Follow Us On

29

March

2024

Friday

പണം പാഴാക്കാതെ ജീവിക്കാം

പണം പാഴാക്കാതെ ജീവിക്കാം

കടുത്ത വിലവർദ്ധനവിന്റെ കാലത്താണ് നാം. ഉപ്പുമുതൽ കർപ്പൂരംവരെ എല്ലാ സാധനങ്ങൾക്കും വില വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ആയിരം രൂപയുമായി കടയിൽ പോയാൽ പച്ചക്കറിയും, കുറച്ച് വീട്ടുസാധനങ്ങളും വാങ്ങിക്കഴിയുമ്പോൾ പണം തീരും. വരുമാനം കണക്കിലെടുക്കാതെയുളള ചെലവാക്കുന്നവർ കടക്കെണിയിൽ പെടുന്നത് സാധാരണം. ജീവിതം കൃത്യമായ അല്ലലില്ലാതെ പോകണമെങ്കിൽ കൃത്യമായ ഫാമിലി ബജറ്റുണ്ടായിരിക്കണം. ചെലവുകൾ നിയന്ത്രിച്ച് വരവിനകത്ത് നിറുത്താൻ അത് സഹായകരമാകും.
$ വരവ് ചിലവ് കണക്കുകൾ ക്രമീകരിക്കുക എന്നതാണ് ബജറ്റുണ്ടാക്കുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത്. ചെറിയൊരു തുകയെങ്കിലും ഓരോ മാസവും നീക്കിവെയ്ക്കാൻ കഴിഞ്ഞാൽ അതൊരു മഹാനേട്ടമായി.
$ പ്രതിമാസ വരുമാനം, ജീവിതനിലവാരം, കുടുംബാംഗങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ, വിദ്യാഭ്യാസം ഇവയ്‌ക്കെല്ലാം ബജറ്റിൽ വേണ്ടത്ര പരിഗണന നൽകണം. കുടുംബാംഗങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് ബജറ്റിന്റെ തുകയും വർദ്ധിക്കും.
$ വരുമാനം കണക്കാക്കുമ്പോൾ ശമ്പളം കൂടാതെ മറ്റെന്തൊക്കെയുണ്ടെന്ന് കണ്ടെത്തുക. പെൻഷൻ, കാർഷിക വസ്തുക്കളിൽ നിന്നുളള ആദായം, ബിസിനസ്, പാരിതോഷികങ്ങൾ, വാടക തുടങ്ങിയ വരുമാനത്തിന്റെ പരിധിയിൽ വരും. ഇവയിൽ കൃത്യമായി കിട്ടുന്നതിന് മുൻഗണന നൽകുകയും അല്ലാത്തവയ്ക്ക് രണ്ടാം സ്ഥാനവും നിശ്ചയിക്കണം.
$ കുട്ടികൾക്ക് പെൻസിൽ മുതൽ വീടിനാവശ്യമായ ഫർണീച്ചർ വരെ വാങ്ങുന്നതിന് മുമ്പ് കുടുംബാംഗങ്ങളുമായി ആലോചിക്കുന്നത് നല്ലതാണ്. അങ്ങനെയെങ്കിൽ അമിതച്ചെലവുകൾ ഉണ്ടാകില്ല. കടബാധ്യതയും കുടുംബകലഹവും ഒഴിവാക്കാനുമാകും. കുട്ടികൾക്ക് പോലും സ്വാശ്രയ ശീലവും സമ്പാദ്യവും വളർത്തിയെടുക്കാൻ ബജറ്റ് തയ്യാറാക്കൽ സഹായകരമാകും. ഓരോ മാസവും കുട്ടികൾക്കായി നീക്കിവെയ്ക്കുന്ന പണം അവരുടെ സ്വന്തമായ ഉപയോഗത്തേക്കാൾ സമ്പാദ്യത്തിനുവേണ്ടി പ്രോത്സാഹിപ്പിക്കുക. കുട്ടികൾക്കിടയിൽ പണം ദുർവ്യയം ചെയ്യാനുളള ആഗ്രഹം ഇല്ലാതാകും.
