Follow Us On

28

March

2024

Thursday

പുതുചർച്ചകൾക്ക് വേദി തുറന്ന് കാറ്റിക്കിസം ഓഫ് പോളിഷ് ചർച്ച് !

പുതുചർച്ചകൾക്ക് വേദി തുറന്ന് കാറ്റിക്കിസം ഓഫ് പോളിഷ് ചർച്ച് !

വാർസോ : അനുഭവിച്ചറിഞ്ഞ വിശ്വാസം സാക്ഷിച്ചും പകർന്നും ഭരണകൂട പിന്തുണയോടെ പോളിഷ് സഭ ലോകത്തിന് നൽകുന്ന മതബോധനം അന്താരാഷ്ട്ര മാധ്യമങ്ങളിൽ മാത്രമല്ല യൂറോപ്യൻ യൂണിയനിൽവരെ ചർച്ചയാണിപ്പോൾ. ക്രിസ്തുവിനെ രാജാവായും പരിശുദ്ധ കന്യാമറിയത്തെ രാജ്ഞിയായും ഭരണകൂടം പ്രതിഷ്ഠിച്ചതുമുതൽ ആരംഭിച്ച ലോകത്തിന്റെ അമ്പരപ്പ്, ഗർഭച്ഛിദ്ര വിഷയത്തിൽ യൂറോപ്യൻ യൂണിയന് പ്രവാചകധീരതയോടെയുള്ള മുന്നറിയിപ്പ് നൽകിയതോടെയാണ് മറ്റൊരു തലത്തിൽ എത്തിയത്.
ഇതിന്റെ അനുരണനങ്ങൾ മാറുംമുമ്പേയായിരുന്നു എപ്പിഫെനി തിരുനാളിനോട് അനുബന്ധിച്ച് നടത്തിയ പൂജരാജാക്കന്മാരുടെ ഘോഷയാത്ര. വിശ്വാസപ്രഘോഷണമായി മാറിയ ഈ റാലിയിൽ 12 ലക്ഷത്തിൽപ്പരം പേർ അണിനിരന്നതും പോളണ്ടിന്റെ വിശ്വാസപ്രഖ്യാപനത്തെ വീണ്ടും ശ്രദ്ധേയമാക്കി. പോളണ്ട് സ്വതന്ത്രമായതിന്റെ 100-ാം വാർഷികത്തിൽ നടന്ന വലിയ പരിപാടികളിലൊന്നായി മാറുകയുംചെയ്തു പ്രസ്തുത റാലി.
ഉറ്റുനോക്കി ലോകം
ക്രൈസ്തവമൂല്യങ്ങളെപ്രതി ഇന്ന് അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടുന്ന പോളണ്ട്, ഒരിക്കൽ ദൈവവിശ്വാസത്തിനുപോലും വിലക്കുണ്ടായിരുന്ന രാജ്യമായിരുന്നു എന്നോർക്കണം. അതുകൊണ്ടുതന്നെ പോളണ്ടിൽ നടക്കുന്ന മാറ്റങ്ങളെ ആകാംക്ഷയോടെയും അമ്പരപ്പോടെയുമാണ് ലോകം വീക്ഷിക്കുന്നത്. പോളണ്ടിലെ ക്രൈസ്തവ വിശ്വാസവും രാഷ്ട്രീയവും തമ്മിലുള്ള അഭ്യേദമായ ബന്ധത്തെയാണ് മതനിരപേക്ഷതയുടെ വക്താക്കളുടെയും അന്താരാഷ്ട്ര മാധ്യമങ്ങളുടെയും ശ്രദ്ധയെ ആകർഷിക്കുന്നത്.
വിവിധ രാജ്യങ്ങളിൽനിന്നുള്ള ഉറ്റുനോക്കലുകൾ വർദ്ധിച്ചതിനെ തുടർന്ന്, ഇംഗ്ലീഷ് ഭാഷയിലുള്ള ട്വിറ്റർ അക്കൗണ്ടിന് പോളിഷ് ബിഷപ്സ് കോൺഫറൻസ് ഈയിടെ തുടക്കം കുറിച്ചിട്ടുണ്ട്. ‘പോൽഷ് സഭയുടെ പ്രധാന പരിപാടികളുടെ വിവരങ്ങൾ, മെത്രാൻ സമിതിയുടെ അറിയിപ്പുകൾ, നിർദേശങ്ങൾ തുടങ്ങിയവയാകും ഈ അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്യുക,’ ഇംഗ്ലീഷ് ട്വിറ്റർ അക്കൗണ്ട് തുടങ്ങിയതുമായി ബന്ധപ്പെട്ട് മെത്രാൻ സമിതി ഔദ്യോഗിക വക്താവ് ഫാ. പാവെൽ റൈട്ടേൽ പറഞ്ഞു.
