശനത്തിന്റെ 64-ാം വാർഷികാഘോഷത്തിനുശേഷം, ജോൺപോൾ രണ്ടാമൻ മാർപാപ്പ ആ കത്ത് വായിക്കുകയും അന്നത്തെ വിശ്വാസതിരുസംഘത്തിന്റെ ഫ്രീഫെക്ട് ആയിരുന്ന കാർഡിനൽ ജോസഫ് റാറ്റ്‌സിംഗറിനെ (ബനഡിക്റ്റ് പതിനാറാം മാർപാപ്പ) മൂന്നാം രഹസ്യം വിശ്വാസികൾക്ക് പരസ്യപ്പെടുത്തുന്നതിനായി ഏൽപിക്കുകയും ചെയ്തു.ഇരുപതാം നൂറ്റാണ്ടിലെ സഭയുടെ രീതികളും യുദ്ധങ്ങളും സ്വേച്ഛാധിപത്യവും മാർപാപ്പയ്ക്കുണ്ടാകാൻ പോകുന്ന പീഡനങ്ങളും ഫാത്തിമായിൽ മാതാവ് നൽകിയ മൂന്നാം രഹസ്യത്തിന്റെ പൊരുളുകളാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു.
നിഗൂഢവും വെളിപാടുകൾ നിറഞ്ഞതും ഭയപ്പെടുത്തുന്നതുമായ നരകത്തെക്കുറിച്ച് പ്രതിപാദിക്കുന്നതായിരുന്നു ഒന്നാമത്തെ രഹസ്യം. ദൈവനിന്ദയെ ഉപേക്ഷിക്കണമെന്നതായിരുന്നു രണ്ടാമത്തെ രഹസ്യത്തിലെ അന്തഃസത്ത. ലോകം കാത്തിരുന്ന മൂന്നാമത്തെ രഹസ്യം 1941-ൽ സിസ്റ്റർ ലൂസി എഴുതിവച്ചത് ഇപ്രകാരമായിരുന്നു: ”ദൈവനിന്ദ മനുഷ്യൻ അവസാനിപ്പിച്ചില്ലെങ്കിൽ, നാശങ്ങൾ ലോകത്ത് സംഭവിക്കാൻ തുടങ്ങും. ഒരു രാത്രി അപരിചിതമായ വെളിച്ചം കാണുകയാണെങ്കിൽ, നിങ്ങൾ മനസിലാക്കണം അത് ശിക്ഷകളുടെ ആരംഭമാണെന്ന്. പീഡനങ്ങളും ക്ഷാമവും യുദ്ധങ്ങളുംവഴി ചെയ്തുപോയ പാപങ്ങൾക്ക് കടുത്ത ശിക്ഷയേറ്റുവാങ്ങേണ്ടിവരും. റഷ്യയെ എന്റെ അമലോത്ഭവ ഹൃദയത്തിന് പ്രതിഷ്ഠിക്കുന്നതിനും മാസാദ്യ ശനിയാഴ്ചകളിലെ പ്രായശ്ചിത്താനുഷ്ഠാനങ്ങൾ കാണുന്നതിനുംവേണ്ടി ഞാൻ വീണ്ടും വരും. നിങ്ങൾ എന്റെ അഭ്യർത്ഥനകൾ അനുസരിക്കുന്നപക്ഷം റഷ്യ പരിവർത്തനം ചെയ്യപ്പെടുകയും അവിടെ സമാധാനം ഉണ്ടാവുകയും ചെയ്യും.”
പ്രത്യാശ നൽകുന്ന ഫാത്തിമ രഹസ്യങ്ങൾ
ദൈവത്തിന്റെ അമ്മ ഫാത്തിമായിൽ പ്രത്യക്ഷപ്പെട്ടത്, മനുഷ്യരാശിയുടെ ദുഷ്ടത ഉന്മൂലനം ചെയ്യാനായിരുന്നു. അതായിരുന്നു ഫാത്തിമാ രഹസ്യങ്ങളുടെ ഉള്ളടക്കം. ഈ രഹസ്യങ്ങളെ പ്രാർത്ഥന, പരിത്യാഗം, മാനസാന്തരം എന്നീ മൂന്നു കാര്യങ്ങളിൽ സംഗ്രഹിക്കാം.