$ കടയിൽ പോകുമ്പോൾ കടയിൽ ചെന്ന് സാധനങ്ങൾ തീരുമാനിക്കുന്ന രീതി ആശ്വാസ്യമല്ല. മുൻകൂട്ടി പ്ലാൻ ചെയ്യാതെ പോകുന്നതുകൊണ്ട് ആവശ്യമുളളതും ഇല്ലാത്തതും വാങ്ങി സാമ്പത്തിക നഷ്ടം ഉണ്ടാകുന്നു. അതുകൊണ്ട് ഒരു ലിസ്റ്റ് തയ്യാറാക്കി അതനുസരിച്ച് പോയി സാധനങ്ങൾ വാങ്ങുക.
$ സാമ്പത്തിക സ്ഥിതി അനുവദിക്കുന്ന പക്ഷം ഒരു മാസത്തേക്കുളള സാധനങ്ങൾ ഒന്നിച്ച് വാങ്ങുന്നതാണ് നല്ലത്. ആവശ്യമുളള അരിയും, പലവ്യഞ്ജനങ്ങളും, ടോയ്‌ലറ്റ് വസ്തുക്കളും, പഴങ്ങളും, പച്ചക്കറികളും കേടാകാത്ത കാലത്തോളം ഒന്നിച്ച് വാങ്ങുക. ഇതൊരു പരിഹാരമാകും.
$ ശമ്പളം കിട്ടുമ്പോൾ ഉടൻ പണം മുഴുവൻ എടുത്ത് അന്നുതന്നെ തീർക്കരുതേ. ഇത് മാസാവസാനം വരെ ജീവിതം നയിക്കാൻ ക്ലേശകരമായിത്തീരും. അതുകൊണ്ടാണ് ബജറ്റിനനുസരണം പ്ലാൻ ചെയ്യണമെന്ന് പറയുന്നത്. ആദ്യം കടബാധ്യതകൾ തീർക്കുക, കറണ്ട് ചാർജ്, വെളളക്കരം, വീട്ടുവാടക, കുട്ടികളുടെ ഫീസ്, ആശുപത്രി ചാർജ്, വാഹനക്കൂലി, പലചരക്ക്, പച്ചക്കറി, പാൽ, പത്രം, ഗ്യാസ് തുടങ്ങിയവയ്ക്ക് പണം ആദ്യം തന്നെ നീക്കിവെയ്ക്കണം.
$ കടബാധ്യതകൾ മാസത്തിന്റെ ആദ്യത്തെ എട്ടുദിവസത്തിനുളളിൽ തീർക്കുമെന്ന് നിശ്ചയിക്കുക. സമ്പാദ്യത്തിനുളള പണവും ഈ ദിവസങ്ങളിൽ അടയ്ക്കണം. ആഘോഷങ്ങൾ, അടിയന്തിരാവശ്യങ്ങൾ തുടങ്ങിയവയ്ക്കു കുറച്ച് രൂപ നീക്കിവെയ്ക്കുക. ദശാംശം ആത്മീയ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കു വേണ്ടി നൽകുക.
$ പച്ചക്കറികളും മറ്റും ആവശ്യാനുസരണം വാങ്ങുന്നതാണ് നല്ലത്. വീട്ടിലേക്കാവശ്യമായ ഉപകരണങ്ങൾ, പാത്രങ്ങൾ, വസ്ത്രങ്ങൾ എന്നിവ മാസാവസാനമെന്ന് തീരുമാനിക്കുക. ആദ്യം തന്നെ ഇതൊക്ക വാങ്ങിയാൽ ചിലപ്പോൾ പണം തികയാതെ കടം വാങ്ങേണ്ടി വരും. ജീവിത ചെലവുകളും വർദ്ധിപ്പിക്കും.
