Follow Us On

29

March

2024

Friday

പനിക്കിടക്കയിലെ ചിന്തകള്‍

പനിക്കിടക്കയിലെ ചിന്തകള്‍

അപ്പന്റെപോലെ തന്നെ അമ്മയുടെയും മകനാണല്ലോ ഞാന്‍. എന്നിട്ടും അമ്മയുടെ പേര് എന്താണ് എന്റെ പേരിന്റെ പിന്നില്‍ വരാത്തത് എന്ന് ചിന്തിച്ചപ്പോഴാണ്, അത്ര മോഡേണ്‍ അല്ലാത്ത, കേട്ടാല്‍ ചിരി വരുന്ന അമ്മയുടെ പേര് ‘അന്നംകുട്ടി’ എന്റെ പേരിന്റെ കൂടെ ചേര്‍ത്തത്. അന്നത് എല്ലാരും ഷോ ഓഫ് എന്ന് പറഞ്ഞ് കളിയാക്കുമായിരുന്നു. പക്ഷേ ഇന്നത് അനേകരെ ആകര്‍ഷിക്കുന്നു, പലരുമിപ്പോള്‍ അമ്മയുടെ പേരുകൂടി ചേര്‍ത്ത് മക്കള്‍ക്ക് നല്‍കാനും തുടങ്ങിയിരിക്കുന്നു. എല്ലാം നല്ലതുതന്നെ. അമ്മയെ സ്‌നേഹിക്കാനും അംഗീകരിക്കാനും എല്ലാ മക്കള്‍ക്കും കഴിയട്ടെ!

എനിക്ക് അമ്മയുടെ ശബ്ദമാണ്, അതായത് പാറയില്‍ ചിരട്ട ഇട്ട് ഉരയ്ക്കുന്നപോലുള്ള ശബ്ദം. ‘എനിക്ക് അമ്മയുടെ ചീത്ത മാത്രമാണ് കിട്ടിയത്’ എന്ന് എപ്പോഴും ഞാന്‍ പരാതിപ്പെടുമായിരുന്നു. ‘നിനക്ക് എന്റെ വടിവൊത്ത പുരികം കിട്ടിയില്ലേടാ’ എന്ന് പറഞ്ഞ് അമ്മ പഴയ കല്യാണ ഫോട്ടോ കാണിച്ച് എന്നെ ആശ്വസിപ്പിക്കും. ചൂടത്തിയാണ് അമ്മ. അത്ര കണ്ട് ഡിസിപ്ലിന്‍ ഇല്ലാത്ത മൂന്ന് ആണ്‍മക്കളെയും തീരെ കുടുംബത്ത് ഇരിക്കാത്ത എന്റെ അപ്പനെയും മാനേജ് ചെയ്യാന്‍ അമ്മയ്ക്ക് ആ ചൂടന്‍ സ്വഭാവം ആവശ്യമായിരുന്നു.

അതിരാവിലെ മുറ്റമടിച്ച്, ചോറ് വെച്ച്, രാവിലെ മുതല്‍ വൈകുന്നേരം വരെ പിള്ളേരെ പഠിപ്പിച്ച് സ്‌കൂളില്‍ നിന്ന് വന്ന്, പിന്നെയും വസ്ത്രങ്ങള്‍ അലക്കി, രാത്രി ഭക്ഷണം വെച്ച് ഒരു അടിമയെപ്പോലെ ഓടി നടന്ന് പണിയെടുക്കുന്ന അമ്മയെ മനസിലാക്കാന്‍ അന്ന് എനിക്ക് പറ്റിയിരുന്നില്ല. അതൊന്നും മനസിലാക്കാതെ വാക്കുകള്‍ കൊണ്ട് മുറിപ്പെടുത്തിയിട്ടുമുണ്ട് ഒരുപാട്. നമ്മള്‍ അനുഭവിക്കുന്ന, അനുഭവിച്ച കൊച്ചു കൊച്ചു സന്തോഷങ്ങളുടെ ആകെത്തുകയുടെ പേരാണ് അമ്മ! അത് തിരിച്ചറിഞ്ഞാല്‍ പിന്നെ വലിയ പരാതികള്‍ ഒന്നുമുണ്ടാകില്ല! എനിക്കത് മനസിലാക്കാന്‍ ഇരുപതുകളില്‍ എത്തേണ്ടി വന്നു. ഇന്ന് എന്റെ ജീവിതത്തില്‍ എല്ലാമെല്ലാമാണ് അമ്മ. അതിനാല്‍ അമ്മയെ സ്‌നേഹിക്കാന്‍ മറക്കരുതേ.