മൂന്നാം രഹസ്യത്തിന്റെ അവസാന ഭാഗത്ത് സിസ്റ്റർ ലൂസി എഴുതിവച്ചത് ഇങ്ങനെയായിരുന്നു. ”കുരിശിന്റെ രണ്ടു വശത്തായി രണ്ടു ദൂതന്മാർ നിൽക്കുന്നുണ്ടായിരുന്നു. അവരുടെ കൈയിലുള്ള ഗ്ലാസ്പാത്രത്തിൽ ഉണ്ടായിരുന്നത്, അനുതപിക്കുന്ന പാപികളുടെമേൽ തളിക്കുവാനുള്ള രക്തസാക്ഷികളുടെ രക്തമായിരുന്നു. ‘രക്തസാക്ഷികളുടെ രക്തം’ സൂചിപ്പിക്കുന്നത് ഭൂമിയിലെ മനുഷ്യരുടെ ശുദ്ധീകരണത്തെയാണ്. ആ ശുദ്ധീകരണം എന്റെ അമലോത്ഭവ ഹൃദയത്തിന്റെ വിജയമാണ്.” ഫാത്തിമായിലെ അമ്മയുടെ പ്രവചനം ‘മരിയൻയുഗ’ത്തിന്റെ ആരംഭമായിട്ടാണ് തിരുസഭ വിശ്വസിക്കുന്നത്.
ഫാത്തിമായിലെ അത്ഭുതങ്ങളിൽനിന്ന്
1923 മുതൽ 1929 വരെയുള്ള കാലയളവിൽ രണ്ട് ദശലക്ഷം തീർത്ഥാടകരാണ് പോർച്ചുഗലിലെ ഫാത്തിമ എന്ന പുണ്യഭൂമി സന്ദർശിച്ചത്. അതിൽ ഭൂരിഭാഗം തീർത്ഥാടകരും രോഗികളായ ബന്ധുക്കളെയും കൂട്ടിയാണ് ഫാത്തിമയിൽ എത്തിയിട്ടുള്ളതെന്ന് റിപ്പോർട്ടുകൾ പറയുന്നു. 1923-1929 വർഷങ്ങളിൽ തീർത്ഥാടകരായി വന്ന്, ദിനരാത്രങ്ങൾ അവിടെ താമസിച്ച്, മാതാവിന്റെ മാധ്യസ്ഥം അപേക്ഷിച്ച രോഗികളിൽ ഏറെപ്പേരും രോഗസൗഖ്യം ലഭിച്ച് തിരിച്ചുപോയെന്നാണ് അനൗദ്യോഗിക കണക്കുകൾ.
1998 മാർച്ച് മാസത്തിൽ അർജന്റീനയുടെ പടിഞ്ഞാറൻ മേഖലയിലെ പോസിയേ എന്ന പട്ടണത്തിൽ ചുവരിൽ ഫാത്തിമ മാതാവിന്റെ പ്രതിഛായ കാണപ്പെട്ടത് അനേകം വിശ്വാസികളിൽ അത്ഭുതം ഉളവാക്കിയിട്ടുണ്ട്.
ഫാത്തിമ സന്ദേശങ്ങൾ ലോകം മുഴുവൻ പ്രചരിപ്പിക്കുവാൻ നേതൃത്വം നൽകിയ പ്രമുഖരിൽ ഒരാളാണ് ‘വെറൻഫ്രീഡ്’ എന്ന സന്യാസ വൈദികൻ.
1913 ജനുവരി 17-ന് ഹോളണ്ടിലെ ആംസ്റ്റർഡാം എന്ന പട്ടണത്തിൽ ജനിച്ച വെറൻഫ്രീഡ് ചെറുപ്പം മുതലേ ഉറച്ച ദൈവവിശ്വാസിയും മാതൃഭക്തനുമായിരുന്നു. തന്റെ പ്രാഥമിക പഠനങ്ങൾ പൂർത്തിയാക്കി, 1934-ൽ ബൽജിയത്തുള്ള ടോൺഗേർലേ എന്ന സന്യാസാശ്രമത്തിൽ ചേർന്ന് വൈദികപഠനം ആരംഭിച്ചു. വൈകാതെ ക്ഷയരോഗിയായി മാറിയ വെറൻഫ്രീഡിനെ വീട്ടിലേക്ക് തിരിച്ചയക്കാൻ അധികാരികൾ തീരുമാനിച്ചു. ഒരു വൈദികനായി ജോലി ചെയ്യുവാനോ പ്രസംഗിക്കുവാനോ കഴിയില്ല എന്ന ഡോക്‌ടേഴ്‌സിന്റെ അഭിപ്രായമനുസരിച്ചായിരുന്നു അധികാരികളുടെ തീരുമാനം.