$ ബജറ്റിനെ തകിടം മറിക്കുന്നത് മിക്കവാറും കടഭാരങ്ങളായിരിക്കും. കടം അപകടം തന്നെയാണ്. ജീവിത ചെലവുകൾ പൂർണ്ണമായും നിർവ്വഹിക്കാൻ പാടുപെടുന്നൊരാൾ ഇൻസ്റ്റാൾമെന്റ് സ്‌കീമിൽ വീണ്ടും വീട്ടുപകരണങ്ങൾ വാങ്ങാൻ തുനിയരുത്. ഇത് ബാദ്ധ്യത വർദ്ധിപ്പിക്കും. ബ്ലയിഡ് കമ്പനികളിൽ കഴുത്ത് ചേർത്ത് വെക്കാതിരിക്കുക.
$ വീട്ടിലോ പറമ്പിലോ ജോലിചെയ്യുന്നവർക്കുളള കൂലി മാസത്തിന്റെ ആദ്യആഴ്ചകളിൽ തന്നെ നൽകണം. ഇക്കാര്യത്തിൽ നിങ്ങൾകാട്ടുന്ന വിശ്വസ്തത ജോലിക്കാരെ കൂടുതൽ ആത്മാർത്ഥതയുളളവരാക്കും.
$ സാധാരണ കുടുംബ ബജറ്റ് ഒരു വർഷത്തേക്കാണ് തയ്യാറാക്കുന്നത്. കാരണം ഇൻഷ്വറൻസ്, ടാക്‌സ്, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയവയെല്ലാം വർഷം തോറും മാറുന്നതാണ്. അതുകൊണ്ട് വാർഷികാടിസ്ഥാനത്തിൽ ബജറ്റ് ക്രമീകരിക്കണം.
$ എല്ലാ ദിവസവും എഴുതിയ ചെലവുകളും വരവും മാസാവസാനം മൂല്യനിർണ്ണയം ചെയ്യുക. ആകെ കൂട്ടി കണ്ടെത്തുന്ന ചെലവ്, വരുമാനവുമായി തുലനപ്പെടുത്തുക. ചെലവ് വർദ്ധിക്കുകയും വരുമാനംകുറയുകയും ചെയ്താൽ ചെലവ് ചുരുക്കുക എന്നതാണ് പ്രധാനം.
$ വൈദ്യുതി ഉപഭോഗത്തിൽ കർക്കശനിയന്ത്രണം ഏർപ്പെടുത്തുക. എൽ. ഇ.ഡി വിളക്കുകളും ഇലക്‌ട്രോണിക് റഗുലേറ്ററുകളുമൊക്കെ ഉപയോഗിക്കുക. ബോർഡിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചാൽ വൈദ്യുതി ചാർജ് കുറച്ചൊക്കെ കുറയ്ക്കാൻ കഴിയും.
$ ഏത് കാര്യമെടുത്താലും സാമ്പത്തിക ലാഭം നോക്കുന്നതിൽ നാണക്കേട് വിചാരിക്കേണ്ടതില്ല. ഹോട്ടലിൽ നിന്ന് സപ്ലയർ നൽകുന്ന ബിൽ ഒന്ന് നോക്കുക പോലും ചെയ്യാതെ ക്യാഷ് കൗണ്ടറിൽ പേ ചെയ്യുന്നതല്ല ബുദ്ധി. വില വിവരപ്പട്ടികയനുസരിച്ച് തന്നെയാണോ വില കൂട്ടിയിട്ടിരിക്കുന്നതെന്ന് ചെക്ക് ചെയ്യണം. പണം അധികമാണെന്ന് തോന്നിയാൽ അക്കാര്യം ചോദിക്കുന്നതും കുറച്ചിലല്ല.
* ജീവിതം ശരിയായ വിധത്തിൽ ക്രമപ്പെടുത്താൻ ബജറ്റ് നമ്മെ സഹായിക്കും. ഒപ്പം കടബാധ്യതകളും സാമ്പത്തിക ക്ലേശവും ജീവിതത്തിൽ രൂക്ഷമാകാതിരിക്കാനും ബജറ്റ് സഹായകരമാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?