************************

പനി പിടിച്ച് കിടന്ന നാളുകളിലാണ് ആ കുഞ്ഞ് മാസിക കണ്ണില്‍ പെട്ടത്. ‘മനുഷ്യസ്‌നേഹി’. അതിലെ ആദ്യ പേജില്‍ ഞാന്‍ വായിച്ച കഥയാണ് എന്നെക്കൊണ്ട് ഇത് എഴുതിച്ചത്.
‘ഒരു പടുകൂറ്റന്‍ കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയില്‍ അയാള്‍ അകപ്പെട്ടുപോയി. താഴേക്ക് നോക്കാന്‍ പോലും ഭയമാണ്. ഊര്‍ന്നിറങ്ങാന്‍ വഴിയുണ്ട,് പക്ഷേ വീണുപോകുമെന്ന് ഉറപ്പാണ്. എല്ലാ അര്‍ത്ഥത്തിലും പെട്ടുപോയി. മൊബൈല്‍ കയ്യിലെടുത്തു. നൂറിലധികം രീിമേരെേ ഉള്ള ഫോണില്‍ ആരെ വിളിക്കണം എന്നാലോചിച്ചപ്പോള്‍ ആദ്യം തെളിഞ്ഞുവന്നത് അവന്റെ മുഖമാണ്. ഏതു പാതിരാത്രിക്കും എവിടെയും താന്‍ ഒന്ന് വിളിച്ചാല്‍ പറന്നെത്തും എന്നുറപ്പുള്ള ആ സുഹൃത്ത്. പേര് കണ്ടപ്പോഴേ ആശ്വാസം തോന്നി. അവന് അല്‍പ്പം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ട്. പക്ഷേ വരും എന്നതിന് ഒരു സംശയവും വേണ്ട. നമ്പര്‍ ഡയല്‍ ചെയ്തു. റിംഗ് ചെയ്യുന്നുണ്ട്. പെട്ടന്നാണ് അയാള്‍ ഞെട്ടിയുണര്‍ന്നത്. കെട്ടിടമില്ല, മുറിയില്ല, സ്വതന്ത്രന്‍.

അതൊരു സ്വപ്‌നമായിരുന്നു. ലിസ്റ്റില്‍ കണ്ട, താന്‍ സ്വപ്‌നത്തില്‍ വിളിച്ച ആ സുഹൃത്ത്, അയാളിന്നില്ല!! മരിച്ചിട്ട് രണ്ട് വര്‍ഷമാകുന്നു. കുറച്ചുനേരം ഒരു ചെറിയ നടുക്കത്തോടെ അയാള്‍ കണ്ണ് തുറന്ന് കിടന്നു. ചില മരണങ്ങള്‍ അങ്ങനെയാണ്. ജീവിച്ചിരിക്കുന്നവരെ ചില മുറികളില്‍ അടച്ചുകളയും, ഒരു തത്വചിന്തക്കും തുറക്കാനാവാത്ത പൂട്ടിട്ട്. പനി പിടിച്ച് ഞാനിത് വായിക്കുമ്പോള്‍, ഒരു ചോദ്യം എന്റെ മനസിലും ഉയര്‍ന്നു. ‘ഒരു നിര്‍ണായക നിമിഷത്തില്‍ ഞാന്‍ ആദ്യം ഡയല്‍ ചെയ്യുന്ന നമ്പര്‍ ആരുടെയായിരിക്കും?’
‘അവനിപ്പോള്‍ പനി എങ്ങനെയുണ്ട്?’ എന്ന അപ്പന്റെ ചോദ്യം കേട്ടു. ഒരു ഡോളോ 650 ഉം ചൂടുവെള്ളവുമായി പെട്ടെന്ന് അമ്മയും കടന്നുവരുന്നു. മനസില്‍ ഒരു ശാന്തത അനുഭവപ്പെട്ടു.
ഉള്ളവരെ പൊന്നുപോലെ കൊണ്ടുനടക്കുക. നഷ്ടപ്പെട്ടു പോയവര്‍ സ്വപ്‌നങ്ങളിലും നിങ്ങള്‍ക്ക് കാവലുണ്ട് എന്ന് വിശ്വസിക്കുക! ജീവിക്കുക!


ജോസഫ് അന്നംകുട്ടി ജോസ്
(റേഡിയോ ജോക്കി,
മോട്ടിവേഷണല്‍ സ്പീക്കര്‍)

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?