രോഗാവസ്ഥയിലും വെറൻഫ്രീഡ് തന്റെ പ്രാർത്ഥനകൾക്ക് മുടക്കം വരുത്തിയില്ല. രോഗശയ്യ, മാതാവിന്റെ ഫാത്തിമായിലെ രഹസ്യങ്ങളെക്കുറിച്ച് കൂടുതൽ പഠിക്കുവാനുള്ള അവസരമായിരുന്നു. പിന്നീട് ഫാത്തിമാ മാതാവിന്റെ മാധ്യസ്ഥം അപേക്ഷിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രാർത്ഥന. കുറച്ചുനാളുകൾക്കുശേഷമുള്ള പരിശോധനയിൽ രോഗം പൂർണമായി സുഖപ്പെട്ടിരിക്കുന്നു എന്ന യാഥാർത്ഥ്യം അധികാരികൾക്ക് ബോധ്യപ്പെട്ടു. ഒരു സന്യാസ വൈദികനായി അഭിഷിക്തനായ വേറൻഫ്രീഡ്, രണ്ടാം ലോകമഹായുദ്ധം ഫാത്തിമായിലെ മാതാവിന്റെ സന്ദേശങ്ങളോടുള്ള ഈ ലോകത്തിന്റെ അവഗണനയായിരുന്നെന്ന് വിശ്വസിക്കുകയും അതിനെ തുടർന്ന് ജീവിതം മുഴുവനും ഫാത്തിമാ മാതാവിന്റെ പ്രചാരകനായി മാറുകയും ചെയ്തു.
രണ്ടാം ലോകമഹായുദ്ധം സമ്മാനിച്ച ദുരിതങ്ങൾ പേറി അലഞ്ഞു തിരിയേണ്ടി വന്ന ജർമൻ ജനതയോട് അദ്ദേഹത്തിന്റെ വാത്സല്യം വേറൻഫ്രീഡ് എന്ന യുവവൈദികനെ ജർമനിയുടെ പൗരനാക്കി. 1947-ലെ ജനങ്ങളുടെ ദാരിദ്ര്യവും പട്ടിണിയും കണ്ടപ്പോൾ ‘സഹായിക്കൂ, നിങ്ങളുടെ പണംകൊണ്ടല്ല. മറിച്ച് വിശക്കുന്നവർക്കുള്ള ആഹാരംകൊണ്ട്’ എന്ന ശീർഷകത്തിൽ എഴുതിയ എഴുത്തുകൾ ജർമനിയിൽ ഉടനീളം അദ്ദേഹം അയച്ചു.ഇന്ന് 130 രാജ്യങ്ങളിൽ പ്രേഷിതവേലയിൽ ഏർപ്പെട്ടിരിക്കുന്ന കീർഷെ ഇൻ നോട്ട് എന്ന ദുരിതാശ്വാസ സംഘടന ആരംഭിക്കുവാൻ ഫാ. വേറൻഫ്രീഡിനെ പ്രേരിപ്പിച്ചത് ഇതായിരുന്നു. അതിനുള്ള ശക്തി ഫാത്തിമ മാതാവിന്റെ രഹസ്യങ്ങളിലെ ആഴമേറിയ വിശ്വാസമായിരുന്നു. 2008-ൽ അദ്ദേഹത്തിന്റെ മരണംവരെ, ആ ജീവിതം മാതാവിന്റെ ഭക്തിയിൽ അടിയുറച്ചതായിരുന്നു.
വർത്തമാനകാലഘട്ടത്തിലെ വലിയ അത്ഭുതം
റഷ്യയിൽ ക്രൈസ്തവ വിശ്വാസത്തിന്റെ അത്ഭുതപൂർണമായ നവോത്ഥാനത്തിന് ഫാത്തിമ ദർശനം കാരണമായി എന്നത് നിസംശയമാണ്. 1990-ന്റെ തുടക്കത്തിൽ കമ്യൂണിസ്റ്റുകാർ കയ്യടക്കി വച്ചിരുന്ന തെരുവീഥികളിലൂടെ ഫാത്തിമ മാതാവിന്റെ രൂപം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നടന്നത് അതിന് ഉത്തമ ഉദാഹരണമാണ്. അന്നുമുതൽ സ്വകാര്യമായി നടത്തപ്പെട്ടുകൊണ്ടിരുന്ന മാമോദീസയും വിവാഹവും മറ്റും പൊതുചടങ്ങായി ആഘോഷിക്കുവാൻ ആരംഭിച്ചു. കൂടാതെ ക്രിസ്മസും ഉയിർപ്പുതിരുനാളും രാജ്യത്തിന്റെ പ്രധാന അവധി ദിവസങ്ങളായി പ്രഖ്യാപിക്കപ്പെട്ടു. വിശുദ്ധരുടെ തിരുനാൾ ദിവസങ്ങളിൽ പ്രാർത്ഥനാശുശ്രൂഷകൾ ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്യാൻ തുടങ്ങി. സഭാപ്രതിനിധികൾ വീണ്ടും വിശ്വാസികളുടെ ആത്മീയ കാര്യങ്ങളിൽ സജീവമായി.