പ്രധാനം ദൈവഭയം
സായുധസേനയുടെ എണ്ണം വർദ്ധിപ്പിച്ചും അത്യന്താധുനിക യുദ്ധോപകരണങ്ങളെത്തിച്ചും രാജ്യാതിർത്തികൾ സുരക്ഷിതമാക്കാൻ ലോകം മത്സരിക്കുമ്പോൾ, അതിൽനിന്ന് വിഭിന്നമായി രാജ്യാതിർത്തിയിൽ ജപമാല സംരക്ഷണം ഒരുക്കിയതോടെയാണ് ലോകത്തിന്റെ ശ്രദ്ധ പോളണ്ടിൽ പെട്ടെന്ന് പതിയാൻ കാരണം. കുന്നും മലയും കാടും മേടും കടലും കരയും ഭേദമില്ലാതെ, പ്രതികൂല കാലാവസ്ഥവരെ വെല്ലുവിളിച്ച് ജപമാലയജ്ഞത്തിൽ അണിചേർന്നത് ലക്ഷക്കണക്കിന് ജനങ്ങളാണ്.
എന്നാൽ, അവിടംകൊണ്ട് അവസാനിച്ചില്ല പോളണ്ടിന്റെ വിശ്വാസപ്രഖ്യാപനം. ഞായറാഴ്ചകമ്പോളം ഘട്ടം ഘട്ടമായി നിർത്തലാക്കാനുള്ള തീരുമാനം പിന്നാലെയെത്തി. ലോ ആൻഡ് ജസ്റ്റിസ് പാർട്ടിയുടെ നേതാവും പ്രധാനമന്ത്രിയുമായ ബീറ്റാ സിട്ലോയുടെ ഭരണകാലത്തായിരുന്നു ഈ നടപടികൾ. ഇതിനിടെ, ബീറ്റാ സിട്ലോയ്ക്ക് പകരമായി മാറ്റിയൂസ് മോറാവീക്കി സ്ഥാനമേറ്റെങ്കിലും വിശ്വാസസാക്ഷ്യവും പ്രഖ്യാപനവും അതുപോലെതന്നെ തുടരുകയാണ് പോളണ്ട്.
വൈകല്യമുള്ള ഗർഭസ്ഥശിശുക്കളെ ഗർഭച്ഛിദ്രം നടത്തുന്നത് അവസാനിപ്പിക്കാൻ നിയമം കൊണ്ടുവരുന്നതിനുള്ള ശ്രമത്തിലാണ് സഭയും ഭരണകൂടവും. എന്നാൽ, ഗർഭനിരോധന ഉപാധികൾ സൗജന്യമായും വിവേചനരഹിതമായും ലഭ്യമാക്കി സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന നിർദേശം മുന്നറിയിപ്പിന്റെ സ്വഭാവത്തോടെ യൂറോപ്യൻ യൂണിയൻ നൽകിയത് ഈയിടെയാണ്. ഈ നിർദേശത്തോട് കടുത്ത ഭാഷയിൽ മാറ്റിയൂസ് മോറാവീക്കി പ്രതികരിച്ചതും അന്താരാഷ്ട്രതലത്തിൽതന്നെ ശ്രദ്ധേയമായി.
കത്തോലിക്കാ നിരീക്ഷകർ പ്രവാചകധീരത എന്ന് വിശേഷിപ്പിച്ച മാറ്റിയൂസിന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു: ‘പോളണ്ട് അഭിമാനമുള്ള മഹത്തായ രാഷ്ട്രമാണ്. യൂറോപ്യൻ നേതാക്കളുടെ ഭീഷണിക്ക് വഴങ്ങില്ല. പാരമ്പര്യക്രൈസ്തവ വേരുകളിലേക്കും മൂല്യങ്ങളിലേക്കും യൂറോപ്പ്യൻ യൂണിയൻ മടങ്ങുകയാണ് വേണ്ടത്.’ യൂറോപ്യൻ യൂണിയനെ പുനഃക്രൈസ്തവവത്ക്കരിക്കുകയാണ് തന്റെ സ്വപ്നമെന്നുകൂടി പറഞ്ഞുവെച്ചതിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടിയത് ദൈവഭയത്തിന് നൽകേണ്ട സ്ഥാനമല്ലേ!
