Follow Us On

28

March

2024

Thursday

പടുത്തുയർത്താം യുവ അമേരിക്ക

പടുത്തുയർത്താം യുവ അമേരിക്ക
ചിക്കാഗോ: കാനഡ മുഴുവൻ വ്യാപിച്ചുകിടക്കുന്ന മിസിസാഗാ എക്‌സാർക്കേറ്റിനു പിന്നാലെ യു.എസ് അജപാലനാതിർത്തിയായുള്ള ചിക്കാഗോ രൂപതയും ‘യുവജനവർഷം’ പ്രഖ്യാപിച്ചതോടെ നോർത്ത് അമേരിക്കയിലെ സീറോ മലബാർ സഭയിൽ 2017 യുവജനശക്തീകരണ പ്രവർത്തനങ്ങൾ ഊർജിതമാകും. യുവജനങ്ങളുടെ സമഗ്രക്ഷേമം ലക്ഷ്യംവെച്ച് വിവിധങ്ങളായ പദ്ധതികളാണ് അണിയറയിൽ ഒരുങ്ങുന്നത്. മിസിസാഗ എക്‌സാർക്കേറ്റിന്റെ ഒന്നാം പിറന്നാളിനോട് അനുബന്ധിച്ച് ഒക്‌ടോബറിലായിരുന്നു കാനഡയിൽ യുവജനവർഷം പ്രഖ്യാപനം.
‘നമ്മെപോലെ അവരും ഒന്നായിരിക്കേണ്ടതിന്’ എന്ന തിരുവചനം ആപ്തവാക്യവുമായി ജനുവരി ഒന്നിനാണ്  ചിക്കാഗോ സെന്റ് തോമസ് രൂപതയിൽ വർഷാചരണം ആരംഭിക്കുന്നത്. രൂപതയിലെ യുവജനങ്ങളെ ഏകതാബോധത്തിലേക്ക് (കമ്മ്യൂണിയൻ) നയിക്കുക, മാതാപിതാക്കളും വൈദികരും യുവജനങ്ങളും തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്തുക (ജനറേഷണൽ യൂണിറ്റി), യുവജനങ്ങളെതന്നെ യുവജനങ്ങളുടെ മിഷണറിമാരാക്കുക (യൂത്ത് റീച്ചിംഗ് ഔട്ട് യൂത്ത്) എന്നീ ലക്ഷ്യങ്ങളോടെയാണ് ചിക്കാഗോ രൂപതയിലെ യുവജനവർഷാചരണം.
മുതിർന്ന തലമുറയും പുതുതലമുറയും തമ്മിലുള്ള സാംസ്‌ക്കാരികമായ അകൽച്ച ഇല്ലാതാക്കുക, യുവജനശുശ്രൂഷകൾ തമ്മിലുള്ള സഹകരണം യാഥാർത്ഥ്യമാക്കുക തുടങ്ങിയവയാണ് ജനറേഷണൽ യൂണിറ്റി, കമ്മ്യൂണിയൻ എന്നിവകൊണ്ട് ഉദ്ദ്യേശിക്കുന്നത്. രൂപതയിലെ യുവജനസംഘാടനത്തിനായി  രൂപീകൃതമായ ഡയോഷ്യൻ യൂത്ത് അപ്പസ്തലേറ്റ് (ഡി.വൈ.എ) വർഷാചരണ പരിപാടികളുടെ ഏകോപനം നിർവഹിക്കും.
‘ഡി.വൈ.എയുടെയ്ക്ക് പുറമെ  ജീസസ് യൂത്ത്, ന്യൂമെൻ സെന്റർ എന്നിങ്ങനെയുള്ള ഇതര യുവജനപ്രേഷിത സംരംഭങ്ങളിലും രൂപതയിൽനിന്നുള്ളവർ സജീവമാണ്. ശുശ്രൂഷകളെ ലയിപ്പിക്കുകയല്ല, വിവിധ യുവജന ശുശ്രൂഷകളുമായുള്ള ആരോഗ്യകരമായ ബന്ധം വളർത്തിയെടുക്കുകയാണ് ലക്ഷ്യം,’ ചിക്കാഗോ രൂപതാ യൂത്ത് അപ്പസ്തലേറ്റ് ഡയറക്ടർ ഫാ. വിനോദ് മ~ത്തിപ്പറമ്പിൽ സൺഡേ ശാലോമിനോട് പറഞ്ഞു.
എല്ലാ ദൈവാലയങ്ങളിലും യൂത്ത് മിനിസ്ട്രി ഉണ്ടെങ്കിലും പ്രവർത്തനരീതികൾ വ്യത്യസ്ഥമാണ്. ഇത് പരിഹരിച്ച് ഏകസ്വഭാവത്തോടെയുള്ള പ്രവർത്തനം കാഴ്ചവെക്കാൻ യൂത്ത് മിനിസ്ട്രികളെ പ്രാപ്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവജനങ്ങൾ യുവജനങ്ങളുടെ മിഷണറിമാരാകണമെന്നത് ‘എക്ലേസിയ ഇൻ അമേരിക്ക’ എന്ന അപ്പസ്‌തോലിക ലേഖനത്തിലൂടെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ അമേരിക്കയിലെ സഭയ്ക്ക് നൽകിയ ആഹ്വാനമാണ് ‘യൂത്ത് റീച്ചിംഗ് ഔട്ട് യൂത്ത്’ എന്ന ലക്ഷ്യത്തിന് പ്രചോദനം.