1991-ലെ സോവ്യറ്റ് യൂണിയന്റെ തകർച്ചയും ഫാത്തിമ മാതാവിന്റെ ദർശനങ്ങളുമായി ചേർത്ത് വായിക്കേണ്ടിയിരിക്കുന്നു. ക്രൈസ്തവ രാജ്യമായ ജർമനിയിൽ 1991-ൽ 28.2 ദശലക്ഷം ഉണ്ടായിരുന്ന വിശ്വാസികളുടെ എണ്ണം 2011 ആയപ്പോഴേക്കും 24.4 ദശലക്ഷമായി കുറഞ്ഞു. എന്നാൽ റഷ്യയിൽ നടന്നത് നേരെ മറിച്ചായിരുന്നു. അമ്പതു ഉണ്ടായിരുന്ന വിശ്വാസികൾ 113 വരെയായി ഉയർന്നു. രണ്ടായിരത്തിലെ സർവേപ്രകാരം 82 ശതമാനം ക്രൈസ്തവ വിശ്വാസികൾ ഓർത്തഡോക്‌സ് വിശ്വാസികളാണ്.
38 രൂപതകളിൽനിന്ന് 160 രൂപതകളായും 18 ആശ്രമങ്ങളിൽനിന്ന് 788 സന്യാസാശ്രമങ്ങളായും അഞ്ച് ദൈവശാസ്ത്ര വകുപ്പുകളിൽനിന്ന് 200 ആയി വളർന്നതും റഷ്യയിലെ ഫാത്തിമ മാതാവിനോടുള്ള ഭക്തിയുടെ പ്രതിഫലനമായിരുന്നു. തീർച്ചയായും ‘റഷ്യയുടെ നവോത്ഥാനം’ ഫാത്തിമയിലെ മാതാവിന്റെ പ്രവചനങ്ങളുടെ ആകെത്തുകയാണെന്ന് പറയുന്നതിൽ സംശയമില്ല.രാജ്യാന്തര വൈരുധ്യങ്ങൾ ഏറെയുണ്ടായിട്ടും പരിശുദ്ധ അമ്മ സമാധാനത്തിന്റെ സമയം റഷ്യയ്ക്ക് സമ്മാനിച്ചു. ഹരിതപുസ്തകംപോലെ പച്ചവിരിച്ച യൂറോപ്പിലെ മണ്ണിൽ മഹായുദ്ധങ്ങൾ താണ്ഡവമാടിയപ്പോൾ തകർന്നടിഞ്ഞ ഗോപുരങ്ങളും സന്തോഷം നഷ്ടപ്പെട്ട ജനങ്ങളും ഒരു ഭീകരസ്വപ്‌നമായി പഴയ കാലത്തിലേക്ക് പിൻതള്ളപ്പെട്ടു. ഫാത്തിമയിലെ മാതാവിന്റെ വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ‘സമാധാനത്തിന്റെ വാതായനം’ തുറക്കുകയെന്നത്. യൂറോപ്പിൽ എല്ലാ രാജ്യങ്ങളിലേക്കും സമാധാനത്തോടെ യാത്ര ചെയ്യുവാനുള്ള അവസരം വന്നുചേരുന്നത് ഈ കാലയളവിലാണ്.ഇതുകൊണ്ടൊക്കെത്തന്നെയാകണം വർത്തമാന കാലത്തിലെ ഏറ്റവും വലിയ അത്ഭുതമായി ഫാത്തിമായിലെ മാതാവിന്റെ ദർശനങ്ങളെ ലോകം കാണുന്നത്.
ഫാ. ജസ്റ്റിൻ പാലിമറ്റം CST

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?