വിശ്വാസം വളരുന്നു, വിശ്വാസികളും
പോളണ്ടിൽ ദൈവാലയങ്ങളിൽ എത്തുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണെന്ന് ‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ഓഫ് ദ കാത്തലിക് ചർച്ച് ഇൻ പോളണ്ട്’ പുറത്തുവിട്ട രേഖകൾ വ്യക്തമാക്കുന്നു. 2015ൽ 39.1% പേർ ദൈവാലയങ്ങളിലേക്ക് എത്തിയപ്പോൾ 2017ലെ കണക്കുപ്രകാരം അത് 39.8% മായി. ഇക്കാലയളവിൽ വിശുദ്ധ കുർബാന സ്വീകരിക്കുന്നവരുടെ എണ്ണം 16.3% ത്തിൽനിന്ന് 17%മായും ഉയർന്നു.
2015ലെ കണക്കുകൾ പ്രകാരം 3,69,000 പേർ ജ്ഞാനസ്നാനം സ്വീകരിച്ച് സഭയിൽ അംഗങ്ങളായി. 2,70,000 പേർ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തുകയും 1,34,000 പേർ കൂദാശപരമായി വിവാഹജീവിതത്തിലേക്ക് കടന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 20,800 വൈദികരാണ് ഇപ്പോൾ പോളണ്ടിൽ ശുശ്രൂഷചെയ്യുന്നത്. മറ്റ് യുറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ക്രൈസ്തവ വിശ്വാസത്തെ ശക്തമായി ചേർത്തു പിടിച്ച് കൂടുതൽ വിശ്വാസതീക്ഷ്ണതയോടെ പോളിഷ് വിശ്വാസികൾ മുന്നേറുകയാണെന്ന് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു.
ഇതര രാജ്യങ്ങൾ ലിബറൽ മൂല്യങ്ങളെ ഉയർത്തിപിടിക്കുമ്പോൾ, അതിനെതിരെയുള്ള ചെറുത്തു നിൽപ്പുകൂടിയാണ് പോളണ്ടിൽ നടക്കുന്നത്. ദൈവവിശ്വാസത്തെ തുടച്ചുനീക്കാൻ പാഴ്ശ്രമങ്ങൾ നടത്തി പരാജയവും തകർച്ചയും ഏറ്റുവാങ്ങിയ മുൻ കമ്മ്യൂണിസ്റ്റ് ഭരണാധികാരികളുടെ വീഴ്ച്ചയിൽനിന്ന് പാഠങ്ങൾ മനസിലാക്കി പോളണ്ട് മുന്നേറുകയാണെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. യൂറോപ്പിന്റെ ക്രൈസ്തവ വേരുകളിലേക്കുള്ള മടക്കത്തിന് ജനസംഖ്യയുടെ 94%വും കത്തോലിക്കരായ പോളണ്ട് ചുക്കാൻ പിടിക്കുമെന്നതിന്റെ സൂചനയായാണ് പലരും ഇതിനെ വിലയിരുത്തുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?