യുവജനങ്ങളെ തനത് ആരാധനക്രമത്തിലേക്ക് കൂടുതലായി അടുപ്പിക്കാനുള്ള പദ്ധതികൾക്കും പ്രാധാന്യം കൊടുക്കും. ക്രിസ്മസ്, വിഭൂതി, പെസഹാവ്യാഴം, ദുഃഖവെള്ളി, വലിയ ശനി, ഈസ്റ്റർ എന്നീ ദിനങ്ങളിലെ തിരുക്കർമങ്ങൾ ജനുവരിമുതൽ ഇംഗ്ലീഷ് ഭാഷയിൽ  അർപ്പിക്കാൻ സാഹചര്യം ഒരുക്കുന്നതും അതിന്റെ ഭാഗമാണ്. അതിനാവശ്യമായ ആരാധനക്രമ പ്രാർത്ഥനകളുടെ തർജിമ ജനുവരി ഒന്നിന് പ്രകാശനം ചെയ്യുമെന്ന് രൂപതാ നേതൃത്വം അറിയിച്ചു.
ജനുവരി- ഏപ്രിൽ, മേയ്- ആഗസ്റ്റ്, സെപ്തംബർ- ഡിസംബർ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായി തിരിച്ചാണ് വർഷാചരണ പദ്ധതികൾ നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ ഇടവകകേന്ദ്രീകൃതമായിരിക്കും പദ്ധതികൾ. യുവജനങ്ങളെ കണ്ടെത്തുകയാണ് പ്രാഥമിക ലക്ഷ്യം. തുടർന്ന് ഇടവക ഭരണസമതി, ഭക്തസംഘടനകൾതുടങ്ങിയവയുമായി യുവജനങ്ങൾക്ക് കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കും. അതത് ഇടവകയിലെ യുവജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കാനും അതിനനുസൃതമായി പദ്ധതികൾ വിഭാവനംചെയ്യുന്നതിനും വേണ്ടിയാണിത്.
തുടർന്നുള്ള ഘട്ടങ്ങളിൽ റീജ്യണുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം.യുവജനശുശ്രൂഷകർക്ക് വിവിധ ഇടവകകളിൽ സന്ദർശനത്തിന് അവസരം ഒരുക്കുന്നതിലൂടെ ശുശ്രൂഷകളുടെ പരസ്പരമുള്ള വിനിമയവും ലക്ഷ്യമിടുന്നുണ്ട്.  യുവജനസംഘാടനത്തിനായി ഇതിനകം തുടക്കംകുറിച്ച ‘സീറോ സ്റ്റഡി ഫോറം’, ‘ലീഡേഴ്‌സ് ഫോറം’, ‘അൽഫോൻസാ ഫോറം’ തുടങ്ങിയവ കൂടുതൽ ശക്തീകരിക്കാനുള്ള ശ്രമങ്ങളും ഈ ഘട്ടത്തിൽ നടപ്പാക്കും. യുവജനസംഘാടനത്തിനും ശക്തീകരണത്തിനുമായി സോഷ്യൽ മീഡിയയെ കൂടുതലായി ഉപയോഗിച്ചാവും പദ്ധതികൾ നടപ്പാക്കുക.
സീറോ മലബാർ സഭാശുശ്രൂഷകളെക്കുറിച്ച് കൂടുതൽ അറിയാൻ സഹായിക്കുക എന്ന അക്കാദമിക ലക്ഷ്യത്തോടെയാണ് ‘സീറോ സ്റ്റഡി ഫോറ’ത്തിന്റെ പ്രവർത്തനം. ഇടവക ഭരണസമിതിയുടെ കാലാവധിക്കുശേഷവും ഭരണസമിതി അംഗങ്ങളുടെ കൂട്ടായ്മ ഉറപ്പാൻ രൂപീകൃതമായ സംരംഭമാണ് ‘ലീഡേഴ്‌സ് ഫോറം’. അമേരിക്ക ഉൾപ്പെടെ സീറോ മലബാർ സാന്നിധ്യമുള്ള രാജ്യങ്ങളിലെ വിശ്വാസീസമൂഹത്തെ ഒരു കുടക്കീഴിൽ അണിനിരത്താനുള്ള ഫേസ്ബുക് കൂട്ടായ്മയാണ് ‘അൽഫോൻസാ ഫോറം’. 22 വയസുമുതലുള്ള യുവജനങ്ങൾക്കായി രൂപീകൃതമായ ‘സ്റ്റാഫി’ന്റെ  (സെന്റ് തോമസ് അഡൽട് ഫെയ്ത്ത് ഫെല്ലോഷിപ്പ്) പ്രവർത്തനങ്ങളും ഊർജിതമാക്കും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?