Follow Us On

29

March

2024

Friday

പത്തുദിവസത്തിനുശേഷം ഇന്ത്യയിലേക്ക് വരുമെന്ന് ഫാ.ടോം ഉഴുന്നാലിൽ

പത്തുദിവസത്തിനുശേഷം ഇന്ത്യയിലേക്ക് വരുമെന്ന് ഫാ.ടോം ഉഴുന്നാലിൽ

വത്തിക്കാൻ: ഭീകരർ തന്നെ ഉപദ്രവിക്കാതിരുന്നത് അത്ഭുതകരമായ ദൈവകൃപയാണെന്ന് ഫാ. ടോം ഉഴുന്നാലിൽ. വത്തിക്കാനിലെ സലേഷ്യൻ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം . ദൈവത്തിന്റെ അനുഗ്രഹവും കൃപയും മാത്രമാണ് എല്ലാം പ്രതിസന്ധികളിൽ നിന്നും തന്നെ മോചിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അതു പറയുമ്പോൾ അദേഹത്തിന്റെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.
ഭീകരർ ഒരു ഘട്ടത്തിലും തന്നെ പീഡിപ്പിച്ചില്ല. സംഭവം നടന്ന ദിവസം യമനിലെ ദൈവാലയത്തിൽ നിന്നും ഭീകരിൽ ചിലർ തന്റെ കൈകാലുകളും കണ്ണുകളും വലിഞ്ഞുകെട്ടി അവർ വന്ന ട്രക്കിന്റെ ഡിക്കിയിലേക്ക് എറിയുകയായിരുന്നു. അതോടൊപ്പം ദൈവാലയത്തിലെ സക്രാരിയും അവർ അതിനടത്ത് ഇട്ടിരുന്നു. ഭീകരരുടെ ആസ്ഥാനത്തേക്ക് കണ്ണുകെട്ടിയാണ് കൊണ്ടുപോയത്. ഒരിക്കലും മോശമായ പെരുമാറ്റം അവരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. കണ്ണുകെട്ടി മുഖത്ത് അടിക്കുന്നതുപോലെ നടിച്ച് ചിത്രീകരിച്ച വീഡിയോ അവർ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
ഒരിക്കലും നിർബന്ധിത മതപരിവർത്തനത്തിന് എന്നെ പ്രേരിപ്പിച്ചില്ല. താൻ കടുത്ത പ്രമേഹരോഗിയാണെന്ന് മനസിലായപ്പോൾ 238 ഗുളികയും ആവശ്യമായ ഇൻസുലിനും അവർ നല്കി. ഈ മരുന്നുകളൊന്നും ലഭ്യമല്ലാത്ത പ്രദേശമായിരുന്നിട്ടും എവിടെനിന്നാണ് അവര ത് സംഘടിപ്പിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മോചനദ്രവ്യം സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് അവർ ചർച്ച ചെയ്തിരിക്കണം. എന്നാൽ അറബിയിലാണ് അവർ എന്നോട് സംസാരിച്ചത്. ഇടക്ക് ചില ഇംഗ്ലീഷ് വാക്കുകൾ സംസാരിക്കും. ഇന്ത്യക്കാരനാണെന്നറിഞ്ഞപ്പോൾ പിന്നീട് അവർ ഉപദ്രവിക്കാനും ശ്രമിച്ചില്ല. ഇതിനിടയിൽ മൂന്ന് സ്ഥലത്തേക്കെങ്കിലും കണ്ണുകെട്ടി കൊണ്ടുപോയിട്ടുണ്ടാകണം. ഈ സമയങ്ങളിലെല്ലാം ശക്തമായ പ്രാർത്ഥനയായിരുന്നു എന്നെ ബലപ്പെടുത്തിയത്. വേറൊന്നും ചെയ്യാതിരുന്നാൽ മനസ് ക്രമപ്പെടുത്താൻ മുമ്പ് ചെയ്തിരുന്ന കമ്മ്യൂണിക്കേഷൻസിന്റെ കാര്യങ്ങളും വിശുദ്ധ ഗ്രന്ഥത്തിലെ വചനങ്ങളും ഓർമ്മയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചു.
ഒരിടത്ത് ഓരേവസ്ത്രങ്ങളോടെ ദിവസങ്ങളോളം ഇരുന്നതുകൊണ്ട് ശരീരം സ്വതന്ത്രമായി ചലിപ്പിക്കാൻ കഴിയുമായിരുന്നില്ല. അതിനാൽ ചില വ്യായാമമുറകൾ ചെയ്യാൻ അവർ എന്നെ നിർബന്ധിച്ചു. ഭക്ഷണത്തിനൊന്നും ഒരു കുറവും ഉണ്ടായിരുന്നില്ല. എങ്ങനെ ആര് ഇടപെട്ടിട്ടാണ് തന്നെ മോചിപ്പിച്ചതെന്നും അറിയില്ലെന്നും ഫാ.ടോം കൂട്ടിച്ചേർത്തു.
ഒരു സാഹാഹ്നത്തിൽ അവർ വന്ന് താങ്കളെ മോചിപ്പിക്കുന്നു എന്ന് എന്നോട് പറയുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് തെല്ലും മനസിലായില്ല. ഒമാന്റെ തലസ്ഥാനമായ മസ്‌കറ്റിലെത്തിയപ്പോഴാണ് ഒമാൻ ഇതിൽ ഇടപെട്ടിട്ടുണ്ടെന്നാവുമെന്ന് മനസിലാകുന്നത്. അപ്പോഴേക്കും ഡോക്ടർമാർ വൈദ്യപരിശോധനയ്ക്കായി ഓടിയെത്തിയിരുന്നു.
രണ്ടാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിലേക്ക് വരും. പാസ്‌പോർട്ട് നഷ്ടപ്പെട്ടുപോയതിനാൽ ഇത് ക്രമപ്പെടുത്തിയെടുക്കാനാണ് ഈ താമസം. ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷം തോന്നിയത് മാർപാപ്പയെ കണ്ടപ്പോഴും അദ്ദേഹം കെട്ടിപ്പിടിച്ച് കരം ചുംബിച്ചപ്പോഴുമാണ്. തീർത്തും സാധാരണക്കാരനായ എന്നെ അദ്ദേഹം എത്രമാത്രം മാനിച്ചിരിക്കുന്നു എന്നോർത്തപ്പോൾ മനസിലുണ്ടായ സന്തോഷം അവർണ്ണനീയമായിരുന്നു. എനിക്ക് നേരിട്ട എല്ലാ അനുഭവങ്ങളും നന്മയ്ക്കാണെന്ന് ഞാൻ മനസിലാക്കുന്നു. എനിക്കു വേണ്ടി പ്രാർത്ഥിച്ചവരെയും ദിവ്യബലിയിൽ ഓർത്തവരെയും ഉപവസിച്ചവരെയും നന്ദിയോടെ ഓർക്കുന്നതായും അദേഹം പറഞ്ഞു.
ഫാ.ബിജു മഠത്തിക്കുന്നേൽ CSSR
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?